സൂര്യൻ അസ്തമിക്കുന്നത് വരെ ഓടാം. എത്ര ദൂരം ഓടി തീർക്കുന്നുവോ അത്രയും ഭൂമി രാജാവ് തനിക്ക് നൽകും. അതാണ് കരാർ. ഉദയം മുതൽ അയാൾ ഓട്ടമാരംഭിച്ചു. സൂര്യൻ ഉച്ചിയിലെത്താനടുത്തു. പ്രാതൽ കഴിക്കാൻ ശരീരം പറയുന്നുണ്ട്. വേണ്ട ആ സമയം നഷ്ടപ്പെടും. ഉച്ചതിരിഞ്ഞ് ഒരു സമയം കണ്ടെത്തി രണ്ടുനേരത്തെയും ഒരുമിച്ച് കഴിക്കാം. കുറച്ച് വെള്ളം കുടിച്ചാലോ, വേണ്ട അതും സമയനഷ്ടമാണ്.
സായാഹ്നമായി. കൈകാലുകൾ വിറയ്ക്കുന്നുണ്ട്. പക്ഷേ, താൻ ഉദ്ദേശിച്ച അത്രദൂരം പിന്നിടാൻ കഴിഞ്ഞിട്ടില്ല. അയാൾ ഭക്ഷണം ഒഴിവാക്കി ഓടുകയും, നടക്കുകയും ചെയ്തു. ശരീരം ക്ഷീണിക്കുന്നുണ്ട്. എന്നാൽ, മനസ്സ് മറ്റെങ്ങോ ആണ്. ഇന്ന് ഓടി തീർക്കുന്ന ഭൂമി മുഴുവൻ തൻ്റെ പേരിലാകും. താൻ അവിടെ മുഴുവനും കൃഷിയിറക്കും. ഈ ദേശങ്ങളുടെ അധിപനാകാനത്ര സമ്പത്ത് നേടും. അങ്ങനെ വലിയ വലിയ നേട്ടങ്ങൾ. ദിവാസ്വപ്നങ്ങൾ അയാളുടെ അബോധമനസ്സ് നിറഞ്ഞു. നേരം സന്ധ്യയിലേക്ക് അടുത്തു. ആ മനുഷ്യൻ ഏതാണ്ട് കുഴഞ്ഞുവീഴാനാഞ്ഞു.
എങ്കിലും, ജീവന്റെ അവസാന കണികയും ഏന്തി ശരീരം വലിച്ചിഴച്ച് നടന്നു. സൂര്യൻ അസ്തമിക്കുന്നതിന് അൽപം മുമ്പ് ആ മനുഷ്യൻ വീണു മരിച്ചു. ഭൂമി വാഗ്ദാനം ചെയ്ത രാജാവും പരിവാരങ്ങളും അവിടെയെത്തി. അയാൾ ഒരുപാട് നടന്നു തീർത്തിരിക്കുന്നു. നടക്കുന്ന അത്രയും അളവ് അയാൾക്ക് സൗജന്യമായി നൽകാം എന്നായിരുന്നു കരാർ. പരിവാരങ്ങൾ തിരക്കി “ഇനി എത്ര ഭൂമി അളക്കണം?” “ആറടി” രാജാവിന്റെ മറുപടി.
‘അങ്ങനെയായിരുന്നെങ്കിൽ’, ‘അത് ലഭിച്ചിരുന്നെങ്കിൽ’ ഈ വിധം ആഗ്രഹിക്കൽ മനുഷ്യമനസ്സുകളുടെ പൊതുസ്വഭാവമാണ്. മോഹങ്ങളുടെ പിടിയിൽ നിന്ന് കുതറി മാറാത്തവർക്ക് ഒരിക്കലും സമാധാനത്തോടെ ഒരുദിവസവും കഴിഞ്ഞു കടക്കാൻ കഴിയില്ല. ഏത് സൗഭാഗ്യം ഉണ്ടാകുമ്പോഴും അതിനെ ആസ്വദിക്കാൻ അവർക്കാകില്ല. അവരുടെ മനസ്സെപ്പോഴും അടുത്തത് കൊതിച്ചുകൊണ്ടിരിക്കും.
അപരന്റെ സൗഭാഗ്യങ്ങളെ നോക്കുന്ന കൊതിയുള്ള മനസ്സാണ് ആർത്തിയുടെ ഒരു ഹേതു. തനിക്ക് എന്തില്ല എന്നാണ് അവരുടെ ചിന്ത. മറ്റുള്ളവർക്ക് എല്ലാമുണ്ട്. അവരുടെതെല്ലാം തന്റേതാകണം എന്നാണ് ആഗ്രഹം. അവരെക്കാൾ താഴ്ന്നജീവിതം നയിക്കുന്നവരുടെ അവസ്ഥകൾ അവർ കാണുകയേയില്ല.
നോക്കൂ, വ്യത്യസ്തമാണ് മനുഷ്യജീവിതങ്ങൾ. അനുഭവങ്ങളും പരീക്ഷണങ്ങളും വ്യത്യസ്തം. ഭൂമിയിൽ ഓരോ ആളുകൾക്കും ലഭിക്കുന്ന വിഭവങ്ങളിലും മാറ്റമുണ്ട്. അല്ലാഹുവിന്റെ വിധിയുടെ പുസ്തകത്തിൽ ഓരോ ആളുകളുടെയും ആയുസും അവർക്ക് വേണ്ട വിഭവങ്ങളും എഴുതിവെച്ചിരിക്കുന്നു. അത് മനസ്സിലാക്കാതെ ജീവിതലക്ഷ്യത്തിൽ നിന്ന് മാറി വിഭവ ശേഖരണത്തിലാണ് അധിക മനുഷ്യരും. അവർക്ക് തൃപ്തിയുടെ ജീവിതം ലഭിക്കുമോ?
ആർക്കാണ് സർവസമാധാനത്തിന്റെ സന്തോഷമുള്ള ജീവിതം ആസ്വദിക്കാൻ കഴിയുക എന്ന ചോദ്യത്തിന് മഹാന്മാരുടെ മറുപടി നോക്കുക. ഒരു ഗുരുവര്യർ പറഞ്ഞു: “ഞാൻ ചന്തയിലേക്ക് ചെല്ലുമ്പോൾ എല്ലാ സാധനങ്ങളും എന്നെ ആഗ്രഹിക്കുന്നു. പക്ഷേ, ഞാൻ അവയിൽ നിന്നെല്ലാം സ്വതന്ത്രനാണ്.” അബൂമൂസൽ അശ്അരിക്ക് ഉമർ ബ്നുൽ ഖത്വാബ് എഴുതി: “തൃപ്തിയിലാണ് എല്ലാ നന്മകളും. സാധിക്കുമെങ്കിൽ തൃപ്തനായിരിക്കുക. അല്ലെങ്കിൽ ക്ഷമിക്കുക.”
റാബിഅതുൽ അദവിയ്യയോട് ഒരു ചോദ്യമുണ്ടായി: “എപ്പോഴാണ് അല്ലാഹുവിന്റെ അടിമ തൃപ്തനാകുന്നത്?” മഹതിയുടെ മറുപടി: “അനുഗ്രഹങ്ങൾ സന്തോഷിപ്പിക്കുന്നതുപോലെ ദുരിതങ്ങൾ സന്തോഷിപ്പിക്കുമ്പോൾ.”
ഫുളൈലുബ്നു ഇയാള്, ബിശ്റുൽ ഹാഫിയോട് പറഞ്ഞു: “ഐഹിക വിരക്തിയെക്കാൾ നല്ലതാണ് തൃപ്തി. തൃപ്തിയുള്ള മനുഷ്യൻ ഈ ലോകത്ത് താൻ ഏതൊരു സ്ഥാനത്താണോ നിലവിലുള്ളത് അതിനെക്കാൾ മികച്ചതൊന്നും ആഗ്രഹിക്കുകയില്ല.”
എന്താണ് തൃപ്തി എന്ന ചോദ്യമുണ്ടാകും. ജീവിതദൗത്യത്തെ തിരിച്ചറിയുകയും, തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുകയും അവൻ ഭൂമിയിൽ തനിക്ക് വേണ്ടി നിശ്ചയിച്ചതിൽ പരാതികൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് സംതൃപ്തിയുടെ വാതിലുകൾ കാണാനാവുക. റുവൈം പറയുന്നത് ശ്രദ്ധിക്കൂ: “തൃപ്തി എന്നാൽ അല്ലാഹു ഒരാളുടെ വലതു കൈയിൽ നരകം വെച്ചുകൊടുത്താൽ അത് ഇടതു കൈയിലേക്ക് മാറ്റിത്തരണമെന്ന് അപേക്ഷിക്കാതിരിക്കലാണ്.”
വിവിധ പരീക്ഷകൾ ഈ ലോകത്ത് ഓരോരുത്തരും നേരിടേണ്ടി വരും. 'നിങ്ങൾക്ക് ഒരു പരീക്ഷണവും ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകേണ്ടതല്ല തൃപ്തി. മറിച്ച് അല്ലാഹുവിന്റെ വിധിയോട് നിങ്ങൾക്ക് ഒരു എതിർപ്പും ഉണ്ടാവാതിരിക്കലാണ്' എന്ന് അബൂ അലിയ്യ് അദ്ദഖാഖ് പറഞ്ഞു.
ചുരുക്കത്തിൽ, ആസക്തികൾ ഉണ്ടാകുമ്പോൾ മനസിൽ സമാധാനം വരികയില്ല. നേട്ടങ്ങളുടെ പട്ടികയിലും തിളക്കമുള്ള അവസ്ഥകളിലും ആയിരിക്കും അവരുടെ കണ്ണ്. സമയം കിട്ടുമ്പോൾ അപരനെ വഞ്ചിക്കാനും അവനുള്ളത് കൂടി തട്ടിയെടുക്കാനും ഏതു നിലയ്ക്കാണെങ്കിലും കൂടുതൽ നേട്ടമുണ്ടാക്കാനും ആർത്തിയുടെ കുപ്പായമണിഞ്ഞ ഹൃദയം ആഗ്രഹിച്ചു കൊണ്ടിരിക്കും.

