അപരന് അത്രമേൽ പ്രാധാന്യം നൽകുന്നവരാണ് ഉദാരമതികൾ. കുറച്ചു കൊടുക്കുകയും ബാക്കി സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നത് ദാനമാണ്. കൂടുതൽ കൊടുത്ത് കുറച്ചുമാത്രം ബാക്കി വെക്കുന്നതാണ് ഉദാരത. അവരെ ചൂണ്ടി, അല്ലാഹു അരുളി: “ദാരിദ്ര്യം ഉണ്ടായാൽ പോലും സ്വന്തം കാര്യത്തെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകും”(59/09)
ഒരു സ്ത്രീ ലൈസുബിൻ സഅദിനോട് കുറച്ച് തേൻ ചോദിച്ചു. അദ്ദേഹം വലിയൊരു പാത്രം തേനാണ് നൽകിയത്. ആ പ്രവൃത്തി കണ്ട് പലരും അദ്ദേഹത്തെ വിമർശിച്ചു. അപ്പോൾ മഹാന്റെ മറുപടി: “ആ സ്ത്രീ അവരുടെ ആവശ്യമനുസരിച്ച് ചോദിച്ചു. ഞാൻ എന്റെ കഴിവനുസരിച്ച് കൊടുത്തു”. രണ്ട് ചരിത്രസന്ദർഭങ്ങൾ പറയാം. രണ്ട് മഹാരഥരുടെ ജീവിതം. കണ്ണുകൾക്ക് പുതിയ കാഴ്ചയേകുന്നവ.
അബ്ദുല്ലാഹിബിന് ജഅ്ഫറിന്റെതാണ് ആദ്യ അനുഭവം. നാട്ടിൻപുറത്തുള്ള ഒരു തോട്ടത്തിലാണ് മഹാൻ. അവിടെ കാപ്പിരിയായ ഒരു അടിമ പണിയെടുക്കുന്നത് അദ്ദേഹം കണ്ടു. അടിമ ഭക്ഷണം കഴിക്കാൻ ഒരുങ്ങിപ്പോൾ ഒരു നായ അങ്ങോട്ട് വന്നു. അവൻ നായക്ക് ഒരു കഷ്ണം റൊട്ടി ഇട്ടുകൊടുത്തു. നായ വീണ്ടും ഭക്ഷണത്തിനെന്ന പോലെ അടിമയെ നോക്കി. രണ്ടാമത്തെയും മൂന്നാമത്തെയും കഷ്ണങ്ങൾ കൂടി അതിന് എറിഞ്ഞുകൊടുത്തു. നായ എല്ലാം തിന്നു.
ഇതെല്ലാം കണ്ടുനിന്ന അബ്ദില്ലാഹിബ്നു ജഅ്ഫർ ചോദിച്ചു: “നിനക്ക് ഒരു ദിവസം എത്ര റൊട്ടി ലഭിക്കും?”
അടിമയുടെ മറുപടി: “ഇതാ നിങ്ങൾ കണ്ട അത്ര”
ഇബ്നു ജഅ്ഫർ ചോദിച്ചു: “എന്നിട്ട് നീ തിന്നാതെ എന്തിനാണ് എല്ലാം നായക്ക് കൊടുക്കുന്നത്?”
അടിമ വിശദീകരിച്ചു: “ഈ പ്രദേശത്ത് നായകളില്ല. ഈ നായ വിശന്നിട്ട് എവിടെ നിന്നോ വന്നതാകാം. അതിനെ പായിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല”
“ഇന്ന് നീ എന്ത് തിന്നും?”
“ഇന്ന് പട്ടിണി കിടക്കും”, അടിമയുടെ മറുപടി.
ഇബ്നു ജഅ്ഫർ വിസ്മയങ്ങളോടെ പറഞ്ഞു: “വലിയ ഉദാരവാനാണ് ഞാൻ എന്ന് ആളുകൾ എന്നെ കുറ്റപ്പെടുത്തി പറയാറുണ്ട്. എന്നാൽ, എൻ്റെ ഔദാര്യം ഈ അടിമയുടെ ദയാവായ്പിന് അടുത്ത് വരികയില്ല”. തുടർന്ന് അദ്ദേഹം തോട്ടവും പണിയായുധങ്ങളും അടിമയെയും വിലയ്ക്ക് വാങ്ങി. എല്ലാം ആ അടിമക്ക് നൽകി സ്വതന്ത്രനാക്കി.
രണ്ടാമത്തെ അനുഭവമിതാണ്. ഖൈസ് ബ്നു സഅദ് ബ്നു ഉബാദയോട് ഒരാൾ ചോദിച്ചു: “നിങ്ങളെക്കാൾ ഉദാരനായ ആരെയെങ്കിലും പരിചയമുണ്ടോ?”
“ഉണ്ട്. ഞങ്ങൾ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു. ഇടയിൽ ഒരു സ്ത്രീയുടെ വാസസ്ഥലത്ത് ഇറങ്ങാൻ ഇടയായി. അവരുടെ ഭർത്താവ് വന്നപ്പോൾ അവൾ അദ്ദേഹത്തോട് പറഞ്ഞു: ‘നിങ്ങൾക്ക് അതിഥികളുണ്ട്.’ അദ്ദേഹം ഒരു ഒട്ടകത്തെ കൊണ്ടുവന്നു കൊടുത്തു. ഞങ്ങളോട് പറഞ്ഞു: ‘ഇത് നിങ്ങൾക്കുള്ളതാണ്.’ പിറ്റേന്ന് അദ്ദേഹം മറ്റൊരു ഒട്ടകത്തെ കൊണ്ടുവന്ന് അറുത്തു. അദ്ദേഹം പറഞ്ഞു: ‘ഇത് നിങ്ങൾക്കുള്ളതാണ്.’ ഞങ്ങളത് എതിർത്തു: ‘ഇന്നലെ അറുത്തതിൽ നിന്ന് ഞങ്ങൾ വളരെ കുറച്ചല്ലേ തന്നിട്ടുള്ളൂ.’ അദ്ദേഹം: 'ഞാൻ എൻ്റെ അതിഥികളെ പഴകിയ മാംസം തീറ്റിക്കാറില്ല.’
ഞങ്ങൾ മഴമൂലം രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങി. ആ ദിവസങ്ങളിലെല്ലാം അദ്ദേഹം ഇതുതന്നെ ചെയ്തു. മടങ്ങുമ്പോൾ ഞങ്ങൾ അദ്ദേഹത്തിൻ്റെ ഭാര്യയുടെ കൈയ്യിൽ 100 ദിനാർ നൽകി. ‘ഞങ്ങൾ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായെങ്കിൽ ഭർത്താവിനോട് അത് പറയുകയും ഞങ്ങൾക്ക് വേണ്ടി പൊരുത്തം ചോദിക്കുകയും ചെയ്യണം.’ തുടർന്ന് ഞങ്ങൾ യാത്രയായി.
ഉച്ചയായപ്പോൾ അദ്ദേഹം ഉറക്കെ ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഞങ്ങളുടെ പിന്നാലെ വരുന്നു: ‘ദുഷ്ടന്മാരേ.. നിങ്ങൾ എന്റെ ദാനത്തിന് വിലകൽപിക്കുകയാണോ?’ അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി പണം തിരികെ നീട്ടിക്കൊണ്ട് പറഞ്ഞു: ‘നിങ്ങൾ ഈ പണം മടക്കി വാങ്ങുന്നില്ലെങ്കിൽ നിങ്ങളെ ഞാൻ എൻ്റെ കുന്തം കൊണ്ട് കുത്തിക്കൊല്ലും.’ ഞങ്ങൾ പണം സ്വീകരിച്ചു. അദ്ദേഹം പാടി: ‘എൻ്റെ ദാനത്തിൽ എനിക്കുള്ള പ്രതിഫലം ആരെങ്കിലും തട്ടിയെടുക്കുകയാണെങ്കിൽ / ജീവിതം മുഴുവൻ അപമാനമായി എനിക്ക് അത് മതി’”
ദാനം സ്വീകരിക്കുന്നവരെ, അല്ലാഹു നൽകിയ അതിഥികളായാണ് ഉദാരമതികൾ കാണുക. മുതരിഫ് ബ്നു അശ്ശക്കീർ പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും എന്നിൽനിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എനിക്ക് ഒരു കുറിപ്പ് തന്നാൽ മതി. കാരണം, നിങ്ങളുടെ മുഖത്തെ ദൈന്യത കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.” ശൈഖ് അബൂഅബ്ദുറഹ്മാൻ അസ്സുലമി തന്റെ കൈകൊണ്ട് ദാനം നൽകാറുണ്ടായിരുന്നില്ല. കൊടുക്കാനുള്ളത് തറയിൽ വെച്ച് മറ്റേ ആളോട് എടുക്കാൻ പറയും. അതിന് കാരണമായി മഹാൻ പറയുന്നതിങ്ങനെ: “എന്റെ കൈ മറ്റൊരാളുടെ കയ്യിന്റെ മുകളിൽ വരുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്രമാത്രം വില ഈ ലോകത്തിനില്ല”

