എന്ത് ഐശ്വര്യമായിരുന്നു! നാട്ടിലെ പ്രധാന പ്രമാണിയുടെ ഭാര്യാപദവി ചെറിയ കാര്യമല്ല. ഒന്നിനും ഒരു കുറവുമില്ലാത്ത പകലും രാവും. പക്ഷേ ഭർത്താവൊരു വലിയ ധർമിഷ്ഠനാണ്. എല്ലാം വാരിക്കോരിക്കൊടുക്കും. ഒടുവിൽ കുടുംബം പട്ടിണിയുടെ പടിയ്ക്കലെത്തി. വീട്ടുമ്മ, ഉമ്മുറൂമാന് പക്ഷേ ഒരു പരാതിയുമില്ല. പ്രിയപ്പെട്ട നല്ലപാതി, അബൂബകർ ഇത്രയും വലിയ ഉദാരമതിയായതിൽ ഉള്ളിൽ സന്തോഷമേയുള്ളൂ. സഹായമനസ്സ് വിളിച്ചുകൊണ്ടു വരുന്ന ദാരിദ്രകാലത്തെ വരവേൽക്കാൻ മഹതി അരമുറുക്കിയൊരുങ്ങി.
അടിമകൾക്ക് സ്വാതന്ത്ര്യവായു നൽകലാണ് തിരുനബിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനും പിൽക്കാലത്ത് ഇസ്ലാമികലോകത്തെ ആദ്യ ഭരണാധികാരിയുമായ അബൂബകറിന്റെ പ്രധാനതൊഴിൽ. ഉടമകൾ അടിമജനങ്ങളെ ക്രൂരമായി നോവിക്കുന്ന ഇടങ്ങളിലെത്തി, ചോദിക്കുന്ന പണം കൊടുത്ത് ഒരുപാട് പേരെ മോചിപ്പിച്ചാണ് അദ്ദേഹം ദരിദ്രനായത്, ഉമ്മുറൂമാന്റെ അടുക്കളയിൽ പണിമുടക്കമായത്.
പ്രിയപ്പെട്ടവനെ, ആക്ഷേപിക്കുകയോ
എതിർക്കുകയോ ചെയ്യാതെ ബീവി സഹനത്തിന്റെ വഴി മക്കൾക്കും പകർന്നു കൊടുത്തു. എങ്കിലും ഖുറൈശികളിലെ ഒരു വിഭാഗം, ഇസ്ലാംമതം വിശ്വസിച്ചതിന്റെ പേരിൽ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഓരോ പകലസ്തമിക്കുമ്പോഴും നായാട്ട് തുടർന്നതേയുള്ളൂ. ഉമ്മുറൂമാന്റെ മനസ്സ് പലായനത്തിനുള്ള അനുമതിയ്ക്കായ് ആഗ്രഹിച്ചു. അല്ലാഹുവിന്റെ അനുവാദത്തിനായി കാത്തു.
തിരുനബിയുടെ ചാരെ നിന്ന് മടങ്ങിവരുന്ന, അബൂബകറിനോട് എന്നും മഹതി തിരക്കും, "പലായനത്തിന് അനുമതി കിട്ടിയോ” എന്ന്. കുതന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെട്ട് സമാധാനത്തോടെ അല്ലാഹുവിന് ആരാധന അർപ്പിക്കാൻ കഴിയുന്ന നാട്ടിലേക്ക് പോകാനുള്ള കൊതിയിൽ നിന്നാണ് ആ ചോദ്യം. "സമയം ആയിട്ടില്ല" എന്ന മറുപടി കേൾക്കുമ്പോൾ മഹതി മറുത്തൊന്നും പറയാതെ, മനോഹരമായി കാത്തിരിപ്പ് തുടരും.
അങ്ങനെ ഒരു ദിവസം, തിരുനബി അവരുടെ വീട്ടിലേക്ക് വന്നു. രണ്ടുപേർക്ക് യാത്രയ്ക്ക് വേണ്ട ഭക്ഷണവും വാഹനവും തയ്യാറാക്കാൻ അബൂബകർ സിദ്ദീഖിനോട് പറഞ്ഞു.
പോകുന്നത് ഭർത്താവും തിരുദൂതരും മാത്രമാണ്. താൻ കൂടുതൽ ഒറ്റപ്പെടും, ഖുറൈശീ കൂരമ്പുകൾക്ക് നടുവിൽ! പക്ഷേ പ്രപഞ്ചരക്ഷിതാവിലുള്ള അചഞ്ചലമായ വിശ്വാസം മഹതിയുടെ മനസ്സിനെ വല്ലാതെ തണുപ്പിച്ചു.
തിരുനബിയും അനുചരൻ സിദ്ദീഖും മക്കവിട്ട് മദീനയിൽ എത്തി എന്നറിഞ്ഞ ഖുറൈശികൾ വീട്ടുകാരുടെ നേർക്ക് തിരിഞ്ഞു. തെറിയും ഭീഷണിയും നിറഞ്ഞു. മർദ്ദനമേൽക്കേണ്ട സന്ദർഭം വരെയുണ്ടായി. പക്ഷേ പ്രിയപ്പെട്ട മക്കളെ ചേർത്തുപിടിച്ച് ഉമ്മുറൂമാൻ ധീരയായി നിന്നു. ഒരുദിവസം മദീനയിൽ സുരക്ഷിതയായി എത്തുന്നത് കിനാവ് കണ്ടു. ഒടുവിൽ നബികുടുംബത്തിനൊപ്പം ബീവിയും മദീനയിലേക്ക് നടന്നെത്തി.
ഹിജ്റ ആറാം വർഷമാണ് മഹതി ലോകത്തോട് വിട ചൊല്ലുന്നത്. തന്റെ പ്രിയ പത്നി ആയിശയുടെ മാതാവ് കൂടിയായ ബീവിയുടെ മൃതശരീരം, തിരുനബി ഖബറിൽ ഇറങ്ങി നിന്ന് സ്വന്തം കൈകൊണ്ട് അടക്കം ചെയ്തു. ആ കരങ്ങൾ നാഥനിലേക്ക് നീണ്ടു: "അല്ലാഹുവേ, നിനക്കും നിൻ്റെ പ്രവാചകനും വേണ്ടി ഉമ്മുറൂമാൻ, ഏറ്റെടുത്ത ത്യാഗം നിനക്ക് നന്നായി അറിയാം.." എന്ന് തുടങ്ങുന്ന നീണ്ട പ്രാർഥനക്ക് മദീന സാക്ഷിയായി.

