ആഭരണത്തോട് അല്പം പോലും കമ്പമില്ലാത്ത മകൾ. പിതാവിന് അതിഷ്ടമല്ല എന്നതാണ് അങ്ങനെയൊരു വേറിട്ട സ്ത്രീജീവിതത്തിന് പിന്നിൽ. ഖുറൈശീ
വനിതകൾ നന്നായി ആഭരണങ്ങളിഞ്ഞ് വരുമ്പോൾ വരാനുള്ള ലോകത്തിനു മുന്നിൽ ഈ ലോകത്തിനെന്ത് മൂല്യം എന്ന് മഹതിയുടെ അകം ചോദിക്കും.
എന്നാൽ ഒരിക്കൽ ഒരു സംഭവമുണ്ടായി.മഹതി ഫാത്വിമ മനസ്സറിയാതെ ഒരു ചെറിയ മാല ധരിച്ച് ഉപ്പയെ കാണാൻ ചെന്നു. സ്നേഹസ്വരൂപനായ റസൂൽ (സ്വ) പ്രിയ പുത്രിയെ ആദരവോടെ വരവേറ്റു.എന്നാൽ സ്നേഹ വർത്തമാനങ്ങൾക്കിടയിൽ പിതാവിന്റെ ശ്രദ്ധ ആ കുഞ്ഞുമാലയിൽ പതിഞ്ഞു. ആവർത്തിച്ചാവർത്തിച്ച് അതിലേക്ക് തന്നെ ഉപ്പ നോക്കുന്നതും ആ കണ്ണുകളുടെ പ്രകാശം മങ്ങുന്നതും മുഖകാന്തി അണയാനായുന്നതും ഫാത്വിമ അറിഞ്ഞു. ബുദ്ധിമതിയായ മകൾ വേഗംതന്നെ തിരുനബിയുടെ (സ്വ) ഹൃദയരഹസ്യം മനസ്സിലാക്കി.ആ മാലയണിഞ്ഞുപോയതിൽ മഹതിക്ക് വലിയ ഖേദമുണ്ടായി. എന്താണ് പരിഹാരം? ഉള്ളിൽ ആലോചനയുടെ തിര."ഇനിയീമാല ഞാൻ അണിയുകില്ല.മാല വിറ്റ് ഒരടിമയെ വാങ്ങിയാലോ? ആ അടിമ മാലയെ എപ്പോഴും ഓർമിപ്പിക്കും.അത് വേണ്ട.ഒരു അടിമയെ വാങ്ങി സ്വതന്ത്രനാക്കാം." അതായിരുന്നു ബീവി ഫാത്വിമ.
ഒരിക്കൽ തിരുറസൂൽ മകളുടെ വീട്ടിലേക്ക് നടന്നു.സ്നേഹത്തിന്റെ ഉദാത്തഭാവമാണ് മകളും ആ പിതാവും.വീട്ടിലെത്തുമ്പോൾ അവിടെ പേരക്കുട്ടികളില്ല.മക്കളെവിടെ? -വാൽസല്യത്തിന്റെ ചോദ്യം."അവർ പ്രിയതമൻ അലിയുമൊത്ത് പുറത്ത്പോയിരിക്കുന്നു.ഇന്നീ വീട്ടിൽ ഭക്ഷണം ഒന്നുമില്ല. കുഞ്ഞുങ്ങൾ കരയുന്നത് ഞാൻ കാണാതിരിക്കാൻ അദ്ദേഹം അവരുമൊത്ത് പുറത്തിറങ്ങി നടന്നതാണ്."
ലളിതവഴികളായിരുന്നു ഫാത്വിമയ്ക്ക് ജീവിതം. മഹതിക്ക് എപ്പോഴും കരുത്തായത് ഉപ്പയുടെ വാക്കുകളാണ്;" ഇസ്ലാമിലേക്ക് വഴിവെളിച്ചം ലഭിക്കുകയും ഉള്ളതിൽ തൃപ്തിയടഞ്ഞ് ജീവിക്കുകയും ചെയ്യുന്നവർ എത്ര ഭാഗ്യവാന്മാർ! അവർക്ക് മംഗളം. " ജീവിതക്ലേശങ്ങളുടെ പടി ചവിട്ടുമ്പോൾ മഹതിയുടെ കാതിൽ തിരുനബിയുടെ(സ്വ) സ്നേഹോപദേശം നിറയും." മോളേ, ഭൗതിക ജീവിതത്തിന്റെ കയർപ്പുകളെ ക്ഷമയോടെ നേരിടുക. നിതാന്തമായ അനുഗ്രഹത്താൽ വിജയം നിന്നെ തേടിയെത്തും."

