ഒരു ജൂതവനിത റസൂലിൻ്റെ (സ്വ) അടുക്കൽ വന്ന് കരയാൻ തുടങ്ങി. അവരുടെ പേര് ജുവൈരിയ. തിരുനബി(സ്വ) അപ്പോൾ പത്നി ആയിശയുടെ ഭവനത്തിലാണ്. പുറത്തുനിന്ന് വിതുമ്പുന്ന ആ പാവം സ്ത്രീയുടെ ആവലാതികൾ സാകൂതം അവിടുന്ന് കേട്ടു. അവരുടെ ആവശ്യത്തിന്റെ പശ്ചാത്തലം ജൂതരുടെ ഒരു ചതിയാണ്.
സമാധാനപൂർവ്വമായ കരാറിൽ കഴിയുകയാണ് മദീനയിൽ എല്ലാ വിഭാഗവും.പക്ഷേ ജൂതഗോത്രമായ ബനൂഖുറൈള ഉടമ്പടികൾ ലംഘിച്ചു. അവർ ഖുറൈശികളെ കൂട്ടുപിടിച്ച് മദീനയിലെ മുസ്ലിങ്ങളെ ഇല്ലാതാക്കാൻ ഒരുങ്ങി.എന്നാൽ അവരെ അല്ലാഹു പരാജയപ്പെടുത്തി. ആ യുദ്ധമാണ് ഖന്തഖ്. യുദ്ധാനന്തരം ഒരാൾക്ക് ഉറക്കം നഷ്ടപ്പെട്ടു: ഹാരിസു ബ്നു അബീ ദിറാർ. അദ്ദേഹം ബാക്കിയായ ഗോത്ര സമൂഹങ്ങളെ കൂട്ടി പ്രതികാര ദാഹത്തോടെ സമരത്തിനിറങ്ങി.
റസൂൽ(സ്വ)തന്നെ മുന്നിൽനിന്ന് ജൂതമുന്നേറ്റത്തിനെതിരെ അവരുടെ സങ്കേതത്തിലേക്ക് തിരിച്ചു.മുസൈറിഅ് എന്ന സ്ഥലത്ത് താവളംകെട്ടി. ഒളിയുദ്ധത്തിന് കോപ്പ് കൂട്ടിയ ജൂതന്മാർക്ക് മുസ്ലിങ്ങളുടെ സാന്നിദ്ധ്യം കാരണം രംഗത്തേക്ക് വരേണ്ടി വന്നു. യുദ്ധത്തിൽ അവർ ദയനീയമായി പരാജയപ്പെട്ടു. കുട്ടികളെയും സ്ത്രീകളെയും ഉപേക്ഷിച്ച് അവർ നാടുകടന്നു. ജൂത നേതാവായ ഹാരിസു ബ്നു അബീ ദിറാറിന്റെ മകൾ ജുവൈരിയ്യയും രണഭൂമിയിൽ ഒറ്റപ്പെട്ടു.
യുദ്ധഭൂമിയിൽ ബന്ധികളായി പിടിക്കുന്നവരെ മോചനദ്രവ്യം നൽകിയാണ് വിട്ടയക്കുക.ജുവൈരിയ്യക്ക് രക്ഷപ്പെടാൻ ഒമ്പത് ഊഖിയ സ്വർണ്ണം വേണം. പക്ഷേ അത് നൽകാൻ അവർക്ക് ആവതില്ല. റസൂലിനോട് (സ്വ) അത് നൽകി തന്നെ മോചിപ്പിക്കണം എന്ന ആഗ്രഹമാണ് അവർക്ക്. ഒരുകാലത്ത് പ്രമുഖ ജൂത ഗോത്രമായ മുസ്തലഖിന്റെ നേതാവിന്റെ മകളായി പ്രതാപത്തിൽ കഴിഞ്ഞവർ. അവർ ഇന്ന് ബന്ധിയാണ്. സ്വാതന്ത്ര്യം വീണ്ടെടുക്കാൻ അവർ ലോക നേതാവിൻറെ മുന്നിൽ എത്തിയിരിക്കുന്നു.
പക്ഷേ മറ്റൊന്നായിരുന്നു നാഥന്റെ തീരുമാനം. ഇവരെ മോചിപ്പിക്കുന്നതിലൂടെ ഒരു വലിയ നന്മ സാധ്യമാണ്. ഈ ഗോത്രത്തലവന്റെ മകൾക്കൊപ്പം ഒരുപാട് പേർ ബന്ധികളായി മോചനം ആഗ്രഹിച്ചു കഴിയുന്നുണ്ട്. ഇവരെ വിവാഹം കഴിച്ചാൽ, യുദ്ധത്തിൽ വിധവയായ അവർക്ക് ഒരു ജീവിതം കിട്ടും. നബിയുടെ ബന്ധു ആവുക വഴി ആ ഗോത്രത്തിലെ മുഴുവൻ ആളുകൾക്കും മോചനം ലഭിക്കുകയും ചെയ്യും.
സഹായത്തിനായി മുന്നിലെത്തിയ ജുവൈരിയയോട് തിരുനബി(സ്വ) ചോദിച്ചു: "നിങ്ങളുടെ ആവശ്യത്തെക്കാൾ വലിയ മറ്റൊരു മോചന വഴി ഞാൻ നിർദ്ദേശിക്കട്ടെയോ?" "അതെന്താണ് റസൂലേ(സ്വ)" "നിൻ്റെ മോചനദ്രവ്യം ഞാൻ കൊടുക്കാം. ഞാൻ നിന്നെ വിവാഹം കഴിക്കുകയും ചെയ്യാം." മഹതിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പൂവ് ചോദിക്കുമ്പോൾ പൂക്കാലം കിട്ടുന്ന പ്രതീതി. പഴയ പ്രതാപത്തേക്കാൾ എത്ര മടങ്ങ് വലിയ പ്രതാപത്തിലേക്ക് താൻ ഉയരുന്നത്. "ഞാൻ സമ്മതിച്ചു" അപ്പോൾ തന്നെ ജുവൈരിയ ബീവി മറുപടി നൽകി.
റസൂലിൻ്റെ (സ്വ) പത്നിയുടെ ബന്ധുക്കളാണ് ഇപ്പോൾ ഞങ്ങളുടെ പക്കലുള്ള ബന്ധികൾ എന്ന് മനസ്സിലാക്കി.
മുസ്തലഖ് ഗോത്രത്തിലെ എല്ലാ ബന്ധികളെയും ഈ വിവാഹത്തോടെ മുസ്ലിംകൾ മോചിപ്പിച്ചു. ഒരു വിവാഹം കൊണ്ട് സാധ്യമായ വലിയ മുന്നേറ്റം. തന്നോട് കഠിന ശത്രുത പുലർത്തിയ നേതാവിന്റെ മകൾക്ക് ജീവിതം കൊടുക്കുകയും അതുവഴി ഒരുപാട് പേർക്കുള്ള മോചന വഴി തുറക്കുകയും ചെയ്ത റസൂലിന്റെ (സ്വ) തീരുമാനം മൂലം ഒരുപാട് പേർ ഇസ്ലാമിലേക്ക് നടന്നു.

