സൈനബിന് ആ വിവാഹം സമ്മതമായിരുന്നില്ല .അപ്പോഴാണ് അല്ലാഹുവിന്റെയും റസൂലിന്റെയും(സ്വ) കൽപ്പന. "പിന്നെ അതാണ് എന്റെയും ഇഷ്ടം', ബീവി സൈദവരുമായുള്ള നിക്കാഹിന് സമ്മതം മൂളി. തിരുനബിയുടെ(സ്വ) വളർത്തു മകനായിരുന്നു സൈദ് ബ്നു ഹാരിസ്(റ). അടിമത്തത്തിൽ നിന്ന് മോചനം നേടിയ സ്വഹാബി പ്രമുഖൻ.
സ്വതന്ത്ര ജീവിതത്തിലേക്ക് കടന്നാലും പല പരിഗണനകളിലും അറബികൾക്കിടയിൽ അടിമകളായിരുന്നവർ രണ്ടാമതായിരുന്നു. ഇസ്ലാം അവിടെ തിരുത്തുകൾ സ്ഥാപിച്ചു.
വളർത്തു പുത്രനായ സൈദിന്(റ)വേണ്ടി സ്വതന്ത്രയായ സൈനബിനെ(റ)വിവാഹം ആലോചിച്ചത് റസൂലായിരുന്നു(സ്വ). അന്നത്തെ സാമൂഹിക ആചാരങ്ങൾ പ്രകാരം മോചിപ്പിക്കപ്പെട്ടാലും അടിമ അടിമ തന്നെയായിരുന്നു. അവരെ മറ്റു മനുഷ്യരോടൊപ്പം വായിക്കുകയായിരുന്നു ഇസ്ലാം.
അനുചരർ ഈ മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചതിന് മനോഹര മാതൃകയാണ് സൈനബ് ബിൻത് ജഹ്ശ് (റ). ഉന്നതൻ- കീഴാളൻ, അടിമ- ഉടമ, ഭാഷ- വർണം തുടങ്ങിയ കളങ്ങളെ ദീൻ മായ്ച്ചു കളഞ്ഞു. സൈദ് - സൈനബ്(റ) ദാമ്പത്യം ഒരു വർഷം പിന്നിട്ടു. ഇടയിൽ ചില ആശയഭിന്നതകൾ ഉണ്ടായി. വിഷയങ്ങൾ ഉണർത്താൻ സൈദവർ പലതവണ നബിയെ (സ്വ) ചെന്നു കണ്ടു. പത്നിയെ കൂടെ നിർത്താൻ റസൂൽ(സ്വ) ഉപദേശിച്ചു. അവർക്ക് ഒരുമിച്ച് പോകാൻ ആകില്ല എന്നു വന്ന ഘട്ടത്തിൽ വിവാഹമോചനം നടന്നു.
ദത്തുപുത്രൻ സ്വന്തം മകനല്ല എന്ന സന്ദേശവും ഇസ്ലാം അറബികൾക്ക് നൽകി. അനന്തര സ്വത്ത് വിഹിതം ചെയ്യുന്നതിലും മറ്റും മകനെപ്പോലെയാണ് ദത്തെടുത്തവരെ പരിഗണിക്കേണ്ടത് എന്നായിരുന്നു ജാഹിലിയ്യ വിശ്വാസം. മോചനം കിട്ടിയ അടിമയെയും വിവാഹം ചെയ്യരുതെന്നും, അങ്ങനെ വിവാഹം ചെയ്യുന്ന വനിത പിന്നീട് വിവാഹമോചിതയായാൽ മാന്യരായ പുരുഷന്മാർ അവരെ നിക്കാഹ് ചെയ്യാൻ പാടില്ല എന്നും നിയമം ഉണ്ടായിരുന്നു. വളർത്തു പുത്രന്റെ മൊഴിചൊല്ലിയ പത്നിയെ വിവാഹം കഴിക്കൽ അനുവദനീയമാണ് എന്ന അല്ലാഹുവിന്റെ കൽപ്പന വന്നു. റബ്ബിന്റെ നിർദേശപ്രകാരം റസൂൽ (സ്വ) സൈനബിനെ (റ)j വിവാഹം കഴിച്ചു.
കുലീനയായിരുന്നു സൈനബ് ബിൻത് ജഹ്ശ് (റ). ധർമം നൽകുന്നവരിൽ അത്യുന്നത. മറ്റ് പ്രവാചക പത്നിമാരോട് ബീവി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുമായിരുന്നു. "നിങ്ങളെയെല്ലാം വിവാഹം കഴിപ്പിച്ചത് നിങ്ങളുടെ ബന്ധുക്കളല്ലേ.. എന്നെ വിവാഹം കഴിപ്പിച്ചത് അല്ലാഹുവാണ്'. റസൂലിന്റെ (സ്വ) പിതൃവ്യ പുത്രിയായിരുന്നു ബീവി. ജനാസ പൊതിയാനുള്ള കഫൻ തുണി തയ്യാറാക്കി വെച്ച് അല്ലാഹുവിലേക്ക് ആരാധനകൾ അർപ്പിച്ചിരുന്നു മഹതി. സൈനബ് ബീവി(റ) യിലൂടെ അനേകം പാഠങ്ങൾ വിശ്വാസ ലോകത്തിന് റസൂൽ (സ്വ) പകർന്നു നൽകി. ഇസ്ലാം നടന്നു പോയ വഴികളിൽ ഇരുണ്ട സൂര്യൻ അസ്തമിക്കുകയും പകലോനുദിക്കുകയും ചെയ്ത മനോഹര പാഠങ്ങൾ.
ബീവി ആയിശ(റ) പറയുന്നു. നിങ്ങളിൽ നിന്ന് ഏറ്റവും വേഗം എന്നിലേക്ക് ചേരുന്നത് നിങ്ങളിൽ ഏറ്റവും കൈനീളം ഉള്ളവരാണ് (കൂടുതൽ ധർമം ചെയ്യുന്നയാൾ) എന്ന് റസൂൽ സ്വപത്നിമാരോട് പറഞ്ഞിരുന്നു. നബി പത്നിമാരിൽ ഏറ്റവും ധർമിഷ്ഠ സൈനബ്(റ) ആയിരുന്നു. കൈത്തൊഴിൽ വഴി ലഭിക്കുന്ന വരുമാനം അവർ ധർമം ചെയ്തിരുന്നു.
ഹിജ്റ വർഷം ഇരുപതിൽ മഹതി ലോകത്തോട് വിട പറഞ്ഞു. തിരുവചനം പോലെ ഭാര്യമാരിൽ നിന്ന് ആദ്യമായി തിരുസവിധത്തിലേക്ക് യാത്രയായി.
തോലുകൊണ്ട് വിവിധ വസ്തുക്കൾ നിർമിച്ച് വിൽപ്പന നടത്തിയിരുന്നു ബീവി. കിട്ടുന്നതെല്ലാം പാവങ്ങൾക്ക് കൊടുക്കും. ബൈത്തുൽമാലിൽ നിന്ന് ലഭിക്കുന്നതും ബന്ധുക്കൾക്കും അഗതികൾക്കും വീതിച്ചു നൽകും. ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നു: "ദാനധർമം, കുടുംബം ചേർക്കൽ, തഖ്വ, അർപ്പണബോധം, നിഷ്കളങ്കത ഇവയിൽ സൈനബിനെപ്പോലെ മറ്റൊരാളെ എനിക്കറിയില്ല'.
റസൂൽ(സ്വ) നൽകിയ വിവാഹ സദ്യകളിൽ ഏറ്റവും വലുത് ബീവിയുമായുള്ള നിക്കാഹിനായിരുന്നു ഒരുക്കിയത്. ക്ഷണം ലഭിച്ചാൽ ഉത്തരം ചെയ്യാനും ആവശ്യത്തിനു മാത്രം സമയം അവിടെ തങ്ങാനുമുള്ള ഖുർആൻ നിർദ്ദേശം ഇറങ്ങുന്നതും ഈ വിവാഹവുമായി ബന്ധപ്പെട്ടാണ്

