ഖുറൈശിസഭയിലെ ആ ഉപദേശം അബൂലഹബിന് നന്നേ ബോധിച്ചു.എങ്ങനെയും മുഹമ്മദിനെ(സ്വ) കഷ്ടത്തിലാക്കണം എന്ന മനസ്സേ അയാൾക്കുള്ളൂ.ഇപ്പോൾ അതിനൊരു സുവർണാവസരം.അബൂലഹബിന്റെ മക്കളാണ് ഉത്ബയും ഉതൈബയും. അവർ വിവാഹം ചെയ്തിരിക്കുന്നത് മുത്തുറസൂലിന്റെ(സ്വ) പ്രിയ പുത്രിമാരെ. ബീവി റുഖിയ്യയും ഉമ്മുകുൽസൂമും.അവരെ ഒഴിവാക്കി നബിയോരെ(സ്വ) പ്രയാസപ്പെടുത്തൂ എന്നാണ് സദസ്സിലെ ആവശ്യം.അയാൾ അതിന് ഒരുങ്ങുകയാണ്. മക്കളോട് വിഷയം അവതരിപ്പിച്ചു. അവർക്കും സമ്മതം.അബൂലഹബിന്റെ കുടുംബത്തിനാകെ പ്രവാചകകുടുംബത്തെ ദ്രോഹിക്കുന്നതിൽ പരമാനന്ദം.
ഇസ്ലാം, മനുഷ്യരെ സ്വാഗതം ചെയ്യുന്ന കാലം. അബൂലഹബിനും ഉമ്മുജമീലിനും മരുമക്കളോട് വല്ലാത്ത ദേഷ്യമായിരുന്നു.ആകെ അസ്വസ്ഥതയിലായി ബീവീ റുഖിയ്യയും ഉമ്മുകുൽസൂമും. പിതാവിന്റെ ഇഷ്ടം പോലെ ഉത്ബയും ഉതൈബയും അവരെ ഒഴിവാക്കി. അത് റസൂലിനും(സ്വ) ബീവി ഖദീജയ്ക്കും(റ) ഏറെ സന്തോഷം നൽകുകയാണുണ്ടായത്. അവരാണ് അത് കൂടുതൽ ആഗ്രഹിച്ചത്. മക്കൾ ആ ദുഷ്ടമാനസരിൽ നിന്ന് മോചിതരായല്ലോ. ബീവി റുഖിയ്യ(റ) സുമുഖനും സൽസ്വഭാവിയുമായ ഉസ്മാൻ (റ) തങ്ങളുടെ കരം പിടിച്ചു. ഭർത്താവിന്റെ താൽപര്യങ്ങൾ മനസ്സിലാക്കാനും അവയുമായി പൊരുത്തപ്പെട്ടു പോവാനും കഴിവുള്ള സൽഗുണ സമ്പന്നയായ ഭാര്യയായിരുന്നു റുഖിയ്യ(റ). ഇസ്ലാമിനെ ആഴത്തിൽ ആശ്ലേഷിച്ച ഒരു കുടുംബ ജീവിതത്തിന് അങ്ങനെ തുടക്കമായി. പലായനങ്ങളെ ഓർക്കുന്നവർക്ക് ബീവി റുഖിയ്യയെ മറക്കാനാകുമോ? .
ഹബ്ശയിലേക്കുള്ള രണ്ടു കപ്പലുകളിൽ അഭയാർഥികളായി ആ കുടുംബവും കയറി. കാലാവസ്ഥ പ്രതികൂലമാണ്. അനേകമനേകം പരീക്ഷണങ്ങൾ.ബീവി ഗർഭവതിയാണ്. ആ യാത്രയുടെ പ്രയാസങ്ങളാൽ ഗർഭം അലസി. ക്ഷമയുടെ കവചങ്ങളണിഞ്ഞ് പ്രയാസനാളുകളെ അവർ അതിജീവിച്ചു. പ്രശ്നങ്ങൾ ഒരുവേള അസ്തമിച്ചു എന്ന വാർത്ത ഹബ്ശയിലെത്തി. പിതാവിനെയും മാതാവിനെയും സഹോദരിമാരെയും കാണാൻ എത്രയോ നാളുകളായി ബീവിയുടെ മനം തുടിക്കുന്നു.ആ ദമ്പതികളും ഏതാനും പേരും മക്കയിലേക്ക് മടങ്ങി.
സന്തോഷനിമിഷം. ഫാത്വിമയും ഉമ്മുകുൽസുമും (റ) പ്രിയ സഹോദരിയെ ആലിംഗനം ചെയ്തു. പക്ഷേ വരവേൽക്കാൻ പ്രിയ ഉമ്മ ഖദീജയില്ല. സഹോദരിമാർ നിശബ്ദം ബീവിയെ ആശ്വസിപ്പിച്ചു. മക്ക മാറിയിട്ടുണ്ടായിരുന്നില്ല. അസഹിഷ്ണുക്കൾ ദ്രോഹം പലമടങ്ങ് വർധിപ്പിച്ചിരിക്കുന്നു. കഴിയുമെങ്കിൽ റസൂലിനെ (സ്വ) അപായപ്പെടുത്തണമെന്ന് അവർ ആലോചിക്കുന്നു.പിതാവ്(സ്വ) മദീനയിലേക്ക് യാത്ര പോയതോടെ, ബീവി മറ്റൊരു പലായനത്തിന് തയ്യാറായി.
മദീനയിൽ മറ്റൊരു സന്തോഷം കൂടി ഉണ്ടായി. അവർക്കൊരു പുന്നാരമകൻ പിറന്നു, അബ്ദുല്ലാഹിബ്നു ഉസ്മാൻ (റ). ബദ്റിലേക്ക് സംഘം ഒരുങ്ങുമ്പോൾ ബീവി രോഗിണിയാണ്. റസൂൽ(സ്വ) പ്രിയ മരുമകനെ മകൾക്ക് കൂട്ടായി നിർത്തി. ബദ്ർ മുഴങ്ങുമ്പോൾ ഇവിടെ ബീവിയുടെ രോഗം മൂർച്ഛിച്ചു. റുഖിയ്യ(റ) സത്യസാക്ഷ്യ വചനം ചൊല്ലി. "അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്.വ അശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്' ഉസ്മാൻ (റ) നടുങ്ങി. പത്നി അന്ത്യവചനം മൊഴിഞ്ഞുകഴിഞ്ഞു. ആത്മാവ് സ്വർഗം പൂകി. ചടങ്ങുകൾ ഒരുങ്ങി. സ്ത്രീകൾ വന്നുചേർന്നു. ഇനി ആരെയും കാത്തിരിക്കാനില്ല...പടക്കളത്തിലേക്കു പോയവരുടെ വിവരങ്ങൾ എത്തിയിട്ടില്ല. മനസ്സുകളിൽ ആശങ്കയാണ്.
പുരുഷന്മാരായി വളരെ കുറച്ചു പേർ മാത്രമേ മദീനയിലുള്ളൂ. അവർ ഖബ്ർ തയ്യാറാക്കാൻ തുടങ്ങി. മയ്യിത്ത് കുളിപ്പിച്ചു. കഫൻ ചെയ്തു. മറ്റ് കർമങ്ങളെല്ലാം ചെയ്തു. ഉസ്മാൻ(റ)വിന്റെ കണ്ണുകൾ വിതുമ്പിയൊഴുകി. ഖബറടക്കൽ പൂർണമായി. ആ കുഞ്ഞു സൈന്യം സർവ വിജയങ്ങളുമായി മടങ്ങിയെത്തുന്ന വാർത്തയ്ക്ക് കാതുനൽകാതെ ബീവി ലോകത്തോട് വിടചൊല്ലി.സ്നേഹ സ്വരൂപനായ പിതാവ്,റസൂൽ (സ്വ) പലായനങ്ങളുടെ ത്യാഗം സഹിച്ച പ്രിയ മകളെ ഓർത്തു വിതുമ്പി. കരയുന്ന മക്കളെയും കൂട്ടി നബിയോർ(സ്വ) ഖബറോരത്തേക്ക് നടന്നു. അവിടെ എത്തുമ്പോഴേക്കും ബീവി ഫാത്വിമ ദുഃഖഭാരത്താൽ തളർന്നു. ദീർഘനേരം ബീവിറുഖിയ്യയുടെ അരികിൽ പ്രിയഹബീബ് (സ്വ) നിന്നു.ആ മണ്ണറയിൽ സുഗന്ധം പരന്നു

