മക്കയുടെ സായന്തനങ്ങൾ നിറയെ ആ യുവാവിനുള്ള പ്രകീർത്തനങ്ങളാണ്.
വഴിവാണിഭക്കാരും വലിയ വ്യാപാരിപ്രമുഖരും ആ യുവാവിനെച്ചൊല്ലി ദീർഘനേരം സംസാരിച്ചു. മക്കാജനങ്ങൾക്ക് ആ ഇരുപത്തിനാലുകാരനെ കാണാത്ത ദിനം ക്ലാവുപുരണ്ട നാണയങ്ങൾ പോലെ വിരസമായി. അഭിമാനിയും പ്രസന്നസുന്ദരനുമായ ആ ചെറുപ്പക്കാരനില്ലാത്ത സദ്യ അവർക്ക് ആസ്വാദ്യമല്ലാതായി. അങ്ങനെയൊരു അൽഅമീനിനെയായിരുന്നു വ്യാപാരികൾ കൊതിച്ചത്. അങ്ങനെയൊരു കുടുംബനാഥനായാണ് യുവതികൾ മനമുരുകിയത്. നാട് മുഴുവനും മുഹമ്മദിനെ (സ്വ)
ക്കണ്ട് സന്തോഷപ്പൂക്കൾ വിരിയിക്കുമ്പോഴും ഒരാളിൽ മാത്രം ആശങ്കയുടെ നിശാമേഘങ്ങൾ നിറഞ്ഞു.
അബൂത്വാലിബ് അങ്ങനെ വ്യാകുലപ്പെടാൻ കാരണങ്ങളുണ്ട്. അബൂത്വാലിബെന്ന സ്നേഹനിധിയാണ് അനാഥനായ ആ യുവാവിലെ(സ്വ) തണൽമരം. ദാരിദ്ര്യത്തിന്റെ കനൽവഴികളിലൂടെയാണ് ആ കുടുംബം നാളുകൾ നീക്കിയത്. പോരാത്തതിന് മക്കയിൽ ക്ഷാമകാലവുമാണ്. എല്ലാ വരുമാനമാർഗങ്ങളും അടഞ്ഞു. ശാമിലേക്ക് ആളുകൾ വ്യാപാരത്തിനായി പോകുന്നുണ്ട്. തന്റെ സഹോദരപുത്രനെക്കൂടി വ്യാപാരയാത്രക്ക് അയക്കുന്നതിനെപ്പറ്റി അബൂത്വാലിബ് ആലോചിച്ചു. പ്രിയപ്പെട്ട പൊന്നുമോന് സാമ്പത്തികസുരക്ഷിതത്വം വേണമെന്ന അകളങ്കമായ മോഹമാണ് ആ പാവം ഉപ്പക്ക്.
അൽഅമീനോട് അബൂത്വാലിബ് തന്റെ അഭിലാഷങ്ങളറിയിച്ചു. "മോനേ .. നമ്മുടെ സാമ്പത്തികസ്ഥിതി ഇപ്പോൾ വളരെ മോശം. അതിധനികരായ പല വ്യാപാരികളും ശാമിൽ ചെന്ന് അവരുടെ ചരക്കുകൾ കച്ചവടം ചെയ്യാൻ വിശ്വസ്തരായ കാര്യസ്ഥന്മാരെ അന്വേഷിക്കുന്നുണ്ട്. ഖുവൈലിദിന്റെ മകൾ ഖദീജ നമ്മുടെ കുടുംബത്തിലുള്ളവരെ അവരുടെ സമ്പത്തേൽപിച്ച് കച്ചവടത്തിന് നിയോഗിക്കുന്നുണ്ട്. മോനെപ്പറ്റി അവർക്കും നല്ല അഭിപ്രായമായിരിക്കും. അവരോട് ഒന്ന് തിരക്കിയാൽ എതിരഭിപ്രായമുണ്ടാകില്ല. ഇങ്ങനെ ദൂരേക്കയക്കാൻ എനിക്ക് നല്ല വിഷമമുണ്ട്. പക്ഷേ നമ്മുടെ സാഹചര്യം.....' മൂത്താപ്പയുടെ അഭിപ്രായത്തോട് മുഹമ്മദും(സ്വ)യോജിച്ചു. എങ്കിലും മറുപടി ഇങ്ങനെയായിരുന്നു."അവർക്ക് താൽപര്യമുണ്ടെങ്കിൽ ആളെ അയക്കട്ടെ. ഞാൻ പ്രതിനിധിയായി കച്ചവടത്തിന് പോകാം...'
ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്വിമ ബിന്ത് സൈദിന്റെയും പ്രിയമകളാണ് ഖദീജ. മക്കത്തെ രാജാത്തി എന്ന് വിശേപ്പിക്കാവുന്നത്ര സമ്പന്ന. മക്കയിലെ ഏറ്റവും മാന്യയും ശ്രേഷ്ഠയുമായി അവര്‍ വളര്‍ന്നു.ജനങ്ങള്‍ ആ കുടുംബത്തെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിലും അവർക്ക് തണലാകുന്നതിലും ഖദീജ ബീവി ഏറെ തൽപരയായിരുന്നു. പിതാവിനൊപ്പം കച്ചവടമാരംഭിച്ച അവര്‍ പിന്നീട് അതേറ്റെടുത്തു നടത്താനാരംഭിച്ചു. പതിയെ മക്കാനാട്ടിലെ പ്രധാനപ്പെട്ട ധനികയായി ബീവി മാറി. പാവങ്ങളുടെ ആശ്വാസമായ ധനിക .
അബൂത്വാലിബിന് മുഹമ്മദിനെ(സ്വ) തന്റെ യാത്രാസംഘത്തിലെ നേതാവായി ശാമിലേക്ക് വിടാൻ താൽപ്പര്യമുണ്ടെന്ന കാര്യം ഖദീജയുടെ അടുക്കലെത്തി. എന്തൊരു സന്തോഷമുള്ള കാര്യം! മക്കയുടെ വിശ്വസ്തഹൃദയത്തെ തന്റെ പ്രതിനിധിയായി ശാമിലേക്ക് അയക്കുന്നതിൽ അവർക്ക് ആയിരം വട്ടം സമ്മതമായിരുന്നു. മുഹമ്മദ് എന്റെ കച്ചവടനേതൃത്വം ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എന്ന സന്ദേശത്തോടെ അബൂത്വാലിബിലേക്ക് ഖദീജ ദൂതനെ അയച്ചു. അദ്ദേഹം അതിരറ്റ് സന്തോഷിച്ചു.
"താങ്കളുടെ വിശ്വസ്തതയും നന്മയും ഗുണഗണങ്ങളും എനിക്കറിയാം. അങ്ങ് എന്റെ കച്ചവടസംഘത്തിന്റെ നേതൃത്വമായി സിറിയയിലേക്ക് പോകാൻ തയാറാണെങ്കിൽ മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം ഞാൻ നൽകാം'. ഖദീജ മുഹമ്മദിനെ(സ്വ) അറിയിച്ചു.അവിടുന്ന് സമ്മതം നൽകി. ശേഷം വിവരങ്ങളൊക്കെ മൂത്താപ്പയെ അറിയിച്ചു. "മകനേ ഇതൊരു വലിയ അവസരമാണ്.ഒരു നല്ല ഉപജീവനമാർഗം'. എല്ലാ അനുഗ്രഹങ്ങളും നൽകി അദ്ദേഹം മകനെ യാത്രയാക്കി.അകതാരിൽ തന്റെ പ്രിയപുത്രനെ ജൂതന്മാരോ മറ്റോ ഉപദ്രവിക്കുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ട്.പക്ഷേ ആ പ്രായം ചെന്ന പിതാവിന് മുന്നിൽ വേറെ വഴികളുണ്ടായിരുന്നില്ല.
ബീവിഖദീജ ഏറെ ആഹ്ലാദിച്ചു.ഏതൊരു വ്യാപാരിയും ആഗ്രഹിക്കുന്ന നിഷ്കളങ്കനായ ഒരാളെയാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. അദ്ദേഹം ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല. ഒരുപാട് പേർ അനേകം അദ്ഭുതങ്ങൾ തന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. അവർ തന്റെ ഭൃത്യൻ മൈസറയെ വിളിച്ചു. അദ്ദേഹത്തിനൊപ്പം നീയും പോകണം. പൂർണമായും അവരെ അനുസരിക്കണം. ഒരു കുറവും വരുത്തരുത്. യാത്രയുടെ വിശേഷങ്ങൾ കൃത്യമായി അറിയിക്കണം. ഒരു വലിയ ചരിത്രം അവിടെ ഇതൾ നിവർത്തുകയായിരുന്നു.

