ഉമ്മു സഅദിന് കഥകൾ കേൾക്കണം. എളാമ്മയോട് ചോദിക്കുക തന്നെ. എത്രയോ അനുഭവങ്ങൾ ഉള്ളവരാണ്. എത്ര യുദ്ധങ്ങളിൽ പങ്കെടുത്തയാളാണ്. കുന്തമുനകൾക്ക് നടുവിൽ, പോരാട്ടങ്ങളുടെ ഹൃദയത്തിൽ, റസൂലിന്റെ(സ്വ) രക്ഷകയായി... ആ കഥകൾക്കപ്പുറം ജീവിതപാഠമാകാൻ വേറെ എന്താണ് ഉപകരിക്കുക. എളാമ്മ ബീവി നുസൈബ ആ ചരിതകഥകളുടെ മധുരപ്പൊതികളഴിച്ചു.
ഉഹ്ദാണ് രംഗം. ഉഹ്ദിൽ ഉമ്മമാരുടെ സാന്നിധ്യമുണ്ട്. ദാഹത്തിനു വെള്ളം നൽകിയും ചോരപുരണ്ടവർക്ക് പരിചരണമേകിയും സ്ത്രീകൾ സൈന്യത്തിനൊപ്പം നടന്നു. തോൽപ്പാത്രത്തിൽ വെള്ളം നിറച്ച് യുദ്ധരംഗത്തെ അവസ്ഥകൾ അറിയാൻ രാവിലേ തന്നെ ഞങ്ങൾ പുറപ്പെട്ടു. എല്ലാം നമുക്ക് അനുകൂലമായിരുന്നു. ഞാൻ തിരു(സ്വ) സവിധത്തിലേക്ക് നടന്നു. അവിടുന്ന് അനുയായികൾക്കിടയിലാണ്. പിന്നീടുള്ള ചരിതം അറിയുമല്ലോ. ശത്രുക്കൾക്ക് മുൻതൂക്കം ലഭിച്ചു. മുസ്ലിംകളിൽ പലരും കൊല്ലപ്പെട്ടു. ആയുധമെടുത്ത് ഞങ്ങളും രംഗത്തിറങ്ങി.
അപ്പോഴാണ് ഉമ്മുസഅദ് ബീവി നുസൈബയുടെ ചുമലിലെ മുറിവ് ശ്രദ്ധിക്കുന്നത്."ഇതെന്ത് പറ്റിയതാണ്'? ഉഹ്ദിലേതാണ്. ഇബ്നു ഖംഅയുടെ കുന്തമുന തുളഞ്ഞു കയറിയതിന്റെ ബാക്കി. ബീവി ഓർമകൾ തുടർന്നു. റസൂലിനെ (സ്വ) ശത്രുക്കൾ വളഞ്ഞു. മുഹമ്മദിനെ കാണിച്ചു തരൂ.മുഹമ്മദ് രക്ഷപ്പെട്ടാൽ പിന്നെ ഞാൻ രക്ഷപ്പെടില്ല. ശത്രുക്കളുടെ ആക്രോശങ്ങൾ ഉയർന്നു. ഞങ്ങൾ ഹബീബിന്(സ്വ) അഭയമായി ചുറ്റും നിരന്നു. ശത്രുക്കൾ പാഞ്ഞടുത്തു. എനിക്കും വെട്ടേറ്റു. പിന്മാറാൻ ഒക്കുമോ. പലതവണ ഞാനും തിരിച്ചുവെട്ടി. ഞങ്ങൾ എല്ലാം സമർപ്പിച്ച് പോരാടി. അതിനു ഫലം കണ്ടു.അൽഹംദുലില്ലാഹ്.. ആ നേരങ്ങൾ അതിവിശിഷ്ടമായിരുന്നു.
ആ പോരാട്ടത്തിന് പ്രതിഫലമായി കിട്ടിയ വാക്കുകൾ എത്ര കുളിർമയുള്ളത്! ഞങ്ങളുടെ ഇടപെടൽ റസൂലിന് (സ്വ)വലിയ സന്തോഷം നൽകി. അവിടുന്ന് ദുആ ചെയ്തു. മഹതി ഇടപെട്ട് ചോദിച്ചു. സ്വർഗത്തിൽ അങ്ങയുടെ സാമിപ്യത്തിന് വേണ്ടി അവിടുന്ന് അല്ലാഹുവോട് പ്രാർഥിക്കുമോ? ഉടനെ ഹബീബ് (സ്വ) അവർക്കുവേണ്ടി ദുആ ചെയ്തു. നാഥാ, സ്വർഗ ലോകത്ത് ഇവരെ എന്റെ മിത്രങ്ങളാക്കേണമേ… അൽഹംദുലില്ലാഹ് ഇനിയെന്തു പേടിക്കാനാണ്.
കാലം സഞ്ചാരം തുടർന്നു. ഇസ്ലാം മനോഹരമായി വളർന്നു. പരീക്ഷണങ്ങളുമായി പുതിയ ശത്രുക്കൾ വന്നു. കള്ള പ്രവാചകന്മാരുടെ രംഗപ്രവേശമായിരുന്നു ശ്രദ്ധേയം.അവരുടെ നേതാവ് മുസൈലിമതുൽ കദ്ധാബിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള നബിയുടെ(സ്വ) കത്ത് കൊടുത്തയച്ചത് നുസൈബയുടെ മകൾ ഹബീബിന്റെ പക്കലായിരുന്നു. വേദനാപൂർണമായിരുന്നു മുസൈലിമയുടെ പ്രതികരണം. ഹബീബിനെ അവൻ തുണ്ടം തുണ്ടമാക്കി വധിച്ചു. ഉമ്മ നുസൈബ ക്ഷമ കൈക്കൊണ്ടു.മുസൈലിമക്കെതിരെ ഒരു അവസരത്തിനായി കാത്തു നിന്നു. അവന്റെ മരണം മനസ്സിൽ എഴുതി വെച്ചു.
യമാമയുടെ ചരിത്ര നിമിഷം വന്നണഞ്ഞു. ഖാലിദ്ബ്നു വലീദാണ്(റ) നേതൃത്വം. ബീവിയോടൊപ്പം മകൻ അബ്ദുല്ലയുമുണ്ട്. വലിയ യുദ്ധം തന്നെ നടന്നു . ഏറെ ആത്മവിശ്വാസമായിരുന്നു മുസൈലിമയ്ക്ക്. ഖാലിദ്ബ്നു വലീദ്(റ) പതിയെ പോരാട്ടം തുടങ്ങി. ശത്രുപാളയത്തിലേക്ക് തന്ത്രപൂർവം പ്രവേശിച്ച്, അവരെ തകർക്കാൻ ആരംഭിച്ചു. കള്ള പ്രവാചകനും കൂട്ടരും അഭയം തേടി കോട്ടയിലേക്ക് പ്രവേശിച്ചു. ഒരു സ്വഹാബി വിദഗ്ധമായി കോട്ടയ്ക്ക് അകത്തേക്ക് കടന്ന് മുസ്ലിങ്ങൾക്ക് വഴി തുറന്നു കൊടുത്തു. ബീവി നുസൈബയും(റ) അവരോടൊപ്പം കോട്ടയ്ക്കകത്തേക്ക് പ്രവേശിച്ചു.
ശക്തമായ പോരാട്ടം. എല്ലാ കണ്ണുകളും മുസൈലിമയെ പരതി. ഒടുവിൽ കണ്ടുകിട്ടി. വാൾ പയറ്റിൽ കേമനായിരുന്നു അബ്ദുല്ല. വഹ്ശിയുടെ കുന്തപ്രയോഗവും കൂടിയായപ്പോൾ, മുസൈലിമക്കും സംഘത്തിനും പിടിച്ചുനിൽക്കാനായില്ല. കള്ള പ്രവാചകൻ കൊല്ലപ്പെട്ടു . അൽഹംദുലില്ലാഹ്. ത്യാഗപർവങ്ങൾ താണ്ടിയ മഹതിയെ പിൽക്കാലവും ഏറെ ആദരിച്ചു.ഉമർ(റ) ഭരണാധിപനായ സമയം. ഒരിക്കൽ പുതിയ വസ്ത്രങ്ങൾ അറേബ്യയിലെത്തി.ആരാണ് ഈ രോമ വസ്ത്രങ്ങൾക്ക് അവകാശി? അബ്ദുല്ലാഹിബിന് ഉമറിന്റെ ഭാര്യ സ്വഫിയക്ക് നൽകിയാലോ?. ഉമർ(റ) ആ അഭിപ്രായം തിരുത്തി. വേണ്ട അർഹയായ മറ്റൊരാളുണ്ട്. നുസൈബ (റ). ഉഹ്ദിലെ വിശ്വാസികളുടെ ഉമ്മ

