"മാർഗമാകും പൊൻതാരകം പോൽ ഒളിലെങ്കും മുത്ത് മുഹമ്മദോർ', നീ വസന്തമായ് ആനന്ദിക്കുക, ഖദീജാ'...
വിവാഹ വേളയിലെ ആശംസാ വചനങ്ങൾ, ബീവിയുടെ ഹൃദയത്തിൽ വീണ്ടും വീണ്ടും ആരോ പാടിക്കൊണ്ടിരുന്നു. ആ സ്നേഹപ്രപഞ്ചത്തെ എല്ലാ നിലയിലും ബീവി ഹൃദയത്തിൽ വെച്ചു. സന്തോഷങ്ങളുടെ റസൂലൊത്തുള്ള ജീവിതം. ആ സ്നേഹാരാമത്തിൽ പുതിയ പൂക്കൾ വിടർന്നു. ആനന്ദവും സന്താപവും മാറിമാറിപ്പെയ്തു. എല്ലാം അവർ ഒരുമിച്ച് നനഞ്ഞു. തന്റെ നല്ല പാതി മുഹമ്മദോരിലെ അത്ഭുതചിത്രങ്ങൾ വിവാഹത്തിനു മുന്നേ തന്നെ ബീവി മനസ്സിലാക്കിയിരുന്നു.
എല്ലാവർഷവും ഒരു മാസക്കാലം തിരുനബി ഹിറാ ഗുഹയിൽ ഏകാന്തധ്യാനം നടത്തുമായിരുന്നു. ഏകാന്തവാസം കഴിഞ്ഞാൽ അവിടെയെത്തുന്നവർക്ക് ഭക്ഷണവും നൽകിയിരുന്നു. ഹിറാ ഗുഹയിൽ ചിലപ്പോൾ മൂന്ന് ദിവസം അല്ലെങ്കിൽ ഏഴു ദിവസമോ ഒരുമാസമോ ഒക്കെ ഒറ്റയ്ക്ക് കഴിയുന്ന ഭർത്താവിന് എല്ലാവിധ സഹായവും ബീവി ഖദീജ എത്തിച്ചു നൽകി. എല്ലാം അവർക്കിടയിലെ സ്നേഹം വർധിപ്പിച്ചതേയുള്ളൂ. ആവശ്യമായ വിഭവങ്ങളുമായാണ് തിരുനബി ഗുഹയിലേക്ക് പോയിരുന്നത്. പലപ്പോഴും കേക്കും ഒലിവെണ്ണയുമാണ് കരുതുക. റസൂൽ(സ്വ) കൊണ്ടുപോയ ഭക്ഷണങ്ങൾ തീരാനായി എന്ന് തോന്നിയാൽ ബീവി ഹിറയിലേക്ക് നടന്നു പോകും. പ്രായവും ക്ഷീണവും നോക്കാതെ ആ ഭർതൃമതി ഹിറയിലേക്കുള്ള കല്ലുകൾ ചവിട്ടും. പ്രയാസമേറിയ മലകയറി പ്രിയപ്പെട്ടവന് അന്നമെത്തിക്കും.
വീട്ടിൽ നിന്ന് നാലു മൈൽ ദൂരമുണ്ട് ജബലുന്നൂറിലേക്ക്. താഴ്വരയിൽ നിന്ന് എണ്ണൂറ്റി എഴുപതോളം മീറ്റർ ഉയരത്തിലാണ് ഹിറ. ക്ഷീണമോ പരിഭവമോ കൂടാതെ ബീവി ദുർഘടമായ പർവതം കയറി ഹബീബിന് അരികിലെത്തും. ചില നാളുകളിൽ സേവനത്തിനായി അവിടെത്തന്നെ തങ്ങും. ശേഷം താഴ്വരയിലേക്ക് മടങ്ങും. ഒരു കാര്യത്തെച്ചൊല്ലിയും അവർക്കിടയിൽ പിണക്കമോ നീരസമോ വന്നില്ല. അത്രമേൽ ആഴമുള്ളതായിരുന്നു അവർതമ്മിലെ ഹൃദയബന്ധം.
തിരുനബി ഏകാന്തവാസത്തിന് പോകുന്ന ചില നാളുകളിൽ താഴെ വീട്ടിലിരുന്ന് ബീവി ദിനങ്ങളെണ്ണും. നൂർ പർവതത്തിലേക്ക് നോക്കിയിരുന്ന് ഹൃദയത്തിൽ ഹബീബിനെ കാണും. ചിലപ്പോൾ പ്രാണനെ തേടി നൂർ മല ലക്ഷ്യമാക്കി നടക്കും. താഴ്വരയിൽ നിന്ന് ഏറെനേരം മുകളിലേക്ക് നോക്കി നിൽക്കും. കയറിച്ചെന്ന് പ്രിയപ്പെട്ടവന്റെ ധ്യാനങ്ങൾക്ക് ഒരിക്കലും വിലങ്ങ് തടിയായില്ല. ബീവിക്ക് താഴെനിന്ന് ഹിറയിലേക്ക് ഏറെ നേരം കണ്ണും നട്ട് നിൽക്കേണ്ടി വരില്ല. താമസിയാതെ അൽഅമീൻ ഇറങ്ങിവരും. ഹൃദയം തുറന്ന് വിശേഷങ്ങൾ പങ്കിടും. ബീവി പ്രിയന് ഭക്ഷണം പാകം ചെയ്തു നൽകും.
ഒരുനാൾ ബീവി മല കയറി മുകളിലെത്തിയപ്പോൾ പ്രിയനെ കാണാനില്ല. പരിഭ്രമമായി. വേഗം എല്ലായിടവും അന്വേഷിച്ചു. പരിചാരകരിൽ ചിലരെ അന്വേഷണത്തിനായി അയച്ചു. ഒടുവിൽ ആശ്വാസമായി. റസൂൽ ആത്മീയ വിചാരങ്ങളിൽ മുഴുകി ഒരു കോണിലുണ്ട്.
എല്ലാ കാലത്തേക്കുമുള്ള മാതൃകാ ദമ്പതികളായിരുന്നു അവർ. ഹിറയിലെ ഓരോ അനുഭവങ്ങളും തിരുനബി ബീവിയെ അറിയിച്ചിരുന്നു. തന്റെ വിഷമങ്ങളും വിചാരങ്ങളുമെല്ലാം മഹതിയും പങ്കുവെച്ചു. വ്യത്യസ്തമായ എന്തെങ്കിലും അനുഭവം ഗുഹാമുഖത്ത് നിന്നുണ്ടായാൽ അത് പ്രിയ പത്നിയെ അറിയിക്കും. ആശ്വസിപ്പിക്കേണ്ട കാര്യങ്ങളാണെങ്കിൽ ബീവി മധുര വാക്കുകളോതി തണലേകും. ചിലപ്പോൾ ഗുഹാമുഖത്ത് നിന്നും റസൂൽ നേരത്തെ തന്നെ വീട്ടിലേക്ക് മടങ്ങിയത്തും. കാരണം ഭക്ഷണം ആർക്കെങ്കിലും ദാനം ചെയ്തിട്ടുണ്ടാകും.
നാളുകൾ കടന്നുപോയി. കൂടുതൽ നിഗൂഢമായ അനുഭവങ്ങൾ ഹിറയിൽ നിന്ന് തിരുനബിക്ക് ലഭിച്ചു തുടങ്ങിയത് ബീവിയെ ചിന്താകുലയാക്കി. ബന്ധുവും വേദപണ്ഡിതനുമായ വറഖത്ബ്നു നൗഫലിനെ കാണാൻ മഹതി തീർച്ചയാക്കി. "ഖദീജാ, ഞാൻ ഏകാന്തതയിലാകുമ്പോൾ ആരോ എന്നോട് സംസാരിക്കുന്നത് പോലെ.. ചിലപ്പോൾ ചില പ്രകാശബിന്ദുക്കൾ പ്രത്യക്ഷപ്പെടുന്നു. ഓ മുഹമ്മദ് ഞാൻ ജിബ്രീലാണ്. ഒരു ശബ്ദം വിളിച്ചു പറയുന്നു. എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ. ഒരിക്കൽ തിരുനബി ബീവിയോട് അനുഭവം പങ്കുവെച്ചു. 'അങ്ങ് ഒരിക്കലും ഭയക്കേണ്ടതില്ല. അങ്ങേയ്ക്ക് നല്ലതല്ലാത്തതൊന്നും സംഭവിക്കുകയില്ല. നന്മയല്ലാതെ ഒന്നും വരില്ല'. ബീവി ഹൃദയപാതിയെ ആശ്വാസവാക്കുകൾ കൊണ്ട് പുതപ്പിക്കും.
ഒരിക്കൽ ഈ സംഭാഷണത്തിനിടയിൽ അബൂബക്കർ സിദ്ദീഖ് കടന്നു വന്നു.
വിവരങ്ങളറിഞ്ഞ പ്രിയ സ്നേഹിതൻ അബൂബക്കർ സിദ്ദീഖ് അവരോട് നിങ്ങൾ വറഖത്ബ്നു നൗഫലിനെ സമീപിക്കൂ. അദ്ദേഹം വേദജ്ഞാനിയാണ്. അദ്ദേഹത്തിന്റെ പക്കൽ എല്ലാത്തിനുമുള്ള സമാധാനം ഉണ്ടാകും. എന്ന നിർദേശം നൽകി. സിദ്ദീഖ് തന്നെ തിരുനബിയെയും കൂട്ടി വറഖത്ബ്നു നൗഫലിന്റെ സമക്ഷത്തേക്ക് ചെന്നു. ഹിറാ ഗുഹയിലെ അനുഭവങ്ങൾ റസൂൽ വിവരിച്ചു. "ഞാൻ ജിബ് രീലാണ് 'എന്ന ശബ്ദത്തെപ്പറ്റിയും സൂചിപ്പിക്കവേ ആ വേദപണ്ഡിതന്റെ കണ്ണുകൾ വിടർന്നു. "സുബ്ബൂഹുൻ. സുബ്ബൂഹുൻ' (വാഴ്ത്തപ്പെട്ടവൻ) എന്ന് ആ മനുഷ്യൻ ആവർത്തിച്ചു പറഞ്ഞു. അത് ജിബ്രീലാണ്. വിഗ്രഹങ്ങളെ പൂജിക്കുന്ന ഈ ദേശത്ത് ആ പേർ ഉച്ചരിക്കപ്പെടുന്നതിലെ സന്തോഷം വറഖത്ബ്നു നൗഫൽ അവരോട് പങ്കുവെച്ചു. 'ഒന്നും പേടിക്കാനില്ല. പ്രപഞ്ചസ്രഷ്ടാവിന്റെ ദൗത്യങ്ങൾ ദൂതനിലേക്ക് എത്തിക്കുന്ന മലക്കാണ് ജിബ്രീൽ'. ജ്ഞാനി അവർക്ക് ആശ്വാസം നൽകി.
പിന്നീട് നിഗൂഢമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ബീവി പ്രിയതമനെയും കൂട്ടി വറഖത്ബ്നു നൗഫലിന്റെ അടുത്തേക്ക് പോകും. ഒരിക്കൽ രാത്രി ഏകാന്തനായി സഞ്ചരിക്കുന്നതിനിടയിൽ മറ്റൊരനുഭവം തിരുനബിയെ തേടിയെത്തി. "അസ്സലാം'.. എന്നൊരു അശരീരി. വേഗം തന്നെ റസൂൽ വീട്ടിലേക്ക് മടങ്ങിച്ചെന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഖദീജാബീവി സമാധാനം നൽകി."അസ്സലാം ശാന്തിയുടെ സൂചകമാണല്ലോ. അതിൽ ഭയക്കാനൊന്നുമില്ല. പ്രവാചകത്വലബ്ധിയുടെ ആദ്യകാലങ്ങളുടെ മനോഹരമായ തുടക്കമായിരുന്നു അത്.

