ഉള്ളിൽ നൊമ്പരം കത്തുകയാണ്. എന്തൊരു പാപമാണ് താൻ ചെയ്തത്.. വ്യഭിചരിക്കുക! അല്ലാഹു എന്നോട് പൊറുക്കുമോ? പൊറുക്കും, നൂറുപേരെ കൊന്നയാൾക്കും മാപ്പ് കൊടുത്ത നാഥനാണ്. അവനിലേക്ക് മടങ്ങുകയല്ലാതെ ഇനി മറ്റൊരാശ്വാസവും തന്റെ മുന്നിലില്ല...
പശ്ചാത്താപവിവശയായി തിരുനബിയുടെ മുമ്പിൽ നിന്നു. "ഞാനൊരു സങ്കടം ബോധിപ്പിക്കാൻ വന്നതാണ്”
"എന്താണത്?"
"ഞാൻ വ്യഭിചരിച്ചു, നബിയേ... അങ്ങ് എനിക്കുള്ള ശിക്ഷ വിധിക്കണം”
"ഏയ്, നീ വ്യഭിചരിച്ചിട്ടുണ്ടാകില്ല. ചുംബിച്ചതോ മറ്റോ ആകാം"
"അല്ല, വ്യഭിചാരം തന്നെ" നാലുതവണ ആവർത്തിച്ചു.
"ഞാൻ ഗർഭിണിയാണ്"
"എങ്കിൽ, തിരികെപ്പോകൂ.. ഇപ്പോൾ ശിക്ഷ നടപ്പാക്കാൻ ആകില്ല. പ്രസവം കഴിഞ്ഞ് വരൂ..”
ഖേദം നിറഞ്ഞ മനസ്സോടെ അവർ തിരിഞ്ഞുനടന്നു.
പ്രസവം കഴിഞ്ഞ്, പൈതലുമായി അവർ തിരുസന്നിധിയിലെത്തി.
"ഇപ്പോഴും ശിക്ഷ നടപ്പാക്കാൻ ആവില്ല. കുഞ്ഞിന്റെ മുലകുടി കഴിഞ്ഞ് വരൂ.."
രണ്ട് വർഷം കഴിഞ്ഞു. അല്ലാഹുവിൻ്റെ തീരുമാനം എത്രയും വേഗം നടപ്പിലാകണം. അപ്പോഴേ തന്റെ മനസ്സ് ശാന്തമാകൂ. അതോടെ താൻ ശുദ്ധയാകും. കുട്ടിയുടെ വായിൽ ഒരു റൊട്ടിക്കഷ്ണം വെച്ചുകൊടുത്ത്, അവർ തിരുസന്നിധിയിൽ വന്നു. “ഇതാ കുഞ്ഞിൻ്റെ മുലകുടി കഴിഞ്ഞിരിക്കുന്നു നബിയേ..."
തിരുദൂതർ ആ കുഞ്ഞിനെ വാങ്ങി. മഹതി സന്തോഷത്തോടെ ശിക്ഷ ഏറ്റുവാങ്ങാൻ ഒരുങ്ങി. കുഞ്ഞിനെ താൻ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഏൽപിച്ചത്. തൻ്റെ പശ്ചാത്താപം സർവശക്തൻ സ്വീകരിക്കണം. ശിക്ഷ നടപ്പിലാക്കപ്പെട്ടു. ചിലർ ആ വനിതയെ ആക്ഷേപിക്കുന്ന വാക്കുകൾ പറഞ്ഞു. അവരെ തിരുദൂതർ ശാസിച്ചു: "അല്ലാഹു സത്യം, അവരുടെ പശ്ചാത്താപം അതിശക്തമാണ്. നിങ്ങൾ അങ്ങനെ പറയരുത്”
മഹതിക്ക് വേണ്ടി മയ്യിത് നിസ്കരിക്കാൻ, തിരുനബി കൽപിച്ചപ്പോൾ ഉമർ ഇടപെട്ടു: "വ്യഭിചരിച്ച സ്ത്രീയല്ലേ അവർ, അവർക്ക് വേണ്ടി നിസ്കരിക്കുകയോ?"
തിരുനബി പ്രതിവചിച്ചു: ഉമറേ, അവരുടെ പൊറുക്കലിനെ തേടൽ അതിമഹത്തരമാണ്. മദീനയിലെ എഴുപത് പേരുടെ പശ്ചാത്താപവുമായി താരതമ്യം ചെയ്താൽ, അവർക്കാർക്കും ഈ സ്ത്രീയോടൊപ്പമെത്താൻ സാധിക്കുകയില്ല.

