ഇറാഖില്‍ നിന്ന് സമ്മാനപ്പൊതികളുമായി നാട്ടിലേക്ക് മടങ്ങുകയാണ്. ഉള്ളാകെ, പ്രിയപ്പെട്ടവരെ കാണാന്‍ തിടുക്കം. അപ്പോഴും ഒരു സംശയം മനസ്സില്‍ തുടിച്ചു. ഏറ്റവും പ്രിയപ്പെട്ട മാതാവിന് എന്താണ് സന്തോഷമായ് സമര്‍പ്പിക്കുക? ഒരു തീര്‍ച്ചയുമില്ല. ഒടുക്കം ഒരു ജോഡി വസ്ത്രം വാങ്ങാം എന്നുറച്ചു മുന്ദിര് (റ). ഇറാഖില്‍ ഒരു പ്രത്യേക തരം വസ്ത്രമുണ്ട്. നേര്‍ത്ത്, വിലകൂടിയ ഒരിനം. ഉമ്മാക്ക് ഇഷ്ടപ്പെടാതിരിക്കില്ല.
മകന് മടങ്ങി വന്ന വാര്‍ത്തയില്‍ കുടുംബം സന്തോഷിച്ചു. മുന്ദിര് (റ) കുപ്പായം ഉമ്മയുടെ കൈകളില്‍ വെച്ചു. കാഴ്ച നഷ്ടപ്പെട്ടുപോയ മാതാവ് വസ്ത്രത്തിലൂടെ കൈ നടത്തി. പതിയെ ഉമ്മയുടെ മുഖം ചുവന്നു. മകനെ ഒരു പരിഭ്രമം വന്നു മൂടി. കൊണ്ടു പോകൂ, ഇത്. ഉമ്മ അനിഷ്ടം തുറന്നു പറഞ്ഞു. ഉമ്മാ ഇത് ശരീരനിറം പ്രകടിപ്പിക്കാത്ത വസ്ത്രമാണ്. മകന് കാര്യം മനസ്സിലാകാതെ പറഞ്ഞു. "അങ്ങനെയല്ല ശരീര വര്‍ണം കാണില്ലെങ്കിലും, ദേഹത്തിന്റെ തുടിപ്പ് പ്രകടിപ്പിക്കും, നേര്‍ത്ത ഈ വസ്ത്രം.' മുന്ദിര് (റ), മറ്റൊരു വസ്ത്രം വാങ്ങാനായി പുറപ്പെട്ടു. നല്ല കട്ടിയുള്ള വിലകൂടിയ മറ്റൊരിനം വാങ്ങി. ഉമ്മാക്ക് അത് ഏറെ ഇഷ്ടമായി. "ഇങ്ങനെയുള്ള വസ്ത്രമാണ് സ്ത്രീകള്‍ ധരിക്കേണ്ടത് മകനേ...'
ആരാധനയില്‍ അണുഅളവ് മാറാത്ത ജീവിതമാണ് ബിവി അസ്മാഅ് (റ). സുബൈര്‍(റ)ന്റെ ഭാര്യയാണ് മഹതി. മുന്ദിറിന്റയും അബ്ദുല്ലയുടെയും(റ) ധീരമാതാവ്. ഈമാനും ധൈര്യവുമുള്ള നിലപാടുകളുടെ വനിത. എന്നാലോ, ഇപ്പോള്‍ പ്രായം വളരെയായി. ആരാധനകളില്‍ യാതൊരു മുടക്കവും ഇല്ല. രാത്രിയും പകലും ഇബാദത്ത്. സുജൂദിലേക്കും റുകൂഇലേക്കും ആരുടെയെങ്കിലും സഹായം വേണം. ചിലപ്പോള്‍ ഇനി റുകൂആണ്, സുജൂദാണ് എന്ന് പറഞ്ഞു കൊടുക്കണം. സമയങ്ങള്‍ മുഴുവനും ദിക്റും ഖുര്‍ആന്‍ പാരായണവും. മക്കളും ഉമ്മയുടെ പാതയില്‍ തന്നെ.
ഹിജാസിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ യസീദിന്റെ ഭരണത്താല്‍ ദുരിതം പേറുന്ന കാലം. അയാള്‍ മരണപ്പെട്ടപ്പോള്‍ ബീവിയുടെ മകന് അബ്ദുല്ല ഖലീഫയായി. ജനങ്ങള്‍ ആദരണീയനായ പുതിയ നേതൃത്വവുമായി ഉടമ്പടി പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ നാടുകള്‍ അതില്‍ നിന്ന് വിട്ടു നിന്നു. പതിയെ ആ ദേശങ്ങളില്‍ ഭരണാധികാരിയായി യസീദിന്റെ പുത്രനും പിന്നീട് അബ്ദുല്‍ മലിക്കും അധികാരത്തിലേറി. അവര്‍ അധിനിവേശം വ്യാപിപ്പിച്ചു. ഇറാഖ് പിടിച്ചെടുത്തു. ഇനി ഹിജാസ് മാത്രം അബ്ദുല്ലയുടെ നിയന്ത്രണത്തില്‍.
ഉമ്മയാണ് എല്ലാ നേരങ്ങളിലും തീരുമാനങ്ങള്‍ക്ക് കാതലായത്. ഈ പ്രതിസന്ധിഘട്ടത്തിലും ആഹൃദയം സമാധാനം തരും. മക്കളിലെ ഭാവ വ്യത്യാസമറിയാൻ ഉമ്മമാർക്ക് കാഴ്ച വേണ്ടതില്ല. അസ്മാഅ് (റ) ഉദ്യോഗത്തോടെ തിരക്കി. "മകനേ പറയൂ എന്താണ്'? അബ്ദുല്‍ മലിക്കിന്റെ നിര്‍ദേശപ്രകാരം ഹജ്ജാജ്, മക്കയെ ഉപരോധിക്കുന്നതിനായി ഒരു വലിയ സൈന്യത്തെ അയച്ചിരിക്കുന്നു. അവര്‍ ജനങ്ങളെ വലയ്ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. വെള്ളവും ഭക്ഷണവും കിട്ടാതെ മനുഷ്യര്‍ വലയുന്നു. ഒപ്പം ഒളിയമ്പുകളും. ഒന്നും സഹിക്കാനാകാതെ പലരും ഹജ്ജാജിനൊപ്പം ചേര്‍ന്നിരിക്കുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണ് ബാക്കി.
"അവരുടെ പ്രധാന ആവശ്യം എന്താണ്?'. ഉമ്മയുടെ ചോദ്യം. എന്റെ ഭരണം തകര്‍ക്കണം. അബ്ദുല്‍ മലിക്കിനെ അംഗീകരിക്കണം. "മകനേ ധൈര്യമായിരിക്കുക. നീ സത്യത്തിന്റെ പാതയില്‍ തന്നെ. അക്രമകാരികള്‍ക്ക് വഴങ്ങരുത്. വെളിച്ചത്തിന്റെ പാതയില്‍ ഉറച്ചു നിന്ന കൂട്ടുകാര്‍ മരണം വരിച്ച് സ്വര്‍ഗം പൂകി. അവരുടെ വഴിയാണ് നമ്മുടേത്. നീ ഭരണം പിടിച്ചടക്കിയതല്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കുന്ന ഒരു ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് അക്രമകാരികള്‍. പൊരുതുക. ഹൃദയപൂർവം മരണം പുല്കുക.'
ഉമ്മയുടെ വാക്കുകള്‍ അകം തണുക്കുന്ന സമാധാനമേകി . ഉറച്ച തീരുമാനങ്ങളെടുത്ത് മകന് പുറപ്പെട്ടു. സധൈര്യം പോര്‍മുഖത്ത് ജ്വലിച്ചു. മാതാവിന്റെ വാക്കുകള്‍ പോലെ, ആക്രമിക്ക് കീഴടങ്ങാതെ, മരണം സ്വീകരിച്ചു അബ്ദുല്ല.
കദനഭാരമേറെയുണ്ട് . എങ്കിലും അഭിമാനിയായ പുത്രനെ ഓര്‍ത്ത് ആ മാതാവ് സന്തോഷിച്ചു. ധീര മാതാവിനെ വാക്കുകള്‍ കൊണ്ട് നോവിക്കാന്‍ ഹജ്ജാജ് ശ്രമിച്ചു. "നിങ്ങളുടെ മകനെ ഞാന്‍ വധിച്ചു കളഞ്ഞതില്‍ എന്തെങ്കിലും പറയാനുണ്ടോ?' .
ഉമ്മയുടെ മറുപടി കാലം ആദരവോടെ രേഖപ്പെടുത്തിവെച്ചു. "എന്റെ മകന്റെ ദുനിയാവ് നീ നഷ്ടപ്പെടുത്തി, അതുവഴി നിന്റെ ആഖിറം നീ നശിപ്പിച്ചു. സഖീഫ് ഗോത്രത്തില്‍ ഒരു വ്യാജനും നാശകാരിയും ഉണ്ടാകുമെന്ന് റസൂല്‍(സ്വ) ഞങ്ങളെ പഠിപ്പിച്ചിരുന്നു. നീയാണാ വ്യാജന്'

