ഹിന്ദ്, കഴിഞ്ഞ മൂന്ന് ദിനങ്ങളായി സ്വപ്നം കാണുകയാണ്. ഇരുൾക്കാട്, കഠിനമായ അന്ധകാരം, കൂരിരുട്ടിന് നടുവിൽ അലയുകയാണവർ. സമയം നീങ്ങവേ, സൂര്യനിൽ നിന്നുള്ള പ്രകാശം പോലെ, ഒരു തിളക്കം വഴികാണിക്കുന്നു. അല്ലാഹുവിന്റെ തിരു ദൂതനാണ്. റസൂൽ (സ്വ) തന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വിളിക്കുന്നു.
മറ്റൊരു ദിവസത്തെ സ്വപ്നം വിഗ്രഹങ്ങളെ ഉപേക്ഷിക്കാനുള്ളതായിരുന്നു. രണ്ടുഭാഗത്തും വിഗ്രഹങ്ങൾ. മുന്നിലുള്ള വഴിയിൽ തിരുനബിയോർ. വലതുവശത്ത് നിന്ന് "ഹുബൈൽ' എന്ന വിഗ്രഹം അവന്റെ ദിശയിലേക്ക് ക്ഷണിക്കുന്നു. ഇടതുവശത്ത് ഇസാഫ് വിഗ്രഹം, അടുത്തേക്ക് വിളിക്കുന്നു. റസൂൽ പറയുകയാണ്; ഇതാ ഈ വഴിയിലേക്ക് പ്രവേശിക്കൂ. . .
മൂന്നാമത്തെ രാത്രിയിൽ അവർ നരകത്തിൽ വീഴാനാഞ്ഞ് നിൽക്കുകയാണ്. പലരും അതിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നു. "ഹുബൈൽ' അതിലേക്ക് വീഴൂ' എന്ന് ആജ്ഞാപിക്കുന്നു. വസ്ത്രത്തിന്റെ കോന്തല പിടിച്ച് റസൂൽ(സ്വ) ഹിന്ദിനെ രക്ഷപ്പെടുത്തുകയാണ്.
സത്യത്തിലേക്ക് ക്ഷണിക്കുന്ന മൂന്ന് സ്വപ്നങ്ങള്. ഹിന്ദ്, വിഗ്രഹങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് നടന്നു. പ്രവാചകരോട് ഏറ്റവും ക്രൂരയായി പെരുമാറിയ ആളാണ് താൻ. പ്രവാചക പിതൃ സഹോദരനോട് അതിക്രൂരമായി ഉഹ്ദിൽ സംഹാരതാണ്ഡവം ചവിട്ടിയവൾ. മൃതദേഹത്തെയും വെറുതെ വിടാത്ത കാപാലിക. എല്ലാ വെറുപ്പുകളിലേക്കും എന്നെ നയിച്ചത് ഈ വിഗ്രഹങ്ങൾ. എത്രകാലമായി നിങ്ങളുടെ ചതിയിൽ കഴിയുന്നു എന്ന് ശബ്ദം മുഴക്കി ഹിന്ദ് അവയെ നീക്കം ചെയ്തു. ഇസ്ലാം പുൽകി.
മനുഷ്യർക്ക് മാപ്പ് നൽകി സ്വീകരിച്ചവരുടെ ചരിത്രത്തിൽ, ഉന്നത സ്ഥാനമാണ് റസൂലിന് (സ്വ). അതിനു വലിയ തെളിവാണ് ഉത്ബയുടെ മകൾ ഹിന്ദ്. സ്വന്തം പിതൃസഹോദരന്റെ മൃത ശരീരത്തോട് പോലും ക്രൂര വിനോദങ്ങൾ കാട്ടിയ ആളിന് വിശദീകരണങ്ങൾ ആവശ്യപ്പെടാതെ ദയവ് നൽകുകയായിരുന്നു തിരുനബി (സ്വ). ആ കരുണയുടെ ഫലം, ഓരോ മനുഷ്യനും ഏറ്റവും പ്രിയപ്പെട്ട ആളാക്കി മുഹമ്മദ് നബിയെ(സ്വ) മാറ്റി. തിരുസന്നിധിയിൽ വന്ന ഹിന്ദ് പറഞ്ഞു "അങ്ങയുടെ കുടുംബം ഈ ലോകത്തിൽ വെച്ച് ഞാൻ ഏറ്റവും വെറുത്തിരുന്ന കുടുംബമാണ്. അങ്ങയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് ഏറ്റവും നിന്ദ്യമായിരുന്നു. ഇപ്പോൾ ഈ ലോകത്ത് ഏറ്റവും ഉത്തമമായ കുടുംബമായി അങ്ങയുടെ കുടുംബത്തെ ഞാൻ കാണുന്നു. ഇന്നിപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി, അങ്ങയും അങ്ങയോട് ചേരുന്നതും'.
സമർഥയായിരുന്നു ഉത്ബയുടെ മകൾ ഹിന്ദ്. ബുദ്ധിമതിയായ മഹതി പിൽക്കാലം ഇസ്ലാമിക സേവനത്തിലായി കഴിഞ്ഞു. ഭർത്താവ് അബൂസുഫിയാനൊപ്പം (റ) യർമൂഖ് യുദ്ധത്തിൽ പങ്കെടുത്തു. സാഹിത്യത്തിൽ പാണ്ഡിത്യം ഉണ്ടായിരുന്ന അവർ, ആ വഴിയിലും നിരവധി ആവിഷ്കാരങ്ങൾ നടത്തി. ഹിന്ദ് - അബൂ സുഫിയാൻ (റ) ദമ്പതികൾക്ക് പിറന്ന മുആവിയ(റ) പിൽക്കാലത്ത് ഭരണാധികാരിയായി.
ഉമർ (റ) ഖലീഫയായ കാലത്ത് ഒരു സംഭവം ഉണ്ടായി. അബൂ സുഫിയാന്റെ (റ) വീടിനു മുന്നിലൂടെ പോവുകയാണ് ഖലീഫ. അബൂസുഫിയാൻ(റ) വഴിയിലേക്ക് വെള്ളം തെളിക്കുന്ന കാരണത്താൽ ആ ഭാഗത്തിലൂടെ നടന്നു പോകൽ പ്രയാസമായിരുന്നു. അന്ന് അതുവഴി പോകവെ ഉമർ(റ) തെന്നിവീഴാനാഞ്ഞു. മഹാൻ വീട്ടുകാരനോട് ഈ കാര്യം ഉണർത്തി. "താങ്കൾക്ക് ഇതൊന്ന് നിർത്തിവെച്ചു കൂടേ' എന്ന് നിർദ്ദേശിച്ചു. വിനയപൂർവം അബൂ സുഫിയാൻ (റ) അത് കേട്ടുനിന്നു. സമാധാനപൂർവം പ്രതികരിച്ചു. ഇത് ഖലീഫയെ വല്ലാതെ ആശ്ചര്യപ്പെടുത്തി. മക്കയിൽ അങ്ങനെ ഒരു അബു സുഫിയാൻ ഉണ്ടായിരുന്നില്ല. താങ്കൾ ഒരു പ്രശ്നം കേൾക്കുമ്പോൾ സമാധാനത്തോടെ കേട്ട് നിൽക്കുന്നതും തന്റെ പക്ഷം ന്യായീകരിക്കാൻ ശ്രമിക്കാത്തതും എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുന്നു എന്ന് ഉമർ (റ) പറഞ്ഞു. അങ്ങനെ ഒരു സാഹചര്യം തന്ന അല്ലാഹുവിന് സ്തുതി എന്ന് കൂട്ടിച്ചേർത്തു. ഇത് കേട്ട് ഹിന്ദ് (റ) പ്രതികരിച്ചു. ഓ ഉമർ, നിങ്ങൾ ആ പറഞ്ഞത് വലിയ മഹത്വമുള്ള വാചകമാണ്. ഞാനും അല്ലാഹുവിനെ സ്തുതിക്കുന്നു.
ഇസ്ലാം പടരുമ്പോൾ , ആത്മാവിന് സൗന്ദര്യമുണ്ടാകുന്നതിന് ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങൾ

