മറുപക്ഷം, ആയുധങ്ങളുമായി തിരുനബിയെ വകവരുത്താൻ പാഞ്ഞുവന്നു. ആ രംഗം ഇമയനക്കാതെ നോക്കിനിൽക്കുകയാണ് സ്വഫിയ. പ്രവാചകരുടെ പിതൃസഹോദരി കൂടിയാണ് അവർ. പിതാമഹനായ അബ്ദുൽ മുത്വലിബിന്റെ മകൾ. വിവേകിയും അഭിപ്രായദൃഢതയും ധീരതയുമുള്ള വനിത. നേതാവായ, പ്രവാചകരെ വധിക്കാനുള്ള ആ പുറപ്പാട് നേരം, മഹതി അവസരത്തിനൊത്തുണർന്നു. കുന്തവുമായി അവരെ എതിർക്കാൻ ഇറങ്ങി. ആ രംഗം കണ്ടപ്പോൾ തിരുനബിക്ക് വേദനയായി. അവരുടെ സഹോദരൻ ഹംസ രക്തത്തിൽ കുളിച്ച് യുദ്ധക്കളത്തിലുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ശത്രുക്കൾ കുത്തിക്കീറി വികൃതമാക്കിയിരിക്കുന്നു. ആ രംഗം അവർ കാണാൻ പാടില്ല. തിരുദൂതർ സ്വഫിയയുടെ മകൻ സുബൈറിനെ വിളിച്ചു. അവരെ ശ്രദ്ധിക്കാനേൽപിച്ചു.
സുബൈർ അങ്ങോട്ട് പാഞ്ഞുചെന്നു. "ഉമ്മ, ഇവിടെ നിന്ന് മാറിനിൽക്കൂ. അങ്ങോട്ട് പോകരുത്"
"എന്നെ തടയരുത്. മാറിനിൽക്കൂ.."
"മടങ്ങിപ്പോകാൻ അല്ലാഹുവിന്റെ ദൂതരാണ് നിങ്ങളോട് പറയുന്നത്"
"എന്റെ സഹോദരനെ കൊന്നു കൊത്തിപ്പിളർന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലാണ് അത് സംഭവിച്ചതെന്നും"
അപ്പോൾ തിരുനബി ഇടപെട്ടു. “സുബൈർ, ഉമ്മയെ തടയേണ്ട, വിട്ടേക്കൂ.."
യുദ്ധം കഴിഞ്ഞ് സ്വഫിയ മരിച്ചുകിടക്കുന്ന ഹംസയെ സന്ദർശിച്ചു. ഉദരം കീറി കരൾ മാന്തിയെടുത്തിരിക്കുന്നു. മുഖം വികൃതമാക്കിയിട്ടുണ്ട്. മൂക്കും കാതുകളും അരിഞ്ഞിരിക്കുന്നു. എന്തൊരു വേദനയാണിത്. ബോധംകെട്ടു വീഴുകയോ നിലവിളിക്കുകയോ ചെയ്യാതെ സ്വഫിയ ക്ഷമിച്ചു. സഹോദരന് വേണ്ടി ഉള്ളുതുറന്നു പ്രാർഥിച്ചു. "അല്ലാഹുവിന്റെ മാർഗത്തിലാണിത് സംഭവിച്ചത്. അവന്റെ വിധിയിൽ ഞാൻ സംതൃപ്തയാണ്. അവന്റെ പ്രതിഫലം ആഗ്രഹിച്ച് ഈ വേദന ഞാൻ സഹിക്കും,” മഹതി പറഞ്ഞു.
മഹതിയുടെ ധീരത വെളിവാക്കുന്ന മറ്റൊരു സംഭവമുണ്ട്. ഖൻദഖ് യുദ്ധം നടക്കുന്ന സമയം. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി ഒരു കോട്ടയിൽ ആക്കിയാണ് തിരുനബി സമരത്തിലേക്ക് പുറപ്പെട്ടത്. കോട്ടക്കകത്ത് നിൽക്കുമ്പോഴും സ്വഫിയ എല്ലായിടവും ശ്രദ്ധിച്ചു. ശത്രുക്കൾ ചിലപ്പോൾ ആക്രമിച്ചേക്കും. ഇടയ്ക്ക് ഒരു മനുഷ്യരൂപം അരികിലൂടെ നടന്നുനീങ്ങുന്നത് ചെറിയ വെളിച്ചത്തിൽ മഹതി കണ്ടു. വിവരങ്ങൾ അറിയാൻ ഒരു ജൂതൻ നടക്കുകയാണ്, ചാരനാണ്. കോട്ടയ്ക്കകത്ത് സ്ത്രീകൾ മാത്രമേ ഉള്ളോ എന്നറിയാൻ വന്നതാണ്.
വിശ്വാസികൾ എല്ലാവരും സമരമുഖത്താണ്. അവരുടെ മുഴുവൻ പ്രവർത്തനവും വേണ്ടരൂപത്തിൽ കിടങ്ങിന്റെ പണിയിലാണ്. ഈ വിവരം കിട്ടിയാൽ ജൂതന്മാർ കോട്ട കീഴടക്കി, എല്ലാവരെയും അക്രമിക്കും. സ്വഫിയാ ബീവിയുടെ മനസ്സിലൂടെ ചിന്തകൾ പാഞ്ഞു. വസ്ത്രം മുറുക്കിയുടുത്ത്, തലപ്പാവ് കെട്ടി, ഇരുമ്പ് തണ്ട് ചുമലിൽ വെച്ച് വേഗം പുറത്തിറങ്ങി ശബ്ദം ഉണ്ടാക്കാതെ നടന്നു. ശത്രുവിന്റെ പരിസരത്ത് എത്തിയതും ഊക്കിൽ ഒരടി! ജീവൻ പോകുന്നതുവരെ വീണ്ടും വീണ്ടും അടിച്ചു. കത്തികൊണ്ട് ചാരന്റെ തല മുറിച്ചെടുത്ത് കോട്ടമുകളിൽ നിന്ന് താഴേക്കിട്ടു. താഴെ കാത്തിരിക്കുകയായിരുന്നു ജൂതന്മാർ. കൂട്ടാളിയുടെ തല കണ്ടപ്പോൾ "പുരുഷന്മാരെ കാവൽ നിർത്താതെ പ്രവാചകർ യുദ്ധത്തിന് പോകില്ലെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാം" എന്ന് പറഞ്ഞ് ജൂതന്മാർ സ്ഥലംവിട്ടു.
ഹിജ്റ 20 ലാണ് മഹതി ഇഹലോകവാസം വെടിയുന്നത്. മരിക്കുമ്പോൾ 70ലേറെ പ്രായം ഉണ്ടായിരുന്നു.

