മക്ക ഉപരോധത്തിന്റെ ചൂടേറ്റ് പിടഞ്ഞു. ഉമ്മ ഖദീജ(റ) പട്ടിണി കിടന്നു. റാണിയായ് ജീവിച്ച കാലങ്ങൾ മാഞ്ഞു. പ്രിയതമന്, പരിശുദ്ധ ദീനിന് സമ്പത്തെല്ലാം നൽകി മഹതി ത്യാഗങ്ങളുടെ മുള്ളുപാതയിലേക്ക് നടന്നു. ബന്ധു വറഖത്ബ്നു നൗഫൽ പറഞ്ഞത് എത്ര സത്യം! പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുമ്പോൾ സന്തോഷിക്കുകയല്ല ഖുറൈശികൾ. അവർ കല്ലും കവണയും പെറുക്കിയെടുത്ത് ആട്ടിയോടിക്കുന്നു. ഹൃദയത്തിന് മധുരം ലഭിച്ച കുറച്ച് മനുഷ്യർ ദീനിലേക്ക് വരുന്നുമുണ്ട്. പല പല കുതന്ത്രങ്ങളാണ് എതിർക്കുന്നവർ പ്രയോഗിക്കുക. ഇപ്പോഴിതാ ഭക്ഷണവും ഇടപാടുകളും വിലക്കിയിരിക്കുന്നു. ഉമ്മ കുലുങ്ങുമോ...!
സത്യസന്ദേശത്തിലേക്ക് ആളുകൾ വന്നണയുന്നത് കാണുമ്പോൾ ഖുറൈശികൾ വെറുതെയിരിക്കുമോ!. മക്കയിലെങ്ങും അവർ അക്രമം അഴിച്ചുവിട്ടു. ഒരു സംഘം ഏതോപ്യയിലേക്ക് പലായനം ചെയ്തു. ചക്രവർത്തി നേഗസ് വിശ്വാസികൾക്ക് സ്വാഗതമോതി. ഗോത്രങ്ങളും ഇസ്ലാമിനെ അറിഞ്ഞു. പ്രവാചകരെ(സ്വ) വധിച്ചു കളയാം എന്നായിരുന്നു ഒരു സംഘത്തിന്റെ തീരുമാനം. ബനൂഹാശിം ബനുൽമുത്വലിബ് തറവാട്ടുകാർ ഈ നീക്കം തടഞ്ഞു. അങ്ങനെയാണ് ഉപരോധം എന്ന ആശയം രൂപപ്പെടുന്നത്. നബിയെ(സ്വ) വിട്ടു കിട്ടാൻ സത്യനിഷേധികൾ ബനൂ അബ്ദു മനാഫിനെ സമീപിക്കുകയാണ്. ആ തന്ത്രം നടക്കുന്നില്ല.
അടുത്തത് അബൂത്വാലിബിലേക്ക്. അവർക്ക് അനുകൂലമായ മറുപടിയില്ല. എന്നാൽ ഇനി ബഹിഷ്കരണം തന്നെ. അബ്ദു മനാഫ് സന്തതികളായ ബനൂഹാശിമിനും ബനൂമുത്വലിബിനും ഇനി ഒരു സഹായവും ഇല്ല. ഒരിടപാടുമില്ല. സമ്പൂർണ ബഹിഷ്കരണം പ്രഖ്യാപിച്ച് ശത്രുക്കൾ കാത്തിരുന്നു. ഒരു ഉപരോധക്കരാർ തയ്യാറാക്കി. അവരോട് ഒന്നും വിൽക്കാനോ വാങ്ങാനോ പാടില്ല. അനുകമ്പയും അരുത്.റസൂലിനെ(സ്വ) വധിക്കാൻ വിട്ടു കിട്ടുന്നത് വരെ ഇത് തുടരും. എല്ലാം കൃത്യമാക്കി എഴുതി കഅ്ബയിൽ സൂക്ഷിച്ചു.
ഉമ്മയും ശിഅബ് മലഞ്ചെരുവിലേക്ക് നടന്നു. അവിടെ വിശ്വാസികൾക്ക് പച്ചിലയും പച്ചവെള്ളവുമാണ് അഭയം.ഉണങ്ങിയ തുകൽ വെള്ളത്തിൽ കുതിർത്തി വിശപ്പെന്ന വേദനയെ അതിജയിക്കുകയാണ് സംഘം. ചില നേരങ്ങളിൽ വിശപ്പിനാകും ജയം. അപ്പോൾ ബോധരഹിതരായി നിലത്തേയ്ക്ക്. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ കൊണ്ടുവരുന്ന കുറഞ്ഞ ഭക്ഷണങ്ങളും ഖുറൈശികൾ തടഞ്ഞു. ഇലയും കായയും തിന്ന് വായ മുറിഞ്ഞു. ആടുകളുടെ വിസർജം പോലെയായി അവരുടേതും.
ഹകീമുബ്നു ഹിസാം അമ്മായി ഖദീജയ്ക്കായി(റ) കുറച്ചു ധാന്യം കൊണ്ടു പോകാമെന്ന് തീരുമാനിച്ചു. ഒരു നിലയിലും അവിടേക്ക് ഭക്ഷണം എത്തരുത് എന്ന് ഖുറൈശികളുടെ കർശന നിർദേശമുണ്ട്. കൊണ്ടുപോയ ധാന്യം ഉപരോധ സംഘത്തിന്റെ നേതാവ് അബൂജഹൽ തന്നെ തടഞ്ഞു. കൊണ്ടുപോയാൽ പരസ്യമായി അപമാനിക്കുമെന്ന് ഹകീമുബ്നു ഹിസാമിന് താക്കീത് നൽകി. പലരും ഇത് കണ്ടു. ചിലർ ഇടപെട്ടു. അബുൽ ബക്തരി ഈ നടപടിയെ എതിർത്തു. "അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടൂ. അമ്മായിക്ക് ഭക്ഷണം കൊണ്ടുപോകുന്നതിനെ നിങ്ങൾ എന്തിന് തടയണം? അതിനുള്ള അവകാശമെന്ത്?' അബുൽ ബക്തരിയുടെ ചോദ്യം. അതൊരു തർക്കത്തിലേക്ക് നീങ്ങി. കെെയാങ്കളിയായി. ഒട്ടകത്തിന്റെ താടിയെല്ല് കൊണ്ട് അബൂജഹലിനു മുറിവേറ്റു. കൂടെ മർദനവും. ഹംസ(റ) ഇതിന് ദൃക്സാക്ഷിയായിരുന്നു.
താഴ്വരയിൽ നിന്ന പലരും ഖുറൈശികൾക്ക് പിന്തുണ പ്രഖ്യാപിച്ച്, ലാത്തയുടെയും ഉസ്സയുടേയും മാർഗത്തിലേക്ക് നടന്നു. ഞങ്ങളുടെ ദൈവങ്ങളെ ഒഴിവാക്കിയവരെ ഞങ്ങളും ഒഴിവാക്കി. ഇതായിരുന്നു അവരുടെ ന്യായം. അവസാന സമ്പത്തും ഉമ്മ ഖദീജ ദീനിന് നൽകി. ധനാഢ്യയായ ബീവി ദാരിദ്ര്യം പുൽകി. സ്വത്തുവകകൾ അല്ലാഹുവിന് നൽകി ഹബീബിനൊരു തണൽമരമായി ആ ജീവിതം നിറവ് നേടി. മക്ക ജയിച്ചപ്പോഴും ലക്ഷങ്ങൾ ദീനിലേക്ക് ഒഴുകിവന്നപ്പോഴും തിരുറസൂൽ(സ്വ) കൂട്ടരോട് ബീവിഖദീജയെ (റ), ഓർമിപ്പിച്ചുകൊണ്ടിരുന്നു. എന്തൊരു സ്നേഹമാണത്! എന്തൊരു ഭാഗ്യമാണ് ബീവി ഖദീജയ്ക്ക് ലഭിച്ചത്. വഹ്യിന് തണലാകാൻ,റസൂലിനെ(സ്വ) പുതപ്പിക്കാൻ, ഹിറയുടെ മിടിപ്പുകൾ അറിയാൻ, ജിബ്രീൽ മലക്കിന്റെ പ്രാർഥന ലഭിക്കാൻ, പ്രപഞ്ച രക്ഷിതാവിന്റെ സലാം വാങ്ങാൻ... ആ ചരിത്രം കേട്ടവരൊക്കെ ഭാഗ്യവതിയായ ഉമ്മയെ ഹൃദയത്തിൽ വെച്ചു.
മരണവേദനയുടെ നേരം പ്രിയ ഹബീബ് (സ്വ) പ്രിയതമയുടെ അടുക്കലിരുന്നു.അവിടെ സ്നേഹവും ആശ്വാസവും പെയ്തു. ‘ഇത് അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണ്. അനുഭവിച്ച ത്യാഗങ്ങളും സല്പ്രവര്ത്തനങ്ങളും അല്ലാഹുവിന്റെ അടുക്കല് വലിയ സ്ഥാനം തരും'. ഇമയനങ്ങാതെ ബീവി പ്രാണനെ നോക്കി. കണ്ണുകളിലൂടെ സന്തോഷം ഹൃദയത്തിലേക്ക് ഊർന്നിറങ്ങി. ഹുജൂനിൽ ഖബറൊരുങ്ങി. പുണ്യകരങ്ങൾ മഹതിയെ സ്വർഗവീട്ടിലേക്ക് ഇറക്കിവെച്ചു.ഉമ്മ മടങ്ങുന്നു

