ഒരിക്കൽ മുആവിയത് ബ്നു അബീ സുഫിയാൻ, സമ്മാനമായി എൺപതിനായിരം ദിർഹം നബിപത്നി ആയിശക്ക് കൊടുത്തയച്ചു. സമ്മാനം വീട്ടിലെത്തി. അവിടെ അപ്പോൾ ഒരു നേരത്തെ ആഹാരത്തിനു വകയില്ല. ആയിശ അധിക ദിവസത്തെയും പോലെ നോമ്പുകാരിയാണ്. ധരിച്ചിരിക്കുന്നത് ഒരു പഴയ വസ്ത്രം. പക്ഷേ, ഒരു ദിർഹം നാണയം പോലും കരുതിവെക്കാതെ മഹതി, അത് ദാനം ചെയ്തു. പാവങ്ങളെ വിളിച്ച് വിതരണം ചെയ്തു. വീട്ടിൽ സഹായത്തിനു വരുന്ന ഒരു സ്ത്രീയുണ്ട്; അവർ ഈ പ്രവൃത്തിയിൽ ആശ്ചര്യപ്പെട്ടു. "വിശ്വാസികളുടെ മാതാവേ, നിങ്ങൾക്ക് നോമ്പ് തുറക്കാൻ ഒരു ദിർഹമെങ്കിലും ബാക്കി വെക്കാമായിരുന്നു. ഇറച്ചി വാങ്ങാമായിരുന്നു"
"നീ ഓർമിപ്പിച്ചിരുന്നെങ്കിൽ ഞാൻ ചെയ്തേനെ" ഇതായിരുന്നു നബിപത്നിയുടെ മറുപടി.
അടുപ്പിൽ തീ പുകയാത്ത ദിനങ്ങളുടെ തോഴിയായിരുന്നു ബീവി ആയിശ. അവരുടെ സന്തോഷത്തോടെയുള്ള തിരഞ്ഞെടുപ്പായിരുന്നു ലളിതജീവിതം. ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രധാനിയായ പണ്ഡിതൻ, ഇമാം മാലിക് തന്റെ ഗ്രന്ഥമായ ‘മുവത്വ’യിൽ ഒരു സംഭവം വിവരിക്കുന്നു: "അഗതിയായ ഒരു മനുഷ്യൻ ദാനം തേടി നബിപത്നി ആയിശയെ സമീപിച്ചു. അവർക്ക് അന്നും നോമ്പാണ്. വീട്ടിൽ ഒരു റൊട്ടി മാത്രമേ ഉള്ളൂ. അത് ആവശ്യക്കാരന് നൽകാൻ മഹതി കൽപിച്ചു. നിങ്ങൾക്കിന്ന് നോമ്പ് തുറക്കാൻ ഇവിടെ ഒന്നുമില്ലെന്ന് വീട്ടിലെ സഹായിയായ സ്ത്രീ ഓർമപ്പെടുത്തി. "നീ അത് ആ ദരിദ്രന് കൊടുത്തേക്കൂ.." എന്ന് ഉമ്മ ആയിശ.
തിരുനബിയുടെ ജീവിതമാതൃകയാണ് മഹതി ആയിശയും പകർത്തിയത്. സമ്പത്ത് മുന്നിൽ വരുമ്പോഴും, അതിൽ മനസ്സുകൊടുക്കാതിരിക്കുക, ചുറ്റും ജീവിക്കുന്ന പാവങ്ങൾക്ക്, കിട്ടുന്നതെല്ലാം വിതരണം ചെയ്യുക തുടങ്ങിയ നന്മകൾ ആ ജീവിതത്തിൽ മേളിച്ചു. പള്ളിയോട് ചേർന്ന് ഇഷ്ടികയും ഈന്തപ്പനയും കൊണ്ട് നിർമിച്ച ഒറ്റമുറി. അവിടെ തറയിൽ ഈന്തപ്പനനാര് കൊണ്ടുള്ള മെത്ത, ഏറ്റവും അനിവാര്യമായ, വീട്ടുസാധനങ്ങൾ.. ഒരുപക്ഷേ രാജകീയമായി, ചക്രവർത്തിനിയായി വാഴാവുന്ന സാഹചര്യത്തിലും ബീവി ആയിശ, തിരുനബിയോടൊത്ത് ഇഷ്ടം വെച്ചത് ഈ ലോകത്തെ ഉപേക്ഷിക്കുന്ന മനോഹരമായ ലളിതജീവിതമായിരുന്നു.
ഒരിക്കൽ, നബിപത്നിമാർ അവർ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളെ പറ്റി തിരുദൂതരോട് പറഞ്ഞു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതസൗകര്യം കിട്ടാനായിരുന്നു അത്. ആ സമയം അല്ലാഹുവിന്റെ വചനങ്ങൾ ഇറങ്ങി: "പ്രവാചകരേ, അങ്ങയുടെ ഭാര്യമാരോട് പറയുക, നിങ്ങൾ ലൗകികജീവിതവും അതിലെ അലങ്കാരങ്ങളും ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് സസുഖം ജീവിക്കാനുള്ള കാര്യങ്ങൾ തന്ന് നിങ്ങളെ ഏറ്റവും നല്ല രൂപത്തിൽ പിരിച്ചയക്കാം. അല്ല, നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതരെയും വരാനുള്ള ലോകത്തെയുമാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളിൽ നിന്നുള്ള മഹത്വമുള്ള വനിതകൾക്ക് അല്ലാഹു വലിയ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു” (അൽഅഹ്സാബ്)
തിരുനബി ഈ വചനം ഇറങ്ങിയതിനു ശേഷം ബീവി ആയിശയെ സമീപിച്ചു. ഇറങ്ങിയ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ചു. അപ്പോൾ അമാന്തം കൂടാതെ ആയിശാ ബീവി പറഞ്ഞു: "ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെയും പാരത്രികഭവനത്തെയുമാണ് ആഗ്രഹിക്കുന്നത്”
തിരുനബി എല്ലാ പത്നിമാർക്കും, സുഖജീവിതം തിരഞ്ഞെടുക്കുന്നതിലും തന്റെ ഒപ്പം പ്രയാസങ്ങൾ അനുഭവിച്ചു നിൽക്കുന്നതിലും, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകി. അവരെല്ലാവരും അല്ലാഹുവിനെയും തിരുദൂതരെയും തിരഞ്ഞെടുത്തു.

