മിസ്റിലെ മനുഷ്യരുടെ ആശ്വാസമാണ് ആ വലിയ മനസ്സിന്റെ സാന്നിധ്യം. വേദനകളോ പരീക്ഷണങ്ങളോ ജീവിതം പിടിച്ചു കുലുക്കുമ്പോൾ അവർ മഹതി നഫീസയുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുകയാണ് പതിവ്. എല്ലാ ഇരുളും മായുന്ന വാക്കുകൾ…
നൂല് വിറ്റ് ഉപജീവനം തേടിയ ഒരു വൃദ്ധമാതാവ് മിസ്റിൽ താമസിച്ചിരുന്നു. മക്കൾ നൂല് നൂറ്റ് കൊടുക്കും. ആഴ്ചയിൽ ഒരു ദിവസം അതുമായി അവർ ചന്തയിലേക്ക് നടക്കും. ആ സമ്പാദ്യം മാത്രമാണ് ദരിദ്രകുടുംബത്തിന് ആശ്വാസം. കിട്ടുന്ന തുകയ്ക്ക് ഭക്ഷണവും അടുത്ത ആഴ്ചത്തെ നൂലിനുള്ള പഞ്ഞിയും വാങ്ങും.
ആ വൃദ്ധയുമ്മ, ഒരുദിവസം നിലവിളികളോടെ ബീവി നഫീസയുടെ ചാരത്തുവന്നു; അവരുടെ വിഷമം പറഞ്ഞു. സാധാരണപോലെ അങ്ങാടിയിലേക്ക് നൂലുമായി പോവുകയായിരുന്നു അവർ. വഴിമധ്യേ ഒരു കൂറ്റൻ പക്ഷി നൂലുകൾ റാഞ്ചിയെടുത്ത് പറന്നുപോയി. ഇത് കണ്ട മാത്രയിൽ ഉമ്മയുടെ ബോധം മറഞ്ഞു. ഓർമ തെളിഞ്ഞപ്പോൾ നടന്ന സംഭവം വീണ്ടും മനസ്സിനെ അസ്വസ്ഥമാക്കി. ഇനി എങ്ങനെ ഭക്ഷണം വാങ്ങും! വിലാപം കേട്ട് ജനങ്ങൾ സംഭവസ്ഥലത്തേക്ക് വന്നു. അവരാണ് നഫീസ ഉമ്മയുടെ ചാരത്തേക്ക് പ്രായം ചെന്ന മാതാവിനെ കൊണ്ടെത്തിക്കുന്നത്.
പ്രതിസന്ധി മനസ്സിലാക്കി, ഹൃദയത്തിൽ നിന്ന് ബീവി പ്രാർഥിച്ചു. അവർക്ക് സമാധാനം പകർന്നു. "ശാന്തത ഉള്ളിൽ സൂക്ഷിക്കുക. കരുണാവാരിധിയായ പടച്ചവൻ നിങ്ങളുടെ വിഷമം നീക്കിത്തരും. അവൻ്റെ കാരുണ്യം എപ്പോഴും കൂടെയുണ്ട്. ക്ഷമ എപ്പോഴും അടുത്ത് വേണം. അതിന്റെ ഫലം സന്തോഷമാണ്.” കരഞ്ഞുതളർന്ന ഉമ്മയിൽ ഒരു ചെറുതണുപ്പായി ആ വാക്കുകൾ. അവർ ബീവിയുടെ സാന്ത്വനം കേട്ട് പരിഹാരമാകും വരെ അവിടെ കാത്തുനിൽക്കാൻ തീരുമാനിച്ചു.
സമയം ഏറെ കടന്നുപോയില്ല, അവിടേക്ക് വ്യാപാരികളുടെ ഒരു കൂട്ടം കടന്നുവന്നു. അവർ തിടുക്കപ്പെട്ട് കാര്യം അവതരിപ്പിച്ചു: “കച്ചവടം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഞങ്ങൾ. കടലിലൂടെയായിരുന്നു യാത്ര. മിസ്റിൽ എത്താനാകുമ്പോൾ കടൽ സംഹാരരൂപം പൂണ്ടു. കപ്പൽ ആടിയുലഞ്ഞു. ഒരു പാറക്കെട്ടിൽ തട്ടി പലകകൾ ഇളകി. നേരെയാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. എല്ലാം അവസാനിക്കുന്നു എന്ന് തോന്നിയ നിമിഷം. അപ്പോഴാണ് എവിടെ നിന്നോ ഒരു പക്ഷിയുടെ വരവ്. അതിന്റെ കൈവശം ഒരു നൂൽക്കെട്ടുണ്ട്. അത് കപ്പലിലേക്കിട്ട് പക്ഷി പറന്നുപോയി. ഞങ്ങൾ വളരെ വേഗം ആ നൂലുണ്ട ഉപയോഗിച്ച് കപ്പലിൽ വീണ ദ്വാരം അടച്ചു. അപകടം ഒന്നും സംഭവിക്കാതെ കരയിലെത്തി. ആ നൂലുണ്ടയുടെ ഉടമയ്ക്ക് ഒരു പാരിതോഷികവുമായാണ് ഞങ്ങൾ വരുന്നത്. അഞ്ഞൂറ് ദിർഹം സ്വീകരിച്ചാലും”
ഈ വിവരണം കേട്ട് ബീവി നഫീസതുൽ മിസ്രിയ രക്ഷിതാവിനെ സ്തുതിച്ചു. "നാഥാ, നീ ഏറ്റവും കൃപയുള്ളവൻ തന്നെ". പരിഭവിച്ചിരിക്കുന്ന ആ മാതാവിനെ അരികിലേക്ക് വിളിച്ചു: “ഒരാഴ്ച നൂൽ വിൽക്കുകയാണെങ്കിൽ എത്രയാണ് നിങ്ങൾക്ക് കിട്ടുന്ന വില?”
“ഇരുപത് ദിർഹം”
“നഷ്ടപ്പെട്ടു എന്ന് നിങ്ങൾ കരുതിയ ഓരോ ദിർഹമിനും പകരം ഇരുപത്തിയഞ്ചു വീതം ഇരട്ടിയാക്കി പടച്ചവൻ മടക്കിത്തന്നിരിക്കുന്നു" വൃദ്ധയുടെ സന്തോഷത്തിന് അതിരുകളില്ലാതായി.
“അൽഹംദുലില്ലാഹ്!” അവർ അല്ലാഹുവിനെ സ്തുതിച്ചു.
ഒരിക്കൽ, ഭരണാധികാരി ബീവി നഫീസക്ക് ഒരുലക്ഷം ദിർഹം സമ്മാനമായി കൊടുത്തയച്ചു. അന്നുതന്നെ എല്ലാം ദാനം ചെയ്തുതീർത്തു. ഈ രംഗത്തിന് സാക്ഷിയായ ഭൃത്യ ചോദിച്ചു: "കുറച്ച് ധനം മാറ്റിവെച്ചിരുന്നെങ്കിൽ നമുക്ക് നോമ്പ് തുറക്കാനുള്ളത് വാങ്ങാമായിരുന്നല്ലോ?" ബീവി പരിചാരകയെ ആശ്വസിപ്പിച്ചു.
മിസ്റിലെ മുആഫിർ ദേശത്ത് നിന്ന് ഏദനിലേക്ക്, ഒരു സംഘം ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി. എല്ലായിടത്തും അവർ അന്വേഷിച്ചു. ഫലം കിട്ടിയല്ല. ഉമ്മയും ഉപ്പയും വല്ലാതെ വിഷമത്തിലായി. അവർ വേഗം മഹതിയുടെ സവിധമെത്തി. ബീവി അല്ലാഹുവിനോട് പ്രാർഥിച്ചു: “നാഥാ, ഈ മാതാപിതാക്കൾക്ക് കുഞ്ഞിനെ തിരികെ നൽകി സന്തോഷിപ്പിക്കണേ..” അന്ന് രാത്രി തന്നെ അവർക്ക് കുഞ്ഞിനെ തിരിച്ചുകിട്ടി.

