ഉമയ്യ ഗോത്രത്തലവനാണ് ഉഖുബത് ബ്നു അബീ മുഅയ്ത്. അയാളുടെ മകളാണ് ഉമ്മുകുൽസൂം. തിരുനബിയെയും ഇസ്ലാമിൽ വിശ്വസിച്ചവരെയും വല്ലാതെ ദ്രോഹിക്കലായിരുന്നു ഉഖുബയുടെ തൊഴിൽ. അസഭ്യം പറയലും അപായപ്പെടുത്തലും സ്ഥിരമാക്കിയ അയാൾ, ഒരിക്കൽ നിസ്കരിച്ചു കൊണ്ടിരുന്ന തിരുനബിയുടെ തലയിൽ ഒട്ടകത്തിന്റെ കുടൽമാലയിടാൻ ശ്രമിച്ചു. മറ്റൊരിക്കൽ കഴുത്ത് ഞെക്കി കൊല്ലാൻ തുനിഞ്ഞു. പിതാവിന്റെ ഈ ക്രൂരതകൾക്ക് മൂകസാക്ഷിയായിരുന്നു മകൾ. എല്ലാവരെയും അത്ഭുതപ്പെടുത്തി, അവൾ; ഉമ്മുകുൽസൂം ഒരു ദിവസം സത്യവിശ്വാസം പ്രഖ്യാപിച്ചു. ആ ധീരത വിസ്മയമായിരുന്നു.
താൻ പറയുന്നത് കേൾക്കാൻ കുടുംബത്തിൽ ആരുമില്ല. എപ്പോഴും മർദ്ദനം. പട്ടിണിയും ബഹിഷ്കരണവും തീയും ചങ്ങലയും മറികടന്ന്, വിശ്വാസത്തിന്റെ തണുപ്പിൽ ആ വനിതാരത്നം കഴിഞ്ഞു. വിശ്വാസികളെല്ലാം മദീനയിലേക്ക് ഹിജ്റ പോയി. അപ്പോഴും വീട്ടുതടങ്കലിലാണ് ഉമ്മുകുൽസൂം. ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ അവർ ആത്മാർഥമായി ആഗ്രഹിച്ചു. രാവും പകലും കൊല്ലങ്ങളും കടന്ന് പോകുകയാണ്.
ഒടുവിൽ ശത്രുക്കളുടെ കണ്ണ് വെട്ടിച്ച്, ആ ധീരവനിത മദീനയിലേക്ക് പുറപ്പെട്ടു. തുണയ്ക്ക് കൂടെ ആരുമില്ല. ഒടുവിൽ, ഒരു സഹായിയെ കിട്ടി. ഖുസാഅ ഗോത്രക്കാരൻ. ആ യാതനയുടെ ഹിജ്റ, മദീനയിലെത്തി. ഖുറൈശികൾക്കും വിശ്വാസികൾക്കും ഇടയിൽ അന്നൊരു കരാർ നിലനിന്നിരുന്നു. ഹുദൈബിയാ കരാർ. അതിലെ പ്രധാന വ്യവസ്ഥ ഇസ്ലാം സ്വീകരിച്ച് മദീനയിൽ ആരെങ്കിലും എത്തിയാൽ, അവരെ ഖുറൈശികൾക്ക് വിട്ടുകൊടുക്കണം എന്നായിരുന്നു.
ഉമ്മുകുൽസൂമിന്റെ സഹോദരന്മാർ പെങ്ങളെ തേടി മദീനയിലെത്തി. ഉമ്മുകുൽസൂം നീറുന്ന മനസ്സോടെ തിരുസവിധത്തേക്ക് ചെന്നു.
“എന്നോടുള്ള വാത്സല്യം കൊണ്ടല്ല സഹോദരന്മാരുടെ വരവ്. അവർക്ക് വീട്ടിലിട്ട് മർദ്ദിക്കാനാണ്. അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഒരു സ്ത്രീയാണ്. അബലകളായ വനിതകൾ ശത്രുക്കളുടെ പിടിയിൽ പെട്ടാലുള്ള അവസ്ഥ അറിയുമല്ലോ?! മർദ്ദനത്തിനിരയാക്കാൻ എന്നെ വിട്ടുകൊടുക്കരുതേ.."
അപ്പോൾ അല്ലാഹുവിന്റെ കൽപന ഇറങ്ങി. “വിശ്വസിച്ചവരേ, വിശ്വാസിനികൾ അഭയാർഥികളായി നിങ്ങളുടെ അടുക്കൽ വന്നാൽ, അവരെപ്പറ്റി അന്വേഷിക്കുക. അവർ, വിശ്വസിച്ചവരാണെന്ന് ബോധ്യമായാൽ നിങ്ങൾ അവരെ മടക്കിക്കൊടുക്കരുത്” എന്ന ആശയമുള്ള സൂക്തം അവതരിച്ചു. ഉമ്മുകുൽസൂം അല്ലാഹുവിനെ അളവറ്റ് സ്തുതിച്ചു.
മദീനയിൽ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു ശേഷം; ഉമ്മുകുൽസൂം. തുടർന്ന് സ്വാതന്ത്ര്യം നേടിയ അടിമയായ സൈദുബ്നു ഹാരിസയെ വിവാഹം ചെയ്തു. താൻ ഖുറൈശിക്കാരി ആണെന്ന അഹംബോധം ബീവിയെ തൊട്ടു തീണ്ടിയിരുന്നില്ല. തറവാട് മഹിമയോ ബന്ധക്കാരോ സ്വാധീനമോ ഇല്ലാത്ത ആളാണ് സൈദ്. പക്ഷേ, തിരുനബിയുടെ സ്നേഹഭാജനമാണ്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യത. അവർ സംതൃപ്തമായ കുടുംബജീവിതം നയിച്ചു. എഴുത്തും വായനയും അറിയുമായിരുന്ന ഉമ്മുകുൽസൂം, 10 ഹദീസുകൾ തിരുനബിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

