മക്കളുടെ തര്‍ക്കങ്ങളെ മധുരഫലമുള്ള ഉത്തരമായി മാറ്റുന്നത് ഉമ്മമാര് തന്നെ. ഉമ്മയുടെ ചിന്തയും പരിഹാരമികവും ഓമനമക്കളെ നാളെയുടെ വിളക്കുകളാക്കും. അങ്ങനെയൊരു മാതാവാണ് അസ്മാഅ് (റ). ഉമൈസിന്റെ പുത്രി. ബീവിയുടെ മക്കള്‍, മുഹമ്മദും മുഹമ്മദും തമ്മിലാണ് വാക്കാങ്കളി. ആരുടെ പിതാവാണ് ശ്രേഷ്ഠന് എന്നതിനെച്ചൊല്ലിയാണവരുടെ സംസാരം. എന്റെ പിതാവാണ് നിന്റെ പിതാവിനെക്കാള്‍ മഹത്വമുള്ളയാള്‍ എന്ന് അബൂബക്കറിന്റെ (റ) പുത്രന് മുഹമ്മദ്. അല്ല, എന്റെ ഉപ്പയാണെന്ന് ജഅ്ഫറിന്റെ (റ) മകന് മുഹമ്മദ്. ഉമ്മയുടെ വാക്കാണ്, അവസാനവാക്ക്. അതില്‍ തീരും തര്‍ക്കം.
അസ്മാഅ് (റ) ധര്‍മ സങ്കടത്തിലായില്ല. ബുദ്ധിമതിയായ ആ ഉമ്മ പ്രതിവിധി പറഞ്ഞു; "ജഅ്ഫറിനേക്കാള് ഉത്തമനായ ഒരു യുവാവിനെ അറബികളില്‍ ഞാന്‍ കണ്ടിട്ടില്ല. അബൂബക്കറിനെക്കാള്‍ മഹത്വമുള്ള ഒരു മധ്യവയസ്കനെയും അറബികളില്‍ കണ്ടിട്ടില്ല.
അനേകമനേകം വിരഹങ്ങളുടെ വെയില്പുതപ്പണിഞ്ഞ ജീവിതമാണ് ബീവി അസ്മാഅ്. അനുഗ്രഹങ്ങള്‍ അടര്ന്നടര്ന്നു വീഴുമ്പോഴും കനമുള്ള ഈമാനിന്റെ വേരുകള്‍ ചില്ലകള്‍ താങ്ങിയ മഹാവൃക്ഷമാണ് മഹതിയുടെ ഓര്മ. ഇസ്ലാം ചരിത്രത്തിലെ വലിയ ഏടുകള്‍ സ്വന്തമായുള്ള അബൂത്വാലിബ് മകന് ജഅ്ഫര്‍(റ) തങ്ങളുടെ പ്രിയ പത്നിയാണ് അസ്മാഅ് (റ). ആദ്യകാലത്ത് തന്നെ ദമ്പതികള്‍ ഇസ്ലാം പുല്കി.
മക്കയിലെ ക്രൂരമനുഷ്യര്‍ വിശ്വാസികളെ വല്ലാതെ വലച്ചു. ദൂതര്‍(സ്വ) ഒരു സംഘത്തെ ഹബ്ശയിലേക്ക് അയച്ചു. അവരില്‍ മുന്‍നിരയില്‍ അസ്മാഅ് -ജഅ്ഫര്‍(റ) ദമ്പതികളും ചേര്‍ന്നു. ഹബ്ശയിലെ ജീവിതം സമാധാനം നല്കി. സൗകര്യങ്ങള്‍ നന്നേ കുറവ്. എങ്കിലും അവര്‍ സന്തോഷത്തോടെ കഴിഞ്ഞു. ആരെയും പേടിക്കാതെ അല്ലാഹുവിന് സുജൂദ് ചെയ്യാം. അവിടെ പ്രിയ ദമ്പതികള്‍ക്ക് അബ്ദുല്ല, മുഹമ്മദ്, ഔന് സന്താനങ്ങള്‍ പിറന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുസന്നിധിയിലേക്ക് അവരണയുന്നത്. ഹിജ്റക്ക് ശേഷമുള്ള മറ്റൊരു ഹിജ്റ. മുസ്ലിംകള് ഖൈബര്‍ കീഴടക്കിയ വേളയിലായിരുന്നു അത്. "ഹബ്ശക്കാരീ, ഹിജ്റ കൊണ്ട് ഞങ്ങള്‍ നിങ്ങളെ മുന്‍ കടന്നിരിക്കുന്നു. ഞങ്ങളാണ് നബിയോട് ഏറ്റവും അടുപ്പമുള്ളവര്‍' എന്നു പറഞ്ഞ ഉമറിനോട്(റ) ബീവി പ്രതികരിച്ചു. അങ്ങനെയല്ല. നിങ്ങള്‍ റസൂലിനൊപ്പം ആയിരുന്നു. അവിടുന്നാണ് നിങ്ങളുടെ വിശപ്പ് അകറ്റിയത്. അറിവ് നല്‍കിയത്. ഞങ്ങളോ വളരെ ദൂരെ. എല്ലാം അല്ലാഹുവിന്റെയും റസൂലിന്റെയും (സ്വ) മാര്‍ഗത്തില്‍. ബീവി തിരുസന്നിധിയില്‍ എത്തി. ആ പരാമര്‍ശത്തെ ഓര്‍മിപ്പിച്ചു. "നീ എന്താണ് മറുപടി കൊടുത്തത്?' തിരുദൂതരുടെ ചോദ്യം. ബീവി സംഭവം വിവരിച്ചു. വരുന്നു റസൂലിന്റെ, ആശ്വാസ വാക്കുകള്‍. "നിങ്ങളെക്കാള്‍ എന്നോട് അടുത്ത വരല്ല അവരൊന്നും അവര്‍ക്കൊക്കെ ഒരു ഹിജ്റ മാത്രം നിങ്ങള്‍ക്ക് ഹിജ്റ രണ്ടെണ്ണമാണ്.'
അസ്മാഇന് വലിയ സന്തോഷം. മുഅ്തത് യുദ്ധകാലം. ജഅ്ഫര്‍(റ) നന്മയുടെ മാര്‍ഗത്തില്‍ സമരരംഗത്തേക്ക് പുറപ്പെട്ടു. കുഞ്ഞുങ്ങളെ പരിചരിക്കുകയാണ് അസ്മാഅ് (റ), തിരുദൂതര്‍ ഭവനത്തിലേക്ക് കടന്നു വന്നു. മക്കളെ റസൂല്‍ (സ്വ) വാരിപ്പുണര്‍ന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. "നബിയേ ജഅ്ഫറിന് എന്തെങ്കിലും?' "അതെ ജഅ്ഫര്‍ രക്തസാക്ഷിയായിരിക്കുന്നു.' മഹതി തരിച്ചു പോയി. റസൂല്‍(സ്വ) കുടുംബത്തിന് സമാധാനം പകര്‍ന്നു. ആശ്വാസമാകാന്‍ അനുചരര്‍ക്ക് നിര്‍ദേശമേകി.
ഹൃദയത്തില്‍ വിരഹത്തിന്റെ കനല്. എങ്കിലും, പ്രിയതമന് ജീവന് നല്‍കിയത് പരിശുദ്ധ ഇസ്ലാമിനാണ്. സ്വര്‍ഗത്തില്‍ പാറി നടക്കാന്‍ അല്ലാഹു ജഅ്ഫറിന് ചിറകുകള് നല്കിയിരിക്കുന്നു എന്ന റസൂലിന്റെ പ്രഖ്യാപനവും. ആ സൗഭാഗ്യത്തില്‍ സന്തോഷിക്കുകയാണ് വേണ്ടത്. നാളുകള്‍ കഴിയെ, അബൂബക്കര്‍ സിദ്ധീഖുമായുള്ള(റ) വിവാഹാലോചന വന്നു. മഹതി സ്വീകരിച്ചു. അവര്‍ക്ക് അല്ലാഹു ഒരു പുത്രനെ നല്കി. മഹാന് ഖലീഫയാകുമ്പോള് എല്ലാ പിന്തുണയും നല്കി കൂടെ നിന്നു. ഒടുവില്‍ വിട പറയാന്‍ നേരം, അതീവഭക്തയായ തന്റെ പ്രിയതമ അസ്മ തന്നെ കുളിപ്പിക്കണമെന്ന് അവിടുന്ന് വസ്വിയ്യത് ചെയ്തു. അന്ന് മഹതി നോമ്പുകാരിയായിരുന്നു. ശേഷം, ബീവി മഹാനരായ അലിയ്യ്(റ) തങ്ങളുടെ ഭാര്യാപദം അലങ്കരിച്ചു. എത്ര വലിയ ഭാഗ്യങ്ങള്‍!

