പ്രിയ സുഹൃത്തുക്കളോടൊപ്പം മഹതിസൽമയും തിരുനബിയോട് (സ്വ) നന്മജീവിതമുണ്ടാകാനുള്ള ഉടമ്പടി ചെയ്യാൻ തീരുമാനിച്ചു.അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അന്യരുടെ സ്വത്ത് അപരിക്കാതിരിക്കാനും അവരെ റസൂൽ(സ്വ) ഉപദേശിച്ചു. ഒപ്പം മറ്റൊരു പ്രധാന കാര്യവും ഉണർത്തി ; "ഭർത്താക്കന്മാരോട് കാപട്യത്തോടെ പെരുമാറരുത്".
ഉടമ്പടി പൂർത്തിയാക്കി എല്ലാവരും വീടുകളിലേക്ക് മടങ്ങി.പക്ഷേ സൽമബീവിയിൽ ഒരു സംശയം നിഴലിട്ടു. ഭർത്താവിനോട് കാപട്യത്തോടെ പെരുമാറരുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താകും? സംശയം കൂട്ടുകാരിയോട് പറഞ്ഞു.സുഹൃത്ത് തിരുനബിയുടെ(സ്വ) അരികിലെത്തി വിഷയം അവതരിപ്പിച്ചു. "സമ്പാദ്യങ്ങൾ അനിഷ്ടകരമല്ലാത്തതിൽ ചെലവഴിക്കലാകുന്നു അത്" എന്നായിരുന്നു മറുപടി.
നജ്ജാർ ഗോത്രത്തിലെ വനിതയാണ് ഖൈസിന്റെ മകൾ സൽമ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആ പുണ്യവതി.
മുസ്ലിംകൾക്കെതിരിൽ അനേകം അക്രമങ്ങൾ അഴിച്ചുവിട്ട സമൂഹമാണ് ബനൂഖുറൈള. ശല്യം സഹിക്ക വയ്യാതെ അവരുമായി സമരത്തിലായി വിശ്വാസികൾ.ഒടുക്കം തടവുകാരായി ബനൂഖുറൈളയിലെ ചിലരെ പിടിച്ചു.അവരിൽ ,തനിക്ക് പരിചയമുള്ള രിഫാഅതിനായി സൽമബീവി തിരുനബിയോട്(സ്വ) സംസാരിച്ചു.അദ്ദേഹത്തെ ഹാജരാക്കി.
തിരുനബി(സ്വ) പറഞ്ഞു:" നിസ്കരിക്കുകയാണെങ്കിൽ താങ്കൾക്ക് നല്ലത് , അല്ല പഴയ മതത്തിൽ തന്നെ സ്ഥിരമായി നിൽക്കുകയാണെങ്കിൽ താങ്കൾക്ക് നഷ്ടം!"സൽമാബീവിയുടെ കരുണയും ഇടപെടലും കൊണ്ട് രിഫാഅത് ഇസ്ലാമിന്റെ സുവർണ്ണ വഴി തിരഞ്ഞെടുത്തു.
ഒരിക്കൽ മഹതിയെ തിരുനബിയും(സ്വ) അലിയും സന്ദർശിച്ചു.ഈ സംഭവം ബീവി തന്നെ പറയുന്നു, " അന്ന് ഞങ്ങളുടെ വീട്ടിൽ പഴയ ഈന്തപ്പഴം ഉണ്ടായിരുന്നു.തിരുനബി(സ്വ) അതിൽ നിന്ന് ഭക്ഷിച്ചു.അലിയും കഴിക്കാൻ തുടങ്ങി. അദ്ദേഹം അന്ന് രോഗിയായിരുന്നു . അപ്പോൾ റസൂൽ (സ്വ) , "അലീ വേണ്ട രോഗം ഭേദമാകുന്നതേയുള്ളൂ" എന്ന് ഉപദേശിച്ചു. ഞാൻ അവർക്ക് ബാർലിയും ബീറ്റ്റൂട്ടും തയ്യാറാക്കി. തിരുനബി(സ്വ) അലിയോട് അതിൽനിന്ന് ഭക്ഷിക്കാൻ പറഞ്ഞു. അത് ഏറ്റവും യോജിച്ചതാണെന്ന് അഭിപ്രായപ്പെട്ടു.
ഹുദൈബിയ്യ സന്ധി നടക്കുന്ന സമയം. ആ ഉടമ്പടിയിലും മഹതി സൽമ പങ്കെടുത്തു.ഒരു വൃക്ഷച്ചുവട്ടിൽ വെച്ചായിരുന്നു അത്. നബി(സ്വ) പറഞ്ഞു: "ആ വൃക്ഷത്തിന് താഴെ വച്ച് പ്രതിജ്ഞ ചെയ്യുന്ന ഒരാളും നരകത്തിൽ ഉണ്ടാവില്ല "

