ഉമ്മ കുട്ടികളോടൊപ്പം യാത്രയിലാണ്.മരുഭൂവിലെ യാതനകളെല്ലാം കടന്ന് വേണം മദീനയിലെത്താൻ. പ്രിയ ഭർത്താവ് ഒപ്പം വരുന്നില്ല.പക്ഷേ ഇനിയും മക്കയിൽ തുടരാനാകില്ല. പ്രിയപ്പെട്ട മക്കളുടെ ഭാവിയാണ് വലുത്.അവർ റസൂലിന്റെ(സ്വ) ശിക്ഷണത്തിൽ വളരണം.നരച്ചമരുഭൂവിലൂടെ നടക്കുമ്പോൾ മനസ്സിൽ നിറയെ മക്ക തന്നെ.
ബദർ സമരത്തിൽ പോകാനിറങ്ങുകയാണ് ഭർത്താവ്,അബ്ബാസ്. വല്ലാത്തൊരു വിഷമാവസ്ഥയിലാണ് താൻ.പ്രിയപ്പെട്ടവൻ ശത്രുപക്ഷത്താണ്.പക്ഷേ തന്റെ മനസ്സാകെ ശരിയുടെ പക്ഷത്തും.റസൂലിനും(സ്വ) അനുചരർക്കും ആപത്ത് വരരുത് , ഇപ്പുറത്തുള്ള തന്റെ ഭർത്താവിനും. അദ്ദേഹത്തിൻ്റെ ഖൽബ് ഇസ്ലാമിനൊപ്പമാണ്. പക്ഷേ പരസ്യമായി അത് പ്രഖ്യാപിക്കാൻ മൂപ്പർ ഒരുങ്ങിയിട്ടില്ല.
യുദ്ധത്തിന് പോകാനിറങ്ങുമ്പോൾ പ്രിയപാതി, അബ്ബാസ് തന്റെ ചെവിയിൽ മന്ത്രിച്ചു:"
ഞാൻ ഏൽപ്പിക്കുന്ന ഈ സമ്പത്ത് ആരും കാണാത്ത ഒരിടത്ത് കുഴിച്ചിടണം. യുദ്ധത്തിൽ എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഓരോ മക്കൾക്കും ഇത്ര വിഹിതം വെച്ച് നൽകണം." അദ്ദേഹം യാത്ര പറഞ്ഞിറങ്ങി. പിന്നെ, ഓരോ ദിവസവും ആധിയുടെ തീ നെഞ്ചിൽ കനത്തു. എന്താകും ബദറിലെ വിശേഷം. ശത്രുക്കൾ ചുറ്റുമുണ്ട്. തൻ്റെ ഹൃദയം മുസ്ലിങ്ങൾക്കൊപ്പമാണ് എന്നറിഞ്ഞാൽ അവർ മക്കളെപ്പോലും വെറുതെ വിടില്ല. എല്ലാം ശ്രദ്ധിക്കാൻ അവരെയും ഓർമപ്പെടുത്തി. ദിവസങ്ങൾ കടന്നുനീങ്ങി. ശത്രുക്കൾക്കും വലിയ ആകാംക്ഷയുണ്ട്. എന്താകും അവിടെ സംഭവിച്ചത്!
എല്ലാവരും കാത്തുനിൽക്കെ, ഒരു ദിവസം അബൂസുഫ് യാനു ബ്നു ഹാരിസ് യുദ്ധമുഖത്ത് നിന്ന് കുതിച്ച്പാഞ്ഞ് മക്കയിലെത്തി. അബൂലഹബ് ഓടി അദ്ദേഹത്തിൻ്റെ അടുക്കലെത്തി :"സഹോദരപുത്രാ പറയൂ എന്താണ് വാർത്തകൾ? "അബൂ സുഫിയാൻ ഉള്ളിലെ ഭയപ്പാട് മാറാതെ പറഞ്ഞു തുടങ്ങി:" യുദ്ധം തുടങ്ങിയതും ഞങ്ങളെ അവർ തലങ്ങും വിലങ്ങും കീഴ്പ്പെടുത്തി. അവർ മാത്രമാണെങ്കിൽ ക്ഷമിക്കാം .ഇത് ശുഭ്രവസ്ത്രധാരികളായ ഒരുപറ്റം പുരുഷൻമാർ. അവർ മുസ്ലിങ്ങൾക്കൊപ്പം നിന്നു. ഒന്നും അവർക്ക് തടസ്സമായില്ല.
ഈ സന്ദർഭം കണ്ടു നിൽക്കുകയാണ് അബൂറാഫിഅ്. അദ്ദേഹത്തിൻ്റെ മനസ്സ് പ്രിയപ്പെട്ട റസൂലിനൊപ്പമാണ്(സ്വ). സന്തോഷാധിക്യത്താൽ അബൂറാഫിഅ് പറഞ്ഞുപോയി :"അത് മലക്കുകളാണ്. "അബൂലഹബിന് ഇത് സഹിക്കാനായില്ല. അയാൾ എണീറ്റു ചെന്ന് അബൂറാഫിഇനെ അടിച്ചു. തനിക്ക് ഒരു നിലയ്ക്കും അത് അംഗീകരിക്കാനായില്ല. സ്ത്രീയെന്ന കാര്യം മറന്ന് , അപ്പോൾ കയ്യിൽ ഉണ്ടായിരുന്ന വടിയെടുത്ത് അബൂലഹബിന്റെ മൂർദ്ധാവിൽ അടിക്കുകയായിരുന്നു:' ഉടമസ്ഥൻ സ്ഥലത്തില്ലെന്നു കരുതി, അവൻ ഒറ്റയ്ക്കാണെന്ന് കരുതിയോ' ഉള്ളിലെ ചോദ്യവും മൂർച്ചയോടെ പറഞ്ഞു.
അബൂലഹബ് ആകെ വല്ലാതായി. തലപൊട്ടി രക്തം വരുന്നു. ഒരു സ്ത്രീയാണ് തന്നെ അടിച്ചത്. ഒപ്പം യുദ്ധമുഖത്ത് അവർ ദയനീയ പരാജയവും ഏറ്റുവാങ്ങിയിരിക്കുന്നു.
യുദ്ധത്തിൽ മുസ് ലിങ്ങൾ മധുര വിജയം നേടി. താൻ ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല. ഭർത്താവ് അബ്ബാസ് സുരക്ഷിതനായി തിരിച്ചെത്തി. ഇപ്പോൾ മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയാണ് മുസ്ലിങ്ങൾ . ഭർത്താവ് വരാൻ ഒരുക്കമായില്ല. അദ്ദേഹത്തിന് ഇനിയും പലതും ചെയ്തു തീർക്കാനുണ്ടത്രേ.
നടന്ന് നടന്ന് ഒടുവിൽ ഉമ്മയും മക്കളും മദീനപൂകി. ധീരയായ ആ ഉമ്മയുടെ പേര് ഉമ്മുൽ ഫള്ൽ.ഭർത്താവിൻ്റെ അസാന്നിധ്യത്തിലും, ധൈര്യം കൈവിടാതെ മക്കളുടെ ഭാവിയോർത്ത് മദീനയിൽ അവർ ചെന്നണഞ്ഞു. പ്രിയപ്പെട്ട മക്കളെ വിജ്ഞാനത്തിനായി എന്നും റസൂലിന്റെ (സ്വ) മുന്നിലേക്കയച്ചു. ആ ഉമ്മയുടെ ത്യാഗം.പ്രിയപ്പെട്ട മകൻ അബ്ദുല്ല, പിൽക്കാലത്ത് ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലിയ പണ്ഡിത പ്രതിഭയായി, അബ്ദുല്ലാഹിബ്നു അബ്ബാസ്. ഒരു ജന്മസുകൃതം

