മൈസറ കഥയുടെ മധുരപ്പൊതികളഴിച്ചു. ബീവി ഖദീജയുടെ കൺകളിൽ വിസ്മയനിലാവ്. ഓ അദ്ഭുതം! ചിലത് നേരിട്ട് കാണുവാൻ തനിക്കും ഭാഗ്യമുണ്ടായതാണല്ലോ.. ഇത്തവണ മുഹമ്മദോർ (സ്വ) നായകനായ കച്ചവടം വലിയ വിജയമായിരുന്നു. ആ സംഘം ‘ഉസ്ഫാൻ’ താഴ്വര കടന്ന് ‘വാദി ഫാത്വിമ’ യിലെത്തി.സന്തോഷവൃത്താന്തം ഔദ്യോഗികമായി റസൂൽ(സ്വ) തന്നെ ആദ്യം ഖദീജയെ അറിയിക്കട്ടെയെന്ന് മൈസറ കരുതി. അവർ താഴ് വരയിൽ മാറി നിന്നു.
ചുവന്ന ഒട്ടകപ്പുറത്തേറി മക്കയുടെ വെളിച്ചം മാത്രം മുന്നോട്ടു നീങ്ങി. ദൂരെ ദൂരെ നിന്നേ ആ കാഴ്ച മട്ടുപ്പാവിൽ നിന്ന് ബീവിയും തോഴിമാരും കണ്ടു.അതിശയം.അതിശയം..! മേഘമാലകളുടെ തണൽ മുഹമ്മദിനൊപ്പം (സ്വ) സദാ സഞ്ചരിക്കുന്നു. നൂറ് നൂറ് നാവുകളാലെ മൈസറ പറഞ്ഞു തുടങ്ങി. മേഘങ്ങൾ തണലുമായി അകമ്പടി വന്നതു മുതൽ അവശരായ ഒട്ടകങ്ങൾ ഊർജസ്വലരായ് നീങ്ങിയതു മുതൽ എല്ലാമെല്ലാം..
"ഞങ്ങൾ സിറിയയിലെ ബുസുവ്റാ പട്ടണത്തിലെത്തി.മുഹമ്മദ്(സ്വ) ഒരു മരച്ചുവട്ടിലിരുന്നു. എന്റെ സ്നേഹിതൻ കൂടിയായ നസ്തൂറ തിളങ്ങുന്ന കണ്ണുകളോടെ എന്റെ അടുത്തേക്ക് വന്നു. ആ ഇരിക്കുന്നത് ആരാണ്?. "അത് ഖുറൈശികളിൽപ്പെട്ടയാളാണ് ഹറമിലാണ് താമസം' ഞാൻ പ്രതികരിച്ചു. നസ്തൂറ അദ്ഭുതത്തോടെ പറയുകയാണ് അത് അന്ത്യപ്രവാചകനാകാനുള്ള സാധ്യത ഏറെയാണ്. അദ്ദേഹത്തിന്റെ കൺകളിലെ ആ ചുവപ്പ് കണ്ടില്ലേ... മേഘങ്ങൾ തണലിട്ടതുമെല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എന്നിൽ നിന്ന് വിവരമെല്ലാം വാങ്ങി അദ്ദേഹം മുഹമ്മദിന്റെ (സ്വ) അടുത്തെത്തി. അന്ത്യപ്രവാചകൻ ഒരുനാൾ ഈ മരച്ചുവട്ടിൽ വിശ്രമിക്കുമെന്ന് പൂർവജ്ഞാനികൾ ഞങ്ങൾക്ക് വിവരം നൽകിയിട്ടുണ്ട്. എല്ലാ ലക്ഷണങ്ങളും എനിക്ക് ബോധ്യമായി. ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. അങ്ങ് നിയോഗിക്കപ്പെടുന്ന കാലത്ത് ഞാൻ ഉണ്ടായിരുന്നെങ്കിൽ. അങ്ങേക്ക് പ്രയാസമില്ലെങ്കിൽ ഒരു തെളിവുകൂടി കാണണം എന്നുണ്ട്. അങ്ങയുടെ ചുമൽ ഒന്ന് കാട്ടുമോ... അവിടുന്ന് അനുസരിച്ചു. അവിടെ പ്രവാചകത്വമുദ്ര കണ്ട് നസ്തൂറ സത്യസാക്ഷ്യം മൊഴിഞ്ഞു'.
മൈസറയുടെ ഓരോ അനുഭവങ്ങളും ബീവിയുടെ മനസ്സിനെ തണുപ്പിച്ചു. ഹൃദയം വിസ്മയത്താൽ പലയാവർത്തി മിടിച്ചു. മുന്തിയ ഒട്ടകങ്ങളും പാരിതോഷികങ്ങളും നൽകി മുഹമ്മദരെ (സ്വ)യാത്രയാക്കി. എത്രമേൽ മനോഹരമായ മനുഷ്യൻ! എത്രയും കുലീനമായ പെരുമാറ്റം. മക്കാദേശമാകെ മദ്ഹോതുന്ന, ഏതൊരാളും ഇണയായി മോഹിക്കുന്ന ഈ വലിയ ജീവിതത്തെ എനിക്ക് ഭർത്താവായി ലഭിക്കുമോ?. സാധ്യത വിദൂരമാണ്. വിവാഹാന്വേഷണം നടത്താമല്ലോ. മഹതി ആലോചനയിലാണ്ടു.
ബീവി തന്റെ വിശ്വസ്തയായ നഫീസ ബിൻത് മുൻയയെ വിളിച്ചു. മുഹമ്മദരെ(സ്വ) വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചു. നഫീസ ബിൻത് മുൻയ മുത്ത് റസൂലരെ(സ്വ) സമീപിച്ച് കാര്യം തിരക്കി. "ഒരു വിവാഹത്തെപ്പറ്റി എന്തുകൊണ്ട് അങ്ങ് ആലോചിക്കുന്നില്ല'?.അവർ ചോദിച്ചു."ഞാൻ അതിനു വേണ്ട സമ്പത്തൊന്നും കരുതിയിട്ടില്ല'."സമ്പത്ത് പ്രശ്നമില്ലാത്ത, കുലീനയായ ഒരാൾ ഇങ്ങോട്ട് വിവാഹാന്വേഷണം നടത്തിയാൽ സ്വീകരിക്കുമോ…'? ആരാണത്?"ഖദീജ ബിൻത് ഖുവൈലിദ്'. ഓ അതെങ്ങനെ നടക്കാനാണ്? അതിനെപ്പറ്റി അങ്ങ് ആലോചിക്കേണ്ടതില്ല. എല്ലാം ഞാൻ സംസാരിച്ചു കൊള്ളാം. ആ സംഭാഷണം അവിടെ അവസാനിച്ചു.
മുത്തു റസൂലിന്(സ്വ) അനിഷ്ടങ്ങൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ബീവി ഖദീജ സന്തോഷവതിയായി. അബൂത്വാലിബിനെ വിവരങ്ങൾ അറിയിച്ചു. അദ്ദേഹം ബീവിയുടെ ഭവനത്തിലെത്തി. നിങ്ങൾ കളിയാക്കുകയാണോ? ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ വിവാഹാലോചന അബൂത്വാലിബിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ പ്രിയപ്പെട്ട മകന്റെ സത്യസന്ധതയും സ്വഭാവ മഹിമയും സമൂഹത്തിലെ സമ്മതിയുമെല്ലാം ഏറ്റവും യോജിച്ച ഒരു വധുവിനെ തന്നെ അവന് നൽകിയിരിക്കുന്നു.
"നിങ്ങൾ എന്റെ ഈ വിവാഹം സംബന്ധിച്ച് പിതൃസഹോദരനോട് സംസാരിക്കുക'. ബീവി അബൂത്വാലിബിനോട് ആവശ്യപ്പെട്ടു. എല്ലാം മംഗളമായി നടന്നു. വിവാഹനിശ്ചയം കഴിഞ്ഞു. മുത്ത് നബി (സ്വ) യുടെ പ്രായം ഇരുപത്തിയഞ്ച് വയസ്സും രണ്ട് മാസവും പതിനഞ്ച് ദിവസവും. ഖദീജ ബീവിയുടെ പ്രായം നാൽപത് വയസ്സ്. എന്തുകൊണ്ടും മക്കയുടെ
രാജകുമാരന് അനുയോജ്യയായ വധു. രണ്ടും മക്കയിലെ പുകളുറ്റ തറവാടുകൾ. ഇരുവരും നന്മയുടെ നിലാവിളക്കുകൾ. മക്ക മധുരഗീതം പാടി. ദേശക്കാർ അവരെ അനുഗ്രഹിച്ചു. അൽഅമീനിന് അനുകൂലയായ പത്നി

