വീട്ടിൽ ഒരു തരി ഭക്ഷണമില്ല. ഏഴ് ദിവസമായി ഇതേ അവസ്ഥ തുടരുന്നു. പകൽ മുഴുവൻ നോമ്പാണ്. അന്തിമയങ്ങുമ്പോൾ ഒരിറക്ക് വെള്ളം കൊണ്ട് നോമ്പ്തുറ. തളരുകയാണെന്ന് ശരീരം പറയുന്നത് റാബിഅ കേട്ടു. എങ്കിലും, വിധിയുടെ ഉരുക്കിനോക്കലുകളോട് ആവലാതിയോ പരിഭവമോ അൽപവും ആ മുഖത്ത് കാണാനില്ല. അന്ന്, ഒരാൾ അൽപം ഭക്ഷണവുമായി വന്നു. വേണ്ടെന്ന് പറയാതെ വാങ്ങിവെച്ചു. വീടിനുള്ളിൽ ഇരുട്ട് നന്നായുണ്ട്. വിളക്ക് തെളിയിക്കാൻ ബീവി അകത്തേക്ക് നടന്നു. തിരികെവരുമ്പോൾ ഉള്ള ഭക്ഷണം പൂച്ച തിന്നിരിക്കുന്നു. "അത് എന്റെ വിധിയിലുള്ളതല്ല”. ആകുലതകളില്ലായിരുന്നു അപ്പോഴും ഹൃദയത്തിൽ. അൽപം വെള്ളം കുടിക്കാമെന്ന് കരുതി പാത്രമെടുത്തു. കൂജ കൈയ്യിൽ നിന്ന് വഴുതിപ്പോയി. ഉടഞ്ഞ് പലതായി ചിതറി.
ദു:ഖത്തിന്റെ കാർമേഘങ്ങൾ എവിടെനിന്നോ റാബിഅയെ ആവേശിച്ചു. ഉള്ളിലെ വിശ്വാസത്തിന്റെ അടക്കങ്ങൾ വഴുതിപ്പോകുന്നതറിഞ്ഞു. "പടച്ചവനേ നീയെന്തിനാണ് റാബിഅയോടിങ്ങനെ!" ബീവി പറഞ്ഞുപോയി. വൈകാരികനേരങ്ങൾ പതിയെ പിൻവാങ്ങിയപ്പോൾ ഉള്ളിൽ ചിന്തകളുടെ വേലിയേറ്റം. ഉത്തരങ്ങൾ കൂടുതൽ വ്യക്തതയോടെ തെളിയുകയാണ്. "ഭൗതികഭ്രമം ഇപ്പോഴും ഉള്ളിലുണ്ട്. അപ്പാടെ എല്ലാം ഉപേക്ഷിക്കുക". പൂർണത്യാഗങ്ങളുടെ നടപ്പാത മഹതി റാബിഅയുടെ അകമേ വിരിഞ്ഞു. മുറിവുകളുണക്കുന്ന പ്രകാശം പരന്നു.
ഒരാൾ റാബിഅയോട് ഒരു പാരിതോഷികം ചോദിച്ചു. മഹതി അനുഗ്രഹിച്ചു നൽകിയത് ഒരു മെഴുകുതിരിയും സൂചിയും. “മെഴുകുതിരിയുടെ ഉപമ, ഹൃദ്യമാണ്. മനുഷ്യജീവിതം ഒരു മെഴുകുപോലെ കത്തി അവസാനിക്കുന്നു. എങ്കിലും, മറ്റുള്ളവർക്കായി ജ്വലിക്കുന്ന പ്രകാശമായവർ വിജയിച്ചു. സൂചി, ലാളിത്യത്തിന്റെ പ്രതീകം. ലളിതശീലനായ സൂചി പക്ഷേ അപരനെ വസ്ത്രം ധരിപ്പിക്കുന്നു”. ആഗതൻ മഹത്തായ ഉപദേശങ്ങൾ സിദ്ധിച്ചു.
യൂഫ്രട്ടീസ് തീരം. നദിയുടെ ഉപരിതലത്തിൽ മുസ്വല്ല വിരിച്ച് നിസ്കരിക്കുകയാണ് ഒരു മഹാമനീഷി. "നിങ്ങളും ഇതുപോലെ ചെയ്യുക" എന്ന് അദ്ദേഹം റാബിഅയോട് ആവശ്യപ്പെട്ടു. മഹതി മറുപടി പറഞ്ഞില്ല. നിലത്ത് ഒരു മുസ്വല്ല വിരിച്ച് അതിൽ ഇരുന്നു. നിസ്കാരപ്പായയോടൊപ്പം ബീവി പറന്നുയർന്നു. അന്തരീക്ഷത്തിൽ നിന്ന് നിസ്കരിച്ചു. ആ മനുഷ്യൻ വിസ്മയിച്ചു. റാബിഅയുടെ വാക്കുകൾ: “ഉന്നതിയുടെ അടയാളം അത്ഭുതങ്ങളുടെ വെളിച്ചം കാണിക്കലല്ല. നിങ്ങളുടെ പ്രവൃത്തി ഒരു മത്സ്യത്തിന് എത്ര നിസാരം. ഒരു പക്ഷിക്ക് കഴിയുന്നതിലും വലുതല്ല എന്റെ കാര്യം. യഥാർഥ ജ്ഞാനം ഇതൊന്നുമല്ലല്ലോ"

