റസൂലിന്റെ (സ്വ) കണ്ണുകളിൽ പുഞ്ചിരി.തിരുനബി(സ്വ) വിസ്മയിക്കുകയായിരുന്നു. അബൂത്വൽഹയുടെ (റ) അകതാരിലും ആനന്ദം. അസാധാരണ ആത്മധൈര്യം തന്നെ ഉമ്മുസുലൈമിന്(റ). എന്തൊരു സ്നേഹവും കരുതലുമാണ്.റസൂലിന് (സ്വ) ആ ദമ്പതികളോട് അളവറ്റ കാരുണ്യം തോന്നി. അവിടുന്ന് തിരുകരങ്ങളുയർത്തി, അല്ലാഹുവേ ഇന്നലെ രാത്രിയിൽ, അബൂത്വൽഹയെയും ഉമ്മുസുലൈമിനെയും നീ അനുഗ്രഹിക്കേണമേ, അവർക്ക് ബറകത്ത് ചൊരിയണമേ..
ദുഃഖങ്ങളെ മറന്നും പതിയുടെ ഹൃദയമായ ബീവിയുടെ കഥ മനോഹരമാണ്. ഉമ്മുസുലൈമിന്റെയും അബൂത്വൽഹയുടെയും (റ) പ്രിയ പുത്രൻ അബൂഉമൈറിന് രോഗം. പ്രസന്നത എങ്ങോ പോയ് മറഞ്ഞു. മുഖത്വ് ക്ഷീണത്തിന്റെ വരകൾ.ദമ്പതികൾക്ക് ഹൃദയവേദന. അവർ പ്രിയപുത്രനെ അടുത്ത് നിന്ന് മാറാതെ പരിചരിച്ചു. അങ്ങനെയിരിക്കെ അബൂത്വൽഹയ്ക്ക്(റ) ദൂരദേശത്തേക്ക് പോകേണ്ട ഒരു അത്യാവശ്യം വന്നു. ധർമസങ്കടത്തിലായ മഹാനരെ പത്നി ആശ്വസിപ്പിച്ചു: ഇപ്പോൾ അവന് രോഗം കുറവുണ്ട്. ധൈര്യമായ് പോയ് വരൂ..
വിധി ആർക്ക് തടുക്കാനാവും. മകൻ, അബു ഉമൈറിന് രോഗം കലശലായി. ആ സ്വർഗപുഷ്പത്തിൽ നിന്ന് ആത്മാവ് അകന്നുപോയി. ഉമ്മുസുലൈം നിശ്ചലയായി. ആർത്തുകരയാൻ പാടില്ല. അല്ലാഹുവിന്റെ തീരുമാനങ്ങളിൽ ആത്മബലം പാലിക്കണം. മധുരമായ ക്ഷമ, അതാണ് റസൂലിന്റെ (സ്വ) കൽപന. ബീവി കണ്ണീരുറവ അണകെട്ടിനിർത്തി. അപ്പോഴുണ്ട്, മകൻ അനസ് വന്ന് മുന്നിൽ നിൽക്കുന്നു."ഉമ്മാ അബൂ ഉമൈറിന്റെ അവസ്ഥയെന്താണ് ?'. "സുഖമാണ് മോനേ', ബീവി കരയാതെ നിന്നു."അല്ല, അവൻ മിണ്ടുന്നില്ലല്ലോ', അനസിന് സംശയമായി.ഉമ്മയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. "അവൻ പോയി മോനേ'.
അബൂത്വൽഹ വന്നാൽ കുട്ടിയുടെ മരണ വിവരം പറയരുതെന്ന് ഉമ്മുസുലൈം ബന്ധുക്കളോട് ഉണർത്തി. മഹതിയുടെ ആത്മബലവും നയരീതിയും അറിയുന്ന സ്നേഹജനം അതിനു സമ്മതം മൂളി. ഉമ്മ അബൂഉമൈറിനെ അവസാനമായി കുളിപ്പിച്ചു. ശ്രദ്ധയോടെ കഫൻ ചെയ്തു. ആരും വേഗം കടന്നു വരാത്ത മുറിയിൽ കൊണ്ടുപോയി വെച്ചു. മനസ്സിന് ശക്തി നൽകി ഭക്ഷണം പാകം ചെയ്തു ഭർത്താവിനെ കാത്തു നിന്നു.
ഏറെ വൈകിയാണ് അബൂത്വൽഹ(റ) മടങ്ങിയെത്തിയത്. "മകന് എങ്ങനെയുണ്ട്'? ആദ്യചോദ്യം. "അവന് നല്ല സുഖമുണ്ട്'. കുഞ്ഞിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ. അദ്ദേഹം എടുത്തുചോദിച്ചു. "അവന് എന്നത്തേക്കാളും നല്ല ആശ്വാസമുണ്ടിന്ന്'. അദ്ദേഹം കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് മഹതി ഭക്ഷണം വിളമ്പി.ഉമ്മുസുലൈം രണ്ട് റക്അത്ത് നിസ്കരിച്ച് അല്ലാഹുവിനോട് കേണു. അബൂ ഉമൈർ പിരിഞ്ഞതിലെ വ്യസനം ക്ഷമിക്കാൻ കരുത്ത് ചോദിച്ചു. പിന്നെ സുന്ദരമായി വസ്ത്രം ധരിച്ച്, സുഗന്ധം പൂശി, ഭർത്താവിനടുത്തെത്തി.പത്നി ഏറെ സുന്ദരിയായിരിക്കുന്നു. അബൂത്വൽഹ(റ) പ്രിയപ്പെട്ടവളോടൊപ്പം സ്നേഹം പങ്കിട്ടു.ആനന്ദനിർവൃതിയടഞ്ഞ് അൽപം മയങ്ങി.
ഉമ്മു സുലൈം ശബ്ദം താഴ്ത്തി വിളിച്ചു : പ്രിയതമനേ.. ഞാനൊരു കാര്യം ചോദിച്ചോട്ടേ.. ചോദിയ്ക്കൂ.. ഈ ആമുഖം ആവശ്യമില്ലല്ലോ.. ഒരു കുടുംബം മറ്റൊരു കുടുംബത്തോട് ഒരു വസ്തു വായ്പ വാങ്ങിയെന്ന് കരുതൂ. വായ്പ നൽകിയ വീട്ടുകാർ അത് തിരിച്ചു ചോദിക്കുമ്പോൾ അവർ കൊടുക്കുന്നില്ല. അതിനെപ്പറ്റി എന്താണ് അഭിപ്രായം? "അത് വലിയ തെറ്റാണല്ലോ. വസ്തു അതിന്റെ ഉടമസ്ഥന് തന്നെ തിരിച്ചു കൊടുക്കണം'. ഇപ്പോൾ ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം?. അബൂത്വൽഹ (റ) സംശയ ഭാവത്തോടെ ഭാര്യയെ നോക്കി. എല്ലാ ശക്തിയും സംഭരിച്ച് മഹതി പറഞ്ഞു തുടങ്ങി: അല്ലാഹു നമുക്ക് ഏൽപ്പിച്ച വായ്പ വസ്തുവായിരുന്നു നമ്മുടെ മകൻ അബൂഉമൈർ. ഉടമസ്ഥനായ റബ്ബ് അത് തിരിച്ചു വാങ്ങിയിരിക്കുന്നു.
അബൂത്വൽഹ പിടഞ്ഞെഴുന്നേറ്റു."എന്ത്?' "അതെ നമ്മുടെ പ്രിയപ്പെട്ട മകനെ അല്ലാഹു തിരിച്ചു വാങ്ങിയിരിക്കുന്നു'. മഹാന്റെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. എങ്കിലും പതിയെ സമനില വീണ്ടെടുത്തു. ഉള്ളിൽ കടലിരമ്പുന്നുണ്ട്. മകൻ മരണപ്പെട്ട ദുഃഖം തന്നെ വന്നു മൂടുന്നു.അതിനുമപ്പുറം ഈ രാത്രി ആ വിവരം മറച്ചുവെച്ച് ഉമ്മുസുലൈം താനുമായി ശയ്യ പങ്കിട്ടു. എത്ര വലിയ തെറ്റാണത്. ഈ രാത്രി തങ്ങൾ ചെയ്ത പ്രവൃത്തി അപരാധമല്ലേ.. കുറ്റം ബോധം കൊണ്ട് ഉള്ളം നീറി.
മഹാൻ വേഗം ക്ഷമയുടെ കുപ്പായമണിഞ്ഞു. ഇന്നാലില്ലാഹി... മകനെ മറവ് ചെയ്തു. പക്ഷേ ആ ചോദ്യം ഉള്ളിൽ കത്തുന്നു.അഭയം റസൂലരാണ്(സ്വ). സുബ്ഹി വരെ കാത്തിരിക്കണം. പ്രഭാത നിസ്കാര ശേഷം നടന്നതെല്ലാം അബൂത്വൽഹ(റ)റസൂലിനോട് പറഞ്ഞു. നോക്കുമ്പോൾ ആ മുഖം തെളിയുന്നു. "അസാധാരണ ആത്മധൈര്യം തന്നെ ഉമ്മുസുലൈമിന്'. ആ ദമ്പതികൾക്കായി ഹബീബ്(റ) പ്രാർഥനാവചസുകൾ മൊഴിഞ്ഞു

