ബീവിഖദീജയുടെ മനസ്സിൽ ആ വേദജ്ഞാനിയുടെ വാക്കുകൾ ചാറ്റൽമഴ പോലെ പെയ്തുകൊണ്ടിരുന്നു. ആരാണയാൾ? ഒരു പണ്ഡിതൻ തന്നെ. അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ നിന്ന് മായുന്നില്ല. ഖുറൈശികളുടെ ഒരു സന്തോഷദിനമായിരുന്നു അന്ന്. ബീവി ഓർക്കുകയാണ്. കൂടെ സുഹൃത്തുക്കളുമുണ്ട്. ഏവരും പലവിധ വിനോദങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് ആ ജൂതജ്ഞാനിയുടെ വരവ്. ഒരു പ്രത്യേക മനുഷ്യൻ!
സ്ത്രീകളുടെ വേദിക്കരികിലെത്തി അദ്ദേഹം വിളിച്ചുപറഞ്ഞു." ഓ..ഖുറൈശീ വനിതകളെ... നിങ്ങൾക്കിടയിലേക്ക് ദൈവദൂതൻ വരുന്നു. നിങ്ങളിലാരാണ് ആ പുണ്യപുരുഷന്റെ ഭാഗ്യമുള്ള പത്നി. ഏത് ഭവതിക്കാണ് അദ്ദേഹത്തിനൊപ്പം കിടപ്പറ പങ്കിടാൻ സൗഭാഗ്യമുണ്ടാകുക''.
ആ സംസാരവും വരവും അത്ര പിടിക്കാത്ത ചില പെണ്ണുങ്ങൾ അയാളെ ആട്ടിയോടിച്ചു. ബീവിയുടെ ഹൃദയത്തിൽ ആ വാക്കുകൾ വീണുകിടന്നു. ആരാണ് ആ പ്രവാചകൻ? ആരാണാ ഭാഗ്യവതി? മുഹമ്മദിനെക്കുറിച്ചുള്ള മൈസറയുടെ അദ്ഭുതകഥകൾ കേട്ടപ്പോൾ ബീവി ആ വേദജ്ഞാനിയെ ഓർത്തു. ഇതാണോ വരാനിരിക്കുന്ന ദൈവദൂതൻ. എങ്കിൽ ആ ഭാഗ്യവതിയാകാൻ എനിക്കാകുമോ....! സത്യമറിയാൻ മഹതി കുടുംബക്കാരനായ പണ്ഡിതശ്രേഷ്ഠൻ വറഖത്ബ്നു നൗഫലിന്റെ ചാരത്തെത്തി. അദ്ദേഹവും വലിയ ജ്ഞാനിയാണ്. വിവരങ്ങൾ കേട്ട മാത്രയിൽ ആ വന്ദ്യവയോധികൻ പ്രതിവചിച്ചു.'ഖദീജാ... വാഗ് ദത്ത പ്രവാചകനെത്താൻ സമയമടുക്കുകയാണ്. ലക്ഷണങ്ങൾ നോക്കുമ്പോൾ മുഹമ്മദ് അന്ത്യപ്രവാചകനാകാണ്'.
അവിടെനിന്നും മടങ്ങിയതിനു ശേഷവും വറഖത്ബ്നു നൗഫൽ വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച വിശേഷങ്ങൾ ബീവിയെ അറിയിച്ചു കൊണ്ടിരുന്നു. ഇതു സംബന്ധമായി ഒരുപാട് കവിതാശകലങ്ങളും ഖദീജയ്ക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ചു. ഈ വിവരങ്ങളൊക്കെ മനസ്സിലാക്കിയാണ് ബീവി വിവാഹാലോചനയിലേക്ക് നീങ്ങിയത്.
വേദജ്ഞാനി പറഞ്ഞ ആ ഭാഗ്യമുള്ള സ്ത്രീയാകാൻ ആര് കൊതിക്കാതിരിക്കും! കുലീനയും ബുദ്ധിമതിയും സമ്പന്നയും സൗന്ദര്യവതിയുമായിരുന്നു ബീവി ഖദീജ. ഖുറൈശീ തറവാടിന്റെ ഒരു ശാഖയായ അസദ് ഗോത്രത്തിലാണ് മഹതിയുടെ ജനനം. തിരുനബിയുടെ അഞ്ചാമത്തെ പിതാമഹനായ ഖുസയ്യിന്റെ മകൻ അബ്ദുൽ ഉസ്സയുടെ മകനാണ് അസദ്. അദ്ദേഹത്തിന്റെ പുത്രനാണ് ബീവി ഖദീജയുടെ പിതാവ് ഖുവൈലിദ്. മഹതിയുടെ മാതാവ് ഫാത്വിമ, തിരുനബി യുടെ ഒമ്പതാം പിതാമഹൻ ലുഅയ്യിന്റെ പരമ്പരയിലെ സാഇദയുടെ പുത്രിയാണ്.
ഫാത്വിമയുടെ മാതാവ് ഹാല, തിരുനബിയുടെ പിതാമഹൻ അബ്ദുമനാഫിന്റെ പുത്രിയാണ്. ഖദീജയുടെ കുടുംബം തിരുനബിയുടെ മൂന്നാം പിതാമഹനിൽ ഒന്ന് ചേരുന്നു. ബീവിയുടെ കുട്ടിക്കാലം പിതാമഹൻ അബ്ദുൽ ഉസ്സയുടെ തറവാട്ടിലായിരുന്നു. കഅബയിൽ നിന്ന് വെറും ഒമ്പത് മുഴം അകലെയാണ് ആ വീട്. വളർന്നപ്പോൾ മഹതി പരിസരത്ത് തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് മാറി. അജ്യാദിലെ ജബൽ ഖൽഅയിലെ ആ ഭവനത്തിൽ വെച്ചായിരുന്നു ആദ്യവിവാഹം. സുറാത് ബിൻ നബ്ബാശിന്റെ മകൻ ഹിന്ദായിരുന്നു (അബൂ ഹാല) ആദ്യ വരൻ. ഹിന്ദ്, ഹാല എന്നിങ്ങനെ രണ്ട് ആൺമക്കൾ ഈ ദാമ്പത്യത്തിൽ പിറന്നു. പക്ഷേ യുവാവായിരിക്കെ അദ്ദേഹം മരണപ്പെട്ടു. മഖ്സൂമി ഗോത്രത്തിലെ ആബിദിന്റെ മകൻ അതീഖായിരുന്നു പിന്നീട് മഹതിയെ വിവാഹം ചെയ്തത്. ആ ബന്ധത്തിൽ ഹിന്ദ് എന്ന മകൾ പിറന്നു. അധികം വൈകാതെ അതീഖും യാത്രയായി.
ബീവിയുടെ മൂത്തമകൻ ഹിന്ദ് ഉമ്മയുടെ ഒപ്പമാണ് ജീവിച്ചത്. പിൽക്കാലത്ത് പ്രവാചകരുടെ ശിഷ്യത്വം സ്വീകരിക്കാൻ ആ മകനായി. വരുന്ന തലമുറയിലേക്ക് റസൂലിനെ വർണിക്കാനും ആ പുത്രന് ഭാഗ്യം ലഭിച്ചു. പേരമക്കൾ ഉൾപ്പെടെ തിരുനബിയുടെ വിശേഷങ്ങറിയാൻ ഹിന്ദ് എന്നവരെ സമീപിച്ചിരുന്നു. ജമൽ യുദ്ധത്തിലാണ് ഈ മകൻ ശഹീദാകുന്നത്.
ബീവിയുടെ മകൾ ഹിന്ദിനെ സ്വഫിയ്യ് ബിൻ ഉമയ്യ വിവാഹം ചെയ്തു. അതിൽ മുഹമ്മദ് എന്ന പുത്രനുണ്ടായി. അദ്ദേഹത്തിന്റെ പരമ്പരയാണ് പിൽക്കാലത്ത് ബനൂത്വാഹിറ (ഖദീജയുടെ മക്കൾ ) എന്ന് അറിയപ്പെട്ടത്. അതീഖിന്റെ മരണശേഷം ഏറെ വിവാഹാന്വേഷണങ്ങൾ നടന്നു. എന്നാൽ ആരെയോ കാത്തുനിന്നിട്ടെന്ന പോലെ ഖദീജാ ബീവി എല്ലാം നിരസിച്ചു. ഒടുവിലിതാ പുണ്യദൂതരുടെ നല്ലപാതിയാകാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു. കഅബയുടെ നിഴലെത്തുന്ന അത്രയടുത്ത് കഴിഞ്ഞിരുന്ന ബീവി മുഹമ്മദ് എന്ന യുവാവിനെപ്പറ്റി നന്നായി മനസ്സിലാക്കിയിരുന്നു. മുഹമ്മദും ഖദീജയും തമ്മിലുള്ള വിവാഹവാർത്ത മക്കയെ സന്തോഷവതിയാക്കി."അനുകൂലയായ പത്നി' കേട്ടവർ അനുഗ്രഹവാക്കുകൾ മൊഴിഞ്ഞു.
ഇരുണ്ടകാലത്തും വിശുദ്ധയുടെ വിളക്കായിരുന്നു "ത്വാഹിറ' എന്ന നാമമുള്ള ബീവി. സമ്പന്നയായപ്പോൾ ഒന്നും ധൂർത്തടിക്കാതെ വ്യാപാരം ചെയ്തു. കുടുംബവും കൂട്ടുകാരും മഹതിയെ നേതാവാക്കി. കച്ചവടം മെച്ചപ്പെട്ടു. സയ്യിദതു നിസാഇ ഖുറൈശ് (ഖുറൈശീ വനിതകളുടെ നേതാവ്) എന്ന് ചരിത്രത്തിൽ മഹതി രേഖപ്പെട്ടു.
വിശ്വാസികളുടെ ഉമ്മ ഖദീജയ്ക്ക് പുതിയ ജീവിതം തുടങ്ങുകയാണ്. ആഹ്ലാദത്തിനൊപ്പം ആശങ്കയുടെ മേഘങ്ങളും ഉള്ളിലുണ്ട്. തന്റെ നിഗമനങ്ങളെല്ലാം ശരിയെങ്കിൽ പതി വരാനിരിക്കുന്ന പ്രവാചകനാണ്. അവിടുത്തെ നിഴലാകാൻ എനിക്ക് കഴിയുമോ. പരീക്ഷണ നാളുകളെ ഹൃദയം നൽകി തണുപ്പിക്കാൻ ഇവൾക്കാകുമോ...
ചരിതം ബീവിയുടെ ആശങ്കകൾക്ക് മരുന്നേകി. സർവ ലോകത്തെയും ദമ്പതിമാർക്ക് ദിശാഭംഗിയേകുന്ന ജീവിതമായി മാറി ആ ഒത്തുചേരൽ. ആറ്റലോർ മുഹമ്മദും ആത്മപാതി ഖദീജയും നടന്ന വഴികളിന്ന് ഉമ്മമാർക്ക് പ്രകാശമാകുന്നു. എങ്ങനെ ഒരു നല്ല ഭർത്താവാകും?. എങ്ങനെ ഒരു നല്ല പത്നിയാകും. ഉത്തരങ്ങൾ തേടുന്നവർക്ക് ഈ ജീവിത ചിത്രങ്ങൾ വായിക്കുക. ബീവിയും മുത്തുറസൂലും നടന്ന മുൾപ്പാതയിലൂടെ, മനോഹരമായ ക്ഷമയിലൂടെ വരൂ..

