ആ മൂവർ സംഘം മദീനയിലേക്ക് നടന്നു. ഉമ്മയും മകനും പരിചാരകയും.സ്നേഹം നിറയെ പെയ്തു നിൽക്കെ ഇതളടർന്ന് പോയ നല്ലപാതിയുടെ ഖബർ സന്ദർശിക്കലാണ് മനസ്സിൽ. എല്ലാവർഷവും നടക്കുന്ന ഈ യാത്രയിൽ ബനൂനജ്ജാർ ഗോത്രത്തിലെ ബന്ധുക്കളെയും കാണുക പതിവാണ്.അന്ന് മടക്കയാത്രയിൽ അബവാഇൽ വെച്ച് ഉമ്മ ആമിന രോഗബാധിതയായി മരണം പുൽകി .മകന് കൂട്ടായ പരിചാരക ഉമ്മു ഐമൻ , കണ്ണുനീരുകൾ ഉള്ളിലടക്കി. ആറുവയസ്സുമാത്രമുള്ള കുഞ്ഞുകരങ്ങൾ പിടിച്ച് ഉമ്മയുടെ പകരമായ ആ ഉമ്മ, മക്കയിലേക്ക് നടന്നു.
തിരുനബി മുഹമ്മദ് (സ്വ) ഉമ്മാ എന്നാണ് പ്രിയപരിചാരകയെ വിളിച്ചത്.പിൽക്കാലത്ത് റസൂൽ(സ്വ) അവർക്ക് സ്വാതന്ത്ര്യം നൽകി.. ഇസ്ലാമിന്റെ ആദ്യ നാളുകളിൽ മഹതിഖദീജയ്ക്കും അലിയ്ക്കുമൊപ്പം ഉമ്മുഐമനും വെളിച്ചമുള്ള വഴിയിലേക്ക് നടന്നു. ശത്രുപക്ഷം കൊടിയ മർദ്ദനങ്ങൾ തുടങ്ങിയപ്പോൾ വേട്ടയാടപ്പെട്ടു.അബിസീനിയയിലേക്ക് പലായനം ചെയ്ത സംഘത്തിലും ബീവി ഉൾപ്പെട്ടു.ശേഷം മദീനയിലേക്ക്..
പരീക്ഷണങ്ങൾ നിറഞ്ഞജീവിതമായിരുന്നു ബീവി കടന്നുപോയത്.ആദ്യ ഭർത്താവ് നേരത്തേ മരണപ്പെട്ടു.മക്കൾ ശത്രുജനങ്ങളുടെ വാളുകൾക്കിരയായി ശഹീദ് പദവി വരിച്ചു.മകൻ അയ്മൻ ഹുനൈൻ സമരത്തിലും ഭർത്താവ് സൈദുബ്നു ഹാരിസ മുഅതത് പോരാട്ടത്തിലും വിട്ടുപിരിഞ്ഞുപോയി.അപ്പോഴെല്ലാം ക്ഷമയുടെ കവചത്താലും നാളെയുടെ സൗഭാഗ്യചിന്തയാലും ഉമ്മുഐമൻ സമാധാനചിത്തയായി. തന്റെ പ്രിയപ്പെട്ട മക്കളെ ആ ഉമ്മ നന്മയുടെ വഴിയിലേക്ക് അയച്ചു.മഹതിയുടെ യഥാർഥനാമം ബറക എന്നാണ്.
വലിയ സൽസ്വഭാവിയായിരുന്നു മഹതി.ഒരിക്കൽ ബീവിയോടെ ഭർത്താവ് മരണപ്പെട്ട സമയം, റസൂൽ(സ്വ) പറഞ്ഞു:" സ്വർഗ്ഗാവകാശികളിൽപെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഭാഗ്യമുള്ളവരാകാൻ ആഗ്രഹിക്കുന്നവർ ഉമ്മുഐമനെ വിവാഹം കഴിക്കട്ടെ." ഉമ്മ മരിച്ചപ്പോൾ ഉമ്മയായിനിന്ന മഹതിക്ക് തിരുനബി(സ്വ) സ്വമാതാവിനോടെന്ന പോലെ പരിഗണനകൾ നൽകിയിരുന്നു.
റസൂലിന്റെ(സ്വ) വിയോഗശേഷം ഒരിക്കൽ അബൂബക്കർ (റ) ഉമറിനോട് പഴഞ്ഞു:" നബി(സ്വ) സന്ദർശിച്ചിരുന്നതുപോലെ നമുക്ക് ഉമ്മുഐമനടുത്ത് ചെന്ന് കുശലം അന്വേഷിക്കാം. അവർ യാത്ര തുടങ്ങി.ബീവിയുടെ അരികിലെത്തിയപ്പോൾ മഹതി പൊട്ടിക്കരഞ്ഞു. "എന്തിനാണുമ്മാ കരയുന്നത്? അല്ലാഹുവിനരികിലുള്ളത് തിരുനബിക്ക്(സ്വ) സന്തുഷ്ടകരമായത് മാത്രമാണല്ലോ".മഹതി കരഞ്ഞുകൊണ്ട് പറഞ്ഞു: " അത് അറിയാത്തത് കൊണ്ടല്ല എന്റെ കണ്ണുനീർ, ആകാശ ലോകത്ത് നിന്ന് ദിവ്യസന്ദേശം നിലച്ചു പോയല്ലോ എന്ന ആലോചനയാണ് കണ്ണുകളെ ഈറനണിയിക്കുന്നത് ". ഇത് കേൾക്കെ, അബൂബക്കറും ഉമറും(റ) കരയാൻ തുടങ്ങി.

