സൗന്ദര്യവതിയായിരുന്നില്ല സൗദ. അങ്ങനെ വിവാഹവും നീണ്ടുപോയി. ഒടുവിൽ ഒരു തുണയെത്തിയത് യൗവനത്തിന്റെ അവസാന കാലം. സക്റാന് ബ്നു അംറിനൊപ്പം മഹതി സന്തോഷകരമായ ജീവിതം തുടങ്ങി. മക്കയിൽ തിരുനബി സത്യമതദർശനവുമായി വന്നപ്പോൾ ആ കുടുംബം വിശ്വസിച്ചു. അവരെയും ഖുറൈശികൾ വേട്ടയാടി.
മർദ്ദനം സഹിക്കാനാകാതെ അബിസീനിയയിലേക്ക് പലായനം ചെയ്ത മക്കയിലെ വിശ്വാസികളിൽ ആ ദമ്പതികളും ഉണ്ടായിരുന്നു. മറ്റൊരു നാട്ടിലെ ജീവിതം തന്ന പരീക്ഷണങ്ങൾ, നല്ല മനസ്സോടെ നേരിട്ടു ആ കുടുംബം. അങ്ങനെയിരിക്കെ മക്കയിൽ ഇസ്ലാം ശക്തിപ്പെട്ടു എന്ന വാർത്ത അബിസീനിയയിൽ പരന്നു. അവർ തിരിച്ച് ജന്മനാട്ടിലേക്ക് കപ്പൽകയറി. മദീനയിലെത്തിയ ഉടനെ സൗദയുടെ ഭർത്താവ് ഇഹലോകത്തോട് വിട പറഞ്ഞു. ചെറിയ ജീവിതത്തിൽ ക്ഷമയുടെ അധ്യായങ്ങൾ തുറക്കപ്പെടുകയാണ്. മഹതി എല്ലാം അല്ലാഹുവിൽ ഏൽപിച്ചു. ഇനി തന്നെ ആരും വിവാഹം ചെയ്യാൻ സാധ്യതയില്ല. വയസ്സ് അമ്പത് കഴിഞ്ഞു.
ഒരുദിവസം കാതുകൾക്ക് വിശ്വസിക്കാനാകാത്ത ഒരു വാർത്ത ആ വിധവയെ തേടിയെത്തി. വൃത്താന്തവുമായി വന്നത്, ഉസ്മാനുബ്നു മള്ഊന്റെ ഭാര്യ ഖൗല ബിൻതു ഹകീം. "അല്ലാഹുവിന്റെ ദൂതരെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് സമ്മതമാണോ എന്നറിയാൻ അയച്ചതാണ് എന്നെ". സൗദ കരഞ്ഞുപോയി. എത്ര ഉന്നതമായ മനസ്സാണെന്റെ പ്രവാചകരുടെത്. ആ പത്നീ പദം അലങ്കരിക്കുക വഴി താനിതാ ധന്യയാകുന്നു. ആ ഭാഗ്യം, കനിഞ്ഞ അല്ലാഹുവിനാകുന്നു സ്തുതികൾ. പ്രിയ പത്നി ഖദീജയുടെ വേർപാടിന് ശേഷം, തിരുനബി മറ്റൊരു വിവാഹവും ചെയ്തില്ല. അങ്ങനെയിരിക്കയാണ് "സൗദയെ വിവാഹം ചെയ്തുകൂടേ.." എന്ന നിർദ്ദേശവുമായി ഖൗല വരുന്നത് . ഇസ്ലാമിനു വേണ്ടി ഒരുപാട് ക്ലേശങ്ങൾ സഹിച്ച വനിതയാണ് സൗദ. അവരുടെ നന്മയാണപ്പോൾ തിരുദൂതർ ഓർത്തത്.
വിധവയായ സൗദയ്ക്ക് തിരുനബി ഒരു പുതിയ ജീവിതമേകുന്നു എന്ന വാർത്ത, മക്ക വിസ്മയത്തോടെയാണ് കേട്ടത്. അധികമാരും അത് വിശ്വസിച്ചത് പോലുമില്ല. സൗന്ദര്യമില്ലാത്ത, യൗവനം പടി കടന്നുപോയ ഒരു വൃദ്ധയെയാണോ വിവാഹം ചെയ്യുന്നത് എന്ന് പലരും പരസ്പരം ചോദിച്ചു.
തിരുനബിയെ ശ്രദ്ധാപൂർവം പരിചരിക്കുന്നതിൽ മഹതി സൗദ വിജയിച്ചു. കുഞ്ഞുങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധിച്ചും വീട്ടുകാര്യങ്ങൾ ഏറ്റെടുത്തും അവർ മുന്നിൽനടന്നു. തിരുദൂതരുടെ മനസ്സിൽ ആഹ്ലാദം പകർന്നു. വലിയ ഉദാരമതിയായിരുന്നു മഹതി. ഒരിക്കൽ ഖൈബർ യുദ്ധാനന്തരം, ലഭിച്ച ഈത്തപ്പഴവും ഗോതമ്പും സ്വന്തമായി ഉപയോഗിക്കാതെ പാവങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു സൗദാ ബീവി. അന്നന്നേക്കുള്ള ആവശ്യം കഴിഞ്ഞ് ബാക്കിയായത് ഒട്ടും വൈകാതെ അശരണർക്ക് നൽകും. തിരുദൂതരുടെ വഫാതിന് (മരണം) ശേഷം അതീവ സൂക്ഷ്മവതിയായി, എല്ലാ വനിതകൾക്കും മാതൃകയായി ബീവി ജീവിച്ചു. മരിച്ച് യാത്രയാകുമ്പോൾ തന്റേതായി ഒരു സ്വത്തും ബാക്കിവെച്ചില്ല. വെളിച്ചമുള്ള അധ്യായമായി ആ ജീവിതത്തെ, ലോകം വാഴ്ത്തി.

