"താങ്കളും പോരുകയാണോ, ഉസ്മാൻ?" തിരുനബിയുടെ ചോദ്യം. കാരണം തന്റെ പ്രിയപ്പെട്ട പത്നി ഇപ്പോൾ തീരെ അവശയാണ്. ഈ സമയത്ത് യുദ്ധമുഖത്തേക്ക് പോകുന്നതിനെക്കാൾ അഭികാമ്യം ഭാര്യക്ക് ആശ്വാസമായി കൂടെ നിൽക്കുന്നതാണെന്നാണ് തിരുദൂതർ ആ ചോദ്യത്തിലൂടെ പറയുന്നത്. അങ്ങനെ ഉസ്മാൻ വീട്ടിലേക്ക് തിരികെനടന്നു. തിരുനബിയുടെ മരുമകനാണ് ഉസ്മാൻ. നിഴലായി എപ്പോഴും അദ്ദേഹം തിരുനബിയുടെ കൂടെ നിന്നു.
എല്ലായ്പ്പോഴുമുള്ള തിരുദൂതരുടെ ഉപദേശം സമാധാനം ആഗ്രഹിക്കുവാനാണ്. പക്ഷേ മറുപക്ഷത്തെ ആളുകൾ വിടാൻ ഒരുക്കമല്ല. അപ്പോൾ പിന്നെ പ്രതിരോധിക്കുകയാണ് മാർഗം. അങ്ങനെ പ്രിയപ്പെട്ട കൂട്ടുകാരും തിരുനബിയും ബദ്റിലേക്ക് പോവുകയാണ്. ഇപ്പോൾ തന്റെ സഹായം ഏറ്റവും ആവശ്യമുള്ള സമയമാണ്. പക്ഷേ, ഇപ്പോൾ തൻ്റെ ദൗത്യം ഭാര്യയുടെ കൂട്ടിരിക്കലാണ്. അത് ഭംഗിയായി നിറവേറ്റണം.
തിരുനബിയുടെ മകളും തന്റെ നല്ലപാതിയുമായ റുഖിയ്യ, വല്ലാതെ തളർന്ന അവസ്ഥയിലാണ്. ആശ്വാസമേകി ഉസ്മാൻ പ്രിയപ്പെട്ടവളുടെ അവസാന നേരങ്ങൾക്ക് സാന്ത്വനമായി. "ലാ ഇലാഹ ഇല്ലല്ലാഹ്...." അവസാനമൊഴിയും അടർന്നുവീണു. മഹതിയുടെ പ്രാണൻ പ്രിയപ്പെട്ടവനെ പിരിഞ്ഞു. ഉസ്മാന്റെ ഉള്ളം വിങ്ങി. ഞാനീ നേരത്ത് കൂടെയുണ്ടായത് എത്ര നന്നായി. തിരുനബി എല്ലാം നേരത്തെ അറിഞ്ഞിരിക്കുന്നു.
ഖബറടക്കം കഴിഞ്ഞ് തിരികെ നടക്കുമ്പോൾ, അതാ വരുന്നു സൈദ് ബിൻ ഹാരിസ. മുസ്ലിംകൾ വിജയിച്ചിരിക്കുന്നു, ബദ്ർ കീഴടങ്ങിയിരിക്കുന്നു. വൈകാതെ തിരുനബിയും എത്തി. അവിടുന്ന് ഉസ്മാനോട് സലാം ചൊല്ലി. വിവരങ്ങൾ തിരക്കി. നേരെ ഖബർസ്ഥാനിലേക്ക് നടന്നു. തന്റെ പ്രിയപ്പെട്ട മകളുടെ ചാരത്തിരുന്നപ്പോൾ ആ നയനങ്ങൾ വിതുമ്പി.
ബദ്ർ യുദ്ധത്തിന് പോയ കൂട്ടുകാരോടൊപ്പമായിരുന്നു ഉസ്മാൻ്റെ ഹൃദയവും. തിരുനബി ആ മഹത്തായ ധർമസമരത്തിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഉന്നതമായ സ്ഥാനം അദ്ദേഹത്തിനും നൽകി. പിൽക്കാലത്ത് പല പ്രധാന ഘട്ടങ്ങളിലും തിരുദൂതരും അനുയായികളും മദീനയുടെ പുറത്തേക്ക് പോകുമ്പോൾ, രാജ്യത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിച്ച് കാവൽ നിന്നത് ഉസ്മാനായിരുന്നു.
മദീനയുടെ ചുറ്റും ആക്രമണങ്ങൾക്കായ് പതിയിരിക്കുന്ന ഒരുപാട് പേരുണ്ട്. ഏത് സമയവും അവർ ചാടിവീഴും. അപ്പോൾ തീരുമാനങ്ങൾ എടുക്കാൻ പക്വതയുള്ള ഒരു നല്ല നേതാവിനെ കാര്യങ്ങൾ ഏൽപിച്ചു പോകേണ്ടത് അനിവാര്യമാണ്. മദീനയുടെ കാവലാളായി തിരുനബി തിരഞ്ഞെടുത്തത് ഉസ്മാനെയാണ്. ആ ദൗത്യം അവിടുന്നു മനോഹരമായി നിറവേറ്റി.

