ഭർത്താവിനെയും കുഞ്ഞുമകനെയും തന്നിൽ നിന്ന് അടർത്തിമാറ്റിയ രംഗം ഓർത്ത്, ഉമ്മുസലമ അന്നും കണ്ണീരണിഞ്ഞു. മക്കയോട് വിട ചൊല്ലിയ സമയമായിരുന്നു അത്. വിശ്വാസവും കൊണ്ടുള്ള പലായനം.
ഖുറൈശികളുടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ മദീനയിലേക്കന്ന് യാത്രക്കൊരുങ്ങിയ ഞങ്ങൾ! പ്രിയ ഭർത്താവ് അബൂസലമ ഒരു ഒട്ടകത്തെ തയ്യാറാക്കി. എന്നെ അതിൻ്റെ പുറത്ത് കയറ്റി. കുഞ്ഞായ സലമയെ മടിയിൽ വെച്ചുതന്നു. ഒട്ടകത്തെ തെളിച്ച് അദ്ദേഹം മുന്നിൽനടന്നു.
ഉമ്മുസലമ ഓർക്കുകയാണ്. അന്ന് എൻ്റെ കുടുംബക്കാരായ മഖ്സൂം വംശത്തിലെ ചിലയാളുകൾ, വഴി തടഞ്ഞു. അബൂസലമയോട് അവർ ആക്രോശിച്ചു: "നീ ഞങ്ങളെ തോൽപിച്ചു. നിനക്ക് വേണമെങ്കിൽ പോകാം. പക്ഷേ ഇവൾ ഞങ്ങളുടെ കുടുംബക്കാരിയാണ്. അവളെ കൊണ്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല”
അവർ ഭർത്താവിനെയും എന്നെയും അകറ്റി. അപ്പോൾ ഭർത്താവിൻ്റെ കുടുംബക്കാരായ അബ്ദുൽ അസദ് ഗോത്രക്കാർ അങ്ങോട്ടെത്തി. "ഞങ്ങളുടെ കുടുംബക്കാരനിൽ നിന്ന് അവന്റെ ഭാര്യയെ നിങ്ങൾ ബലമായി പിടിച്ചു കൊണ്ടുപോകുന്നു. അതുകൊണ്ട് കുട്ടിയെ ഞങ്ങൾ വിട്ടുതരില്ല. അത് ഞങ്ങളുടെ കുട്ടിയാണ്. ഞങ്ങൾക്കാണ് കൂടുതൽ അവകാശം.
കുഞ്ഞിന് വേണ്ടിയുള്ള പിടിവലിയായി പിന്നെ. കുട്ടിയുടെ കൈക്ക് പരിക്കേറ്റു. അസദുകാർ സലമയെ പിടിച്ചുകൊണ്ടുപോയി.
മദീനയിലേക്ക് പോകുകയല്ലാതെ ഭർത്താവിന് മറ്റുവഴികൾ ഇല്ലായിരുന്നു. കുഞ്ഞിനെ ഗോത്രക്കാർ കൊണ്ടുപോവുകയും ചെയ്തു. താൻ ഭീകരമായി ഒറ്റപ്പെട്ടിരിക്കുന്നു.
ഉമ്മുസലമയുടെ ഏകാന്തജീവിതം ഒരു കൊല്ലം പൂർത്തിയായി. ആ സമയം അലിവ് തോന്നിയ കുറച്ചു ബന്ധുക്കൾ മഹതിയുടെ കുടുംബക്കാരോട് സംസാരിച്ചു; "നിങ്ങൾ കാരണം ഉമ്മു സലമക്ക് ഭർത്താവും മകനും നഷ്ടമായി. ഈ ദുരിതത്തിന് ഇനിയെങ്കിലും അവസാനം വേണം. ഒടുവിൽ ബീവിക്ക് ഭർത്താവിൻ്റെ അടുക്കലേക്ക് പോകാൻ സമ്മതം കിട്ടി. പക്ഷേ മകൻ ഇപ്പോഴും അസദ് ഗോത്രക്കാരുടെ കയ്യിലാണ്. കുഞ്ഞിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നുമില്ല.
അവിടെയും മധ്യസ്ഥരുടെ സഹായം ഉണ്ടായി. അസദ് ഗോത്രക്കാരോട് സംസാരിച്ച് അവരെ കാര്യം മനസ്സിലാക്കിച്ചു. കുഞ്ഞിനെ കൈയിൽ കിട്ടിയപ്പോൾ ബീവി ഇനിയും അപകടങ്ങൾ ഉണ്ടാകും എന്ന് ഭയന്ന് വേഗം തന്നെ മദീനയിലേക്ക് പുറപ്പെട്ടു.
നീണ്ട വേർപാട് തീർത്ത വിരഹ വേദനകൾക്ക് അങ്ങനെ ശമനമായി. ആ കുടുംബം ഒന്നിച്ചു. അബൂസലമ വലിയ വിശ്വാസിയായിരുന്നു. നന്മ തേടിയുള്ള എല്ലാ സമരങ്ങളിലും തൻ്റെ സാന്നിധ്യം അറിയിച്ചു. ഒടുവിൽ ഉഹ്ദ് യുദ്ധത്തിൽ സാരമായി പരിക്കേറ്റ മഹാൻ പതിയെ വിട പറഞ്ഞു. പക്ഷേ അല്ലാഹു മഹതിക്ക് വലിയ ഭാഗ്യം നൽകി. വിധവയായ ഉമ്മുസലമയെ, തിരുനബി വിവാഹം ചെയ്തു.

