തിരുനബിയുടെ വളർത്തുമ്മയായിരുന്നു ഉമ്മു ഐമൻ. സ്വന്തം ഉമ്മയെപ്പോലെ തിരുദൂതർ അവരെ ജീവിതത്തിലുടനീളം പരിഗണിച്ചു. പ്രവാചകർ തമാശയ്ക്ക് പോലും കളവ് പറഞ്ഞിട്ടില്ല. സത്യമുള്ള തമാശകൾ പറഞ്ഞിട്ടുണ്ട്. ഉമ്മു ഐമനെന്ന ഉമ്മയോട് സ്നേഹത്തോടെ അങ്ങനെ സംസാരിച്ചിരുന്നു.
ഒരിക്കൽ മദീനയിലേക്ക് പോകുന്നതിനു മുമ്പ്, ഉമ്മുഐമൻ തിരുദൂതരോട് പറഞ്ഞു:"അല്ലാഹുവിൻ്റെ ദൂതരേ, എന്നെ വാഹനത്തിൽ കയറ്റിയാലും"
യാത്രയ്ക്കായി ഒരു വാഹനം തയ്യാറാക്കിക്കൊടുക്കാനാണ് ആവശ്യം.
"പെണ്ണൊട്ടകത്തിന്റെ കുട്ടിയുടെ പുറത്ത് കയറ്റാം" എന്നായിരുന്നു തിരുനബിയുടെ മറുപടി.
“അത് എനിക്ക് വേണ്ട, അതിന് എന്നെ താങ്ങാൻ ആവില്ല”, ഉമ്മ പരിഭവം പറഞ്ഞു.
ഏത് ഒട്ടകവും ഒരു പെണ്ണൊട്ടകത്തിന്റെ കുട്ടി ആണല്ലോ. വയസ്സായാലും തള്ളക്ക് കുട്ടി, കുട്ടി തന്നെ. ഉമ്മ തിരുനബിയുടെ തമാശ മനസ്സിലാക്കിയില്ല. ഉമ്മയുടെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് തിരുദൂതർ വീണ്ടും പറഞ്ഞു. "പെണ്ണൊട്ടകത്തിന്റെ കുട്ടിയുടെ പുറത്തല്ലാതെ കയറ്റില്ല"
വിധവയായ ബറകക്ക് ഏറ്റവും നല്ല ഭർത്താവിനെയാണ് തിരുനബി നൽകിയത്. ഒരുദിവസം അവർ കടന്നുവരുമ്പോൾ, തിരുദൂതർ പറഞ്ഞു:" സ്വർഗാവകാശിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഉമ്മുഐമനെ സ്വീകരിക്കട്ടെ". ആ വലിയ അവസരം സൈദ് ബ്നു ഹാരിസ ആവേശത്തോടെ സ്വീകരിച്ചു.
ഉമ്മുഐമന്, ചിലപ്പോൾ സംസാരത്തിൽ ഉച്ചാരണതെറ്റുകൾ വരുമായിരുന്നു. ‘അസ്സലാമു അലൈകും’ എന്നു പറയേണ്ടിടത്ത്, ലാ സലാം അലൈക എന്ന് പറഞ്ഞു പോകാറുണ്ടായിരുന്നു. മഹതിക്ക് ആശ്വാസമായി ഒരിക്കൽ തിരുനബി പറഞ്ഞു: "ഉമ്മ, ‘അസ്സലാം’ എന്ന് പറഞ്ഞാൽ മതി"
നീഗ്രോ വംശജയായിരുന്നു ബറക. എതോപ്യയാണ് ദേശം. തിരുനബിയെ താലോലിച്ചും ശുശ്രൂഷിച്ചും പോറ്റാനുള്ള മഹാഭാഗ്യം ലഭിച്ച വനിതയാണ് ബീവി. തിരുനബിയാണ് ബറകക്ക് അടിമത്തമോചനം നൽകിയത്. തുടർന്ന് ഉബൈദുബ്നു സൈദ് എന്നയാളെ ഭർത്താവായി സ്വീകരിച്ചു. അതിൽ ഐമൻ എന്നൊരു കുട്ടി ജനിച്ചു. അങ്ങനെ ബറക ഉമ്മുഐമനായി.
തിരുനബിക്ക് പ്രവാചകത്വം ലഭിച്ചപ്പോൾ, അവർ വിശ്വാസിനിയായി. എന്നാൽ ഭർത്താവ് ഇസ്ലാമിലേക്ക് വരാൻ കൂട്ടാക്കിയില്ല. അവർ പരസ്പരം പിരിഞ്ഞു. സത്യത്തെ നിഷേധിച്ച് ബന്ധം തുടരാൻ ബീവി ആഗ്രഹിച്ചില്ല.
അധിക യുദ്ധങ്ങളിലും ഉമ്മുഐമൻ പങ്കെടുത്തു. പരിക്കേറ്റവരെ ശുശ്രൂഷിക്കലും വെള്ളം വിതരണം ചെയ്യലുമായിരുന്നു പ്രധാന ജോലി. ഖൈബർ, ഹുനൈൻ യുദ്ധങ്ങളിൽ ബീവിയുടെ സേവനം സ്തുത്യർഹമായിരുന്നു. ആ ത്യാഗങ്ങൾ പരിഗണിച്ച് തിരുനബി പ്രത്യേക സമ്മാനങ്ങൾ ഉമ്മക്ക് കൊടുത്തയക്കുമായിരുന്നു.

