എല്ലാ വിജ്ഞാന ശാഖകളിലും ഇബ്നു അബ്ബാസിന് വ്യുൽപ്പത്തിയുണ്ടായിരുന്നു. പക്ഷേ കൂടുതൽ ആഴ്ന്ന അറിവ് ഫിഖ്ഹ്, തഫ്സീർ ഹദീസുകളിലായിരുന്നു. അഥവാ കർമ്മശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, നബിവചന ശാസ്ത്രം.
ഇത്ര ആഴത്തിൽ എങ്ങനെ പഠിക്കാൻ ഇബ്നു അബ്ബാസിന് സാധിച്ചു. തിരുനബി വിയോഗപ്പെടുമ്പോൾ വയസ്സ് പതിമൂന്നാണെന്ന് പറഞ്ഞു. ചുരുങ്ങിയ കാലമാണ് നബിക്കൊപ്പം ഉണ്ടായത്. എന്നിട്ടും അറിവിന്റെ ഗോപുരം താണ്ടാനും സമശീർഷരെ നോക്കുകുത്തിയാക്കി മുന്നേറാനും സാധിച്ചതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. നാം സൂചിപ്പിച്ചതുപോലെ ഒന്നാമത്തെ കാരണം തിരുനബിയുടെ പ്രാർത്ഥന തന്നെ. രണ്ടാമത്തത് പൂർണ്ണസമയം നബിക്കൊപ്പം വിനിയോഗിച്ചു എന്നത്; യാത്രയിലും നാട്ടിലും വീട്ടിലും വീട്ടിനു പുറത്തുമൊക്കെ നബിയെ വിടാതെ പിൻപറ്റി. മൂന്നാമതായി ഉമർ, അലി എന്നിവരെ നന്നായി ഉപയോഗപ്പെടുത്തി. സഹാബികളിൽ പ്രമുഖരാണല്ലോ ഇവർ. ഇവരിൽ നിന്ന് നേടിയെടുക്കാൻ പലതും ഉണ്ടായിരുന്നു. ഇബ്നു അബ്ബാസ് തന്നെ പറയുന്നുണ്ട്: `രാജ്യങ്ങൾ പലതും ഇസ്ലാമിന് കീഴടങ്ങിയപ്പോൾ ജനങ്ങളിൽ പലരും ഭൗതികതയിലേക്ക് തിരിഞ്ഞു. ഞാനാകട്ടെ ആ സമയം ഉമറിലേക്കാണ് തിരിഞ്ഞത്. അദ്ദേഹത്തെ നന്നായി ഉപയോഗപ്പെടുത്തി`. ഉമറിൽ നിന്ന് ലഭിച്ച നബി വചനങ്ങൾക്ക് കണക്കില്ലായിരുന്നു. ഉബയ്യുബ്നു കഅ്ബിനെയും ഇബ്നു അബ്ബാസ് ഫോളോ ചെയ്തിരുന്നു. ഖുർആൻ പണ്ഡിതനായിരുന്നല്ലോ ഉബയ്യ്.
ആരിൽ നിന്നും പഠിക്കാനുള്ള ത്വര ഇബ്നു അബ്ബാസിനെ വേറിട്ട് നിർത്തി. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്, അത് എവിടെ കണ്ടാലും റാഞ്ചി എടുക്കുക. ഇതായിരുന്നു ഇബ്നു അബ്ബാസിന്റെ തിയറി.
തിരുനബി വിടവാങ്ങിയപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാളോട് ഇബ്നു അബ്ബാസ് പറഞ്ഞതിങ്ങനെ: "വരൂ നമുക്ക് നബിസഹചരോട് ചോദിച്ചു പഠിക്കാം. അവർ ഇന്ന് വളരെ കൂടുതൽ പേർ നമുക്കിടയിൽ ഉണ്ട്".
ഇതിന് അൻസ്വാരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഇബ്നു അബ്ബാസ് നിൻ്റെ കാര്യം അതിശയം തന്നെ. നബി സഹചരിൽ പ്രമുഖരുള്ളപ്പോൾ ആളുകൾക്ക് എന്തിന് നിന്നെ തേടി വരണം?”
അൻസ്വാരിയുടെ വീക്ഷണം ഇടുങ്ങിയതായിരുന്നു. പക്ഷേ ഇബ്നു അബ്ബാസ് ഉയർന്ന് ചിന്തിച്ചു. അദ്ദേഹം പറയട്ടെ: ഞാൻ അൻസ്വാരിയുടെ വാക്ക് തള്ളി. നബിസഹചരോട് ചോദിച്ചു പഠിക്കുവാനായി അരങ്ങത്തിറങ്ങി.
ആരുടെയെങ്കിലും കൈവശം ഒരു നബി വചനം ഉണ്ട് എന്ന് കേട്ടാൽ അദ്ദേഹത്തിൻ്റെ വീട്ടുപടിക്കൽ ഞാൻ എത്തും .അദ്ദേഹം ചിലപ്പോൾ പകൽ സമയത്തെ നിദ്രയിൽ ആയിരിക്കും. പക്ഷേ ഞാൻ തിരിച്ചു പോരില്ല. ആ വാതിൽ പടി തലണിയാക്കി അവിടെ തങ്ങും. കാറ്റടിച്ചു വീശും.വഴിയിലെ മണ്ണ് എൻ്റെ ദേഹത്ത് വന്നു വീഴും. ഒന്നും ഞാൻ കാര്യമാക്കില്ല. ഹദീസ് ലഭിക്കാനുള്ള അത്യാർത്തിയായിരുന്നു എനിക്ക്.
അയാൾ ഉണർന്ന് എണീക്കും. കതക് തുറക്കുമ്പോൾ എന്നെ കാണും. അദ്ദേഹം പരുങ്ങലോടെ പറയും: "തിരുദൂതരുടെ പിതൃവ്യപുത്രാ എന്തിനാണ് ഇങ്ങോട്ട് വന്നത്? ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നില്ലയോ?
ഞാൻ പറയും: ആവശ്യം എന്റേതാണ്. അതിനാൽ ഞാൻ ഇങ്ങോട്ട് വരാനാണ് അർഹതപ്പെട്ടിരിക്കുന്നത്. അങ്ങനെ അദ്ദേഹത്തോട് ഹദീസിനെ പറ്റി ചോദിക്കും. വിഷയങ്ങൾ പഠിച്ചെടുക്കും ഇതായിരുന്നു എൻ്റെ രീതി.
പിൽക്കാലത്ത് ആ അൻസ്വാരീ സുഹൃത്ത് എൻ്റെ ചുറ്റും ചോദ്യങ്ങളുമായി വിജ്ഞാന കുതുകികൾ തമ്പടിച്ചിരിക്കുന്നത് കാണുന്ന അവസ്ഥയുണ്ടായി. പക്ഷേ അദ്ദേഹം അസൂയപ്പെട്ടില്ല. നിഷ്ക്കഭടനായിരുന്നു അയാൾ. ആളുകളോട് അദ്ദേഹം പറയും:`ഈ ചെറുപ്പക്കാരനോട് ചോദിക്കൂ, എന്നെക്കാൾ എത്രയോ ബുദ്ധിമാനാണ് അദ്ദേഹം'
അൻസാരികളെ ഇബ്നു അബ്ബാസ് നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. തിരുനബിയുടെ വചനങ്ങളിൽ മിക്കതും അൻസാരികളിലെ ചില ഗോത്രത്തിരികിൽ ഉണ്ടെന്ന് അദ്ദേഹം പറയാറുണ്ട്.
ഇബ്നു അബ്ബാസ് തന്നെ പറയട്ടെ: "ഞാൻ പ്രമുഖരായ അൻസ്വാരീ മുഹാജിരീ സ്വഹാബികളോട് തിരുനബിയുടെ യുദ്ധ ചരിത്രങ്ങളെകുറിച്ച് അന്വേഷിച്ചിരുന്നു. അതുപോലെ ആ വിഷയകമായി ഇറങ്ങിയ ഖുർആൻ വാക്യങ്ങളെ കുറിച്ചും ചോദിക്കും. 'അവരെ ഞാൻ സമീപിക്കുമ്പോൾ വല്ലാത്ത സന്തോഷമാണവർക്കുണ്ടായിരുന്നത്. നബിയോടുള്ള എൻ്റെ കുടുംബബന്ധമായിരുന്നു കാരണം".
ഒരിക്കൽ ഉബയ്യുബ്നു കഅ്ബിനോട് ഞാൻ ഇങ്ങനെ ചോദിച്ചു. അദ്ദേഹം ദൃഢജ്ഞാനിയായിരുന്നു. മദീനയിൽ ഇറങ്ങിയ അധ്യായങ്ങൾ എത്രയാണ്? അദ്ദേഹത്തിന്റെ മറുപടി 23 സൂറത്തുകൾ എന്നാണ്. ബാക്കിയെല്ലാം മക്കിയ്യാകുന്നു .
