അലിയുമായി ഗാഢ ബന്ധം ഉണ്ടായിരുന്നതുപോലെ അലിയുടെ പുത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവരുമായും ഇബ്നു അബ്ബാസിന് വലിയ ബന്ധം ഉണ്ടായിരുന്നു. അവർക്ക് ഗുണം ഉണ്ടാകണമെന്ന ഉദ്ദേശ്യം അദ്ദേഹം ഏത് സമയത്തും മനസ്സിൽ സൂക്ഷിച്ചു. പ്രധാന ഘട്ടങ്ങളിലെല്ലാം ഉപദേശ നിർദേശങ്ങളുമായി സമീപിച്ചു. ഹുസൈനെ ജനങ്ങൾ കൂഫയിലേക്ക് ക്ഷണിക്കുന്ന ഒരു പ്രത്യേക സാഹചര്യമുണ്ടായി. ധാരാളം കത്തുകൾ അവർ അയച്ചു. നിരന്തരമായി എത്തിച്ചേരാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ഇബ്നു അബ്ബാസ് ഇടപെടുന്നുണ്ട്. ഹുസൈൻ്റെ അരികിലേക്ക് കടന്നുവന്നു. ഇബ്നു അബ്ബാസ് ചോദിച്ചു: "ഞാൻ കേട്ടത് ശരിയാണോ പിതൃവപുത്രാ, താങ്കൾ ഇറാഖിലേക്ക് നീങ്ങുകയാണോ? വസ്തുത എന്താണ്?." ഹുസൈൻ പറഞ്ഞു: "അതെ, ഞാൻ യാത്ര തിരിക്കാൻ തീരുമാനിച്ചു." അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: "അവർ അവരുടെ ഭരണാധികാരിയെ കൊലപ്പെടുത്തുകയോ ശത്രുക്കളെ നാടുകടത്തുകയോ സ്വന്തം രാജ്യം സുരക്ഷിതമാക്കുകയോ ചെയ്തതിനുശേഷമാണോ താങ്കളെ ക്ഷണിക്കുന്നത്? എങ്കിൽ താങ്കൾ പോവുക. അതല്ല, അവരുടെ അമീർ ജീവിച്ചിരിക്കുകയും അദ്ദേഹം അവർക്കുമേൽ ബലാൽക്കാരമായി നിയന്ത്രണം നടപ്പാക്കുകയും അദ്ദേഹത്തിൻ്റെ ഉദ്യോഗസ്ഥർ നാടുനീളെ നിലകൊള്ളുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഈ ക്ഷണമെങ്കിൽ അത് നല്ലതിനല്ല. കൊലപാതകവും നാശവും ആയിരിക്കും അതിൻ്റെ ഫലം എന്ന് ഞാൻ ഭയക്കുന്നു. ഒരിക്കലും അങ്ങയുടെ ജീവന് സുരക്ഷ ലഭിക്കുമെന്ന് തോന്നുന്നില്ല. ജനങ്ങളെ അങ്ങേക്കെതിരെ അവർ തിരിച്ചുവിടും. ആളുകളുടെ മനസ്സ് പെട്ടെന്ന് മാറും. ഇത് താങ്കൾക്ക് വലിയ ദോഷം ചെയ്യും."
വളരെ കൃത്യമായിരുന്നു ഇബ്നു അബ്ബാസിന്റെ കാഴ്ചപ്പാട്. പക്ഷേ തീരുമാനങ്ങളിൽ ഉറച്ചുപോയ ഹുസൈൻ പറഞ്ഞു: "ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അല്ലാഹുവിനോട് നല്ലതിനായി തേടി. ഇനി വരാനുള്ളത് വരും. എന്തായിരുന്നാലും മക്കത്ത് എന്നെ കൊല ചെയ്തു മക്കയുടെ പരിശുദ്ധിക്ക് കളങ്കം പുരട്ടുന്നതിനേക്കാൾ നല്ലത് മറ്റെവിടെയെങ്കിലും വെച്ച് അത് നടക്കുന്നതായിരിക്കും". ഇതുകേട്ടപ്പോൾ ഇബ്നു അബ്ബാസിന് മറുപടി ഉണ്ടായിരുന്നില്ല. അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അന്നത്തെ ദിവസം മനസ്സ് സംഘർഷഭരിതമായി. നബി പൗത്രനെ കൊലയ്ക്ക് കൊടുക്കുന്നതിന് സമാനമാണിത്. യാത്ര തടയാൻ വേണ്ടി കഴിവതും ശ്രമിക്കണം. നേരം വെളുത്തു. ഇബ്നു അബ്ബാസ് വീണ്ടും വന്നു പറഞ്ഞു: "എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഞാൻ ഒരു വിധം സങ്കടം കടിച്ചു പിടിക്കുകയാണ്. താങ്കളുടെ ഈ നീക്കത്തിൽ നാശം മുന്നിൽ കാണുന്നു. ഇറാഖി ജനത അത്ര വിശ്വസിക്കാൻ കൊള്ളുന്നവരെല്ല. അവർ ചതിക്കും. ഇറാഖുകാർ അവരുടെ ശത്രുക്കളെ മുഴുവനും നാടുകടത്തിയ ശേഷമാണ് താങ്കളെ വിളിച്ചുകൊണ്ടു പോകുന്നതെങ്കിൽ അർത്ഥമുണ്ട്. കുറച്ചെങ്കിലും സുരക്ഷ നമുക്ക് ധരിക്കാം. ഇനി താങ്കൾക്ക് യാത്ര പോയേ പറ്റുവെങ്കിൽ യമനിലേക്ക് നീങ്ങുക. അവിടെ സംരക്ഷണ കോട്ടകൾ ഉണ്ട്. മലവഴികളുണ്ട്, താങ്കളുടെ പിതാവിന്റെ താല്പര്യക്കാരും കുറെ ഉണ്ട്. അവിടെ എത്തിയാൽ ജനങ്ങളിൽ നിന്ന് താങ്കൾ വിട്ടുനിൽക്കുക. അവർക്ക് കത്തയച്ചു ആവശ്യമായ നിർദേശങ്ങൾ നൽകുക. ഇങ്ങനെയൊക്കെ ചെയ്താൽ തീർച്ചയായും താങ്കൾ പ്രതീക്ഷിക്കുന്നത് കൈപ്പിടിയിൽ ഒതുക്കാൻ വൈകാതെ സാധിക്കുമെന്ന് കരുതുന്നു."
പക്ഷേ ഹുസൈൻ പിന്തിരിയാൻ തയ്യാറായിരുന്നില്ല. അദ്ദേഹം പറഞ്ഞു: "എനിക്ക് താങ്കളുടെ ആത്മാർത്ഥതയിൽ വിശ്വാസം ഉണ്ട്. സ്നേഹത്തോടുകൂടിയുള്ള ഒരു ഉപദേശമാണ് താങ്കൾ നൽകുന്നത്. പക്ഷേ ഞാൻ തീരുമാനം ഉറപ്പിച്ചു കഴിഞ്ഞു. ഇനി പിന്തിരിയുന്നത് ഭീരുത്വമാണ്." ഒരിക്കലും പിന്നോട്ടില്ല എന്ന് തോന്നിയപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: :എങ്കിൽ താങ്കൾ ഒരു കാര്യം ചെയ്യുക, സ്വന്തം കുട്ടികളെയും സ്ത്രീകളെയും കൊണ്ടുപോകാതിരിക്കുക. തീർച്ചയായിട്ടും ഞാൻ ഭയക്കുന്നു; ഉസ്മാനിനെ കൊന്നത് പോലെ താങ്കൾ കൊല ചെയ്യപ്പെടുമെന്ന്; അത് കുട്ടികൾ കാണേണ്ടിവരും. സ്ത്രീകൾ കാണേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ഹൃദയഭേദകമായിരിക്കുമത്. ഏതായാലും അറേബ്യ വിട്ടുള്ള താങ്കളുടെ യാത്ര ഇബ്നു സുബൈറിന് സൗകര്യമായി." പിന്നെ താമസിച്ചില്ല. ഹുസൈൻ യാത്രതിരിച്ചു.
വിവരമറിഞ്ഞ് യസീദ് ഇബ്നു അബ്ബാസിന് ഒരു കത്ത് അയച്ചു: "ഹുസൈൻ വരുന്നുണ്ടെന്ന് കേട്ടു. ചിലർ അദ്ദേഹത്തെ താൽപര്യപ്പെടുത്തി വരുത്തുകയാണ്. അവരുടെ അവസ്ഥ താങ്കൾക്കറിയാമല്ലോ. താങ്കൾ കുടുംബത്തിലെ മുതിർന്ന ആളാണല്ലോ. ഒരു ഛിദ്രതയ്ക്ക് കളമൊരുക്കാതിരിക്കുക. അദ്ദേഹത്തിൻ്റെ ഈ യാത്ര തടയാൻ ശ്രമിക്കുക." ഇബ്നു അബ്ബാസ് മറുപടി അയച്ചു: "അനിഷ്ടകരമായ കാര്യം തന്നെയാണ് അദ്ദേഹത്തിൻ്റെ ഈ പുറപ്പാടിനെ തുടർന്നു ഞാനും പ്രതീക്ഷിക്കുന്നത്. പക്ഷേ ആവശ്യമായ ഉപദേശങ്ങൾ ഞാൻ നൽകാതിരുന്നിട്ടില്ല". ഇബ്നു അബ്ബാസ് വീണ്ടും പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന ഹുസൈനരികിൽ ചെന്നു. ദീർഘമായി സംസാരിച്ചു: "താങ്കൾ ദയവു ചെയ്തു ഇറാഖിലേക്ക് പോകരുത്. അത് ഏറ്റവും വലിയ ഒരു നാശമായിരിക്കും. അഥവാ പോകുന്നെങ്കിൽ തന്നെ ഹജ്ജ് സീസൺ കഴിഞ്ഞു പോവുക. ഹജ്ജിനു വരുന്ന ആളുകളിൽ നിന്ന് നമുക്ക് അഭിപ്രായമെടുക്കാം. എന്നിട്ട് ഒരു തീരുമാനത്തിൽ എത്താം". പക്ഷേ ഹുസൈൻ പോകാൻ തീരുമാനിച്ചിരുന്നു. യാത്ര തിരിക്കാൻ നിന്നതും ഇബ്നു അബ്ബാസ് പറഞ്ഞു: "അല്ലാഹുവിനെ തന്നെ സത്യം. ഭാര്യമാരുടെയും പെൺമക്കളുടെയും മുമ്പിലിട്ട് താങ്കളെ നാളെ കൊലചെയ്യുമെന്ന് തന്നെ ഞാൻ കരുതുന്നു. ഉസ്മാനിന്റെ രക്തത്തിന് പകരം താങ്കളോട് അവർ പ്രതികാരം വിട്ടും എന്നാണ് എൻ്റെ പേടി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ". അപ്പോൾ ഹുസൈൻ പറഞ്ഞു: "ഇബ്നു അബ്ബാസ്, താങ്കൾ പ്രായമായ ഒരു മനുഷ്യനായിരിക്കുന്നു." ഇബ്നു അബ്ബാസ് പറഞ്ഞു: "എനിക്കും താങ്കൾക്കും നാണക്കേട് വരുത്തില്ലായിരുന്നെങ്കിൽ എൻ്റെ കൈ താങ്കളുടെ തലയിൽ അമർത്തി നിർത്തി താങ്കളെ ഞാൻ പോകാൻ വിടുമായിരുന്നില്ല". ഹുസൈൻ പറഞ്ഞു: "മക്കത്ത് എന്നെ കൊലചെയ്യപ്പെട്ട് പവിത്രത നഷ്ടപ്പെടുത്തുന്നതിനേക്കാൾ ഒരുപക്ഷേ താങ്കൾ പറഞ്ഞിടത്തുള്ള വധമായിരിക്കും എനിക്ക് നല്ലത്". ഇത് കേട്ടപ്പോൾ ഇബ്നു അബ്ബാസ് കരഞ്ഞു. ഹുസൈൻ യാത്രയായി. അവസാനത്തെ സമാഗമമായി അത് മാറി. ഇബ്നു അബ്ബാസ് പ്രതീക്ഷിച്ചതുതന്നെ നടന്നു. അദ്ദേഹത്തിൻ്റെ അനുഭവജ്ഞാനം വള്ളി പുള്ളി തെറ്റിയില്ല.
