ഉമറുമായുള്ള ഇബ്നു അബ്ബാസിന്റെ അടുപ്പം പിതാവ് അബ്ബാസിൽ ആശങ്ക സൃഷ്ടിച്ചു. പുത്രൻ ഉമറിനോടുള്ള ആദരവിൽ കളങ്കിതനാകുമോ എന്ന പേടിയായിരുന്നു. ഉമർ ഉയർന്ന വ്യക്തിത്വമാണ്. ഇടപഴക്കുമ്പോൾ ശ്രദ്ധിക്കണം. അനാദരവ് വന്നാൽ അപകടമാണ്. സംസാരത്തിൽ സൂക്ഷിക്കണം. അനാവശ്യങ്ങൾ വന്നു പോകരുത്. അനർത്ഥങ്ങൾ വിളിച്ചുവരുത്തരുത്. അബ്ബാസ് ചിന്തിച്ചു. ഒരുദിവസം പുത്രനെ വിളിച്ചു ഉപദേശിച്ചു: മോനേ, നീ ശ്രദ്ധിക്കുക, പ്രമുഖരായ സ്വഹാബികൾക്കൊപ്പമാണ് നിന്നെ ഉമർ ഇരുത്തുന്നത്. മൂന്ന് കാര്യങ്ങൾ നീ സൂക്ഷിക്കുക, ഒരിക്കലും ഒരു രഹസ്യവും അദ്ദേഹത്തിനു മുമ്പിൽ വെളിപ്പെടുത്തരുത്. ഒരാളെക്കുറിച്ചും അദ്ദേഹത്തിനു മുമ്പിൽ പരദൂഷണം പറയരുത്. നിന്റെ പേരിൽ ഒരു കളവും പ്രചരിക്കുന്നതിന് ഇടവരുത്തരുത്. ഈ ഉപദേശത്തെ കുറിച്ചറിഞ്ഞ ശുഅബി ഇബ്നു അബ്ബാസിനോട് പറഞ്ഞു: വല്ലാത്ത ഉപദേശം! ഓരോ വാക്കും ആയിരത്തെ മികച്ചുനിൽക്കും. "ഇബ്നുഅബ്ബാസിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു: അല്ല, ഓരോ വാക്കും പതിനായിരത്തെ മികച്ചുനിൽക്കുന്നത് തന്നെ. പിതാവിന്റെ ഉപദേശം പൂർണ്ണമായി ഇബ്നു അബ്ബാസ് ശിരസ്സാവഹിച്ചു.
ഉമറിനോടുള്ള സമീപനം ഉൾഭയത്തോടെ മാത്രമായിരുന്നു. ഒരു വിഷയത്തെപ്പറ്റി ചോദിക്കാൻ രണ്ടുകൊല്ലം പേടിച്ചു നടന്ന അനുഭവമുണ്ട്. ഉമറിന്റെ ഗാംഭീര്യത തന്നെ കാരണം. ഇബ്നു അബ്ബാസ് പറയുന്നു: 'രണ്ടു കൊല്ലത്തിനു ശേഷം മക്കാ തീർത്ഥാടന സമയത്ത് ഉമറിനെ എനിക്ക് ഒഴിഞ്ഞുകിട്ടി'.
മറുളഹ്റാനിൽ വെച്ചായിരുന്നു അത്. എന്തോ ആവശ്യത്തിന് ഖലീഫ അവിടെ തങ്ങിയതാണ്. ഒറ്റയ്ക്കായിരുന്നു. ഞാൻ അവസരം മുതലെടുത്ത് പറഞ്ഞു: "അമീറുൽ മുഅ്മിനീൻ കഴിഞ്ഞ രണ്ടുകൊല്ലമായി ഒരു വിഷയത്തെ പറ്റി ചോദിക്കാൻ ഞാൻ കരുതുന്നു. അങ്ങയുടെ ഗാംഭീര്യഭാവം എനിക്ക് മുമ്പിൽ വിഘ്നം സൃഷ്ടിച്ചു".
ഉമർ പറഞ്ഞു: "നീ എന്തിനു മടിക്കണം. ഒരിക്കലും ഇനി അങ്ങനെ ചെയ്യരുത്. താല്പര്യമുള്ളപ്പോൾ ചോദിക്കുക. എനിക്കറിവുള്ളതാണെങ്കിൽ ഞാൻ പറഞ്ഞു തരും. ഇല്ലെങ്കിൽ അറിയില്ല എന്ന് പറയും, അറിവുള്ളവരോട് ചോദിക്കുകയും ചെയ്യും. ഖുർആനിൽ ഒരിടത്ത് നബിയുമായി ബന്ധപ്പെട്ട് വ്യംഗമായി പരാമർശം വന്ന രണ്ട് സ്ത്രീരത്നങ്ങളെപ്പറ്റിയായിരുന്നു ചോദ്യം. ഉമർ പറഞ്ഞു: അത് ആയിഷയും ഹഫ്സയുമാആകുന്നു".
അന്ത്യംവരെ ഉമറിനൊപ്പം ഇബ്നു അബ്ബാസ് ചേർന്നുനിന്നു. ശത്രുവിന്റെ കുത്തേറ്റ് ഉമർ കിടക്കുന്ന സമയം. വേദനകൊണ്ട് അസ്വസ്ഥമാണ്. ഇബ്നു അബ്ബാസ് കടന്നുചെന്നു. സമാശ്വാസ വചനങ്ങൾ ചൊരിഞ്ഞു: അമീറുൽ മുഅ്മിനീൻ എന്തിനു പേടിക്കണം. അങ്ങ് തിരുനബിയോടൊത്ത് ജീവിച്ചു. നബിയോടുള്ള സഹവാസം വളരെ സുന്ദരമായി നിർവഹിച്ചു. നബി പിരിയുന്നത് സംതൃപ്തനായിട്ടാണ്. പിന്നീട് അബൂബക്കറുമായും സഹവസിച്ചു. വളരെ ഭംഗിയായ സൗഹൃദം തന്നെയാണ് നിലനിർത്തിയത്. അദ്ദേഹവും വിടപറയുന്നത് അങ്ങയോടുള്ള പ്രീതി മനസ്സിൽ വച്ചാണ്. പിന്നീട് മറ്റു സഹാബികളോട് സൗഹൃദപ്പെട്ടു. അവരോടുള്ള സമ്പർക്കം അങ്ങ് വളരെ ഭംഗിയായിട്ടാണ് നിർവഹിച്ചിരിക്കുന്നത്. അഥവാ ഇനി അവരെ വിട്ടു പിരിയുകയാണെങ്കിൽ അവരെല്ലാവരും താങ്കളെ തൃപ്തിപ്പെട്ട അവസ്ഥയിലേ പിരിയേണ്ടി വരൂ. ഉമറിന്റെ മനസ്സ് കുളിർത്തു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞ തിരുനബിയുടെയും അബൂബക്കറിൻ്റെയും സഹവാസവും സംതൃപ്തിയും അല്ലാഹു എനിക്ക് കനിഞ്ഞേകിയ അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു. താങ്കളെയും താങ്കളുടെ കൂട്ടുകാരെയും ഓർത്തുകൊണ്ടാണ് സത്യത്തിൽ ഞാൻ കരയുന്നത്. ഈ ഭൂമി നിറയെ എനിക്ക് സ്വർണം ലഭിച്ചിരുന്നുവെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവനെ കണ്ടുമുട്ടും മുമ്പ് അതെല്ലാം സമർപ്പിച്ച് രക്ഷപ്പെടാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ അതിന് ശ്രമിക്കുമായിരുന്നു.
ഇബ്നു അബ്ബാസ് പറഞ്ഞു: "അമീറുൽ മുഅ്മിനീൻ സന്തോഷിക്കുക, അല്ലാഹു താങ്കളെ കൊണ്ട് ഒരുപാട് നഗരങ്ങൾ പുഷ്ടിപ്പെടുത്തി. കപടതകളെ പ്രതിരോധിച്ചു. ജനജീവിത മാർഗങ്ങളെ വിശാലമാക്കി". ഉമർ ചോദിച്ചു: "ഇബ്നു അബ്ബാസ് താങ്കൾ അധികാരത്തിന്റെ കാര്യത്തിലാണോ എന്നെ പ്രകീർത്തിക്കാൻ നിൽക്കുന്നത്". ഇബ്നു അബ്ബാസ് പറഞ്ഞു : "അല്ലാത്ത കാര്യങ്ങളിലും അങ്ങ് പ്രശംസനീയൻ തന്നെ".
അപ്പോൾ ഉമറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "അല്ലാഹു തന്നെ സത്യം! ഈ അധികാരത്തിൽ നിന്ന് ഒരു ഗുണവും ദോഷവും പറ്റാതെ പുറത്തു പോകാൻ ഞാൻ കൊതിക്കുന്നു". ഇബ്നു അബ്ബാസ് പറഞ്ഞു: "അമീറുൽ മുഅ്മിനീൻ താങ്കൾ സ്വർഗ്ഗം കൊണ്ട് സന്തോഷിക്കുക. വിശ്വാസികളുടെ കാര്യം ഏറ്റെടുത്ത അങ്ങ് വളരെ ശക്തമായും ഭംഗിയായുമാണ് ഉത്തരവാദിത്വം നിർവഹിച്ചിട്ടുള്ളത്". ഈ സമയത്ത് ഉമർ പറഞ്ഞു: "എന്നെ ഒന്ന് പിടിച്ചിരുത്തൂ".
സഹായികൾ ഉമറിനെ പിടിച്ചിരുത്തി. ഇരുന്ന ശേഷം ഉമർ അബ്ബാസിനോട് പറഞ്ഞു: "താങ്കൾ നേരത്തെ പറഞ്ഞത് ഒന്നുകൂടി പറയുക”. സ്വർഗ്ഗ സുവിശേസാക്ഷ്യം ഇബ്നു അബ്ബാസ് ആവർത്തിച്ചു.
ഉമർ ചോദിച്ചു: "അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസം ഈ സാക്ഷ്യപ്പെടുത്തൽ നടത്തുമോ?
ഇബ്നു അബ്ബാസ് പറഞ്ഞു: "തീർച്ചയായും നടത്തും". ഇതുകേട്ടതും ഉമറിന്റെ മുഖം പ്രകാശിച്ചു. അദ്ദേഹം സന്തോഷത്താൽ വിജ്രംഭിതനായി. പിന്നെ താമസിച്ചില്ല. ഉമർ വിടവാങ്ങി.
ഇബ്നു അബ്ബാസിന്റെ മനസ്സു പൊട്ടി. തൻ്റെ നേതൃത്വം നഷ്ടമായിരിക്കുന്നു. ജനാസ കട്ടിലിൽ വച്ചു ജനങ്ങൾ പ്രാർത്ഥനാ നിരതരായി. ഇബ്നു അബ്ബാസ് പറയുന്നു : ഞാൻ ജനങ്ങളുടെ കൂട്ടത്തിൽ നിൽക്കവേ എൻ്റെ തോളിൽ ഒരു കൈമുട്ട് പതിഞ്ഞു.
എൻ്റെ പിറകിൽനിന്ന് ആരോ ഇങ്ങനെ പറയുന്നത് കേട്ടു 'അല്ലാഹു താങ്കൾക്ക് സമാധാനം ചൊരിയട്ടെ. തീർച്ചയായും ഞാൻ പ്രതീക്ഷിക്കുന്നു. താങ്കളുടെ കൂട്ടുകാരൻ്റെ കൂടെ അല്ലാഹു താങ്കളെയും ചേർത്ത് തരുമെന്ന്. കാരണം അധികവും തിരുനബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ഞാനും അബൂബക്കറും ഉണ്ടായിരുന്നു. ഞാനും അബൂബക്കറും അങ്ങനെ ചെയ്തു. .ഞാനും അബൂബക്റും അവിടെ പോയി. ഞാൻ ന്യായമായും പ്രതീക്ഷിക്കുന്നു; അവരുടെ കൂടെ തീർച്ചയായിട്ടും താങ്കളും ഉണ്ടാകുമെന്ന്. ഞാൻ തിരിഞ്ഞു നോക്കി. അത് അലിയായിരുന്നു.
