ഇബ്നു അബ്ബാസ് വളർന്നത് നബിയെ കണ്ടും കേട്ടുമായിരുന്നു. കുറഞ്ഞ കാലമാണെങ്കിലും നബിയായിരുന്നു ഇബ്നു അബ്ബാസിന്റെ കളിത്തൊട്ടിൽ. മുപ്പത് മാസത്തോളമാണ് തിരുനബിയുമായി സഹവസിക്കാൻ ഇബ്നു അബ്ബാസിന് സൗഭാഗ്യം ലഭിച്ചത്. പക്ഷേ അവിടുന്ന് തിരുസാന്നിധ്യം വിടാതെ നിലനിർത്തി. തിരുനബിയുടെ വാക്കുകളും പ്രവർത്തികളും അവസ്ഥകളും ഒപ്പിയെടുത്തു. പിൽക്കാലക്കാർക്ക് തിരുജീവിതത്തിൻ്റെ വലിയൊരു ഭാഗം അവതരിപ്പിക്കാൻ ഇബ്നു അബ്ബാസിന് ഇങ്ങനെ സാധിച്ചു. തിരുനബിയുടെ ജീവിതം സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ ആവതു ശ്രമിച്ചു. തിരുദൂതരുടെ ആത്മാവ് വിട ചൊല്ലും വരെ നബി സദസ്സുകളിലെ നിത്യസാന്നിധ്യവും ശ്രോതാവുമായി മാറി. ഇബ്നു അബ്ബാസിന് ലഭിച്ച പഠനാവസരം വലുതായിരുന്നു.
തിരുപത്നി മൈമൂന ബീവി തൻ്റെ മാതൃ സഹോദരിയാണ്. അതുകൊണ്ടുതന്നെ നബിയുടെ വീട്ടിലേക്ക് പലപ്പോഴും ഇബ്നു അബ്ബാസ് വിരുന്നു വരും. തിരുനബിയും ഇബ്നു അബ്ബാസും പലപ്പോഴും ഒരു തലയിണ വെച്ചാണ് കിടക്കാറുള്ളത്. അതുകൊണ്ടുതന്നെ മറ്റു പലർക്കും ലഭിക്കാത്ത നബി പാഠങ്ങൾ ഇബ്നു അബ്ബാസിന് ലഭിച്ചു. തിരുനബിയുടെ വിശേഷപ്പെട്ട സ്വഭാവഗുണങ്ങളെ കണ്ടറിയാനും ഒപ്പിയെടുക്കാനും ഇതുവഴി അദ്ദേഹത്തിന് സാധിച്ചു.
ഇബ്നു അബ്ബാസ് പറയുന്നുണ്ട്: ഒരു ദിവസം ഞാൻ മൈമൂന ബീവിക്കരികിൽ താമസിക്കാൻ ചെന്നു. തലയിണയുടെ വീതിയുള്ള ഭാഗത്ത് ഞാൻ കിടന്നു. നബിയും മൈമൂനാ ബീവിയും തലയിണയുടെ നീളൻ ഭാഗം ഉപയോഗിച്ചും കിടന്നു. ആകെ ഒറ്റ തലയിണയാണുള്ളത്. തിരുനബി അർദ്ധരാത്രി വരെ ഉറങ്ങി. പിന്നീട് ഉണർന്നു. മുഖത്തുനിന്ന് ഉറക്കിനെ കൈകൊണ്ട് തടവി മാറ്റുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അനന്തരം സൂറത്ത് ആലു ഇമ്രാനിലെ അവസാനത്തെ പത്ത് വചനങ്ങളുടെ പാരായണമായിരുന്നു നബി നിർവഹിച്ചത്. അത് കഴിഞ്ഞു. എണീറ്റു. തൂക്കി വെച്ചിരിക്കുന്ന വെള്ള പാത്രത്തിനരികിലേക്ക് ചെന്നു. അതെടുത്തു. ഭംഗിയായി അംഗശുദ്ധി വരുത്തി (വുളൂഅ് ചെയ്തു). പിന്നീട് നിന്ന് നിസ്കരിക്കാൻ തുടങ്ങി. ഇത് കണ്ട് ഞാൻ വേഗം എണീറ്റു. തിരുനബി ചെയ്ത പോലെ ചെയ്തു. അംഗശുദ്ധി വരുത്തി. നബിയുടെ പാർശ്വഭാഗത്തു ചെന്നുനിന്നു. ഞാൻ നിസ്കരിക്കാൻ നിന്നത് ഇടതുഭാഗത്തായിരുന്നു. തിരുനബി തൻ്റെ വലതു കൈ എൻ്റെ തലയിൽ വെച്ചു. ചെവി പിടിച്ച് ഒന്ന് പിരിച്ചു. വലതു ഭാഗത്തേക്ക് നിൽക്കാനുള്ള സൂചനയായിരുന്നു അത്. നബി നിസ്കാരം തുടർന്നു. രണ്ട് റക്അത്ത് വീതമാണ് നിസ്കരിച്ചത്. എട്ടു റക്അത്തുകൾ അങ്ങനെ നിർവഹിച്ചു. അവസാനം ഒരു റക്അത്ത് നിർവഹിച്ച് ഒമ്പതിൽ അവസാനിപ്പിച്ചു. ഒറ്റ സംഖ്യയിൽ നിസ്കാരം നിർത്തുക എന്നതായിരുന്നു ലക്ഷ്യം. വീണ്ടും നബി കിടന്നു. ബാങ്ക് വിളിക്കുന്നവൻ (മുഅദ്ദിൻ) ആഗതനാകുന്നത് വരെ നിദ്ര കൊണ്ടു. പിന്നീട് എണീറ്റു. രണ്ട് റക്അത്ത് ലഘുവായി നിസ്കരിച്ചു. അനന്തരം സുബ്ഹി നിസ്കാരത്തിനു വേണ്ടി പുറപ്പെട്ടു.
മറ്റൊരു രാത്രിയിലെ അനുഭവം ഇബ്നു അബ്ബാസ് പറയുന്നു: ഞാൻ എൻ്റെ മാതൃ സഹോദരിക്കരികിൽ ചെന്നു. രാത്രി നിസ്കാരം (ഇശാഅ്) കഴിഞ്ഞു നബി വീട്ടിലേക്ക് വന്നു. പിന്നെ ഉറങ്ങി. എണീറ്റ് വീണ്ടും നിസ്കരിച്ചു. അനന്തരം ചോദിച്ചു. കുഞ്ഞുമോൻ ഉറങ്ങിയോ. വീണ്ടും നബി എണീറ്റു. അപ്പോൾ ഞാനും എണീറ്റു. നിസ്കരിക്കാൻ തീരുമാനിച്ചു. തിരുനബിയുടെ ഇടത് ഭാഗത്ത് ചെന്ന് നിന്ന നബി എന്നെ വലത്തേ ഭാഗത്തേക്ക് നീക്കി. അഞ്ച് റക്അത്ത് നിസ്കരിച്ചു. പിന്നീട് രണ്ട് റക്അത്ത് വേറെയും. അനന്തരം ഉറങ്ങി. നബിയുടെ കൂർക്കം വലി എനിക്ക് കേൾക്കാൻ കഴിഞ്ഞു. പിന്നീട് എണീറ്റ് നിസ്കാരത്തിന് പള്ളിയിലേക്ക് നീങ്ങി; മറ്റൊരനുഭവത്തിൽ ഉള്ളത് ഉറങ്ങിയ നബി അംഗശുദ്ധി വരുത്താതെ പള്ളിയിലേക്ക് നീങ്ങി എന്നാണ്. അതിൻ്റെ കാരണം വ്യക്തം. തിരുനബിയുടെ കണ്ണുകൾ മാത്രമാണ് നിദ്ര കൊള്ളുന്നത്. ഖൽബ് ഉറങ്ങുന്നില്ല. കേവലം ഉറക്ക് കൊണ്ടല്ല അംഗശുദ്ധി നഷ്ടമാകുന്നത്. മറിച്ച് ഉറക്കിനെ തുടർന്നു അംഗശുദ്ധി വിനഷ്ടമാകുന്ന കാര്യങ്ങൾ ഉണ്ടാകുമെന്ന് മികച്ചധാരണ കൊണ്ടാണ്. ആ ധാരണ ഹൃദയം ഉറങ്ങാത്ത നബിയെ ബാധിക്കുന്നില്ല. അഥവാ അംഗശുദ്ധി മുറിഞ്ഞാൽ തിരുനബി അറിയും.
ഒരു രാത്രി തിരുനബി അവസാന ഭാഗത്ത് എണീറ്റു. ഇബ്നു അബ്ബാസ് പറയുന്നു: അനന്തരം വാനലോകത്തേക്ക് കണ്ണു പായിച്ചു. എന്നിട്ട് പാരായണം തുടർന്നു: "ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ വ്യതിയാനങ്ങളിലും ദൃഷ്ടാന്തമുണ്ട് " ആലു ഇംറാനിലെ വചനങ്ങളാണ് പാരായണം ചെയ്തത്. ഓതി തീർന്ന ശേഷം നബി വീട്ടിലേക്ക് മടങ്ങി. ബ്രഷ് ചെയ്തു. അംഗശുദ്ധി വരുത്തി. എണീറ്റു നിസ്കരിച്ചു. വീണ്ടും കിടന്നു. പിന്നെയും എണീറ്റു. ആകാശ ലോകത്തേക്ക് കണ്ണു പായിച്ചു. നേരത്തെ പാരായണം ചെയ്ത ഖുർആനിക വാക്യങ്ങൾ ഓതി. വീട്ടിലേക്ക് മടങ്ങി. ബ്രഷ് ചെയ്തു. അംഗശുദ്ധി വരുത്തി. പിന്നെയും നബി എണീറ്റു. നിസ്കരിച്ചു.
തിരുനബിയുടെ വീട്ടുകാര്യങ്ങൾ പലതും ഇബ്നു അബ്ബാസിന്റെ നിരീക്ഷണത്തിൽ പെട്ടിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു: "മൈമൂന ഉപയോഗിച്ച ബാക്കിയുള്ള വെള്ളം കൊണ്ട് തിരുനബി കുളിക്കുമായിരുന്നു". തിരുദൂതരുടെ ഭവനത്തിലെ പല കാര്യങ്ങളും അറിയാൻ സ്വഹാബികൾ താല്പര്യപ്പെട്ടു. ഇബ്നു അബ്ബാസിനോട് അവർ ചോദിക്കും. അദ്ദേഹം മറുപടി നൽകും. ഒരിക്കൽ ഒരാൾ ചോദിച്ചു: തിരുനബി വീട്ടിൽ തമാശ കാണിക്കാറുണ്ടോ?
ഇബ്നു അബ്ബാസ് പറഞ്ഞു: എത്രയോ ഉണ്ട്.
എന്നാൽ ഒരു തമാശ പറയൂ.
ഇബ്നു അബ്ബാസ് പറഞ്ഞു: "ഒരു ദിവസം നബി തൻ്റെ ഒരു ഭാര്യയെ ലൂസായ ഒരു വസ്ത്രം ധരിപ്പിച്ചു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിനെ സ്തുതിച്ചോ. നീ ഇത് ധരിച്ചോ. ഇതിൻ്റെ കോന്തല പുതിയ പെണ്ണ് വലിച്ചിഴക്കും പോലെ വലിച്ചു നടന്നോ.' തിരുവീട്ടിലെ പട്ടിണിയെപറ്റി ഒരിക്കൽ ഇബ്നു അബ്ബാസ് ഓർമ്മപ്പെടുത്തിയത് ഇങ്ങനെ: "നബിയും വീട്ടുകാരും രാത്രി ഭക്ഷണം കഴിക്കാൻ ഇല്ലാതെ വിശന്ന് പൊരിഞ്ഞ് കിടന്നുറങ്ങിയ അനുഭവങ്ങൾ എത്ര. അധികവും നബിയുടെ പത്തിരി ബാർലിയുടെത് മാത്രമായിരുന്നു”.
