മുആവിയതുബ്നു യസീദ് വിടവാങ്ങിയതോടെ അബ്ദുല്ലാഹിബ്നു സുബൈർ ഖിലാഫത്ത് പദത്തിൻ്റെ അർഹത അവകാശപ്പെട്ടു. ഹിജാസ്, മിസ്ർ, ഇറാഖ് തുടങ്ങിയ ജനവിഭാഗങ്ങളിൽ നിന്നൊക്കെ ഉടമ്പടി സ്വീകരിക്കാൻ വിളംബരം ഉണ്ടായി. വലിയൊരു പക്ഷം ആളുകൾ ഇബ്നു സുബൈറിനെ ഭരണാധികാരിയായി തിരഞ്ഞെടുത്തു. അതേസമയം ഹിജാസിൽ ഒരു സംഘം ഇതിനോട് താൽപര്യപ്പെട്ടിട്ടില്ല. അവരിൽ പ്രമുഖരും ഉണ്ടായിരുന്നു. അവർക്ക് അവരുടേതായ ന്യായങ്ങളും ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ വിയോജിച്ച് നിന്ന കൂട്ടത്തിലായിരുന്നു ഇബ്നു അബ്ബാസ്. തൻ്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു.
ഇബ്നു സുബൈറും അബ്ദുൽ മലിക്ബ്നു മാർവാനും തമ്മിൽ അധികാര വിഷയത്തിൽ അഭിപ്രായന്തരം ഉണ്ടാകും എന്ന് ഇബ്നു അബ്ബാസ് തിരിച്ചറിഞ്ഞു. അത് കൃത്യമായി പുലർന്നു. ഈ ഘട്ടത്തിൽ ഇബ്നു അബ്ബാസ് വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാൻ താങ്കൾക്കെതിരുമല്ല. എന്നാൽ ഉടമ്പടി ചെയ്യുന്നുമില്ല". സ്ഥിതികൾ ക്രമേണ വഷളായിക്കൊണ്ടിരുന്നു. ഇറാഖിൽ നിന്നുള്ള സൈന്യം മക്കത്തേക്ക് പുറപ്പെട്ടു. 4000 പേർ പെടുന്നനെ മക്കയിലെത്തി. ഇബ്നു സുബൈറിനെ ലക്ഷ്യമാക്കി നീങ്ങിയതും അദ്ദേഹം കഅ്ബാലയത്തിന്റെ വിരിപിടിച്ച് അഭയം തേടി.
ഇബ്നു അബ്ബാസ് തൻ്റെ നയത്തിൽ ഉറച്ചുനിന്നു. വൈജ്ഞാനിക സേവനത്തിന് പ്രാധാന്യം കൽപ്പിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ അബ്ദുല്ലാഹിബ്നു സ്വഫ്വാൻ ഇബ്നു അബ്ബാസിന്റെ പടിവാതിലിലൂടെ കടന്നുപോകാനിടവന്നു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് ഒരു സംഘം വിജ്ഞാന കുതുകികൾക്ക് കർമശാസ്ത്ര അറിവുകൾ പകർന്നു കൊടുക്കുന്നതായിട്ടാണ്. അബ്ബാസിന്റെ സഹോദരൻ ഉബൈദുല്ലക്കരികിൽ എത്തിയപ്പോൾ കണ്ടത് പാവങ്ങളായ ആളുകൾക്ക് അദ്ദേഹം ഭക്ഷണം കൊടുക്കുന്നതാണ്. ഇക്കാര്യം അബ്ദുല്ലാഹിബ്നു സഫ് വാൻ ഇബ്നു സുബൈറിനോട് പറഞ്ഞു. പക്ഷേ പറഞ്ഞത് വ്യംഗമായിട്ടായിരുന്നു. അഥവാ ഒരു കാവ്യ ശകലം ഉദ്ധരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
"താങ്കൾക്ക് ഏതെങ്കിലും ദിവസത്തിൽ അത്യാഹിതം സംഭവിച്ചാൽ ദീനോ ദുനിയാവോ കരയാൻ പോകുന്നില്ല". ഉദ്ദേശിച്ചത് അബ്ബാസിന്റെ പുത്രന്മാരുടെ പവിത്രതയായിരുന്നു. അതിനെ മികച്ചുനിൽക്കാൻ ഇബ്നു സുബൈറിന് കഴിയില്ല എന്ന സൂചനയും. സുബൈറിന് പെട്ടെന്ന് മനസ്സിലായില്ല.
അദ്ദേഹം ചോദിച്ചു: "അല്ലയോ മുടന്താ, താൻ എന്താണ് ഉദ്ദേശിക്കുന്നത്?. ഇബ്നു സഫുവാൻ പറഞ്ഞു: അബ്ബാസിന്റെ രണ്ടു പുത്രന്മാരെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒരാൾ ജനങ്ങൾക്ക് അറിവ് പഠിപ്പിക്കുന്നു. രണ്ടാമൻ ജനങ്ങൾക്ക് ഭക്ഷണം നൽകുന്നു. അഥവാ താങ്കൾക്ക് ഒരു മഹത്വവും ഇനി അവർ ബാക്കിച്ചിട്ടില്ല. എല്ലാം അവർ കൊണ്ടുപോയി."
ഇത് കേട്ടതും ഇബ്നു സുബൈർ ഭരണകൂടപരമായ സുരക്ഷിതത്വം മാനിച്ചു ചില നിലപാടുകൾ എടുക്കാൻ തീരുമാനിച്ചു. അതിനായി അബ്ദുല്ലാഹിബ്നു മുത്തീഇനെ പറഞ്ഞുവിട്ടു. അബ്ദുല്ലയെയും ഉബൈദുല്ലയെയും താൽക്കാലികമായി വിലക്കാനായിരുന്നു നീക്കം. അന്നവും ജ്ഞാനവും നുകരുന്നവരിൽ ഇറാഖികളുണ്ടായിരുന്നു. അവരുടെ സാന്നിധ്യം ക്രമസമാധാനത്തെ ബാധിക്കുമെന്ന് ഇബ്നു സുബൈർ കരുതി. പക്ഷേ ഇബ്നു മുഥീഅ് പോയി തിരിച്ചു വന്നിട്ട് പറഞ്ഞു: "ഞങ്ങൾ കണ്ടത് രണ്ട് മനീഷികളെയാണ്. ഒരാൾ അറിവ് പകരുന്നു. അപരൻ അന്നം പകരുന്നു. ആരെയാണ് നാം വിലക്കേണ്ടത് ". ഇബ്നു സുബൈർ തീരുമാനം മാറ്റി. ഇബ്നു അബ്ബാസുമായി നല്ല ബന്ധത്തിലേക്ക് നീങ്ങി.
പക്ഷേ ഇബ്നു അബ്ബാസ് തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും അവതരിപ്പിക്കുമായിരുന്നു .
കഅബ പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ടു ഇബ്നു സുബൈർ ജനങ്ങളോട് കൂടിയാലോചന നടത്തുന്ന സമയം. ജാബിർബിൻ അബ്ദുല്ലയും ഉബൈദുബ്നു ഉമൈറും തീരുമാനത്തെ അനുകൂലിച്ചു. പക്ഷേ അബ്ദുല്ലാഹിബ്നു അബ്ബാസ് ഇടപെട്ട് പറഞ്ഞു: "താങ്കൾ ഇപ്പോൾ പൊളിച്ച് പണിയാൻ നിന്നാൽ പിന്നീടത് ഒരു കീഴ് വഴക്കമായി മാറും. അവസാനം ജനങ്ങൾ കഅബയുടെ ബഹുമാനം വിട്ടു പൊളിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് എൻ്റെ അഭിപ്രായം നിർമിതിയിൽ വന്ന കേടുപാടുകൾ മാത്രം മാറ്റിയാൽ മതി എന്നാണ് ". ഇബ്നു സുബൈർ ലക്ഷ്യമാക്കിയത് ഇബ്രാഹിം നബിയുടെ അസ്ഥിവാരത്തിലേക്ക് മാറ്റി പണിയുക എന്നതായിരുന്നു. തിരുനബി താല്പര്യപ്പെടുകയും ജനങ്ങളുടെ തെറ്റിദ്ധാരണ ഭയന്ന് വേണ്ടെന്നു വയ്ക്കുകയും ചെയ്ത കാര്യമായിരുന്നു അത്. ഇസ്ലാം വ്യാപിക്കുകയും പൂർവികമായ തെറ്റിദ്ധാരണകൾക്ക് അവസരം ഇല്ലാതിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് പുതിയ തീരുമാനത്തിലേക്ക് ഇബ്നു സുബൈർ ചിന്ത പായിക്കുന്നത്. പക്ഷേ ഇബ്നു അബ്ബാസ് അതുമായി ബന്ധപ്പെട്ടു കൃത്യമായ തീരുമാനം പറഞ്ഞു. അത് തന്നെയാണ് ശരിയെന്ന് പിൽക്കാലം ബോധ്യപ്പെടുത്തി. കഅ്ബയുടെ പരിശുദ്ധിയും പാരമ്പര്യവും ചരിത്രവും അങ്ങനെ സംരക്ഷിക്കപ്പെട്ടു.
