ഇബ്നു അബ്ബാസ് പറയുന്നുണ്ട്. ഉമറിനെ ആളുകൾ ഭയത്തോട് കൂടിയായിരുന്നു കണ്ടിരുന്നത്. അധികാര പഥത്തിലായിരിക്കെ ഒരാൾ ഉമറിനോട് പറഞ്ഞു. "താങ്കൾ ഈ അധികാരത്തിൽനിന്ന് മാറിയിരുന്നെങ്കിൽ എന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട് ". ഉമർ അക്ഷോഭ്യനായി ചോദിച്ചു: "അതെന്താണ് അങ്ങനെ?"
അയാൾ പറഞ്ഞു: `അവരുടെ അഭിപ്രായം താങ്കൾ കുറച്ച് കർക്കശക്കാരനാണെന്നാണ്'
ചിരിയോടെ ഉമർ പ്രതികരിച്ചത് ഇങ്ങനെ: "പ്രജകളോട് എൻ്റെ മനസ്സിൽ കാരുണ്യവും ജനമനസ്സുകളിൽ എന്നെക്കുറിച്ച് ഭയവും നിറച്ച അല്ലാഹുവിനെ തന്നെ സർവ്വസ്തുതികളും"
ഈ ഉൾഭയം ഇബ്നു അബ്ബാസും നിലനിർത്തി. അദ്ദേഹം പറയുന്നുണ്ട്: ഒരു വർഷത്തോളം ഒരു ഖുർആനിക വാക്യത്തെക്കുറിച്ച് ഉമറിനോട് ചോദിക്കാൻ പേടിച്ചുകൊണ്ട് ഞാൻ കഴിഞ്ഞു. അത്ര ഗാംഭീര്യതയായിരുന്നു അദ്ദേഹത്തിന്'
അതേസമയം താൻ വിശ്വസിച്ചു ഉറപ്പിച്ച കാര്യങ്ങൾ ഉമറിനോട് അവതരിപ്പിക്കാൻ ഇബ്നു അബ്ബാസ് മടിച്ചില്ല.
ഒരു അനുഭവം അദ്ദേഹം തന്നെ പറയട്ടെ: ഉമർ നിസ്കാരം കഴിഞ്ഞാൽ കുറച്ച് സമയം ജനങ്ങൾക്ക് വേണ്ടി ഇരിക്കും. ആർക്കെങ്കിലും വല്ല ആവശ്യങ്ങളും ഉണ്ടെങ്കിൽ അദ്ദേഹത്തോട് ആ സമയത്ത് സംവദിക്കാം. ഒരാവശ്യവും ആർക്കുമില്ല എന്ന് തോന്നിയാൽ അദ്ദേഹം എണീറ്റ് പോകും. ഇതായിരുന്നു പതിവ്. ഒരു ദിവസം നിസ്കാരം കഴിഞ്ഞു. ഖലീഫ ഇരുന്നില്ല.
ഞാൻ അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി യർഫഇനോട് ചോദിച്ചു: "യർഫഅ. ഇന്നെന്താ ഖലീഫക്ക് പരാതിയൊന്നും കേൾക്കാനില്ലെ?"
ഇല്ല, ഇന്ന് പ്രത്യേക പരാതികൾ ഒന്നുമില്ലെന്ന് തോന്നുന്നു.
ഇബ്നു അബ്ബാസ് തുടരുന്നു: ഞാനും ഉസ്മാനുബ്നു അഫ്ഫാനും അവിടെത്തന്നെയിരുന്നു. കുറച്ചു സമയം കഴിഞ്ഞു. യർഫഅ കടന്നുവന്നു.
ഇബ്നു അഫ്ഫാൻ, ഇബ്നു അബ്ബാസ് എണീക്കൂ ഖലീഫ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും എണീറ്റു ഉമറിനരികിലെത്തി. അദ്ദേഹത്തിനു മുമ്പിൽ ഒരു കൂട്ടം സമ്പാദ്യം വെച്ചിരിക്കുന്നു.
മുഖവുര ഇല്ലാതെ അദ്ദേഹം പറഞ്ഞു: "മദീനയിൽ ഞാൻ നിരീക്ഷിച്ചപ്പോൾ ഏറ്റവും കൂടുതൽ ബന്ധുമിത്രാദികൾ ഉള്ളവർ നിങ്ങൾ രണ്ടുപേരുമാണ്. അതുകൊണ്ട് ഈ ധനം നിങ്ങൾ എടുക്കുക. വിതരണം ചെയ്യുക. വല്ലതും ബാക്കി വന്നാൽ രണ്ടുപേരും തിരിച്ചു നൽകണം".
ഇത് കേട്ട് ഉസ്മാൻ ഭവ്യതയോടെ മുട്ടുകുത്തി നിന്നു. ഞാനും മുട്ടുകുത്തി നിന്നു. പക്ഷേ ഞാൻ പറഞ്ഞു: "വല്ല കുറവും വന്നാൽ ഖലീഫ ഞങ്ങൾക്ക് തികച്ചു തരുമെന്ന് കരുതുന്നു"
ഇത് ഉമറിന് രസിച്ചില്ലെന്ന് തോന്നുന്നു. അദ്ദേഹം ചോദിച്ചു: "തിരുനബിയും സഹചരും തോല് തിന്നുന്ന കാലത്ത് അല്ലാഹുവിൻ്റെ അരികിൽ ഇതെല്ലാം ഉണ്ടായിരുന്നില്ലേ?"
ഞാൻ പറഞ്ഞു: "അതേ ഉണ്ടായിരുന്നു. മുഹമ്മദ് നബി ജീവിച്ചിരിക്കുന്ന കാലത്തും ഇതെല്ലാം അല്ലാഹുവിനരികിൽ ഉണ്ടായിരുന്നു. പക്ഷേ അല്ലാഹു തിരുനബിക്ക് ഇത് നൽകിയിരുന്നുവെങ്കിൽ താങ്കൾ ചെയ്യുന്ന പോലെ ആയിരിക്കില്ല ചെയ്യുക.
ഉമറിന് ദേഷ്യം വന്നു. പിന്നെ എന്തായിരിക്കും നബി ചെയ്യുക? ഞാൻ പറഞ്ഞു: "നബി അത് തിന്നും. ഞങ്ങളെ തീറ്റിക്കുകയും ചെയ്യും."
ഇത് കേട്ടതും ഉമറിന്റെ ഉള്ളിൽ നിന്ന് അസ്വസ്ഥതയുടെ ഒരു വിങ്ങൽ പുറത്തേക്ക് വന്നു. അദ്ദേഹം പറഞ്ഞു: "ഈ അധികാരത്തിൽ നിന്ന് ഒന്ന് പുറത്തു കടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുകയാണ്. എനിക്ക് ഇതിൻ്റെ ഗുണവും വേണ്ട ദോഷവും വേണ്ട".
ഇബ്നു അബ്ബാസ് ഭയം വെടിഞ്ഞ് തൻ്റെ അഭിപ്രായങ്ങൾ അവതരിപ്പിച്ച സന്ദർഭങ്ങൾ മറ്റു പലതും ഉണ്ട്. ഒരിക്കൽ ഉമറിനരികിൽ ഇരിക്കുമ്പോൾ കൂഫക്കാരിൽ നിന്ന് ഒരു എഴുത്തു വന്നു. പൊളിച്ചു വായിച്ചപ്പോൾ അതിൽ ഉള്ളത് ചില ഖുർആനിക വാക്യങ്ങളുമായി ബന്ധപ്പെട്ട് കൂഫക്കാർ നടത്തിയ ചില അഭിപ്രായങ്ങളാണ്.
ഉമറിന് സന്തോഷമായി അദ്ദേഹം അതുകേട്ട് തക്ബീർ ചൊല്ലി.ജനങ്ങൾ വൈജ്ഞാനികമായി ഉയർന്ന് ചിന്തിക്കുന്നു എന്ന അർത്ഥത്തിലായിരുന്നു ഈ സന്തോഷ പ്രകടനം.
ഇബ്നു അബ്ബാസ് പറയട്ടെ: ഇത് കേട്ട് ഞാൻ പറഞ്ഞു. കൂഫക്കാർ ഭിന്നിച്ചിരിക്കുന്നു.
അപ്പോൾ ഉമർ പറഞ്ഞു: "ഛെ,അതെങ്ങനെ നീ അങ്ങനെ പറയൽ?" ഉമർ ദേഷ്യപ്പെട്ടു. ഞാൻ വേഗം വീട്ടിലേക്ക് മടങ്ങി. പിന്നീട് എൻ്റെ വീട്ടിലേക്ക് ഉമർ ആളെ വിട്ടു.ഞാൻ മറ്റുചില കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു .അപ്പോൾ അദ്ദേഹം ആളെ വിട്ടു പറഞ്ഞു 'നിർബന്ധമായും എത്തിയേ പറ്റൂ. എന്റെ തീരുമാനമാണ്'.
കർക്കശ അജ്ഞയാണെന്ന് മനസ്സിലാക്കിയ ഞാൻ ചെന്നു.ഉമർ ശാന്തനായിട്ടുണ്ട്. അദ്ദേഹം ചോദിച്ചു: 'നീ നേരത്തെ എന്തോ ഒന്ന് പറഞ്ഞല്ലോ? എന്താണത്?
ഞാൻ പറഞ്ഞു: അല്ലാഹുവിനോട് ഞാൻ കാവൽ ഇരിക്കുന്നു. ഇനി അത് വീണ്ടും പറയാൻ എനിക്ക് താല്പര്യമില്ല.
അപ്പോൾ ഉമർ പറഞ്ഞു: നിർബന്ധമായും പറഞ്ഞേ പറ്റൂ എൻ്റെ തീരുമാനമാണ്.
അപ്പോൾ ഞാൻ പറഞ്ഞു: അവർ ഖുർആനുമായി ബന്ധപ്പെട്ട് ഇന്ന ഇന്ന കാര്യങ്ങൾ പറയുന്നതായി അങ്ങേയ്ക്ക് എഴുത്തു കിട്ടി .ആ സമയത്ത് അവർ അഭിപ്രായന്തരത്തിലായി എന്നാണ് ഞാൻ പറഞ്ഞത്.
ഉമർ ചോദിച്ചു: താൻ എവിടെ നിന്നാണ് അത് മനസ്സിലാക്കിയത്?
ഞാൻ പറഞ്ഞു ഖുർആനിൽ നിന്ന് തന്നെ. അനന്തരം ഞാൻ ഓതി കേൾപ്പിച്ചു: "ജനങ്ങളിൽ ചിലർക്ക് ഭൗതിക ജീവിതത്തിൽ അവരെ തൃപ്തിപ്പെടുത്തുന്ന ചില വാദങ്ങൾ ഉണ്ടാകും;അല്ലാഹു അവരുടെ ഹൃദയത്തിൽ ഉള്ളത് സാക്ഷ്യപ്പെടുത്തും.അല്ലാഹു ഒരിക്കലും നാശം ഇഷ്ടപ്പെടുന്നില്ല',അവരോട് അല്ലാഹുവിനെ സൂക്ഷിക്കണം എന്ന് പറഞ്ഞാൽ ദുരഭിമാനം കൊണ്ട് അവർ കുറ്റവാളികളാവും. അത്തരക്കാർക്ക് നരകം മതി .അതാണ് അവരുടെ കളിത്തൊട്ടിൽ. ജനങ്ങളിൽ ചിലരുണ്ട്. അല്ലാഹുവിൻ്റെ പ്രീതിക്ക് പകരം സ്വന്തത്തെ കച്ചവടമാക്കുന്നവർ. അല്ലാഹു തൻ്റെ അടിമകളോട് ദയാലുവാകുന്നു"
ഞാൻ മതിയായ വിശദീകരണങ്ങൾ നൽകി ഈ വാക്യങ്ങൾ ഓതി അവതരിപ്പിച്ചു. എല്ലാം സശ്രദ്ധം കേട്ട് ഉമർ പറഞ്ഞു: എൻ്റെ നിയന്താവിനെ തന്നെ സത്യം. മോനേ നീ പറഞ്ഞതാണ് ശരി.
