ബഹുമുഖ വ്യക്തിത്വമായിരുന്നു ഇബ്നു അബ്ബാസിൻ്റെത്. കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത് വൈജ്ഞാനിക മേഖലയിൽ തിളങ്ങാനായിരുന്നു. അതേസമയം സാഹചര്യത്തിനനുസൃതമായി ഭരണപരമായ കാര്യങ്ങളിലേക്കും ഇബ്നു അബ്ബാസിൻ്റെ സേവനം നീണ്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. മൂന്നാം ഖലീഫ ഉസ്മാന് എതിരെ അവാന്തര വിഭാഗം തീവ്ര നിലപാടുമായി അരങ്ങത്തെത്തിയ സമയത്ത് മദീനയിൽ ഇബ്നു അബ്ബാസുമുണ്ട്. പക്ഷേ മദീനക്കാർ തങ്ങളുടെ ഹജ്ജിന്റെ നേതൃത്വത്വം ഇബ്നു അബ്ബാസിനെ ഏൽപ്പിക്കാൻ ആഗ്രഹിച്ചു. ഹജ്ജ് അനുഷ്ഠാന സംബന്ധമായ വിഷയങ്ങളിൽ അതീവജ്ഞാനിയായിരുന്നു ഇബ്നു അബ്ബാസ് എന്നത് തന്നെ കാരണം. അദ്ദേഹം ഖലീഫയെ സമീപിച്ചു. കാര്യം ഉണർത്തി. അമീറായി ഉസ്മാൻ, ഇബ്നു അബ്ബാസിനെ നിയമിക്കുന്നത് അങ്ങനെയാണ്.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ആദ്യത്തെ അധികാര കൈമാറ്റമായിരുന്നു ഇത്. ഇബ്നു അബ്ബാസ് ജനങ്ങളെ സംഘടിപ്പിച്ചു. ഹജ്ജിന് പുറപ്പെട്ടു .വളരെ ഭംഗിയായി നേതൃത്വം നൽകി. അവരുടെ ആത്മീയ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറി. യാത്രയുടെയും ഹജ്ജ് തീർത്ഥാടനത്തിന്റെയും പാഠങ്ങൾ മുറതെറ്റാതെ ജനങ്ങളെ പഠിപ്പിച്ചു. വളരെ വലിയ സന്തോഷമാണ് ആളുകൾ ഇബ്നു അബ്ബാസിന്റെ നിയന്ത്രണത്തിൽ അനുഭവിച്ചത്. ഹജ്ജ് കഴിഞ്ഞു. തിരിച്ചെത്തിയപ്പോൾ മദീനയിൽ നിന്ന് കേട്ട വാർത്ത അതീവ ദുഃഖം നിറഞ്ഞതായിരുന്നു. ഖലീഫ ഉസ്മാൻ കൊലചെയ്യപ്പെട്ടിരിക്കുന്നു.
അലി ഖിലാഫത്ത് പദത്തിൽ എത്തിയിട്ടുണ്ട്. ഇബ്നു അബ്ബാസ് അലിയെ സമീപിച്ചു. അലിയുടെ ആദ്യത്തെ പ്രതികരണം തന്നെ ഇങ്ങനെയായിരുന്നു: താങ്കൾ ഇവിടെ ഉണ്ടാവുകയും ഈ ഉത്തരവാദിത്വം ഏൽക്കേണ്ടി വരികയും ചെയ്തിരുന്നെങ്കിൽ ഉസ്മാന്റെ രക്തത്തിന് പകരം ചോദിക്കാൻ ജനങ്ങൾ താങ്കളെ നിർബന്ധിച്ചേനെ". അലിയാർ പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തം. താൻ ഖിലാഫത്ത് മോഹിച്ചിട്ടില്ല. അതേസമയം ഇബ്നു അബ്ബാസ് ഖലീഫയാകാൻ കൊള്ളാവുന്ന ആളാണ്. പക്ഷേ, അത്തരം ഒരു ചിന്തയിലേക്ക് ഇബ്നു അബ്ബാസിൻ്റെ മനസ്സ് ഒരിക്കലും കടന്നു പോയിരുന്നില്ല. ചെറിയ രാഷ്ട്രീയ സേവനങ്ങൾ ആകാം. വലിയ അധികാരങ്ങൾ തനിക്ക് രുചിക്കില്ല. തൻ്റേത് വൈജ്ഞാനിക സമ്പാനത്തിന്റെയും പ്രചരണത്തിന്റെയും മേഖലയാണ്. അതാണ് ഇഷ്ടം. അതിലാണ് ആനന്ദം.
അലിയുടെ ഖിലാഫത്ത് ഇബ്നു അബ്ബാസിന് ഇഷ്ടമായി. അദ്ദേഹം അലിയുമായി ഉടമ്പടി ചെയ്തു. അലിക്ക് സഹായകമായ ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി ഒപ്പം നിന്നു. യുക്തിപൂർവ്വമായിരുന്നു ഇബ്നു അബ്ബാസിനെ നിർദ്ദേശങ്ങൾ. ഏറ്റവും ആദ്യമായി അദ്ദേഹം മുന്നോട്ടുവച്ചത്, ഓരോ സ്ഥലത്തും നിലവിൽ അധികാരത്തിൽ ഇരിക്കുന്ന ഗവർണർമാരെ നീക്കം ചെയ്യാതെ അവിടെത്തന്നെ നിലനിർത്തുക എന്നതായിരുന്നു. ശാമിൽ മുആവിയത് ബ്ൻ അബീ സുഫ്യാനിനെത്തന്നെ അധികാരത്തിൽ നിലനിർത്തണമെന്ന് ഇബ്നു അബ്ബാസ് പ്രത്യേകം ആഗ്രഹിച്ചു. ആ കാര്യം അലിയോട് തുറന്നുപറഞ്ഞു: അതാണ് ഏറ്റവും നല്ലത്. അദ്ദേഹത്തിനെ സ്ഥാനഭ്രഷ്ടനാക്കിയാൽ ഉസ്മാനിന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുന്നതുമായി ബന്ധപ്പെട്ട ബഹളങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് നിലവിലെ സമാധാനത്തിന് ഭംഗം വരുത്തും. ഭരണം പിന്നെ ദുഷ്കരമാകും. കാര്യങ്ങളെല്ലാം ഏകദേശം ശാന്തമായ ശേഷം ഉസ്മാനിൻ്റെ വധവുമായി ബന്ധപ്പെട്ട നിലപാടുകളിലേക്ക് നീങ്ങാം. ഇതായിരുന്നു ഇബ്നു അബ്ബാസിന്റെ മനസ്സ്. പക്ഷേ അലിയുടെ ചിന്ത പോയത് മറ്റൊരു രൂപത്തിലായിരുന്നു. അദ്ദേഹം ഇബ്നു അബ്ബാസിനോട് പറഞ്ഞു: എൻ്റെ തീരുമാനം താങ്കൾ ശാമിലേക്ക് പോവുക. അവിടെ ഗവർണറായി മാറുക എന്നതാണ്. പക്ഷേ ഇബ്നു അബ്ബാസ് വിയോജിച്ചു. "അതുകൊണ്ട് ഉണ്ടായിത്തീരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാകാൻ മതി. ഒരുപക്ഷേ ഉസ്മാൻ്റെ രക്തത്തിന് പകരം ഞാൻ കൊല ചെയ്യപ്പെടുകയോ ബന്ധിയാക്കപ്പെടുകയോ ചെയ്തേക്കാം എന്നുവരെ ഭയക്കുന്നു” ഇബ്നു അബ്ബാസ് പറഞ്ഞു. പക്ഷേ അലി യോജിച്ചില്ല. ഇബ്നു അബ്ബാസ് വീണ്ടും പറഞ്ഞു നോക്കി: “അമീറുൽ മുഅ്മിനീൻ ഭരണം എന്ന് പറയുന്നത് ഒരു തന്ത്രമാണ്".
പിന്നെയും പല ഘട്ടങ്ങളിലും ഇബ്നു അബ്ബാസ് അലിയെ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനമാറ്റം. തലസ്ഥാനം ഇറാഖിലേക്ക് മാറ്റണമെന്ന് അലി ആഗ്രഹിച്ചു. ഉടൻ ഇബ്നു അബ്ബാസ് ഇടപെട്ടു: ഈ തീരുമാനം ശരിയല്ല. മദീന ഇസ്ലാമിൻ്റെ പോറ്റില്ലമാണ്. ലോകത്തിൻ്റെ ദിഗന്ധങ്ങളിലേക്ക് ഇസ്ലാം പടർന്നിട്ടുള്ളത് മദീനയിൽ നിന്നാണ്. അതുകൊണ്ട് മദീന വിടാനുള്ള തീരുമാനം ഒഴിവാക്കൂ. ഇറാഖികളുടെ പ്രലോഭനത്തിൽ പെട്ടുപോകാതിരിക്കൂ". പക്ഷേ അലി അവിടെയും നിലപാട് കടുപ്പിച്ചു. വിയോജിച്ച് തന്നെ നിന്നു. അദ്ദേഹത്തിൻ്റെ തീരുമാനം ഉറച്ചതായിരുന്നു. അതിനു അതിൻ്റതായ കാരണങ്ങളും ഉണ്ടായിരുന്നു.
ഇബ്നു അബ്ബാസിന് എല്ലാറ്റിനും മൗനസാക്ഷിയാവുകയില്ലാതെ മാർഗമുണ്ടായിരുന്നില്ല. ഖലീഫ എന്ന നിലയ്ക്ക് ഇബ്നു അബ്ബാസ് അലിയുടെ കൂടെ തന്നെ ഉറച്ചുനിന്നു. തൻ്റെ പല അഭിപ്രായങ്ങളും അലി തള്ളിക്കളഞ്ഞത് കാര്യമാക്കിയിരുന്നില്ല. മുസ്ലിം മഹാഭൂരിപക്ഷം ഉടമ്പടി ചെയ്ത ഒരു ഭരണാധികാരിയെ അംഗീകരിക്കുക എന്നതാണ് നീതി. ആ പക്ഷത്ത് ഇബ്നു അബ്ബാസ് ഉറച്ചുനിന്നു. അൽ ജമൽ, സ്വിഫീൻ പോരാട്ടങ്ങളിലൊക്കെ ഇബ്നു അബ്ബാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സൈന്യത്തിൻ്റെ ഇടതുഭാഗത്തിന്റെ നേതൃത്വം ഇബ്നു അബ്ബാസിന്റെ കൈകളിലായിരുന്നു. അവാന്തര വിഭാഗമായ ഖവാരിജുകളോടുള്ള പോരാട്ടത്തിൽ ഇബ്നു അബ്ബാസ് വീറും വാശിയും വളരെ കാണിച്ചു. രാജ്യത്തിന്റെയും മുസ്ലിം സമൂഹത്തിന്റെയും കെട്ടുറപ്പായിരുന്നു ഇബ്നു അബ്ബാസിന്റെ ലക്ഷ്യം. അതിനുവേണ്ടി സാധ്യമാകുന്നതെല്ലാം ചെയ്ത് ഭരണകൂടത്തിന്റെ ഭാഗമായി നിന്നു ചെയ്തു.
