ഇക് രിമ പറയുകയാണ്. ഒരു ദിവസം ഞാൻ ഇബ്നു അബ്ബാസിനൊപ്പം ഇരിക്കുകയാണ്. മറ്റുപലരും കൂടെയുണ്ട്. പെട്ടെന്ന് ഒരു പക്ഷി ഒച്ചവെച്ച് പറന്നു. ഇരിക്കുന്ന കൂട്ടത്തിൽ ഒരാൾ ഇത് കണ്ടു പറഞ്ഞു: ഖയ്ർ ഖയ്ർ (ശുഭം ശുഭം). ഉടൻ ഇബ്നുഅബ്ബാസ് പ്രതികരിച്ചു: ഇതിൽ ഒരു ഖയ്റുമില്ല ശറുമില്ല (ശുഭവുമില്ല, ശകുനവുമില്ല). അജ്ഞാത കാലത്തിൻ്റെ തുടർച്ചയായ അന്ധവിശ്വാസത്തെ തുറന്നെതിർക്കുകയായിരുന്നു ഇബ്നു അബ്ബാസ്. അദ്ദേഹത്തിൻ്റെ ഒരു രീതിയായിരുന്നു ഇത്. വെളിപാട് ജ്ഞാനം കൊണ്ടു അനുഗ്രഹീതനായിരുന്നു ഇബ്നു അബ്ബാസ്. ഒരു ദിവസം അദ്ദേഹം ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു ‘ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ’ എന്നു ചെല്ലുകയുണ്ടായി. എന്തോ അത്യാഹിതത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള മന്ത്രമാണ് ഉച്ചരിക്കുന്നത്. കൂടെയുള്ളവർ എണീറ്റു ചോദിച്ചു: എന്തുപറ്റി ഇബ്നു അബ്ബാസ് ?
അദ്ദേഹം പറഞ്ഞു: തിരുനബിയെ ഞാൻ സ്വപ്നത്തിൽ കണ്ടു. നബിയുടെ കൈവശം ഒരു പളുങ്കുപാത്രമുണ്ട്. അതിൽ നിറയെ രക്തമാണ്. ഞാൻ ഒന്നു ഞെട്ടി. അന്നേരം ഞാൻ ചോദിച്ചു: ‘എൻ്റെ മാതാപിതാക്കളെ അങ്ങേക്ക് സമർപ്പിതം. അല്ലാഹുവിൻ്റെ ദൂതരേ, എന്താണിത്?. നബിയുടെ പ്രതികരണമിതായിരുന്നു: എന്റെ കാലശേഷം എന്റെ സമുദായം എന്തെല്ലാമാണ് ഈ കാട്ടിക്കൂട്ടുന്നത്. താൻ വല്ലതും അറിയുന്നുണ്ടോ. അവർ ഹുസൈനെ കൊന്നിരിക്കുന്നു. അവൻ്റെയും കൂട്ടുകാരുടെയും രക്തമാണിത്. ഞാൻ അല്ലാഹുവിലേക്ക് ഇത് സമർപ്പിക്കാൻ പോകുന്നു’. തിരുനബിയുടെ രൂപഭാവം മാറിയിട്ടുണ്ട്. പൊടിപുരണ്ട് മുടി ജഡ കുത്തിയ അവസ്ഥയിലാണ്. ഈ സ്വപ്ന വിശദീകരണത്തിന് സാക്ഷിയായ അമ്മാർ പറയുന്നു: ഞങ്ങൾ ആ ദിവസം കൃത്യമായി കുറിച്ചുവച്ചു. പിന്നീട് വിവരം ലഭിച്ചു ഹുസൈൻ കൊല്ലപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒത്തു നോക്കുമ്പോൾ ഇബ്നു അബ്ബാസ് സ്വപ്നം കണ്ട ദിവസത്തിൽ തന്നെയാണ് കൊലപാതകം നടന്നിട്ടുള്ളത്.
ഹജ്ജ് തീർത്ഥാടകർക്ക് വെള്ളം നൽകുന്ന സേവനദൗത്യം നിർവഹിച്ചിരുന്നു ഇബ്നു അബ്ബാസ്. പാരമ്പര്യമായി ലഭിച്ചതായിരുന്നു അത്. ഇസ്ലാമിക കാലത്തും മുമ്പും ഇബ്നു അബ്ബാസിന്റെ കുടുംബം തന്നെയാണ് ആ ദൗത്യം നിർവഹിച്ചിരുന്നത്. സംസം കിണർ വീണ്ടെടുക്കുന്നതിന് മുമ്പ് തന്നെ ഈ സേവനം കുടുംബം ചെയ്തുപോന്നു. അബ്ദുൽ മുത്തലിബിൽ നിന്ന് അബ്ബാസാണ് ഇത് ഏറ്റെടുത്തത്. മക്ക വിജയത്തോടെ അബ്ബാസിനെ തന്നെ ഈ ഉത്തരവാദിത്വം തിരുനബി ഏൽപ്പിച്ചു. അബ്ബാസിന്റെ വിയോഗാനന്തരമാണ് ഇബ്നു അബ്ബാസ് അധികാരമേൽക്കുന്നത്. അദ്ദേഹത്തിൻ്റെ വിയോഗം വരെ ആരും അതുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നില്ല. അന്നൊക്കെ മക്കത്തെ വെള്ളം കട്ടിയുള്ളതാണ്. സംസം വെള്ളവും അങ്ങനെ തന്നെ. കട്ടി കുറയ്ക്കുന്നതിനുവേണ്ടി ത്വാഇഫിലുള്ള തന്റെ പാരമ്പര്യ സ്വത്തിലെ ഉണക്കമുന്തിരി ഇബ്നു അബ്ബാസ് എത്തിക്കും. അതു വെള്ളത്തിലിട്ട് വയ്ക്കും. വെള്ളം നേർത്തു കിട്ടും. അതായിരുന്നു തീർത്ഥാടകർക്ക് കുടിക്കാൻ നൽകിയത്.
വ്യക്തികളെക്കുറിച്ചും വിഷയങ്ങളെക്കുറിച്ചും ഇബ്നു അബ്ബാസിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഈസബ്ൻ ത്വൽഹ പറയുന്നുണ്ട്: ഞാനൊരിക്കൽ ഇബ്നു അബ്ബാസിനെ സമീപിച്ചു. അബൂബക്കറിനെ കുറിച്ച് പറയൂ എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: അബൂബക്കർ ഏറ്റവും നല്ല മനുഷ്യനായിരുന്നു. ആവശ്യസന്ദർഭത്തിൽ കാർക്കശ്യവും കോപവും അദ്ദേഹം വച്ചുപുലർത്തി.' ഉമറിനെ പറ്റി എന്ത് പറയുന്നു ? ഇബ്നു അബ്ബാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ജാഗ്രതയുള്ള ഒരു പക്ഷിയെ പോലെയായിരുന്നു ഉമർ. ഏതുവിധേന വല വിരിച്ചാലും അദ്ദേഹത്തെ കുടുക്കാൻ സാധ്യമല്ല. ഓരോ ദിവസവും മത്സര കളരിയിൽ കൃത്യവും വ്യക്തവുമായ കരുത്തോടെ അദ്ദേഹം നീങ്ങി. കർമ്മ കുശലനായി ". ഉസ്മാനിനെ പറ്റിയോ? ‘ഉസ്മാൻ വല്ലാതെ നിസ്കരിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്ന ആളായിരുന്നു. ഒരിക്കലും തൻ്റെ നിദ്ര ഉണർവിനെ വഞ്ചിച്ചില്ല. ‘നിങ്ങളുടെ തന്നെ ആളാണല്ലോ അലി. അദ്ദേഹത്തെ പറ്റി എന്തു പറയുന്നു’. ഇബ്നു അബ്ബാസ് പറഞ്ഞു: അലി അറിവുകൊണ്ടും സഹനം കൊണ്ടും നിറവ് വന്ന വ്യക്തിയായിരുന്നു. കയ്യൊതുക്കാൻ കഴിയുന്നതല്ലാതെ അദ്ദേഹം ലക്ഷ്യമാക്കിയില്ല.
ഇബ്നു അബ്ബാസിന്റെ നിരീക്ഷണങ്ങൾക്ക് കൃത്യമായിരുന്നു.
