കൂർമബുദ്ധിയും ദീനിൽ പരിജ്ഞാനിയാക്കണമെന്ന പ്രവാചകൻ്റെ പ്രാർത്ഥനയും ഒന്നിച്ചു ചേർന്നപ്പോൾ ഇബ്നു അബ്ബാസ് വിജ്ഞാനത്തിന്റെ ഗോപുരം താണ്ടുകയായിരുന്നു. പണ്ഡിത ലോകത്തിൻ്റെ അഭയ കേന്ദ്രമായി പിൻകാലത്ത് അദ്ദേഹം മാറി. വൈജ്ഞാനികമായ വിശദീകരണങ്ങൾ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇബ്നു അബ്ബാസിന്റെ പടിവാതിൽക്കൽ ജ്ഞാനകുതുകികൾ എത്തിക്കൊണ്ടിരുന്നു. അബൂസാലിഹ് തന്റെ അനുഭവം പറയുന്നത് ഇങ്ങനെ: ഇബ്നു അബ്ബാസിന്റെ വൈജ്ഞാനിക സദസ്സ് ഞാൻ കണ്ടിട്ടുണ്ട്. ഖുറൈശികൾക്ക് മുഴുവനും അഭിമാനിക്കാൻ പറ്റുന്നതായിരുന്നു അത്. ജനങ്ങൾ അദ്ദേഹത്തിൻ്റെ വീട്ടുകവാടത്തിൽ സംഗമിച്ചു. വഴി ജനനിബിഢമായി. ആർക്കും പോകാനും വരാനും പറ്റാത്ത അവസ്ഥ.
സ്ഥിതി മനസ്സിലാക്കിയ ഞാൻ ഇബ്നു അബ്ബാസിനരികൾ കടന്നുചെന്നു പറഞ്ഞു: ആളുകൾ വീട്ടു പരിസരത്ത് തമ്പടിച്ചിരിക്കുന്നു. അവർക്ക് പലതും അറിയാനും ചോദിക്കാനും ഉണ്ടെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു: നീ പെട്ടെന്ന് എനിക്ക് അംഗശുദ്ധി വരുത്താനുള്ള വെള്ളമെടുക്കൂ. ഞാൻ വെള്ളം റെഡിയാക്കി. അദ്ദേഹം അംഗശുദ്ധി വരുത്തി. ജനങ്ങളെ സ്വീകരിക്കുവാനും അറിവ് പകർന്നു കൊടുക്കാനുമായി ഇരിപ്പുറപ്പിച്ചു. എന്നോട് പറഞ്ഞു: താൻ പുറത്തുപോയി ജനക്കൂട്ടത്തോടു പറയുക; വിശുദ്ധ ഖുർആൻ പാരായണത്തെയും അക്ഷര വിശദീകരണങ്ങളെയും പറ്റി ചോദിക്കാൻ ഉദ്ദേശിക്കുന്നവർക്ക് കടന്നു വരാം.
ഞാൻ ചെന്നു. ആജ്ഞ പോലെ വിളംബരം ചെയ്തു. വലിയൊരു കൂട്ടം ജനം വീടിനകത്തേക്ക് പ്രവേശിച്ചു. വീടിന്റെ മുറികൾനിറഞ്ഞു. പിന്നീട് ചോദ്യശരങ്ങൾ ഉയർന്നു. എല്ലാറ്റിനും അദ്ദേഹം കൃത്യമായ മറുപടി പറഞ്ഞു. ചോദ്യകാരന്മാർ ഉദ്ദേശിച്ചതിലുമപ്പുറമുള്ള വിശദീകരണങ്ങൾ കൂടി ചേർത്തായിരുന്നു മറുപടി. അവർ സംതൃപ്തരായി. ഇബ്നു അബ്ബാസ് പറഞ്ഞു: സഹോദരങ്ങളേ, സംശയങ്ങൾ തീർന്നെങ്കിൽ പുറത്തു പോവുക. അവർ പുറത്തേക്കിറങ്ങി. അനന്തരം എന്നോട് പറഞ്ഞു: ഇനി ചെന്ന് പറയേണ്ടത് ഖുർആൻ വ്യാഖ്യാനത്തെയും വിശദീകരണത്തെയും പറ്റി ചോദിക്കാനുള്ളവർ കടന്നു വരട്ടെ എന്നാണ്. ഞാൻ ജനങ്ങൾക്കിടയിൽ പ്രത്യക്ഷനായി. ഇബ്നു അബ്ബാസ് പറഞ്ഞതറിയിച്ചു. ഒരു സംഘം ആളുകൾ വീടിനകത്തേക്ക് ഇടിച്ചു കയറി. അവിടെ ചോദ്യങ്ങൾ ഉയർന്നു. എല്ലാറ്റിനും ഉത്തരങ്ങൾ അദ്ദേഹം നൽകിക്കൊണ്ടിരുന്നു. ആ സംഘം പുറത്തിറങ്ങി. അടുത്ത സംഘത്തിനുള്ള അവസരമായിരുന്നു. ഹലാൽ, ഹറാം (അനുവദനീയം, അനുവദനീയമല്ലാത്തത്) തുടങ്ങി കർമശാസ്ത്ര സംബന്ധമായ സംശയങ്ങൾക്കുള്ള നിവാരണമാണ് അടുത്തത്.
ആളുകൾ ഇടിച്ചു കയറി. ചോദ്യങ്ങൾ തുടർന്നു. കൃത്യമായ പ്രതികരണങ്ങൾ ഇബ്നുഅബ്ബാസ് നടത്തിക്കൊണ്ടിരുന്നു. അവർ പുറത്തിറങ്ങി. സംതൃപ്തിയോടെ മടങ്ങി. പിന്നീട് അവസരം ലഭിച്ചത് അനന്തരാവകാശം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാനുള്ളവർക്കായിരുന്നു. വലിയൊരു പട തന്നെയാണ് അകത്തുകടന്നത്. അവർ മുറികളിൽ തിങ്ങിനിറഞ്ഞു. ചോദിക്കുന്നതിനെല്ലാം ഇബ്നു അബ്ബാസ് മറുപടി പറഞ്ഞു കൊണ്ടിരുന്നു. അവർ അന്വേഷിച്ചതിന്റെ അപ്പുറത്തേക്ക് വിഷയസംബന്ധമായ അനുബന്ധ കാര്യങ്ങൾ ധാരാളം വിശദീകരിച്ചു. അവരുടെ മനസ്സ് നിറഞ്ഞു. പുറത്തിറങ്ങി. എന്നോട് പറഞ്ഞു: നീ പോയി അന്വേഷിക്കുക, അറബി ഭാഷയെപ്പറ്റിയും കവിതകളെക്കുറിച്ചും അപൂർവ്വ സാഹിത്യപ്രയോഗങ്ങളെപ്പറ്റിയും അറിയാനാഗ്രഹിക്കുന്നവർ കടന്നു വരട്ടെ. ഞാൻ ചെന്നു വിളംബരം ചെയ്തു. ജനങ്ങൾ ഇരച്ചു കയറി. വീടിൻ്റെ അകത്തളം നിറഞ്ഞു കവിഞ്ഞു. ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇബ്നു അബ്ബാസ് വിയർക്കാതെ പ്രതികരിച്ചു. വളരെ വലിയ വിശദീകരണങ്ങൾ തന്നെ സമ്മാനിച്ചു. സാഹിത്യത്തിൻ്റെ ഇഴകീറിയ പഠനസായാഹ്നം അവിടെ അരങ്ങു തകർത്തു. ആ സംഘവും പുറത്തിറങ്ങി. ഏകദേശം വന്നുചേർന്ന ആളുകളെല്ലാം നീങ്ങിക്കഴിഞ്ഞു.
അഭിമാനാർഹമായിരുന്നു ഇബ്നു അബ്ബാസിന്റെ ഈ അവസ്ഥ. ഞാൻ ഓർത്തു : ഖുറൈശികൾക്ക് മുഴുവനും അഭിമാനിക്കാൻ ഇതിനപ്പുറം മറ്റൊന്നും വേണമെന്നില്ല. ജനങ്ങളുടെ കൂട്ടത്തിൽ ഇത്തരം ഒരാളെ ഞാൻ കണ്ടിട്ടില്ല. അറിവിന്റെ എൻസൈക്ലോപീഡിയ തന്നെ ഇബ്നു അബ്ബാസ്.
അബ്ദുല്ലാഹിബിനു ഉത്ബ പറയുന്നുണ്ട്: ഇബ്നു അബ്ബാസ് പല കാര്യങ്ങൾ കൊണ്ടും ജനങ്ങൾക്കിടയിൽ വേറിട്ടുനിന്നു. എല്ലാവരെയും പിന്നിലാക്കുന്ന ജ്ഞാനം, വ്യത്യസ്ത വീക്ഷണങ്ങൾക്ക് വേണ്ടി ആളുകൾക്ക് ആശ്രയിക്കേണ്ടിവരുന്ന വിധത്തിലുള്ള കർമശാസ്ത്രബോധം, തികഞ്ഞ സഹനം, കുലമഹിമ, ഉന്നത ഭാവം, തിരുനബിയുടെ വചനങ്ങളെപ്പറ്റി ഇത്രമാത്രം ജ്ഞാനമുള്ള ഒരാളെ കാണാൻ കിട്ടില്ല. അബൂബക്കറും ഉമറും ഉസ്മാനും നടത്തിയ വിധികളെപ്പറ്റി നന്നായി അറിയാം. പക്വമായ കാഴ്ചപ്പാടിന്റെ ഉടമ, കാവ്യത്തെപ്പറ്റിയും അറബിഭാഷയെപ്പറ്റിയും തികഞ്ഞ അറിവ്, വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിന്റെ അകംകണ്ട വ്യക്തി, ഗണിതശാസ്ത്രവും അനന്തരാവകാശ വിഭജന ശാസ്ത്രവും ഇത്ര അറിയുന്ന ഒരാൾ വേറെയില്ല. തികഞ്ഞ ചരിത്രബോധം. അദ്ദേഹത്തിനു മുമ്പിൽ എത്ര വലിയ പണ്ഡിതൻ ഇരുന്നാലും തലകുനിച്ചു പോകും. ഏത് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന ഇടം. 30 വരികൾ അടങ്ങുന്ന ഒരു കാവ്യവല്ലരി അദ്ദേഹത്തിൽ നിന്ന് നേരിട്ടു കേട്ട് ഞാൻ പഠിച്ചിട്ടുണ്ട്"
എപ്പോഴും ഒരു പരിവാരം ഇബ്നു അബ്ബാസിന്റെ കൂടെയുണ്ടാകും. ഭരണാധികാരികളുടെ കൂടെ മാത്രമേ അത്തരത്തിലൊരു പരിവാരത്തെ കാണാൻ കഴിയൂ. ഇബ്നു അബ്ബാസിന്റെ കൂടെയുണ്ടാകുന്ന പരിവാരം പക്ഷേ വിജ്ഞാന കുതുകികളുടെതായിരുന്നു. യസീദ് ഇബ്നുൽ അസമ്മ് പറയുന്നുണ്ട്: "ഭരണാധികാരിയായ മുആവിയെക്കൊപ്പം ഇബ്നു അബ്ബാസും ഹജ്ജിനു പുറപ്പെട്ടു. മുആവിയുടെ കൂടെ വലിയൊരു സംഘമുണ്ട്. സമാനമായ സംഘം ഇബ്നു അബ്ബാസിന്റെ കൂടെയുമുണ്ട്. ഇബ്നു അബ്ബാസിന്റെ കൂടെയുള്ള സംഘത്തിൻ്റെ ലക്ഷ്യം അറിവ് നുകർന്നെടുക്കലായിരുന്നു"
