ഇബ്നു അബ്ബാസിന്റെ വ്യക്തി മഹത്വം തിരിച്ചറിഞ്ഞ ആളായിരുന്നു അലി. അധികാരങ്ങൾ ഏൽപ്പിക്കാൻ പറ്റിയ പക്വത ഇബ്നു അബ്ബാസിനുണ്ട്. ജനങ്ങളെ ഒന്നിച്ചു നയിക്കാനുള്ള ശേഷിയും ആളുകളെ സംസ്കരിക്കാനുള്ള ആത്മീയ കഴിവുമുണ്ട്. ഈ തിരിച്ചറിവിനെ തുടർന്നാണ് അലി ബസ്വറയിലെ ഗവർണറായി ഇബ്നു അബ്ബാസിനെ നിയമിക്കാൻ തീരുമാനിക്കുന്നത്. ഹിജ്റ 36 ലായിരുന്നു ഇത്. ബസ്വറയിൽ സന്ദർശനത്തിനെത്തിയതായിരുന്നു ഖലീഫ. പ്രമുഖ സ്വഹാബിയായ അബൂബക്കറതിനെ സന്ദർശിക്കലായിരുന്നു ലക്ഷ്യം. അദ്ദേഹം അസുഖബാധിതനായിരുന്നു. സന്ദർശനമധ്യേ ബസ്വറയിലെ അധികാര പദവി ഏൽക്കാൻ അബൂബക്കറതിനോട് കൽപ്പിച്ചു. പക്ഷേ അദ്ദേഹം കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: "താങ്കളുടെ കുടുംബത്തിൽപ്പെട്ട നല്ല ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിൻ്റെ കരങ്ങളിൽ അധികാരം ഏൽപ്പിക്കുകയാണെങ്കിൽ ജനങ്ങളെല്ലാം ശാന്തരാകും. സമാധാനപ്പെടും". അബ്ദുല്ലാഹിബ്നു അബ്ബാസിനെ ഉദ്ദേശിച്ചായിരുന്നു അബൂബക്കറത് അങ്ങനെ പറഞ്ഞത്. നിർദ്ദേശം അലിക്ക് ഇഷ്ടപ്പെട്ടു. പിന്നെ താമസിച്ചില്ല, ഇബ്നു അബ്ബാസുമായി സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കി. ബസ്വറയിലെ ഗവർണർ പദവി ഏൽക്കണമെന്ന് നിർദേശിച്ചു. അതിൻ്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.
ജനസേവനത്തോട് വിമുഖനായിരുന്നില്ല ഇബ്നു അബ്ബാസ്. പ്രധാന ഹോബി വിജ്ഞാന പ്രചരണമാണെങ്കിലും അധികാരം അതിനൊരു പൊൻതൂവൽ ചാർത്താകും. അദ്ദേഹം ചിന്തിച്ചു. ഖലീഫയുടെ ആജ്ഞ മാനിച്ച് ഇബ്നു അബ്ബാസ് സ്ഥാനം ഏൽക്കാനുറച്ചു. സഹായിയായി സിയാദിനെ കൂടി അലി നിയമിച്ചു. നികുതി പിരിച്ചെടുക്കുക, പൊതു ഫണ്ട് കൈകാര്യം ചെയ്യുക തുടങ്ങിയ സാമ്പത്തിക ഉത്തരവാദിത്തമായിരുന്നു സിയാദിൽ നിക്ഷിപ്തമായിരുന്നത്. സിയാദിൽ നിന്ന് കാര്യങ്ങൾ ശ്രവിക്കാൻ വേണ്ടി ഇബ്നു അബ്ബാസിനെ പ്രത്യേകം അലി പ്രേരിപ്പിച്ചു.
ഇബ്നു അബ്ബാസ് ബസ്വറയിലെത്തി. ജനങ്ങൾ സമുചിതമായ സ്വീകരണം തന്നെ നൽകി. പുതിയ ഗവർണറെ അവർക്ക് കേട്ട് പരിചയമുണ്ട്. അഗാധ പണ്ഡിതനാണെന്ന അറിവ് ആളുകളെ ആവേശഭരിതരാക്കി. അടുക്കും ചിട്ടയും ഉള്ള ഭരണമാണ് ഇബ്നു അബ്ബാസ് ഉദ്ദേശിച്ചത്. ജനങ്ങൾക്ക് അടിസ്ഥാനപരമായി വേണ്ടത് അറിവാണ്. അതിലൂടെ മാത്രമാണ് അവരുടെ സംസ്കാരം രൂപീകരിക്കാൻ സാധിക്കുക. ഈ ഒരു ലക്ഷ്യത്തിലൂടെ അദ്ദേഹം മുന്നേറി. ആളുകളുടെ ഭൗതികമായ ആവശ്യങ്ങൾ നിർവഹിക്കുന്നതോടൊപ്പം ആത്മാവിൻ്റെ ഏറ്റവും പ്രധാന ആവശ്യമായ ജ്ഞാനദാനം സജീവമാക്കി.
വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയായിരുന്നു ആദ്യമായി ചെയ്തത്. കേവലം പാരായണത്തിൽ ഒതുങ്ങിയില്ല. ഖുർആനിൻ്റെ ആശയ തലങ്ങളിലേക്ക് ജനങ്ങളെ നയിച്ചു. വിശുദ്ധ റമളാൻ ഇതിനുവേണ്ടി നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. റമളാൻ സമാപിക്കുമ്പോഴേക്കും ജനങ്ങളിൽ വലിയ പക്ഷവും അത്യാവശ്യം അടിസ്ഥാനപരമായി ഖുർആൻ പാണ്ഡിത്യമുള്ളവരായി മാറി.
ബസ്വറക്കാർക്കിത് അഭിമാനത്തിന്റെ നാളുകളായിരുന്നു. വിവരമില്ലാതിരുന്ന തങ്ങൾക്കിപ്പോൾ വിവരം വച്ചിരിക്കുന്നു. അവർക്ക് ആത്മസംതൃപ്തി തോന്നി. പുതിയ ഗവർണറിൽ അവർ സംപ്രീതരായി. അതോടൊപ്പം സാമൂഹിക സേവനവും ഗവർണർ സജീവമാക്കി. പാവങ്ങളായ ആളുകളുടെ ലിസ്റ്റ് ശേഖരിച്ചു. അവർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി. ക്രിമിനലുകളും ബസ്വറയിൽ ഉണ്ടായിരുന്നു. അവരെ കുറ്റവാളികളായി തന്നെ തുടരാൻ അനുവദിക്കുക എന്ന രീതി ഉപേക്ഷിച്ചു. അവരെ സമീപിച്ചു. മാന്യമായ ഉപദേശങ്ങൾ നൽകി. അവരുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് പ്രവേശിച്ചു. മാനസികമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി. സാമ്പത്തികമായ പ്രശ്നങ്ങളെ അടുത്തറിഞ്ഞു. ആവശ്യമായ പരിഹാരങ്ങൾ ഭരണകൂടം ഒരുക്കിയപ്പോൾ അവർ നേർവഴിക്കു കടന്നുവരുന്ന സാഹചര്യമുണ്ടായി. ഇത് നാട്ടിൽ സമാധാനം കളിയാടാൻ കാരണമായി. ആഭ്യന്തര വകുപ്പിന്റെ സുഗമമായ നടത്തിപ്പ് അങ്ങനെ സാക്ഷാത്കൃതമായി.
പുതിയ ഗവർണറെ കുറിച്ച് പറയാൻ നൂറ് നാവായിരുന്നു ബസ്വറക്കാർക്ക്. ഖലീഫ അലി പല ഘട്ടങ്ങളിലും ഗവർണറെ കുറിച്ചുള്ള അന്വേഷണം നടത്തി. അങ്ങനെയാണ് ഒരിക്കൽ സ്വഅസ്വഅതുബ്ൻ സ്വൗഹാൻ ഖലീഫയുടെ മുന്നിൽ പെടുന്നത്. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി അലി ചോദിച്ചു: "എങ്ങനെയുണ്ട് ഇബ്നു അബ്ബാസ്? ഇബ്നു സ്വൗഹാൻ പറഞ്ഞു: അമീറുൽ മുഅ്മിനീൻ, അദ്ദേഹം മൂന്നു കാര്യങ്ങൾ മുറുകെപ്പിടിച്ചിരിക്കുന്നു, മൂന്നു കാര്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. അഥവാ ജനങ്ങളുടെ മനം അദ്ദേഹം കവർന്നിരിക്കുന്നു, ജനങ്ങളുടെ സംസാരം സശ്രദ്ധം ശ്രവിക്കുന്നു, അഭിപ്രായന്തരം വന്നാൽ ഏറ്റവും എളുപ്പമുള്ള കാര്യം മുറുകെപ്പിടിക്കുന്നു. ഉപേക്ഷിക്കുന്ന വിഷയങ്ങൾ ഇവയെല്ലാമാണ്; തർക്കം, അക്രമികളോടുള്ള വിയോജിപ്പ്, അന്യായം”. ഇതുകേട്ടതും അലിക്ക് സന്തോഷമായി. തന്റെ സെലക്ഷൻ വിജയിച്ചിരിക്കുന്നു.
കുറച്ചുകാലം മുന്നോട്ടുപോയി. അതിനിടയിൽ ഖാസി അബുൽ അസ് വദുദ്ദു അലിയുമായി ഒരു വിഷയത്തെ ചൊല്ലി ഇബ്നു അബ്ബാസിന് സംവദിക്കേണ്ടി വന്നു. ഖാസി സംസാരം കടുപ്പിച്ചു. ഇബ്നു അബ്ബാസിന്റെ മനസ്സ് നീരസപ്പെട്ടു. ഖാസി ഖലീഫക്ക് കത്തയച്ചു. ഇബ്നു അബ്ബാസിനെ കുറിച്ചുള്ള പരാതികൾ അടങ്ങുന്നതായിരുന്നു കത്ത്.
അദ്ദേഹത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന വാക്കുകൾ കത്തിൽ ഉണ്ടായിരുന്നു. പൊതു ഫണ്ടിൽ നിന്ന് ഇബ്നു അബ്ബാസ് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില സന്ദേഹങ്ങളും ഖാസി എഴുതിയതിൽ പെടും. അലിയെ സംബന്ധിച്ച് ഇത് മാനസിക പ്രശ്നമായി. അദ്ദേഹം ആ അവസ്ഥയിൽ ഇബ്നു അബ്ബാസിന് കത്തയച്ചു. അതിൽ സ്വരം സ്വല്പം കടുപ്പിച്ചിരുന്നു. ഖാസിയുടെ വാദങ്ങളെ ഖലീഫ ശരിവെക്കുന്നുണ്ടോ എന്ന് തോന്നുന്നതായിരുന്നു വരികൾ. ഇബ്നു അബ്ബാസിന് തീരെ രസിച്ചില്ല. വളരെ സുതാര്യമായിട്ടാണ് താൻ മുന്നോട്ടുപോകുന്നത്. അധികാരപഥം ഇങ്ങനെ തന്നെയാണ്. അത് സന്ദേഹം ജനിപ്പിക്കും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭൗതിക താൽപര്യത്തോട് അടുത്തുനിൽക്കുക എന്നത് ഭരണത്തിൻ്റെ എന്നത്തെയും പ്രത്യേകതയാണ്. അതായിരിക്കും അലിയുടെ സംസാരത്തിൽ കുറച്ചു കടുപ്പം കടന്നു വന്നിരിക്കുന്നത്. പിന്നീട് കൂടുതൽ ചിന്തിക്കാൻ നിന്നില്ല. ഇബ്നു അബ്ബാസ് അലിക്ക് കത്തയച്ചു : "ഞാൻ രാജിവച്ചു പിരിയുകയാണ്. താങ്കൾക്ക് ഇഷ്ടപ്പെട്ട ആളെ ഗവർണറായി ഉടൻ പറഞ്ഞയക്കുക. " അങ്ങനെയാണ് അബ്ദുല്ലാഹിബ്നു ഹാരിസ് ബസ്വറയിൽ എത്തിച്ചേരുന്നതും ഖലീഫയുടെ പ്രതിനിധിയാകുന്നതും. ഇബ്നു അബ്ബാസ് പിന്നെ അവിടെ നിന്നില്ല. മക്കത്തേക്ക് തന്റെ അമ്മാവന്മാരുടെ കൂടെ യാത്ര തിരിച്ചു. അലിയുടെ വിയോഗം വരെ ബസ്വറയിൽ സ്ഥാനം തുടർന്നെന്നും പിന്നീട് ഹാരിസിനെ പ്രതിനിധിയാക്കി അറേബ്യയിലേക്ക് നീങ്ങി എന്നും അഭിപ്രായമുണ്ട്.
