ഒരു പണ്ഡിതസദസ്സ്. മുജാഹിദ്, അത്വാഅ്, ത്വാഊസ്, ഇക്രിമ തുടങ്ങിയ പ്രമുഖരുണ്ട്. ഇബ്നു അബ്ബാസ് അപ്പുറത്ത് നിസ്കരിച്ചു കൊണ്ടിരിക്കുകയാണ്. പെടുന്നനെ ഒരാൾ കടന്നുവന്നു. അപരിചിതനാണ്. അയാൾ ചോദിച്ചു നിങ്ങളുടെ കൂട്ടത്തിൽ മുഫ്തിയുണ്ടോ? മുജാഹിദ് പറഞ്ഞു: നീ ചോദിക്കൂ? എന്താണ് അറിയേണ്ടത്?. സംഗമിച്ചിരിക്കുന്ന എല്ലാവരും അറിവുള്ളവരാണ്. കർമ്മശാസ്ത്രപരമായ മറുപടികൾക്ക് കഴിവുള്ളവർ. ആ അർത്ഥത്തിലാണ് മുജാഹിദ് അയാളോട് ചോദിക്കാൻ പറഞ്ഞത്. അയാൾ ചോദിച്ചതിങ്ങനെ: ഞാൻ മൂത്രമൊഴിച്ചു കഴിഞ്ഞ പാടെ ഒരു പ്രത്യേക വെള്ളം തെറിച്ചുപോന്നു. കുളി നിർബന്ധമാണോ?
ചോദ്യം കേട്ട സദസ്സ് അയാളോട് തിരിച്ചു ചോദിച്ചു: സന്താനോല്പാദനം ഉണ്ടാകാൻ നിമിത്തമാകുന്ന വെള്ളമാണോ?
അയാൾ: അതേ എന്നു പറഞ്ഞു. കേവലം സാധാരണക്കാരനായിരുന്നു അയാൾ. സദസ്സ് ഒന്നടങ്കം പറഞ്ഞു: നിനക്ക് കുളി നിർബന്ധമായി. ഉത്തരം ലഭിച്ച അയാൾ തിരിച്ചു നടന്നു. അപ്പോഴേക്കും ഇബ്നു അബ്ബാസ് നിസ്കാരം പൂർത്തീകരിച്ചു. ധൃതിയിലാണ് അദ്ദേഹം നിസ്കാരം അവസാനിപ്പിച്ചത്. സലാം വീട്ടിയ അദ്ദേഹം പറഞ്ഞു: ഇക് രിമാ, അയാളെ ഇങ്ങോട്ട് വിളിക്കൂ. ഇക് രിമ ഓടിച്ചെന്നു. ആ മനുഷ്യനെ വിളിച്ചു കൊണ്ടുവന്നു.
മുജാഹിദ് പറയുന്നു: അതിനിടയിൽ ഇബ്നു അബ്ബാസ് ഞങ്ങളോട് ചോദിച്ചു: നിങ്ങൾ ഈ മനുഷ്യന് ഫത്വ നൽകിയത് ഖുർആൻ വെച്ചിട്ടാണോ? ഞങ്ങൾ പറഞ്ഞു: അല്ല, തിരുനബിയുടെ സുന്നത്തിൽ കണ്ടിട്ടാണോ? ഞങ്ങൾ പറഞ്ഞു: അല്ല. തിരുനബിയുടെ സ്വഹാബത്തിന്റെ അഭിപ്രായമായിട്ടാണോ? ഞങ്ങൾ പറഞ്ഞു: അല്ല. പിന്നെ ഏത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഉത്തരം പറഞ്ഞത്. ഞങ്ങൾ പറഞ്ഞു: ഞങ്ങളുടെ സ്വന്തം നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: ഇതുതന്നെയാണ് തിരുനബി പറഞ്ഞത്. ഒരു കർമ്മശാസ്ത്ര പണ്ഡിതൻ പിശാചിന് ആയിരം ആരാധനക്കാരെക്കാൾ അപകടം ചെയ്യുമെന്ന്'. അനന്തരം ചോദ്യകർത്താവിൻ്റെ നേരെ തിരിഞ്ഞു ഇബ്നു അബ്ബാസ്: തനിക്ക് ആ സമയത്ത് മനസ്സിൽ കാമവികാരം തോന്നിയിരുന്നോ? അയാൾ പറഞ്ഞു: ഇല്ല. ശരീരത്തിന് എന്തെങ്കിലും തളർച്ച വന്നോ? അയാൾ പറഞ്ഞു: ഇല്ല. അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: എങ്കിൽ നീ കുളിക്കേണ്ടതില്ല. അംഗശുദ്ധി വരുത്തിയാൽ മാത്രം മതി.
ഇതായിരുന്നു ഇബ്നു അബ്ബാസ്. അറിവിലും ഗവേഷണത്തിലും എല്ലാവരെയും പിന്നിലാക്കി. കർമ്മശാസ്ത്ര വിഷയങ്ങളിൽ പ്രത്യേക രീതിപ്രകാരം വിധി നൽകി. വല്ലതും ചോദിച്ചാൽ ആദ്യം ഖുർആനിലേക്ക് തിരിയും. അതിൽ കണ്ടെത്താൻ കഴിയില്ലെങ്കിൽ തിരുസുന്നത്തിലേക്ക്. അതിലും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അബൂബക്കർ, ഉമർ തുടങ്ങിയവരുടെ വീക്ഷണം നോക്കും. എന്നിട്ടും ലഭിക്കുന്നില്ല എന്നാണെങ്കിൽ സ്വയം ഗവേഷണം ചെയ്യും. ഇതായിരുന്നു രീതി. ആ ഗവേഷണത്തിൽ അദ്ദേഹം യഥാർത്ഥ ഉത്തരം കണ്ടെത്തിയിട്ടുണ്ടാകും.
മറ്റു സഹാബികൾ അഭിപ്രായവ്യത്യാസത്തിലാകുന്നേടത്ത് അവസാനവാക്കായി ഇബ്നു അബ്ബാസ് മാറുമായിരുന്നു.
ത്വാഊസ് പറയുന്നുണ്ട്: ഏകദേശം അഞ്ഞൂറോളം വരുന്ന സഹാബികളെ ഞാൻ കണ്ടിട്ടുണ്ട്. വല്ല വിഷയത്തിലും അവർ അഭിപ്രായാന്തരത്തിലായാൽ അവസാനം എത്തിച്ചേരുക ഇബ്നു അബ്ബാസിന്റെ വീക്ഷണത്തിലേക്കായിരിക്കും. ഇത്ര സുന്ദരമായി ഫത്വ നൽകാൻ പറ്റുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല എന്ന് മുജാഹിദ് പറയുന്നു. തിരുനബി പറഞ്ഞിട്ടുണ്ട് എന്ന് തുടങ്ങി കൊണ്ടായിരിക്കും മിക്കവാറും അദ്ദേഹത്തിൻ്റെ ഫത്വകൾ വരിക.
ഉമറിന്റെയും ഉസ്മാനിന്റെയും കാലത്ത് പ്രമുഖ മുഫ്തി ഇബ്നു അബ്ബാസ് തന്നെയായിരുന്നു. മദീനയിലെ സപ്ത മുഫ്തികളിൽ പ്രധാനിയും ഇബ്നു അബ്ബാസ് തന്നെ. ഹജ്ജ് സീസണായാൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ രണ്ടുപേരാണ് കാത്തിരിക്കാറുള്ളത്. ഒന്ന് ഇബ്നു അബ്ബാസ്. രണ്ട് ഇബ്നു ഉമർ. കൂടുതലായി പ്രതികരിച്ചിരുന്നത് ഇബ്നു അബ്ബാസ് തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ ഫത്വകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അബൂബക്കർ മുഹമ്മദ് ബിനു മൂസാ എന്ന പണ്ഡിതൻ ഇബ്നു അബ്ബാസിന്റെ ഫത്വകൾ 20 ഗ്രന്ഥങ്ങളിലായി ക്രോഡീകരിച്ചിട്ടുണ്ട്. അബൂബക്കർ ചക്രവർത്തി മഅ്മൂനിൻ്റെ പൗത്രനായിരുന്നു.
ത്വാഊസിനോട് ലെയ്സ് ഇബ്നു അബീസുലൈം ചോദിക്കുന്നുണ്ട്: താങ്കൾ എന്തുകൊണ്ടാണ് പ്രമുഖ സ്വഹാബികളെ ഒഴിവാക്കി ചെറുപ്പക്കാരനായ ഇബ്നു അബ്ബാസിന്റെ പിന്നിൽ തന്നെ കൂടുന്നത്?. മറുപടി ഇങ്ങനെയായിരുന്നു: എഴുപതോളം വരുന്ന പ്രമുഖ സഹാബികളെ എനിക്കറിയാം. അവർ വല്ല കാര്യങ്ങളിലും അഭിപ്രായന്തരത്തിലായാൽ ഒടുവിൽ എത്തിച്ചേരുന്നത് ഈ ചെറുപ്പക്കാരന്റെ വീക്ഷണത്തിലേക്കാണ്.
ഹജ്ജ് വിഷയങ്ങളിലെ അതീവജ്ഞാനി എന്നാണ് ആയിഷ ബീവിയുടെ വിശേഷണം. അബ്ദുല്ലാഹിബ്നു അംറ് ബ്ൻ ആസ്വ് നിരീക്ഷിക്കുന്നതിങ്ങനെ: ഇബ്നു അബ്ബാസ് കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി പരമജ്ഞാനിയാണ്. ഖണ്ഡിതപ്രമാണം വരാത്ത സംഭവിക്കാവുന്ന വിഷയങ്ങളിലും അദ്ദേഹത്തിന് തികഞ്ഞ ധാരണയുണ്ട് ". പക്ഷേ ഒരിക്കലും അഹങ്കാരം തൊട്ടു തീണ്ടിയില്ല. ഒരു ദിവസം സൈദുബ്ൻ സാബിതിൻ്റെ വാഹനത്തിൻ്റെ കയർ പിടിച്ച് നടക്കാൻ ഇബ്നു അബ്ബാസ് സന്നദ്ധമായി. അദ്ദേഹം പറഞ്ഞു: തിരുദൂതരുടെ പിതൃവ്യപുത്രാ ഒരിക്കലും അരുത്. ഇബ്നു അബ്ബാസിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞങ്ങളുടെ കൂട്ടത്തിലെ പണ്ഡിതന്മാരോട് ഇങ്ങനെ ആദരവ് കാണിക്കാനാണ് ആജ്ഞ. സെയ്ദും വിട്ടില്ല. ആ കൈ ഇങ്ങ് തരൂ എന്ന് പറഞ്ഞു. ഇബ്നു അബ്ബാസ് ഇരു കരങ്ങളും നീട്ടി. സൈദ് കരങ്ങൾ ചുംബിച്ചിട്ട് പറഞ്ഞു: നബികുടുംബത്തോട് ഇങ്ങനെ ചെയ്യണമെന്നും ഞങ്ങൾക്കാജ്ഞയുണ്ട്".
ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിച്ചിരുന്നു ഇബ്നു അബ്ബാസ്. അതേസമയം കേൾക്കാനും സന്നദ്ധത കാണിച്ചിരുന്നു. ജനങ്ങളോട് പറയും "ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. നിങ്ങൾ പറയുന്നത് കൃത്യമായി എന്നെ കേൾപ്പിക്കുവാനും ശ്രദ്ധിക്കുക. ഇബ്നു അബ്ബാസ് പറഞ്ഞു, ഇബ്നു അബ്ബാസ് പറഞ്ഞു എന്നിങ്ങനെ പറഞ്ഞു നിങ്ങൾ നടക്കേണ്ടതില്ല”. ഒരിക്കൽ ഒരാൾ കടന്നുവന്നു. പാവപ്പെട്ട ഒരു തൊഴിലാളിയാണ്. അദ്ദേഹം പറഞ്ഞു: ഇബ്നു അബ്ബാസ്, എന്റെ തൊഴിൽ രൂപ നിർമ്മാണമാണ്. ഉടൻ വന്നു ഇബ്നു അബ്ബാസിന്റെ പ്രതികരണം: ഞാൻ നിന്നോട് നബിയിൽ നിന്ന് കേട്ട ഒരു വചനം പറയാം. തിരുദൂതർ പറഞ്ഞു: ആരെങ്കിലും രൂപം നിർമ്മിച്ചാൽ അവനെ അല്ലാഹു ശിക്ഷിക്കും. അതിൽ ആത്മാവ് ഊതാൻ വേണ്ടി പറഞ്ഞുകൊണ്ടായിരിക്കും ശിക്ഷ. പക്ഷേ അവന് ഒരിക്കലും അതിൽ ജീവൻ ഊതാൻ സാധ്യമല്ല. ഇത് കേട്ടതും ആ മനുഷ്യൻ നെടുവീർപ്പിട്ടു. അദ്ദേഹത്തിൻ്റെ മുഖം വിവർണ്ണമായി. അയാളുടെ പ്രയാസം മനസ്സിലാക്കിയ ഇബ്നു അബ്ബാസ് പറഞ്ഞു: "എടോ നീ വിഷമിക്കണ്ട. നിനക്ക് നിർബന്ധമാണെങ്കിൽ മരങ്ങളുടെയും ജീവനില്ലാത്ത വസ്തുക്കളുടെയും ചിത്രങ്ങൾ ഉണ്ടാക്കുക. അയാൾ സന്തോഷത്തോടെ തിരിച്ചുപോയി.
