"മോനേ, നിനക്ക് ഞാൻ ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം; അല്ലാഹുവിനെ നീ സൂക്ഷിക്കുക. എങ്കിൽ നിന്നെ അവൻ പരിഗണിക്കും. അല്ലാഹുവിനെ നീ പരിഗണിക്കുക. എങ്കിൽ നീ ഇച്ഛിക്കുന്നിടത്ത് അവനെ പ്രാപിക്കും. ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. സഹായം ഇരക്കുകയാണെങ്കിൽ അവനോട് സഹായം ഇരക്കുക. ഒരു കാര്യം നീ മനസ്സിലാക്കുക, ഒരു ജനത മുഴുവനും നിനക്ക് വല്ല ഉപകാരവും ചെയ്യാൻ സംഗമിച്ചെന്ന് കരുതി അല്ലാഹു നിനക്ക് നിശ്ചയിക്കാത്ത ഒരു ഉപകാരവും ചെയ്യാൻ അവർക്കാകില്ല. ഒരു ജനത മുഴുവനും നിനക്ക് വല്ല ഉപദ്രവും ചെയ്യാൻ സംഘടിച്ചെന്നു കരുതി അല്ലാഹു നിനക്ക് വിധിക്കാത്ത ഒരു പോറലും നിന്നെ ഏൽപ്പിക്കാൻ അവർക്കാകില്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. ഏടുകൾ മഷി ഉണങ്ങിയിരിക്കുന്നു" തിരുനബിയുടെ വിലപ്പെട്ട ആത്മീയ ഉപദേശങ്ങളാണിത്. തൻ്റെ പ്രിയപ്പെട്ട ശിഷ്യനെ വാർത്തെടുക്കാൻ ഉദ്ദേശിച്ച് പ്രവാചകൻ പറഞ്ഞത്.
ആരാണാ ശിഷ്യൻ എന്നല്ലേ, പ്രസിദ്ധനായ അബ്ദുല്ലാഹിബ്നു അബ്ബാസ്! അബ്ദുല്ല എന്നാൽ അർത്ഥം ദൈവദാസൻ എന്ന്. തിരുനബി ഇഷ്ടപ്പെട്ട നാമമാണ് അബ്ദുല്ല. നബി പറഞ്ഞതിങ്ങനെ "നിങ്ങളുടെ പേരുകളിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരം അബ്ദുല്ലയാകുന്നു". പല കുട്ടികൾക്കും തിരുനബി ചാർത്തി കൊടുക്കാൻ താല്പര്യപ്പെട്ടത് അബ്ദുല്ല എന്ന നാമമായിരുന്നു.
അബ്ബാസിന്റെ പ്രിയപുത്രനാണ് അബ്ദുല്ല. അബ്ബാസ് അബ്ദുൽ മുത്തലിബിന്റെ പുത്രനും. പരമ്പര എത്തിച്ചേരുന്നത് ഇസ്മാഈൽ നബിയിലേക്കും ഇബ്രാഹിം നബിയിലേക്കുമാണ്. ഒരാളുടെ മഹത്വത്തിന് ഇതിനപ്പുറം മറ്റെന്തു വേണം. തിരുനബിയുടെ പിതൃവ്യപുത്രനാണ് അബ്ദുല്ല. അബ്ദുൽ മുത്തലിബ്നു ഹിഷാമിൽ രണ്ടുപേരും സന്ധിക്കുന്നു. അഥവാ അബ്ദുല്ല ഹിഷാമിയും ഖുറൈശിയുമാണ്. ഹാഷിമി കുടുംബം ഖുറൈഷി കുലത്തിൽ പ്രസിദ്ധരും പുകൾപെറ്റവരുമാണ്. തിരുനബി തന്നെ പറഞ്ഞിട്ടുണ്ട്. "ഖുറൈശികളിൽ നിന്ന് ബനൂഹാഷിമിനെ അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ബനൂഹാഷിമിൽ നിന്ന് എന്നെയും". അപ്പോൾ തിരുനബിയെ തിരഞ്ഞുപിടിക്കാൻ വേണ്ടി പ്രപഞ്ചനാഥൻ നിശ്ചയിച്ച കുടുംബമാണ് ബനൂഹാഷിം. മഹത്വത്തിനുമേൽ മഹത്വം ചാർത്താൻ മറ്റൊന്നും ആവശ്യമില്ല.
ഇബ്നു അബ്ബാസ് എന്ന പേരിൽ പ്രസിദ്ധനാണ് അബ്ദുല്ല. അതോടുകൂടെ അബുൽ അബ്ബാസ് എന്നും വിളിക്കപ്പെടാറുണ്ട്. കാരണം തന്റെ മക്കളിലെ മുതിർന്ന കുട്ടിയുടെ പേര് അബ്ബാസ് എന്നായിരുന്നു. അബുൽ അബ്ബാസ് എന്നാൽ അബ്ബാസിന്റെ പിതാവ് എന്നർത്ഥം. അറബികളുടെ ഒരു രീതിയാണ് ഈ വിളി; പിതാവിലേക്ക് ചേർത്തൊരു വിളി. സാങ്കേതികമായി ഇതിന് കുൻയത് എന്ന് പറയും. പിതാവ് അബ്ബാസ് അബുൽഫള്ല് എന്ന നാമത്തിൽ ചരിത്രത്തിൽ പ്രസിദ്ധനായിട്ടുണ്ട്. ജനിക്കുന്നത് തിരുനബി ജന്മത്തിൻ്റെ രണ്ട് കൊല്ലം മുമ്പാണ്. ഇസ്ലാം വ്യാപിക്കുന്നതിന് മുമ്പ് തന്നെ മക്കയിലെ ജലവിതരണ ഉത്തരവാദിത്വം അബ്ബാസിൽ നിക്ഷിപ്തമായിരുന്നു. ഇസ്ലാമിക കാലം വന്നപ്പോൾ അത് നിലനിർത്തുകയാണ് ചെയ്തത്.
ബദറിന് മുമ്പ് തന്നെ ഇസ്ലാം സ്വീകരിച്ചു എന്ന് വാദമുണ്ട്. മക്കാ വിജയത്തിൽ സന്നിഹിതനായിരുന്നു. ഹുനൈൻ പോരാട്ടത്തിൽ നബിക്കൊപ്പം ഉറച്ചുനിന്നു. തിരുനബി പറഞ്ഞു "അബ്ബാസിനെ പ്രയാസപ്പെടുത്തുന്നവൻ എന്നെയാണ് പ്രയാസപ്പെടുത്തുന്നത്. എന്റെ പിതാവിൻ്റെ ശാഖയാണ് അദ്ദേഹം". അബ്ബാസിനെ തിരുനബി വല്ലാതെ ആദരിച്ചിരുന്നു. പിതാവിന്റെ സ്ഥാനം നൽകി ബഹുമാനിച്ചു. ബുദ്ധിമാനും പക്വമതിയുമായിരുന്നു അബ്ബാസ്. നല്ല പെരുമാറ്റം. വലിയ ദാനധർമ്മം. സ്വഹാബികളും അബ്ബാസിനെ ബഹുമാനത്തോടെ കണ്ടു. ക്ഷാമം വന്ന സമയത്ത് അബ്ബാസിനെ മുൻനിർത്തി ഉമർ പ്രാർത്ഥന നിർവഹിച്ചത് പ്രസിദ്ധമാണ്.
മദീനയിലാണ് അന്ത്യം. റജബ് 12ന് വെള്ളിയാഴ്ച രാവ്. ഹിജ്റ 32 റമളാനിലാണെന്നും അഭിപ്രായമുണ്ട്. അടക്കം ചെയ്തിട്ടുള്ളത് മദീന ഖബർസ്ഥാൻ അൽബഖീഇൽ. അബ്ബാസിന്റെ മാതാവ് ഉമ്മുൽ ഫള്ലാണ്. അഥവാ ലുബാബത്തുൽ കുബ്റ. തിരുപത്നി മൈമൂന ബീവിയുടെ നേർ സഹോദരി. ഹാരിസിൻ്റെ പ്രിയപ്പെട്ട മകൾ. ഹിജ്റയ്ക്ക് മുമ്പ് ഇസ്ലാം സ്വീകരിച്ചു എന്ന് അഭിപ്രായമുണ്ട്. ഖദീജ കഴിഞ്ഞാൽ ഇസ്ലാം പുൽകിയ തരുണി എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ബീവി ഹജ്ജത്തുൽ വദാഇൽ നബിക്കൊപ്പം ഉണ്ടായിട്ടുണ്ട്. ദുൽഹിജ്ജ ഒമ്പതിന് ബീവി ഒരു പാത്രം പാൽ നബിക്ക് കുടിക്കാൻ സമ്മാനിച്ചത് പ്രസിദ്ധമാണ്.
