സ്വിഫീൻ പോരാട്ട സമയത്ത് ഇബ്നു അബ്ബാസ് അലിയുടെ ചേരിയിലാണുള്ളത്. യുദ്ധം തുടർന്നു പോകുന്നതിൽ എല്ലാവർക്കും മാനസിക പ്രയാസം ഉണ്ടായി. പോരാട്ടം അവസാനിപ്പിച്ചു രഞ്ജിപ്പിലെത്തുക എന്ന കാഴ്ചപ്പാട് പൊതു ബോധമായി ഉയർന്നുവന്നു. ഷാമുകാർ വിളിച്ചുപറഞ്ഞു: "യുദ്ധം നിർത്തൂ' നമുക്ക് കാര്യങ്ങൾ പറഞ്ഞു തീർപ്പാക്കാം". അലിയുടെ മനസ്സും ആ രൂപത്തിൽ തന്നെയാണ് സഞ്ചരിച്ചത്. പക്ഷേ സംസാരിക്കാൻ തന്റെ ഭാഗത്തുനിന്ന് ഉചിതനായ ഒരാളെ ലഭിക്കണം. അതിവൈകാരികത പാടില്ല. പൊതുസമ്മതനായിരിക്കണം. പ്രമാണങ്ങളിൽ വിവരമുണ്ടാകണം. ആത്മാർത്ഥത വേണം. അലി നോക്കിയിട്ട് പെട്ടെന്ന് കണ്ടത് ഇബ്നു അബ്ബാസിനെയാണ്. എന്തുകൊണ്ടും യോഗ്യൻ. സംസാര വൈഭവമുണ്ട്. പ്രശ്നങ്ങൾ പറഞ്ഞ് തീർപ്പാക്കാനുള്ള നിഷ്പക്ഷ നിലപാടുമുണ്ട്. പക്ഷേ
അപ്പോഴേക്കും യമനികൾ വിധികർത്താവായി അബൂ മുസൽഅശ്അരിയെ താല്പര്യപ്പെട്ടിരുന്നു.
അബൂമൂസ മോശമല്ല. പറ്റിയ ആൾ തന്നെയാണ്. പോരാട്ടങ്ങളിൽ കക്ഷി ചേരാതെ മാറി നിൽക്കുന്ന വ്യക്തി. കൂടുതൽ ഉചിതൻ. അലി അവർക്ക് വഴങ്ങി. വിധികർത്താവായി അബൂ മൂസയെ തെരഞ്ഞെടുത്തു. ഇബ്നു അബ്ബാസിന് നീരസം ഒന്നുമുണ്ടായിരുന്നില്ല. അധികാര താത്പര്യം തൻ്റെ മനസ്സിനെ തീണ്ടിയിരുന്നില്ല.
അതേസമയം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പങ്കുചേരുക എന്നത് ഏറ്റവും പുണ്യമുള്ള കാര്യമാണ്. ആ ഒരു അഭിനിവേശം വിഷയത്തോട് ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ അലി വിധിതീർപ്പുകാര്യത്തിൽ ഇബ്നു അബ്ബാസിനെയും പങ്കു ചേർത്തു. സാക്ഷികളായി പത്തോളം പേരെ നിയമിച്ചിരുന്നു. അല്ലാഹുവിന്റെ കിതാബ് വെച്ചുള്ള ഒത്തുതീർപ്പാണ് ആവശ്യം. ഇരുകക്ഷികളിൽ നിന്നും ഉത്തരവാദപ്പെട്ടവർ ഒത്തുചേർന്നു. സംസാരങ്ങൾ നടന്നു. പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തി. പക്ഷേ അതിവൈകാരികതയുടെ വക്താക്കൾക്ക് ഇതിനോട് യോജിക്കാൻ കഴിഞ്ഞില്ല. അവർ വിളിച്ചു കൂവി.
"ലാ ഹുക്മ ഇല്ലല്ലാഹ്" (അല്ലാഹുവിനല്ലാതെ വിധി തീർപ്പില്ല). വിശുദ്ധ ഖുർആനിലെ ഒരു വാക്യശകലമാണിത്. തെറ്റായ വ്യാഖ്യാനമായിരുന്നു അവർ ഇതിനു സമ്മാനിച്ചിരുന്നത്.
വിധി തീർപ്പിന് ആളുകളെ തിരഞ്ഞെടുത്ത അലിയെ അവർ അവിശ്വാസിയായി ചിത്രീകരിച്ചു. ഈ ആരോപണം ഉന്നയിച്ച സംഘത്തിൽ ഏകദേശം 20000 ൽ അധികം പേരുണ്ടായിരുന്നു. ഇസ്ലാമിലെ ഒരു പുതിയ വാദക്കാർ അവിടെ രൂപപ്പെടുകയായിരുന്നു. ഈ അവാന്തര വിഭാഗം ഖവാരിജുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഖവാരിജ് എന്നാൽ മുസ്ലിം മുഖ്യധാരയിൽ നിന്ന് പുറം കടന്നവർ എന്നർത്ഥം. അഥവാ ഭരണാധികാരിക്കെതിരെ പ്രമാണരഹിതമായി അരങ്ങത്തു വന്ന കക്ഷികൾ. ഈ വിഭാഗം ഒരു പൊതു ശല്യമായി മാറി. അംഗബലം കൂടിക്കൊണ്ടിരുന്നു. ഇവരെ പ്രമാണബദ്ധമായി തിരുത്തേണ്ടിയിരിക്കുന്നു. സംവാദം അനിവാര്യമാണ്. ആരെയാണ് നിയോഗിക്കുക. അലിയുടെ മനസ്സ് ആശങ്കാകുലമായി. അപ്പോഴാണ് തുണയായി ഇബ്നു അബ്ബാസ് കടന്നുവരുന്നത്. ഞാൻ ചർച്ചയ്ക്ക് പോകാം. അദ്ദേഹം ധൈര്യപ്പെട്ടു. പക്ഷേ അദ്ദേഹത്തിന് വല്ല അപകടവും പറ്റുമോ എന്ന് അലി ഭയന്നു. പേടിക്കേണ്ടതില്ല. സത്യസന്ധ്യമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ ആളുകളുടെ മനസ്സു മാറും. എല്ലാവരും മാറിയില്ലെങ്കിലും കുറെ പേരെ മാറ്റിയെടുക്കാൻ സാധിക്കും. അത് ഭാവിയിൽ വലിയ ഏറ്റുമുട്ടൽ ഒഴിവാക്കിത്തരും. ഇബ്നു അബ്ബാസ് കണക്കുകുട്ടി. അലി അനുവാദം നൽകി.
ഇതിനിടയിൽ ഇബ്നു അബ്ബാസിന്റെ വരവറിഞ്ഞ് ഖവാരിജി ക്യാമ്പ് ഉണർന്നു. അവരുടെ നേതാവ് ഇബ്നുൽകവാ പ്രത്യക്ഷനായി. ഒരു പ്രഭാഷണം തന്നെ നടത്തി: അല്ലയോ ഖുർആൻ വാഹകരേ, ഇതാ അബ്ദുള്ളാഹിബ്നു അബ്ബാസ് കടന്നു വരാൻ പോകുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് നന്നായി അറിയാം. അല്ലാഹുവിന്റെ വേദഗ്രന്ഥത്തിൻ്റെ അടിസ്ഥാനത്തിൽ ചിരപരിചിതമല്ലാത്ത തർക്കങ്ങൾ കൂടാൻ കഴിവുള്ള ആളാണ്. "അവർ താർക്കികരായ ജനതയാണെന്ന്" ഖുർആൻ പറഞ്ഞിട്ടുള്ളത് ഇത്തരം ആളുകളെ കുറിച്ചാണ്. അതുകൊണ്ട് അദ്ദേഹത്തിൻ്റെ വാദങ്ങൾക്കു മുൻപിൽ നിങ്ങൾ അല്ലാഹുവിന്റെ കിത്താബിനെ താഴെ വയ്ക്കരുത്". പക്ഷേ ഇബ്നുൽ കവയുടെ ഈ വാദത്തോട് എല്ലാവരും യോജിച്ചില്ല. ഒരു സംഘം ആളുകൾ വിളിച്ചുപറഞ്ഞു: "അല്ലാഹു തന്നെ സത്യം, ഞങ്ങൾ വേദഗ്രന്ഥത്തെ മാനിക്കും. സത്യവുമായിട്ടാണ് അദ്ദേഹം വരുന്നതെങ്കിൽ ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. അദ്ദേഹത്തെ അനുധാവനം ചെയ്യും. അസത്യവുമായിട്ടാണ് വരുന്നതെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ മുഖം കുത്തി വീഴ്ത്തും”. ഇബ്നു അബ്ബാസ് പറയട്ടെ: "ഞാൻ കിട്ടാവുന്നതിൽ ഏറ്റവും നല്ല യമനീ വസ്ത്രം ധരിച്ചു. അവർക്കരികിലേക്ക് കടന്നു ചെന്നു. അവരെല്ലാവരും ഉച്ചനിദ്രയിലായിരുന്നു. ആരാധനാ കാര്യങ്ങളിൽ കഠിനമായ പരിശ്രമം നടത്തുന്ന ഒരു വിഭാഗത്തെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. നെറ്റിത്തടത്തിൽ നിസ്കാരത്തഴമ്പുകളുണ്ട്. ദീർഘസാഷ്ടാംഗം കാരണം അവരുടെ കൈകൾ ഒട്ടക മുട്ടുകൾക്ക് സമാനമായിരിക്കുന്നു".
"ഞാൻ കടന്നു ചെന്നു. അവർ എന്നെ സ്വീകരിച്ചു. “മർഹബൻ ബിക യബ്ന അബ്ബാസ് (ഇബ്നു അബ്ബാസ് മംഗളങ്ങൾ). താങ്കൾ എന്തിനാണ് വന്നത്?”
ഞാൻ പറഞ്ഞു: "നിങ്ങളോട് സംവദിക്കാൻ വന്നതാണ്. തിരുനബിയുടെ അനുചരർ ഖുർആൻ അവതരിച്ചകാലത്ത് ജീവിച്ചവരാണ്. വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനം അവരെക്കാൾ കൂടുതൽ അറിയുന്നവർ വേറെയില്ല. എൻ്റെ മുഖവുര കേട്ട് അവരുടെ കൂട്ടത്തിൽ ഒരു സംഘം പറഞ്ഞു "അയാളോട് സംസാരിക്കാൻ നിൽക്കേണ്ട." അപ്പോൾ മറ്റൊരു സംഘം വിയോജിച്ചു കൊണ്ട് പറഞ്ഞു. "ഞങ്ങൾ തീർച്ചയായും അദ്ദേഹത്തോട് സംവദിക്കാൻ പോകുന്നു".
"അങ്ങനെ സംവാദത്തിനുള്ള വേദി ഒരുങ്ങി. ഞാൻ പറഞ്ഞു: തിരുദൂതരുടെ പിതൃവ്യ പുത്രനും മരുമകനും ആദ്യവിശ്വാസിയുമായ അലിയിൽ നിങ്ങൾ കണ്ട തെറ്റ് എന്താണ്?. അവർ വിശദീകരിച്ചു: മൂന്ന് തെറ്റുകൾ ഞങ്ങൾ കാണുന്നുണ്ട്. ഒന്നാമത്തെ തെറ്റ് അല്ലാഹുവിൻ്റെ ദീനിൽ അദ്ദേഹം മറ്റുള്ളവരെ വിധികർത്താക്കളാക്കിയിരിക്കുന്നു. ഖുർആനിലുള്ളത് വിധി അല്ലാഹുവിനല്ലാതെ ഇല്ല എന്നല്ലേ. രണ്ടാമത്തേത്, അദ്ദേഹം യുദ്ധം ചെയ്തു. ആരെയും ബന്ദിയാക്കിയില്ല. യുദ്ധാർജിത സ്വത്തെടുത്തില്ല. അവർ നിഷേധികളായിരുന്നുവെങ്കിൽ അവരുടെ സമ്പാദ്യം അനുവദനീയമാണ്. അവർ വിശ്വാസികളാണെന്നാണ് വാദമെങ്കിൽ അവരുടെ രക്തം നിഷിദ്ധവുമല്ലേ. പോരാട്ടം തന്നെ പറ്റുമായിരുന്നോ? മൂന്നാമത്, അദ്ദേഹം അമീറുൽ മുഅ്മിനീൻ എന്ന പേര് മായിച്ചു കളഞ്ഞു. വിശ്വാസികളുടെ നേതാവല്ല അയാളെങ്കിൽ പിന്നെ അവിശ്വാസികളുടെ അമീർ ആണോ?. മൂന്നും കേട്ട് ഞാൻ അവരോട് ഇങ്ങനെ പ്രതികരിച്ചു: നിങ്ങൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്തിട്ടില്ലേ? തിരുനബിയുടെ ചര്യ പഠിച്ചവരല്ലേ? അവയിൽ നിന്ന് കൃത്യമായ പ്രമാണം ഞാൻ കൊണ്ടുവന്നാൽ നിങ്ങളുടെ വാദത്തിൽ നിന്ന് മടങ്ങാൻ സന്നദ്ധമാണോ? അവർ പറഞ്ഞു: അതേ, അപ്പോൾ ഞാൻ വിശദീകരിച്ചു: അല്ലാഹുവിൻ്റെ മതകാര്യങ്ങളിൽ മറ്റുള്ളവരെ വിധികർത്താക്കളാക്കുന്നതിന് എന്ത് തെറ്റാണുള്ളത്? രണ്ട് ഖുർആൻ വാക്യങ്ങൾ നമുക്ക് അറിവുള്ളതല്ലേ. "ഓ…വിശ്വാസികളേ നിങ്ങൾ വേട്ടമൃഗത്തെ ഇഹ്റാമിലായിരിക്കെ കൊല്ലരുത്. മന:പ്പൂർവ്വം ആരെങ്കിലും കൊന്നാൽ അതിനുള്ള പ്രായശ്ചിത്തത്തിൽ തീർപ്പ് നിശ്ചയിക്കേണ്ടത് നിങ്ങളിൽ നിന്നുള്ള രണ്ട് നീതിമാന്മാരാണ്" ഒരു വാക്യമിതാണ്. തീർപ്പു കൽപ്പിക്കാൻ നീതിമാന്മാരെ നിങ്ങളിൽ നിന്ന് നിശ്ചയിക്കണമെന്ന് ഖുർആൻ'. ഇനി ഭാര്യയും ഭർത്താവും തമ്മിൽ ബന്ധമുലഞ്ഞു പോകുന്നേടത്ത് ഖുർആനിൻ്റെ ആജ്ഞ നോക്കൂ. "നിങ്ങൾ അവർക്കിടയിൽ ശണ്ഠ ഭയന്നാൽ അവന്റെ ബന്ധുക്കളിൽ നിന്ന് ഒരാളെയും അവളുടെ ബന്ധുക്കളിൽ നിന്ന് ഒരാളെയും വിധികർത്താക്കളായി വയ്ക്കുക.'' ഇനി പറയൂ, രണ്ട് സംഘങ്ങൾക്കിടയിൽ രക്തം ചിന്തുന്നത് ഒഴിവാക്കാനും രഞ്ജിപ്പുണ്ടാക്കാനും വേണ്ടി നടത്തുന്ന വിധികർതൃത്തമാണോ കേവലം രണ്ടുപേർക്കിടയിലും നാലിൽ ഒരു ദിർഹം മാത്രം വിലവരുന്ന മുയലിനെ കൊന്നതിന്റെ പേരിലും നടത്തുന്ന വിധി തീർപ്പിനേക്കാൾ ആവശ്യം?"
എന്റെ ചോദ്യം അവരുടെ ബുദ്ധിയിൽ തറച്ചു. അവർ നയം വ്യക്തമാക്കി. അല്ലാഹുവാണേ, ഞങ്ങൾ മേൽവാദം ഉപേക്ഷിച്ചിരിക്കുന്നു. ഞാൻ രണ്ടാമത്തെ കാര്യത്തിലേക്ക് കടന്നു. അലി ബന്ദിയാക്കുകയോ ഗനീമത്ത് (യുദ്ധാർജിത സ്വത്ത്) എടുക്കുകയോ ചെയ്തില്ല. ഇതല്ലേ ആരോപണം. ഞാൻ ചോദിക്കട്ടെ. സ്വന്തം ഉമ്മയെ ബന്ദിയാക്കാൻ നിങ്ങൾ തയ്യാറാകുമോ. ആ ഉമ്മയിൽ നിന്ന് മറ്റുള്ള സ്ത്രീകളിൽ നിന്നെന്ന പോലെ വല്ലതും നിങ്ങൾ അനുവദനിച്ച് കൊടുക്കുമോ? അങ്ങനെയായാൽ നിങ്ങൾ നിഷേധികളായില്ലേ? നിങ്ങൾക്ക് അഭിപ്രായമില്ലേ, നിങ്ങളുടെ പ്രിയപ്പെട്ട ഉമ്മയാണ് ആയിഷ ബീവി എന്നത്. ഖുർആൻ പറഞ്ഞത് "തിരുനബി സ്വശരീരത്തേക്കാൾ വിശ്വാസികൾക്ക് ബന്ധപ്പെട്ടവരാണ്. തിരുനബിയുടെ പത്നിമാർ അവരുടെ ഉമ്മമാരാണ് എന്നല്ലേ". ഇത് കേട്ടതും അവർ ചെവി പൊത്തിക്കളഞ്ഞു. ആയിഷാബീവിയുമായി ബന്ധപ്പെട്ട സംസാരം അവരെ സംബന്ധിച്ച് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അവർ പറഞ്ഞു 'ഞങ്ങൾ ഈ വാദത്തിൽ നിന്നും പിൻവാങ്ങിയിരിക്കുന്നു".
മൂന്നാമതായി ഞാൻ പറഞ്ഞു: അമീറുൽ മുഅമിനീൻ എന്ന് താൽക്കാലികമായി അദ്ദേഹം മായിച്ചുകളഞ്ഞു. ശരിതന്നെ. പക്ഷേ ഹുദൈബിയ ദിവസത്തിൽ സ്വന്തം പ്രവാചകത്വത്തിന്റെ നാമം തിരുനബി മായിച്ചത് നിങ്ങൾക്കറിയില്ലേ. അബ്ദുല്ലയുടെ പുത്രൻ മുഹമ്മദ് എന്ന് എഴുതൂ എന്നാണ് ശത്രുക്കൾ പറഞ്ഞത്. തിരുനബി അത് അംഗീകരിച്ചു. റസൂലുല്ലാഹ് (ദൈവദൂതൻ) എന്ന വരി വെട്ടാൻ അലിയോട് കൽപ്പിച്ചു. പക്ഷേ അലി മടിച്ചു നിന്നു. "ഞാൻ അല്ലാഹുവിൻ്റെ ദൂതനാണ്. നിങ്ങൾ എന്നെ കളവാക്കിയാലും" എന്ന് പറഞ്ഞു രഞ്ജിപ്പിനുവേണ്ടി തിരുനബിതന്നെ അത് വെട്ടിയ ചരിത്രമില്ലേ. അതിലും വലുതാണോ അലിയുടെ നിലപാട്. യോജിപ്പിന് വേണ്ടി സ്വീകരിച്ച ഈ നിലപാടിൽ എന്താണ് പ്രാമാണികമായി തെറ്റ്? അവർ തുറന്നു പറഞ്ഞു: "തെറ്റില്ല. ഞങ്ങൾക്കാണ് തെറ്റ് പറ്റിയത്. ഞങ്ങൾ ആ വാദവും ഉപേക്ഷിച്ചിക്കുന്നു." ഈ സംവാദത്തോടെ ഇരുപതിനായിരം പേർ ഖവാരിജിവാദം വെടിഞ്ഞു മടങ്ങി. നാലായിരം പേർ മാത്രമാണ് പഴയ വാദത്തിൽ ഉറച്ചുനിന്നത്.
അവരെ പിന്നീട് കായികമായി നേരിടേണ്ടി വന്നു. സംവാദത്തോടെ വലിയ പോരാട്ടം തന്നെയാണ് ഒഴിവായത്. ഇബ്നു അബ്ബാസിന്റെ ബുദ്ധിയും അവതരണ ശേഷിയും അങ്ങനെ അലിക്ക് തുണയായി.
