ഇബ്നു അബ്ബാസ് കാഴ്ചയിൽ ഗംഭീരനായിരുന്നു. അതീവ സുന്ദരൻ. ദീർഘകായൻ. സ്വർണ്ണ വർണ്ണ നിറം. ഒത്ത തടി. പ്രകാശിക്കുന്ന വദനം. മൈലാഞ്ചിത്താടി. പാരമ്പര്യസൗന്ദര്യമിയിരുന്നു ഇബ്നു അബ്ബാസിന്റെത്. ജുറൈജ് ഓർക്കുന്നുണ്ട്: ഞങ്ങൾ മസ്ജിദുൽ ഹറാമിൽ അത്വാഇൻ്റെ കൂടെ ഇരിക്കവേ ഇബ്നു അബ്ബാസുമായി ബന്ധപ്പെട്ട് ചർച്ച കടന്നുവന്നു. അത്വാഅ് പറഞ്ഞു: പതിനാലാം രാവിന്റെ ചന്ദ്രന് സമാനമായി ഇബ്നു അബ്ബാസിന്റെ വദനമല്ലാതെ മറ്റൊന്ന് കണ്ടത് ഞാൻ ഓർക്കുന്നില്ല”. മസ്റൂഖ് എന്നവർ ഇബ്നു അബ്ബാസിനെ വർണ്ണിച്ചു പറഞ്ഞതിങ്ങനെ: ജനങ്ങളുടെ കൂട്ടത്തിൽ അതീവ സുന്ദരൻ, ജനങ്ങളുടെ കൂട്ടത്തിൽ അതീവ സാഹിത്യകാരൻ, ജനങ്ങളുടെ കൂട്ടത്തിൽ അതീവ പണ്ഡിതൻ,
ഇബ്നു അബ്ബാസിന്റെ പുത്രൻ അലി ഒരിക്കൽ കഅ്ബ പ്രദക്ഷിണം ചെയ്യുകയാണ്. വയസ്സായ ഒരു ഉമ്മ ഇത് കാണാനിടവന്നു. പ്രദക്ഷിണം കഴിഞ്ഞു. അലി വാഹനപ്പുറത്താണ്. ആളുകളൊക്കെ നടക്കുകയും ചെയ്യുന്നു. ആ ഉമ്മ ചോദിച്ചു. ആരാണ് ജനങ്ങളെല്ലാം മാറിനിന്ന് ആദരിക്കുന്ന ഈ മഹാൻ! ആളുകൾ പറഞ്ഞു: അലിയ്യ്ബ്ൻ അബ്ദുല്ലാഹിബ്നു അബ്ബാസാണ്. ഉടൻ ആ ഉമ്മ പ്രതികരിച്ചതിങ്ങനെ: "ലാഇലാഹ ഇല്ലല്ലാഹ്, കാലം പോകവെ ജനങ്ങൾ കോലം കെട്ട് വരികയാണല്ലേ. അബ്ബാസിനെ എനിക്കറിയാം. അദ്ദേഹം ഈ കഅബ പ്രദിക്ഷണം ചെയ്യുമ്പോൾ വെളുത്ത ഒരു സത്രമായി തോന്നുമായിരുന്നു”.
ഒരു ദിവസം ഗ്രാമീണനായ ഒരു വയോവൃദ്ധൻ വടികുത്തിപ്പിടിച്ച് കടന്നുവന്നു. ഇബ്നു അബ്ബാസും സംഘവും ഇരിക്കുന്നിടത്തേക്കാണ് വന്നത്. ഒരു കർമ്മപ്രശ്നത്തെപ്പറ്റി അയാൾ ചോദിച്ചു. ഇബ്നു അബ്ബാസ് കൃത്യമായ മറുപടി പറഞ്ഞു. അപ്പോൾ അയാൾ അന്വേഷിച്ചു.
"ഏതാണ് ഈ ചെറുപ്പക്കാരൻ ?”. അവർ പറഞ്ഞു: ഇത് അബ്ദുല്ലാഹിബ്ൻ അബ്ബാസിബിൻ അബ്ദുൽ മുത്തലിബ് ആണ്". അതുകേട്ട് ആ വൃദ്ധപിതാവ് പറഞ്ഞു: സുബ്ഹാനല്ലാഹ്, അബ്ദുൽ മുത്തലിബിന്റെ സൗന്ദര്യം ഈ കാണുന്ന വിധം തുടച്ചുനീക്കപ്പെട്ടോ " . വൃദ്ധൻ ഉദ്ദേശിച്ചത് പാരമ്പര്യ സൗന്ദര്യം അബ്ദുൽ മുത്തലിബിന്റെ താവഴിയിൽ കുറഞ്ഞുവന്നു എന്നായിരുന്നു.
പക്ഷേ അങ്ങനെയാണെങ്കിലും ഇബ്നു അബ്ബാസ് ജനങ്ങൾക്കിടയിൽ തിളങ്ങിനിന്നു. വേഷത്തിലും ഇബ്നു അബ്ബാസ് പ്രൗഢി നിലനിർത്തി. പരിശുദ്ധ ദീൻ അംഗീകരിക്കുന്ന അതിരു വിട്ടുകടന്നില്ല എന്നുമാത്രം. ഉയർന്ന വിലയുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഏറ്റവും മുന്തിയ സുഗന്ധം ഉപയോഗിച്ചു. സാധ്യമാകുന്ന രീതിയിലെല്ലാം അല്ലാഹു ചെയ്തുതന്ന അനുഗ്രഹം പ്രകടിപ്പിച്ചു. തുണി കണങ്കാലിൻ്റെ മധ്യം വരെയായിരുന്നു ഉണ്ടായിരുന്നത്. ചില ഘട്ടങ്ങളിൽ കറുത്ത തലപ്പാവ് ധരിച്ചു. അതിൻ്റെ വാൽ പിരടികൾക്ക് ഇടയിൽ തൂക്കിയിട്ടു. ഒരു ചാൺ നീളം ഉണ്ടായിരുന്നു വാലിന്. ആയിരം ദിർഹമിന്റെ ഒരു തട്ടം ഇബ്നു അബ്ബാസിന് ഉണ്ടായിരുന്നു. വിശേഷ സന്ദർഭങ്ങളിൽ അതു പുറത്തെടുക്കും. പട്ടുവസ്ത്രം ധരിച്ചിരുന്നില്ല. അതേസമയം മുന്തിയ മറ്റു തുണിത്തരങ്ങൾ ഉപയോഗിച്ചു. വഴിയിലൂടെ കടന്നു പോകുമ്പോൾ സഹോദരിമാർ മതിലിന് പുറത്തുനിന്ന് ചോദിക്കും: 'കസ്തൂരി കൊണ്ടു പോവുകയാണോ അതോ ഇബ്നു അബ്ബാസ് കടന്നു പോവുകയാണോ'. രണ്ടായിരുന്നാലും ഒരേ സുഗന്ധം ആയിരുന്നു വീശിയിരുന്നത്.
ഉള്ളതുകൊണ്ട് വീട്ടിൽ സുഭിക്ഷമായിത്തന്നെ ജീവിക്കാനാണ് ഇബ്നു അബ്ബാസ് താൽപര്യപ്പെട്ടത്. ളഹ്ഹാക് പറയുന്നുണ്ട്: കൂടുതൽ മാംസവും പത്തിരിയും ഇബ്നു അബ്ബാസിന്റെ വീട്ടിൽ അല്ലാതെ ഞാൻ കണ്ടിട്ടില്ല”. തന്റെ മൂത്ത പുത്രൻ്റെ പേര് അബ്ബാസ് എന്നായിരുന്നു. ഏറ്റവും ചെറിയ മകൻ അലി എന്ന പേരിൽ അറിയപ്പെട്ടു. അലിയുടെ പേര് നിശ്ചയിച്ചത് സയ്യിദുനാ അലി തന്നെയായിരുന്നു. ഒരുദിവസം ഇബ്നു അബ്ബാസിനെ സദസ്സിൽ കാണുന്നില്ല. അലി ചോദിച്ചു. എവിടെപ്പോയി ഇബ്നു അബ്ബാസ്. കാണുന്നില്ലല്ലോ. ആളുകൾ പറഞ്ഞു: അദ്ദേഹത്തിന് ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. നിസ്കാരം കഴിഞ്ഞു. അലി പറഞ്ഞു: നമുക്ക് ഇബ്നു അബ്ബാസിന്റെ അരികിലേക്ക് പോകാം. അലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഇബ്നു അബ്ബാസിന്റെ വീട്ടിലേക്ക് പോയി. നവജാത ശിശുവിൻ്റെ പേരിൽ അലി ഇബ്നു അബ്ബാസിന് മംഗളങ്ങൾ നേർന്നു.
"ദാതാവിന് നന്ദി കാണിക്കുക, സമ്മാനിക്കപ്പെട്ട ശിശുവിൽ അങ്ങേക്ക് അല്ലാഹു പുണ്യം ചൊരിയട്ടെ " ഇതായിരുന്നു മംഗള പ്രാർത്ഥന ! അനന്തരം അലി ചോദിച്ചു: എന്താണ് കുട്ടിക്ക് താങ്കൾ പേരിട്ടത് ?. ഇബ്നു അബ്ബാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : "താങ്കൾ വന്ന് പേരിടാതെ ഞാൻ കുട്ടിക്ക് പേരിടുകയോ, അതൊരിക്കലും ഉണ്ടാകില്ല ". അലി ചിരിച്ചു. കുട്ടിയെ കൊണ്ടുവന്നു. അലി കുട്ടിയെ അരുമയിൽ ഏറ്റുവാങ്ങി. മധുരം തൊട്ടുനൽകി. പ്രാർത്ഥന നിർവഹിച്ചു. കുഞ്ഞിനെ തിരികെ നൽകിയിട്ട് പറഞ്ഞു: ഞാൻ ഈ കുട്ടിക്ക് അലി എന്ന് പേരിട്ടിരിക്കുന്നു. അബ്ദുൽ ഹസൻ എന്ന് വിളിപ്പേരും ". ഇബ്നു അബ്ബാസ് നിറഞ്ഞു സന്തോഷിച്ചു. ഇവരെ കൂടാതെ മറ്റു മക്കളായി ഉണ്ടായിരുന്നത് അൽഫള്ല, മുഹമ്മദ്, ഉബൈദുല്ലാ, ലുബാബ എന്നിവരായിരുന്നു.
