ആയിഷാബീവി രോഗശയ്യയിൽ കിടക്കുന്ന സമയം. മരണം അടുത്തിരിക്കുന്നു. സൂചനകളിലൂടെ സ്വഹാബികൾ തിരിച്ചറിഞ്ഞു. സന്ദർശകരായി ആരെയും സ്വീകരിക്കുന്നില്ല. ഈ സമയത്താണ് ഇബ്നു അബ്ബാസ് കടന്നുവരുന്നത്. അനുവാദം തേടി. ബീവിയോട് പരിചാരകർ അറിയിച്ചു. "ഇബ്നു അബ്ബാസ് വന്നിട്ടുണ്ട്". ബീവി പറഞ്ഞു: അദ്ദേഹം കടന്നുവന്നാൽ എൻ്റെ മേൽ പ്രശംസ ചൊരിയാൻ മതി. അത് ഞാൻ ഭയക്കുന്നു". കടത്തിവിടണ്ട എന്നാണ് ധ്വനി. പക്ഷേ, ആളുകൾ പറഞ്ഞു: "തിരുദൂതരുടെ പിതൃവ്യപുത്രനാണ് വന്നിട്ടുള്ളത്. മുസ്ലിം ജനസാമാന്യത്തിനിടയിലെ പ്രമുഖൻ".
“എങ്കിൽ സമ്മതം നൽകൂ”. ബീവി കൽപ്പിച്ചു. ഇബ്നു അബ്ബാസിന് സമ്മതം ലഭിച്ചു. അദ്ദേഹം അകത്തു കടന്നു. ബീവി മറയ്ക്കുള്ളിലാണ്. ചോദിച്ചു: എങ്ങനെയുണ്ട് അവസ്ഥ? ബീവി പറഞ്ഞു :വളരെ നല്ലത്, അല്ലാഹുവിന്റെ തുണയുണ്ടാകണമെന്ന് മാത്രം". അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: തീർച്ചയായും ബീവിക്കതുണ്ടാകും. ഇൻഷാ അല്ലാഹ് ! കാരണം അവിടുന്ന് തിരുനബിയുടെ പത്നിയാണല്ലോ. കന്യകയായി ബീവിയെ അല്ലാതെ മറ്റൊരാളെ നബി വിവാഹം കഴിച്ചിട്ടില്ല. ബീവിക്കെതിരെ ഉയർന്ന ആരോപണത്തിന് മറുപടി വാനലോകത്തു നിന്നല്ലേ അവതരിച്ചത്. ഇബ്നു അബ്ബാസ് ബീവിയുടെ മഹത്വങ്ങൾ പറഞ്ഞു. സമാശ്വാസപ്പെടുത്തി. തിരിച്ചുപോന്നു. തൊട്ടുപിന്നിൽ കടന്നുവന്നത് ഇബ്നു സുബൈറായിരുന്നു. ബീവി പറഞ്ഞു: ഇബ്നു അബ്ബാസ് വന്നിരുന്നു. കുറെ പ്രശംസ ചൊരിഞ്ഞു. ഞാൻ പറ്റെ മറന്നു പോകപ്പെടട്ടെ , ഓർക്കപ്പെടാത്ത ഒരാളായിരുന്നുവെങ്കിൽ എന്ന് കൊതിച്ചു പോകുന്നു"
ഇബ്നു അബ്ബാസിന് എല്ലാവരുമായും ഗാഢബന്ധം ഉണ്ടായിരുന്നു. അവശ്യ സന്ദർഭങ്ങളിൽ അവരെയൊക്കെ സമീപിക്കുകയും സന്ദർശിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിൻ്റെ ഒരു രീതിയാണ്. തൻ്റെ ഭൃത്യൻ കുറൈബ് പറയുന്നുണ്ട്: ഒരുദിവസം മുആവിയ ഇശാ നിസ്കരിക്കുന്നത് ഞാൻ കണ്ടു. നിസ്കാരം കഴിഞ്ഞു. അദ്ദേഹം ഒറ്റ റക്അത്ത് മാത്രമായി വിത്ർ (രാത്രിയിലെ ഒരു സുന്നത്ത് നിസ്കാരം) നിസ്കരിച്ചു. അതിനേക്കാൾ വർധിപ്പിച്ചില്ല. ഇക്കാര്യം ഇബ്നു അബ്ബാസിനോട് ഞാൻ പങ്കുവെച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “കുഞ്ഞുമോനേ, മുആവിയ ചെയ്തത് ശരിയാണ്. നമ്മുടെ കൂട്ടത്തിൽ അദ്ദേഹത്തെക്കാൾ വിവരമുള്ള ആരുമില്ല. വിത്ർ നിസ്ക്കാരം ഒന്നോ അഞ്ചോ ഏഴോ അതിൽ കൂടുതലോ ആകാം "
പണ്ഡിതനായ സൈദുബ്ൻ സാബിത്തുമായി നല്ല ബന്ധമായിരുന്നു ഇബ്നു അബ്ബാസിന്. സൈദ് വിടവാങ്ങിയ സമയം. ഒരു കെട്ടിടത്തിന്റെ തണലിൽ ഇബ്നു അബ്ബാസ് ഇരിക്കുകയാണ്. അദ്ദേഹം പറഞ്ഞു: "കണ്ടില്ലേ? ഇപ്രകാരമാണ് വിജ്ഞാനം നിഷ്ക്രമിക്കൽ. ഇന്ന് ഒരുപാട് അറിവുകളെ കുഴിച്ചുമൂടപ്പെട്ടു". ഇതു പറഞ്ഞു ആംഗ്യം കാണിച്ചത് സൈദിന്റെ ഖബറിലേക്കായിരുന്നു. ജനങ്ങളെ അറിവ് പഠിപ്പിക്കുന്ന ആളുകൾ മരിക്കുന്നു. അതോടുകൂടെ അദ്ദേഹത്തിൻ്റെ കൂടെയുള്ള അറിവും കടന്നുപോകുന്നു. അനന്തരം ചോദിച്ചു: നിങ്ങൾക്കറിയുമോ അറിവിൻ്റെ പോയിമറയൽ എങ്ങനെയാണെന്ന്? അറിവ് പോവുക എന്നു പറഞ്ഞാൽ പണ്ഡിതന്മാർ ഭൂമിലോകത്ത് നിന്ന് പോകലാണ്.
അംറുബ്നുൽ ആസിന് മരണമാസ്സന്നമായ സമയം. ഇബ്നു അബ്ബാസ് അവിടെയുണ്ട്. അവസാന രംഗം അദ്ദേഹം വിവരിക്കുന്നതിങ്ങനെ: അബ്ദുല്ലാഹിബ്നു അംറ് കടന്നുവന്നു. ആ സമയത്ത് അംർ പറഞ്ഞു: അബ്ദുല്ലാ, ആ പെട്ടി കൈവശപ്പെടുത്തുക. അബ്ദുല്ല പറഞ്ഞു: എനിക്ക് അത് ആവശ്യമില്ല. അത് നിറയെ സമ്പാദ്യമാണ്”. അംർ പറഞ്ഞു. എന്നിട്ടും എനിക്കത് വേണ്ട എന്നതായിരുന്നു അബ്ദുല്ലയുടെ പ്രതികരണം. അപ്പോൾ അംർ പറഞ്ഞു: "അതിൽ മുഴുവനും ഉണക്ക കാഷ്ടമായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു".
ഇബ്നു അബ്ബാസ് പറയുന്നു: ഈ സമയത്ത് ഞാൻ ചോദിച്ചു: അബൂ അബ്ദില്ല, താങ്കൾ പറയാറുണ്ടല്ലോ. മരണപ്പെടാൻ പോകുന്ന ഒരു ബുദ്ധിമാനോട് എന്താണ് അനുഭവം എന്ന് അന്വേഷിക്കാൻ എനിക്ക് വല്ലാത്ത ആഗ്രഹമുണ്ടെന്ന്, ഇപ്പോൾ താങ്കൾക്ക് എന്താണ് അനുഭവപ്പെടുന്നത്?. അംർ പറഞ്ഞു: ആകാശവും ഭൂമിയും തമ്മിൽ പരസ്പരം ഇടുങ്ങി അതിനിടയിൽ പെട്ടതുപോലെയാണ് എൻ്റെ അനുഭവം. ഒരു സൂചിയുടെ ഓട്ടയിലൂടെ ശ്വാസം എടുക്കുന്നതിനു സമാനം. അനന്തരം അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, എന്നെ നീ സംതൃപ്തനായി സ്വീകരിക്കണേ.."
പിന്നീട് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു: "അല്ലാഹുവേ നീ പലതും കൽപ്പിച്ചു. ഞങ്ങൾ അതിന് എതിര് ചെയ്തു. നീ പലതും വിലക്കി. ഞങ്ങൾ അതിൻ്റെ പിന്നാലെ പോയി. ഒരു ന്യായവും പറയാനില്ല. സഹായിക്കാൻ ഒരു ശക്തനും ഇല്ല." അനന്തരം ലാഇലാഹ ഇല്ലല്ലാഹ് എന്ന് മൂന്നുതവണ ചൊല്ലി അംറിൻ്റെ ആത്മാവ് വിടവാങ്ങി.
മറ്റുള്ളവരോട് അറിവുകൾ നേടാൻ വേണ്ടി ആവശ്യപ്പെടുക എന്നത് ഇബ്നു അബ്ബാസിന്റെ പ്രകൃതമായിരുന്നു. ഇക് രിമ പറയുന്നുണ്ട്: ഒരിക്കൽ എന്നോടും ഇബ്നു അബ്ബാസിന്റെ പുത്രൻ അലിയോടും ഇബ്നു അബ്ബാസ് പറഞ്ഞു: " നിങ്ങൾ രണ്ടുപേരും അബൂസഈദിനരികിൽ ചെല്ലുക. ഹദീസുകൾ കേൾക്കുക. ഞങ്ങൾ രണ്ടു പേരും ചെന്നു. അദ്ദേഹം തോട്ടത്തിൽ പണിയെടുക്കുകയാണ്. ഞങ്ങളെ കണ്ടതും തട്ടമെടുത്തു മുട്ടുകെട്ടിയിരുന്നു. ഹദീസുകൾ പറയാൻ തുടങ്ങി. പള്ളിനിർമ്മാണം വരെയുള്ള കഥകൾ കൂട്ടത്തിൽ പറഞ്ഞു. "ഞങ്ങളൊക്കെ ഓരോ ഇഷ്ടിക വീതമായിരുന്നു ചുമന്നിരുന്നത്. അമ്മാർ രണ്ട് ഇഷ്ടിക വീതം ചുമന്നു. തിരുനബി ഇത് കണ്ടു. അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് മണ്ണ് നീക്കിയിട്ടു പറഞ്ഞു: "എടോ അമ്മാർ, നിന്നെ ഒരു അക്രമിസംഘം കൊല്ലും. അവരെ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുമ്പോൾ അവർ നരകത്തിലേക്ക് ക്ഷണിക്കും"
അതീവ ബുദ്ധി ഉപയോഗിച്ചിരുന്നതിനാൽ പല പ്രശ്നങ്ങൾക്കും പരിഹാരം തേടി ഇബ്നു അബ്ബാസിനെ പലരും സമീപിച്ചിരുന്നു. ഒരിക്കൽ റോമൻ ചക്രവർത്തി മുആവിയക്ക് ഒരു കുപ്പി കൊടുത്തയച്ചു. എന്നിട്ട് പറഞ്ഞു: "ഇതിനകത്ത് എല്ലാ വസ്തുക്കളും നിറച്ചു തിരിച്ചയക്കണം'. ഒരു രാജകീയ പരീക്ഷണമായിരുന്നു. മുആവിയക്ക് കുപ്പി ലഭിച്ചു. തിരിച്ചും മറിച്ചും നോക്കി. എല്ലാ വസ്തുക്കളും എങ്ങനെ ഇതിൽ നിറച്ചു നൽകും. ഈ ചോദ്യത്തിന് പിന്നിൽ ഒരു ബുദ്ധി പരീക്ഷണമുണ്ട്. മുആവിയ കുപ്പി ഇബ്നു അബ്ബാസിന് കൊടുത്തയച്ചു. റോമൻ ചക്രവർത്തിയുടെ ആവശ്യവും അറിയിച്ചു. ഇബ്നു അബ്ബാസിന്റെ പ്രതികരണം പെട്ടെന്നു വന്നു: "താങ്കൾ ഇതിൽ വെള്ളം നിറച്ച് തിരിച്ചയക്കുക. "മുആവിയ വെള്ളം നിറച്ചു. കുപ്പി തിരിച്ചു റോമൻ ചക്രവർത്തിക്കയച്ചു. വെള്ളം നിറച്ച കുപ്പി ലഭിച്ചപ്പോൾ ചക്രവർത്തി പറഞ്ഞു: "ദൈവമേ മുആവിയ മോശക്കാരനല്ലല്ലോ". ഇബ്നു അബ്ബാസിനോട് ആരോ ചോദിച്ചു. താങ്കൾ വെള്ളം തിരഞ്ഞെടുക്കാൻ കാരണമെന്ത് ? അദ്ദേഹം പറഞ്ഞു: അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ "എല്ലാ ജീവനുള്ള വസ്തുക്കളെയും ജലത്തിൽ നിന്നാണ് നാം സംവിധാനിച്ചത് " എന്ന്. അപ്പോൾ എല്ലാ വസ്തുക്കളും വെള്ളത്തിൽ ഉണ്ടെന്ന് വന്നല്ലോ.
കലാസാഹിത്യ ബോധം ഇബ്നു അബ്ബാസ് കാത്തു സൂക്ഷിച്ചിരുന്നു. മുബർറദ് പറയുന്നുണ്ട്. ഒരിക്കൽ ഇബ്നുൽ അസ്റഖ് ഇബ്നു അബ്ബാസിൻ്റെ അരികിൽ കടന്നുവന്നു. പതിവു രീതിയനുസരിച്ചുള്ള വരവാണ്. വന്നപാടെ ഇബ്നു അബ്ബാസിനോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. എല്ലാറ്റിനും അദ്ദേഹം മറുപടി പറഞ്ഞു. ഇതിനിടയിൽ വല്ലാത്ത ഒരു മടുപ്പ് ഇബ്നു അബ്ബാസിൽ പ്രകടമായി. അപ്പോഴാണ് ഉമർ ബിൻ അബ്ദുല്ലബ്നു അബീറബിഅ അവിടെയെത്തിയത്. അദ്ദേഹം കുട്ടിയാണ്. സലാം പറഞ്ഞ് ഇരിപ്പുറപ്പിച്ചു. കുട്ടിയോട് ഇബ്നു അബ്ബാസ് പറഞ്ഞു: മോനേ നീ പാടിയ കുറെ കവിതകൾ ഉണ്ടല്ലോ. ഒന്ന് ചൊല്ലിയാലോ ". ഉമറിന് ആവേശമായി. അദ്ദേഹം കാവ്യം ചൊല്ലാൻ തുടങ്ങി. ഏകദേശം 80 വരികൾ പൂർത്തിയായി. ഇബ്നുൽ അസറുഖിന് ഇത് ആദ്യ അനുഭവമാണ്. അദ്ദേഹം ചോദിച്ചു: ഇബ്നു അബ്ബാസ് ! ദീനീ വിഷയങ്ങൾ പഠിക്കാൻ വേണ്ടി ഒട്ടകപ്പുറത്ത് പലരും അങ്ങയുടെ അരികിലേക്ക് എത്തിച്ചേരുന്നു. അങ്ങാകട്ടെ ഖുറൈശികളിലെ ഒരു കുട്ടിയുടെ പൊട്ടക്കാവ്യങ്ങൾ കേൾക്കുന്നു. വല്ലാത്ത അതിശയം തന്നെ. ഇത് മോശമല്ലേ. ഇബ്നു അബ്ബാസ് പറഞ്ഞു: ഇതിൽ എന്ത് മോശമാണുള്ളത്. ഒന്നുമില്ലല്ലോ.
അപ്പോൾ ഇബ്നു അസറുഖ് കുട്ടി ചൊല്ലിയ ഒരു കാവ്യശകലം ഉദ്ധരിച്ചു. അസാംഗത്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താനായി ശ്രമിച്ചു. പക്ഷേ ഇബ്നു അബ്ബാസ് പറഞ്ഞു: "താൻ ചൊല്ലിയ പോലെയല്ല അവൻ ചൊല്ലിയത്”. ഇബ്നുൽ അസറുഖിന് കൗതുകമായി. അദ്ദേഹം ചോദിച്ചു: "അപ്പോൾ താങ്കൾക്ക് ഈ കാവ്യങ്ങൾ നേരത്തെ തന്നെ മന:പാഠമായിരുന്നുവല്ലേ". ഇബ്നു അബ്ബാസ്
പറഞ്ഞു : ഞാൻ ഇപ്പോൾ മാത്രമാണ് ഈ കാവ്യങ്ങൾ കേൾക്കുന്നത് തന്നെ". ഗൗരവപ്പെട്ട വിജ്ഞാന ചർച്ചകൾക്കിടയിൽ പിരിമുറുക്കം കുറയ്ക്കാൻ ഇബ്നു അബ്ബാസ് കണ്ട മാർഗമായിരുന്നു പാട്ട് ശ്രവിക്കൽ.
