ചോദ്യങ്ങളാണ് അറിവിന്റെ താക്കോലുകൾ. ഇബ്നു അബ്ബാസ് ഇത് മനസ്സിലാക്കി. ചോദ്യങ്ങളുമായി അറിവുള്ളവരെ സമീപിച്ചു. അദ്ദേഹം തന്നെ പറയുന്നത് കാണുക: "ചോദിക്കുന്ന നാവും മന:പ്പാഠമാക്കുന്ന മനസ്സുമാണ് എനിക്ക് ഈ അറിവ് നേടിത്തന്നത്. ഒരു കാര്യത്തെപ്പറ്റി മുപ്പതോളം നബി അനുചരരോട് വരെ ചോദിച്ച അനുഭവം എനിക്കുണ്ട്. ചോദിക്കാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല. ആവശ്യം വന്നാൽ ചോദിച്ചിരിക്കും". ചോദ്യത്തിൽ നിർത്താതെ വൈജ്ഞാനിക സംവാദത്തിലും ഏർപ്പെടും. അതിലൂടെ പുതിയ അറിവിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയായിരുന്നു. ഒരു ദിവസം ഇബ്നു അബ്ബാസും ഹുർബ്ൻ ഖൈസ്ബ്നു ഹിസ്നുൽ ഫിസാരിയും തമ്മിൽ ഒരു വൈജ്ഞാനിക ചർച്ചയുണ്ടായി. ഖുർആൻ പരാമർശിച്ച മൂസാ നബിയുടെ കഥയിലെ കൂട്ടുകാരൻ ആരാണ് എന്നതാണ് തർക്കം. ഇബ്നു അബ്ബാസ് പറഞ്ഞു: അത് ഖള്റാണ്. പക്ഷേ ഹുർ സമ്മതിച്ചില്ല. അതിനിടയിൽ ഉബയ്യുബ്നു കഅ്ബ് അതുവഴി പോകാൻ ഇടവന്നു.
ഇബ്നു അബ്ബാസ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഞങ്ങൾ രണ്ടുപേരും മൂസാ നബിയുടെ കഥയിലെ നായകനെപ്പറ്റി അഭിപ്രായാന്തരത്തിലായിരിക്കുകയാണ്. താങ്കൾ അതുമായി ബന്ധപ്പെട്ട് തിരുനബിയിൽ നിന്ന് വല്ലതും കേട്ടിട്ടുണ്ടോ? അതേ, ഞാൻ കേട്ടിട്ടുണ്ട്. ഉബയ്യ് വിശദീകരിക്കാൻ തുടങ്ങി: മൂസാനബി ഇസ്രായേലികൾക്കിടയിൽ ഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരാൾ വന്നു ചോദിച്ചു. താങ്കളെക്കാൾ അറിവുള്ള ആരെങ്കിലും ഉണ്ടോ? നബി ഉടൻ പറഞ്ഞു: ഇല്ല. അപ്പോൾ അല്ലാഹു മൂസാ നബിക്ക് ബോധനം നൽകി: അതേ, ഉണ്ട്. എൻ്റെ ഒരു ദാസൻ ഖളിർ എന്നാണ് പേര്. മൂസാനബി അദ്ദേഹത്തെ കാണാനുള്ള വഴി തേടി. അല്ലാഹു അതിനുള്ള മാർഗം പറഞ്ഞു കൊടുത്തു. ഒരു മത്സ്യവുമായി പുറപ്പെടാനായിരുന്നു നിർദ്ദേശം. മത്സ്യം നഷ്ടമാകുന്നിടത്ത് ഖളിറിനെ കണ്ടുമുട്ടാം. യാത്രതിരിച്ചു. മത്സ്യം ഒരിടത്ത് സമുദ്രത്തിലേക്ക് ആണ്ടു പോയി. അവിടെ കൃത്യമായ ഒരു അടയാളം രൂപപ്പെട്ടു. തന്റെ കൂടെയുണ്ടായിരുന്ന യൂശഅ് യഥാസമയം ഈ വിവരം അറിയിക്കാൻ മറന്നുപോയി. ഓർമ്മ വന്നപ്പോൾ അറിയിച്ചു. പിശാചാണ് മറപ്പിച്ചുകളഞ്ഞത് എന്ന് പറഞ്ഞു. അവർ തിരിച്ചുനടന്നു. എത്തിയപ്പോൾ ഖളിറിനെ കണ്ടു. ഇതാണ് കഥ. ഉബയ്യിന്റെ വിശദീകരണത്തിൽ എല്ലാം ഉണ്ടായിരുന്നു. ഇബ്നു അബ്ബാസ് വളരെ സന്തോഷിച്ചു. തന്റെ അറിവ് തെറ്റിയിട്ടില്ല.
ഇബ്നു അബ്ബാസിന്റെ പഠന രീതി ഡാറ്റകൾ ഉറപ്പുവരുത്തിക്കൊണ്ടുള്ളതായിരുന്നു. ആരിൽ നിന്നും എന്തും സ്വീകരിക്കുന്ന രീതി സ്വീകാര്യമായിരുന്നില്ല. ഒരിക്കൽ ബുശൈറുൽ അദവി ഇബ്നു അബ്ബാസിനരികിൽ വന്നു. ഹദീസ് പറയാൻ തുടങ്ങി: 'അല്ലാഹുവിന്റെ ദൂതർ പറഞ്ഞു, അല്ലാഹുവിൻ്റെ ദൂതർ പറഞ്ഞു "എന്നിങ്ങനെ പറയുന്നു. പക്ഷേ ഇബ്നു അബ്ബാസ് തിരിഞ്ഞുനോക്കിയില്ല. ഹദീസ് പറയാൻ അനുവാദവും നൽകുന്നില്ല.
ബുശൈർ ചോദിച്ചു: ഇബ്നു അബ്ബാസ് ! താങ്കൾക്ക് എന്തുപറ്റി? ഞാൻ തിരുനബി വചനത്തെ കുറിച്ച് പറയുമ്പോൾ താങ്കൾ ചെവി കൊള്ളുന്നില്ല. അല്ലാഹുവിൻ്റെ ദൂതരുടെ ഹദീസുകളല്ലേ ഞാൻ പറയാൻ പോകുന്നത്. ഇതിന് ഇബ്നു അബ്ബാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഒരു കാലമുണ്ടായിരുന്നു. ആരെങ്കിലും അല്ലാഹുവിൻ്റെ ദൂതർ പറഞ്ഞു എന്ന് പറഞ്ഞു കേട്ടാൽ ഞങ്ങൾ കണ്ണും കാതുംകൂർപ്പിച്ച് നിൽക്കും, പക്ഷേ ഇപ്പോൾ ജനങ്ങൾക്ക് ചില മാറ്റങ്ങൾ വന്നിരിക്കുന്നു. സ്വതാൽപര്യത്തിനൊത്ത് തള്ളാനും കൊള്ളാനും തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് ചിരപരിചിതമല്ലാത്തത് തൽക്കാലം സ്വീകരിക്കേണ്ട എന്നാണ് തീരുമാനം"
എല്ലാം ഉറപ്പിച്ചു പഠിച്ചതിനാൽ പണ്ഡിതന്മാരുടെ അഭയകേന്ദ്രമായി പിൽക്കാലത്ത് ഇബ്നു അബ്ബാസ് മാറി. കണ്ണിന് അന്ധത ബാധിച്ചു തുടങ്ങിയ സമയത്തും അദ്ദേഹത്തെ ആളുകൾ സമീപിച്ചുകൊണ്ടിരുന്നു. തങ്ങളുടെ കൈവശമുള്ള അറിവിന്റെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ഇത്. കണ്ണിൻ്റെ കാഴ്ച അതിന് തടസ്സമായിരുന്നില്ല. ത്വാഇഫുകാരായ ഒരു സംഘം ഒരിക്കൽ വന്നു. അവരുടെ കൈവശം ഒരുപാട് ജ്ഞാനങ്ങളുണ്ട്. പല ഗ്രന്ഥങ്ങളുമുണ്ട്. എല്ലാം മുമ്പ് ഇബ്നു അബ്ബാസിൽ നിന്ന് തന്നെ നുകർന്നെടുത്ത അറിവ് നിറഞ്ഞതായിരുന്നു. അവരുടെ ലക്ഷ്യം ഒന്നുകൂടി വായിച്ച് ഉറപ്പുവരുത്തുക എന്നതാണ്. അവർ വായിച്ചു തരാൻ വേണ്ടി ആവശ്യപ്പെട്ടു. പക്ഷേ വായനയിൽ ഇബ്നു അബ്ബാസിന് പലപ്പോഴും ക്രമം പാലിക്കാൻ സാധിച്ചില്ല. ചില മുന്തലുകളും പിന്തലുകളും പിണഞ്ഞു. അദ്ദേഹം പറഞ്ഞു: എനിക്ക് കുറച്ചായി ഈ ഒരു വിഭ്രമം തുടങ്ങിയിട്ട്. അതുകൊണ്ട് എൻ്റെ അറിവിൽ നിന്ന് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ എന്നെ വായിച്ചു കേൾപ്പിക്കുക. ഞാൻ ശരി എന്ന് പറഞ്ഞത് ഞാൻ നിങ്ങൾക്ക് വായിച്ച് തന്നതിന് സമാനമായി നിങ്ങൾ കണക്കാക്കുക. വന്ന പണ്ഡിത സംഘത്തിന് സന്തോഷമായി. അവർ അവരുടെ കൈവശമുള്ള അറിവുകൾ വായിച്ചു കൊടുത്തു. ഇബ്നു അബ്ബാസ് അതെല്ലാം ശരിവച്ചു. സന്തോഷത്തോടെ അവർ യാത്രയായി.
