ഒരു ദിവസം ഖലീഫ ഉമർ സ്വയം ഉൾവലിഞ്ഞു. എന്തൊക്കെയോ മനസ്സിലിട്ട് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. വൈജ്ഞാനികമായ വിചാരപ്പെടലുകളാണ് ഖലീഫ നടത്തുന്നത്. ആരും അടുത്തേക്ക് ചെന്നില്ല. ആത്മഗതമെന്നോണം അദ്ദേഹം പലതും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു. ഇബ്നു അബ്ബാസിനെ അദ്ദേഹം അന്വേഷിച്ചു. ഇബ്നു അബ്ബാസ് എത്തി. ഉമറിന്റെ ചോദ്യമിതാണ് "ഈ സമുദായം എങ്ങനെ ഭിന്ന വീക്ഷണക്കാരാകും?. അവരുടെ വേദഗ്രന്ഥം ഒന്നാണ്. പ്രവാചകൻ ഒന്നാണ്. നിസ്കാര ദിശ ഒന്നാണ്! ഇബ്നു അബ്ബാസ് തൻ്റെ അറിവ് വെച്ച് പ്രതികരിച്ചു: “അമീറുൽ മുഅ്മിനീൻ! അല്ലാഹു നമുക്ക് മേൽ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചു. നാം അത് പാരായണം ചെയ്യുന്നു. അതിൽ അവതരിച്ച കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ പഠിക്കുന്നു. പ്രാവർത്തികമാക്കുന്നു. അത് ഇന്നത്തെ അവസ്ഥ. നമ്മുടെ കാലശേഷം ഒരു വിഭാഗം ആളുകൾ രംഗത്തെത്തും. അവരും വിശുദ്ധ ഖുർആൻ പാരായണം ചെയ്യും. പക്ഷേ അതിന്റെ അവതരണ ലക്ഷ്യം തിരിച്ചറിയാതെ പോകും. അങ്ങനെ ഓരോ വിഭാഗവും ഖുർആനിന്റെ വ്യാഖ്യാനത്തിൽ അവരുടെതായ അഭിപ്രായങ്ങൾ അവതരിപ്പിക്കും. ഓരോ വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായം വന്നാൽ ഛിദ്രത ഉടലെടുക്കും. ഛിദ്രത ഉടലെടുത്താൽ അവർ പരസ്പരം പോരടിക്കും. ഇത്രയും പറഞ്ഞു തീർന്നപ്പോഴേക്കും ഉമർ പറഞ്ഞു: മതി നിർത്തൂ'. ഇബ്നു അബ്ബാസ് വിശദീകരണം അവസാനിപ്പിച്ചു. പിരിഞ്ഞുപോന്നു. പിന്നെയും ഉമർ ഇബ്നു അബ്ബാസിനെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: "നീ നേരത്തെ പറഞ്ഞ വ്യാഖ്യാനം ഒന്നുകൂടി ആവർത്തിക്കൂ". ഇബ്നു അബ്ബാസ് ആവർത്തിച്ചു. ഉമർ സാകൂതം കേട്ടു. ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനം ഉമർ ശരിവച്ചു.
ഒരു ദിവസം ഉമർ പറഞ്ഞു: ഇന്നലെ രാത്രി ഒരു ഖുർആനിക വാക്യം എന്റെ ഉറക്കം കെടുത്തിക്കളഞ്ഞു. വാക്യമിതാണ് : "നിങ്ങളിൽ ആരെങ്കിലും ഈത്തപ്പഴത്തിന്റെയും മുന്തിരിയുടെയും തോട്ടമുണ്ടാകാൻ കൊതിക്കുന്നുണ്ടോ? എന്താണീ പറഞ്ഞതിന്റെ ഉദ്ദേശ്യം? നിറഞ്ഞ സദസ്സിലായിരുന്നു ഉമറിന്റെ ചോദ്യം. ഒരാൾ പറഞ്ഞു: അല്ലാഹുവിന് അറിയാം. അതിനോട് ഉമറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "അല്ലാഹുവിന് അറിയാമെന്നത് എനിക്കും അറിയാം. ഞാൻ ചോദിച്ചത് ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൂട്ടത്തിൽ അറിവുള്ളവരോ വല്ല നബിവിശദീകരണവും കേട്ടവരോ ഉണ്ടോ എന്നാണ്. സദസ്സ് ശബ്ദമറ്റു. ഉമർ എന്നെ ശ്രദ്ധിച്ചു. ഇബ്നു അബ്ബാസ് പറയുന്നു: ഞാൻ ചുണ്ടനെക്കുന്നത് കണ്ട് പറഞ്ഞു: "സഹോദരപുത്രാ നിൻ്റെ അറിവ് പറയൂ, അപകർഷതാബോധം തോന്നേണ്ടതില്ല"
ഉമറിന്റെ പ്രചോദനം എന്നെ ഉണർത്തി. ഞാൻ പറഞ്ഞു: "ആ വാക്യം കൊണ്ട് അർത്ഥമാക്കുന്നത് പുണ്യകർമ്മങ്ങളാണ്. ഉടൻ ഉമർ പറഞ്ഞു: അതുകൊണ്ട് പുണ്യകർമ്മങ്ങൾ ഉദ്ദേശ്യമാണെന്ന് തോന്നുന്നില്ല". ഞാൻ പറഞ്ഞു; എൻ്റെ മനസ്സിൽ തോന്നിയ ആശയമാണ് ഞാൻ പറഞ്ഞത്. ഉമർ മറ്റൊന്നും പ്രതികരിച്ചില്ല. എന്നെ വെറുതെവിട്ടു. ആ വാക്യത്തിന്റെ വ്യാഖ്യാനങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ഒടുവിൽ പറഞ്ഞു: സഹോദരപുത്രാ, നീ പറഞ്ഞത് തന്നെയാണ് ശരി. അതുകൊണ്ട് ഉദ്ദേശ്യം പുണ്യകർമ്മങ്ങളാകുന്നു. ഇഹലോകത്ത് മനുഷ്യപുത്രന് വയസ്സ് വർദ്ധിക്കുകയും ആശ്രിതർ വർദ്ധിക്കുകയും ചെയ്യുമ്പോൾ തോട്ടങ്ങൾ ആവശ്യമായി വരും. അതേപോലെ അന്ത്യദിനത്തിൽ അവൻ്റെ അനുഷ്ഠാനങ്ങളിലേക്ക് അവൻ കൂടുതൽ ആവശ്യക്കാരനായി മാറുന്നു, നീ പറഞ്ഞത് വളരെ ശരി"
മുഹാജിറുകളിൽ പെട്ട ഒരു സംഘം സ്വഹാബികൾക്കിടയിൽ ഉമർ ഇരിക്കവേ ഒരു ചർച്ച കടന്നുവന്നു. വിശുദ്ധ റമളാനിലെ ലൈലത്തുൽ ഖദ്റുമായി (വിധി തീർപ്പിൻ്റെ പുണ്യരാവ്) ബന്ധപ്പെട്ടതായിരുന്നു ചർച്ച.
ഇബ്നു അബ്ബാസും കൂട്ടത്തിലുണ്ട്. പലരും അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞു. പാരമ്പര്യമായി കേട്ടുപോന്ന വീക്ഷണങ്ങൾ തന്നെയാണ് അവതരിപ്പിക്കുന്നത്. എല്ലാവരുടെയും അവതരണം കഴിഞ്ഞപ്പോൾ ഉമർ എന്നോട് ചോദിച്ചു. "ഇബ്നു അബ്ബാസ് നീ എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ചെറുപ്പമാണെന്ന് കരുതി പ്രതികരിക്കാതിരിക്കണ്ട. അപ്പോൾ ഇബ്നു അബ്ബാസ് ഇരുത്തം ശരിയാക്കി. ഉണർന്നു. തൻ്റെ വീക്ഷണം അവതരിപ്പിച്ചു: "അമീറുൽ മുഅ്മിനീൻ, അല്ലാഹു ഏകനാകുന്നു. അവൻ ഏകത്വത്തെ ഇഷ്ടപ്പെടുന്നു. ഇഹലോകത്തിലെ ദിനങ്ങൾ ഏഴാണ്. നമുക്ക് മുകളിലെ ആകാശങ്ങൾ ഏഴാണ്. നമ്മുടെ ചുവട്ടിലെ ഭൂമികൾ ഏഴാണ്. സൂറത്തുൽ ഫാത്തിഹയിലെ വാക്യങ്ങൾ ഏഴാണ്, അടുത്ത ബന്ധുക്കളിൽ വിവാഹം ഖുർആൻ വിലക്കിയത് ഏഴ് പേരെയാണ്. അനന്തര സ്വത്തുക്കളുടെ വിഭജനം ഏഴാണ്. സാഷ്ടാംഗത്തിൽ നിലത്ത് നമിക്കേണ്ട അവയവങ്ങൾ ഏഴാണ്. വിശുദ്ധ കഅ്ബയെ ചുറ്റേണ്ടത് എഴു തവണയാണ്. സ്വഫാ മർവക്കിടയിലെ (മക്കയിലെ രണ്ടു കുന്നുകൾ) നടത്തം ഏഴാണ് ' വിശുദ്ധ വേദഗ്രന്ഥത്തിൽ പറഞ്ഞപോലെ അല്ലാഹുവിന്റെ സ്മരണ നിലനിർത്താൻ വേണ്ടി ജംറകളെ (ഹജ്ജ് കല്ലെറിയുന്ന സ്പോട്ടുകൾ) എറിയേണ്ടത് ഏഴ് തവണയാണ്. ഇതെല്ലാം വച്ച് എൻ്റെ നിഗമനം ലൈലത്തുൽ ഖദ്ർ സംഭവിക്കാൻ റമളാനിലെ ഇരുപത്തി ഏഴിനാണ് സാധ്യത കൂടുതൽ എന്നാണ്. ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയുന്നവൻ അല്ലാഹു തന്നെ. ഇബ്നു അബ്ബാസിന്റെ വിശദീകരണം കേട്ട് ഉമർ ആശ്ചര്യപ്പെട്ടു ഇങ്ങനെ പറഞ്ഞു: ഈ വിഷയത്തിൽ തിരുദൂതരിൽനിന്നുള്ള വിശദീകരണവുമായി ബന്ധപ്പെട്ട് എന്നോട് യോജിക്കുന്നത് വലുപ്പം വെക്കാത്ത ഈ ഒരു പയ്യൻ മാത്രം. തിരുനബി പറഞ്ഞിട്ടുണ്ട്: നിങ്ങൾ അവസാന പത്തിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുവീൻ" അനന്തരം സദസ്സിന് നേരെ തിരിഞ്ഞു ഉമർ ചോദിച്ചു: അല്ലയോ കൂട്ടരേ, ഇബ്നു അബ്ബാസ് അവതരിപ്പിക്കുന്നത് പോലെ എൻ്റെ മുമ്പിൽ വിഷയം അവതരിപ്പിക്കാൻ ആരുണ്ട്?
