ഒരിക്കൽ ഇബ്നു അബ്ബാസും പിതാവ് അബ്ബാസും തിരുനബിക്കരികിലെത്തി. പക്ഷേ അവരെ നബി ശ്രദ്ധിച്ചില്ല. അബ്ബാസ് തിരുനബിയെ കാണാൻ നിൽക്കാതെ പിന്തിരിഞ്ഞു. കൂടെ ഇബ്നു അബ്ബാസും ഇറങ്ങി. വഴിയിൽവച്ച് അബ്ബാസ് പറഞ്ഞു: "മോനേ നീ ശ്രദ്ധിച്ചോ. തിരുനബി എന്നെ ഗൗനിക്കാതെ തിരിഞ്ഞു കളഞ്ഞത്? അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: നബി ആരോടോ സംസാരിക്കുകയായിരുന്നല്ലോ?
ഇതുകേട്ട് അബ്ബാസ് അന്തിച്ചു. നബിക്കരികിൽ ആരെങ്കിലും ഉണ്ടായിരുന്നോ? അതേ ആരോ ഉണ്ടായിരുന്നു. ഇബ്നു അബ്ബാസ് പറഞ്ഞു. ഉടൻ അബ്ബാസ് നബിക്കരികിലേക്ക് മടങ്ങി. എന്നിട്ടു ചോദിച്ചു "അല്ലാഹുവിന്റെ ദൂതരേ, കുറച്ചുമുമ്പ് അങ്ങേക്കരികിൽ ആരെങ്കിലും ഉണ്ടായിരുന്നോ? അബ്ദുള്ള പറയുന്നു. അങ്ങ് ആരോടോ സംസാരിക്കുന്നത് കണ്ടെന്ന് ' നറുചരിയോടെ നബി ചോദിച്ചു. അയാളെ നീ കണ്ടോ? ഇബ്നു അബ്ബാസ് പറഞ്ഞു: അതെ ഞാൻ കണ്ടു.
അപ്പോൾ നബി പറഞ്ഞു: അത് ജിബ്രീൽ ആയിരുന്നു.
ജിബ്രീൽ ദിവ്യ ബോധനത്തിന്റെ മലക്കാണ്; അഥവാ അല്ലാഹുവിൽ നിന്നു നബിയിലേക്കുള്ള ദൂതൻ. മനുഷ്യ രൂപത്തിലാണ് പ്രത്യക്ഷനാകാറുള്ളത്. ഇബ്നു അബ്ബാസിന് ജിബ്രീലിനെ കാണാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു. പിതാവ് അബ്ബാസ് പക്ഷേ കണ്ടതുമില്ല. രണ്ട് തവണ ഈ വിധം ജിബ്രീലിൻ്റെ ദർശനം ഇബ്നു അബ്ബാസിന് കിട്ടിയിട്ടുണ്ട്. തിരുനബിയുമായി മുറിയാത്ത സഹവാസം ഇബ്നു അബ്ബാസ് കാത്തുസൂക്ഷിച്ചു. നബിയുടെ വിയോഗം വരെ ഇത് തുടർന്നു. തിരു ജീവിതത്തിൻ്റെ അന്ത്യ നിമിഷങ്ങൾ കൃത്യമായി ഇബ്നു അബ്ബാസിൻ്റെ മനസ്സിൽ പതിഞ്ഞിരുന്നു. പല സന്ദർഭങ്ങളിലും അത് അദ്ദേഹം അവതരിപ്പിക്കാറുണ്ട്.
അദ്ദേഹത്തിൻ്റെ ഓർമകളിങ്ങനെ: തിരുനബിക്ക് രോഗം മൂർഛിച്ച സമയം. പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ മുഖത്തുനിന്ന് പുതപ്പ് മാറ്റി. ഇങ്ങനെ പറഞ്ഞു "പ്രവാചകന്മാരുടെ വിശ്രമ കേന്ദ്രങ്ങളെ സാഷ്ടാംഗ ഇടങ്ങളാക്കി മാറ്റിയവരെ അല്ലാഹു ശപിച്ചിരിക്കുന്നു" തിരുനബി സൂചിപ്പിച്ചത് പൂർവികരായ ചില വിഭാഗങ്ങളുടെ ചെയ്തികളിലേക്കാണ്. അവർ പ്രവാചകന്മാരെയും ഖബറുകളെയും (ശവകുടീരങ്ങൾ) ആരാധനാ പാത്രങ്ങളായി കണ്ടു. കേവലം ആദരവിനും പുണ്യത്തിനും മാത്രം സമീപിക്കേണ്ടവയാണല്ലോ ഖബ്റിടങ്ങൾ! ആരാധന വേറെ! ആദരവ് വേറെ! ആ മാർഗ്ഗം തെറ്റിക്കുന്നതിനെയാണ് തിരുനബി മുന്നറിയിപ്പു നൽകിയത്.
ഇബ്നു അബ്ബാസ് തുടരുന്നു: രോഗത്തിൽ കഴിയവെ തലയിൽ ഒരു ശീല കെട്ടി തിരുനബി പ്രത്യക്ഷനായി. മിമ്പറിൽ (പ്രസംഗ പീഠം) കയറി. അല്ലാഹുവിനെ സ്തുതിച്ചു. അവനിൽ പ്രകീർത്തനങ്ങൾ ചൊരിഞ്ഞു.
എന്നിട്ട് ഇങ്ങനെ പറഞ്ഞു :"ജനങ്ങളുടെ കൂട്ടത്തിൽ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും എനിക്കേറ്റവും ഉപകരിച്ചയാൾ അബൂബക്കറാണ്. അദ്ദേഹവുമായി എനിക്ക് ഇസ്ലാമിക സാഹോദര്യം ഉണ്ട്. അതാണല്ലോ ഏറ്റവും ഉൽകൃഷ്ട സൗഹൃദം. ഈ പള്ളിയിലേക്ക് കടക്കുന്ന അബൂബക്കറിൻ്റെ വാതിൽ അല്ലാത്ത മുഴുവൻ വാതിലും കൊട്ടിയടയ്ക്കണം". തിരുനബി ചില കാര്യങ്ങൾ സൂചിപ്പിക്കുകയായിരുന്നു. തൻ്റെ കാലശേഷം പ്രാതിനിധ്യം വഹിക്കേണ്ടത് അബൂബക്കറാണെന്നത് തന്നെ പ്രധാനം. എല്ലാം കൃത്യമായി ഇബ്നു അബ്ബാസ് മനസ്സിൽ കൂറിച്ചിട്ടു.
രോഗഘട്ടത്തിൽ നടത്തിയ മറ്റൊരു പ്രഭാഷണത്തെ ഇബ്നു അബ്ബാസ് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: "പ്രാരംഭമുറകൾക്ക് ശേഷം; ജനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അൻസാരികൾ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഭക്ഷണത്തിലെ ഉപ്പിന് സമാനമായി അവർ പരിണമിക്കുന്നു. നിങ്ങളിൽ ആരെങ്കിലും വല്ല അധികാരത്തിലും എത്തിയാൽ ചിലർക്കത് ഉപകരിക്കും. ചിലർക്കത് ഉപകരിക്കില്ല. അതുകൊണ്ട് ജനങ്ങളിലെ നന്മകൾ നിങ്ങൾ സ്വീകരിക്കുക. വീഴ്ചകളെ വിട്ടു പൊറുക്കുക" തിരുനബിയുടെ ഏകദേശം അവസാനത്തെ ഒരു സദസ്സായിരുന്നു ഇത്. രോഗം കഠിനമായപ്പോൾ തിരുനബി പറഞ്ഞു: നിങ്ങൾ ഒരു പേപ്പർ കൊണ്ടുവരിക. ഞാൻ ചിലത് എഴുതിത്തരാം. എന്നാൽ ഭാവിയിൽ നിങ്ങൾ പിഴക്കില്ല." ഈ ഘട്ടത്തിൽ ഉമർ പറഞ്ഞു: തിരുനബിക്ക് വേദന ശക്തമാണ്. നമ്മുടെ അരികിൽ അല്ലാഹുവിന്റെ കിതാബുണ്ടല്ലോ. അതുമതി". ഇതോടെ അഭിപ്രായങ്ങൾ ഭിന്നമായി. ശബ്ദം ഉയർന്നു.
തിരുനബി പറഞ്ഞു: "എണീറ്റ് പോകു, ഇവിടെ ശബ്ദമുണ്ടാക്കാൻ പറ്റിയ ഇടമല്ല'. ഈ സംഭവത്തിന് സാക്ഷിയായ ഇബ്നു അബ്ബാസ് പറയാറുണ്ട് 'ഏറ്റവും വലിയ പ്രശ്നമായത് ആ എഴുത്തിനും തിരുനബിക്കും ഇടയിൽ വിഘ്നം വീണതാണ്"
