തിരുനബി ഇബ്നു അബ്ബാസിനെ വല്ലാതെ ഇഷ്ടപ്പെട്ടു. കുട്ടിയാണെങ്കിലും താൻ കാണിക്കുന്ന പക്വതയും ബുദ്ധികൂർമ്മതയും നബിയെ ആകർഷിച്ചിരുന്നു. തിരുനബിയോടുള്ള മര്യാദ (അദബ്) പാലിക്കുന്നതിൽ ഒരു പടിമുന്നിൽ തന്നെ ഇബ്നു അബ്ബാസ് നിന്നു. സംസാരത്തിൽ നബിയുടെ മുമ്പിൽ ശബ്ദമുയർത്തിയില്ല. ഖുർആൻ ഉണർത്തിയ ഒരു മര്യാദ കൂടിയാണത്. സ്വഹാബികളെല്ലാവരും ശ്രദ്ധിച്ചിരുന്നത്. ഇബ്നു അബ്ബാസ് കൃത്യമായി അതു പാലിച്ചു. തിരുനബിയെക്കാൾ ശബ്ദമുയർത്തുക എന്നത് സൽകർമ്മങ്ങൾ വിനഷടമാകാൻ നിമിത്തമാകും. അത് ശ്രദ്ധിക്കുന്നവരെ നയിക്കുന്നത് ഹൃദയത്തിലെ ഭക്തിയാണ്. അവർക്ക് പാപമോചനം ഉണ്ട്. വലിയ പ്രതിഫലം ഉണ്ട്. ഖുർആൻ ഉണർത്തിയ ഈ കാര്യങ്ങൾ ഇബ്നു അബ്ബാസിന്റെ മനസ്സിനെ നയിച്ചു.വാക്കിലും പെരുമാറ്റത്തിലും പൂർണ അദബിൽ നിലകൊണ്ടു.
ഒരിക്കൽ രാത്രി നബിക്കരികിൽ ചെന്ന ഇബ്നു അബ്ബാസ് കാണുന്നത് പതിവ് പോലെ നബി നിസ്കരിക്കാൻ നിൽക്കുന്നതാണ്. പിന്നെ നോക്കിനിന്നില്ല. അംഗശുദ്ധി വരുത്തി. നബിയെ അനുധാവനം ചെയ്തു. പിന്നിൽ നിസ്കരിക്കാൻ നിന്നു. പക്ഷേ നബി ഇബ്നു അബ്ബാസിന്റെ കൈപിടിച്ച് വലിച്ച് ഏകദേശം തൻ്റെ നേരെ നിർത്തി. തിരുനബി നിസ്കാരത്തിലേക്ക് പ്രവേശിച്ചതും ഇബ്നു അബ്ബാസ് സ്വല്പം പിന്നോട്ടു മാറി. നിസ്കാരം കഴിഞ്ഞു. തിരുനബി ചോദിച്ചു: "ഞാൻ നിന്നെ നേരെ നിർത്തിയിരുന്നില്ലേ. പിന്നെ എന്താണ് നീ സ്വല്പം പിന്നോട്ട് വലിഞ്ഞത്? ഇബ്നു അബ്ബാസിന്റെ മറുപടി ഇങ്ങനെയായിരുന്നു: "അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ നേരെ നിൽക്കാൻ ആർക്കെങ്കിലും പറ്റുമോ? അങ്ങ് അല്ലാഹുവിൻ്റെ ദൂതരല്ലേ ''. ബഹുമാനത്തിന്റെ സൂചകമായ ഈ മറുപടി തിരുനബിയെ ആശ്ചര്യപ്പെടുത്തി.
ഇബ്നുഅബ്ബാസ് പറയുന്നു: എനിക്കുവേണ്ടി നബി പ്രത്യേകമായ പ്രാർത്ഥന നടത്തിത്തന്നു; അറിവ് വർധിക്കാനും ഗ്രാഹ്യ ശക്തി കൂടാനും വേണ്ടിയായിരുന്നു അത്.
മറ്റൊരിക്കൽ ഞാൻ വെള്ളവുമായി നബിക്കരികിൽ എത്തി. നബി ടോയ്ലറ്റിൽ പ്രവേശിക്കുന്ന സമയമാണ്. പ്രത്യേക ആജ്ഞ ഒന്നുമില്ല. ആവശ്യം കണ്ടറിഞ്ഞാണ് വെള്ളം കൊണ്ടു വച്ചത്. കൃത്യം നിർവഹിച്ച ശേഷം നബി ചോദിച്ചു: ആരാണിവിടെ വെള്ളം കൊണ്ടുവന്നു വച്ചത്? ഞാൻ ഒന്നും പ്രതികരിച്ചില്ല. പക്ഷേ അത് കാണാനിടവന്ന ആരോ നബിയോട് പറഞ്ഞു: ഇവനാണ് ഇബ്നു അബ്ബാസ്. നബിയുടെ മുഖം പ്രസന്നമായി. അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഇവനെ മതത്തിൽ ഒരു പരിജ്ഞാനിയാക്കി നീ മാറ്റേണമേ."
ഒരിക്കൽ ഇബ്നു അബ്ബാസിനെ അണച്ചുപിടിച്ച് നബി പ്രാർത്ഥിച്ചത് ഇങ്ങനെ: "അല്ലാഹുവേ ഇവനെ വേദഗ്രന്ഥത്തിൽ നിപുണനാക്കേണമേ". ഒരു ദിവസം തിരുനബി ഇബ്നു അബ്ബാസിനെ വിളിച്ചു. നെറുകയിൽ തലോടിക്കൊണ്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ ഇവന് യുക്തിബോധം നൽകേണമേ. ഖുർആൻ പരിജ്ഞാനവും സമ്മാനിക്കണേ". മറ്റൊരു പ്രാർത്ഥന ഇങ്ങനെ: ഇവനിൽ നീ ബറകത്ത് (പുണ്യം) ചെയ്യണേ. ഇവനിൽ നിന്ന് നീ ജ്ഞാന പ്രസരണം സാധ്യമാക്കണേ'.
പലപ്പോഴും നബി യാത്രയിൽ തന്റെ കൂടെ വാഹനത്തിൻ്റെ പിൻസീറ്റിൽ ഇരുത്തിയാണ് ഇബ്നു അബ്ബാസിനെ കൊണ്ടുപോവുക. ചില ചെറിയ തമാശകളും നബി കാണിക്കും. ഇബ്നു അബ്ബാസ് ഓർക്കുന്നു: ഒരു ദിവസം തിരുദൂതർ തന്റെ വാഹനത്തിൻ്റെ പിൻസീറ്റിൽ എന്നെ കയറ്റി. വാഹനം പുറപ്പെടാൻ തയ്യാറായപ്പോൾ അവിടുന്ന് മൂന്നു തവണ തക്ബീർ (അള്ളാഹു അക്ബർ) ചൊല്ലി. മൂന്നു തവണ തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലി. ഒരു തവണ തഹലീല് (ലാഇലാഹ ഇല്ലല്ലാഹ്)ചൊല്ലി. എന്നിട്ട് പറഞ്ഞു: വാഹനപ്പുറത്ത് കയറുന്ന ഏതൊരാളും ഞാൻ ചെയ്ത വിധം ചെയ്താൽ അല്ലാഹു അവനെ ചിരിയോടെ സ്വീകരിക്കും. ഞാനിപ്പോൾ നിന്നോട് ചിരിച്ച പോലെ" അഥവാ അല്ലാഹു അയാളെ തൃപ്തിപ്പെടും. എന്നർത്ഥം. ചിരി മനുഷ്യഗുണമാണ്. പക്ഷേ ഇബ്നു അബ്ബാസിന് ബോധ്യമാകാൻ തിരുനബി ഗ്രാഹ്യഭാഷ ഉപയോഗിക്കുകയായിരുന്നു.
യുദ്ധങ്ങളൊക്കെ കഴിഞ്ഞ് ആഗമിക്കുകയാണെങ്കിൽ തിരുനബിയെ കുട്ടികൾ വഴിയിൽ ചെന്ന് വരവേൽക്കുക പതിവാണ്. തിരുനബി എല്ലാവരെയും വാരിയെടുക്കും. വാഹനപ്പുറത്ത് കയറ്റും. ആ കൂട്ടത്തിൽ ഇബ്നു അബ്ബാസിനും നബിപരിഗണന ലഭിച്ചിരുന്നു. നബി സ്വന്തം വാഹനപ്പുറത്ത് കയറ്റി മദീനത്തേക്ക് കൊണ്ടുവരുമ്പോൾ അഭിമാന ബോധത്താൽ ഇബ്നു അബ്ബാസ് എഴുന്ന്നിൽക്കും. പെരുന്നാളുകൾ ആസന്നമായാൽ കുട്ടികൾക്ക് ആവേശമാണ്. കൂട്ടത്തിൽ ഇബ്നു അബ്ബാസിന്റെ ആവേശത്തിന് അതിരില്ല. കാരണം നബിയുടെ പരിഗണന തന്നെ തേടിയെത്തും. പെരുന്നാൾ നിസ്കാരത്തിന് നബി പുറപ്പെടുമ്പോൾ ഒപ്പം കൂട്ടും. ചെറിയപെരുന്നാളിനും വലിയ പെരുന്നാളിനും അനുഭവം ഇത് തന്നെ. ജനസാഗരങ്ങൾക്കിടയിൽ നബിയോടൊപ്പം ഒരു യാത്ര. നബിയോടൊപ്പം ഒരു നിസ്കാരം.
ഇബ്നു അബ്ബാസിനോട് പിൽക്കാലത്ത് ഒരാൾ ചോദിച്ചു: താങ്കൾ നബിയുടെ കൂടെ രണ്ടു പെരുന്നാളിനും സന്നിഹിതരായിരുന്നോ? “അതേ, സന്നിഹിതനായിരുന്നു. നബിയുടെ അരികിൽ എനിക്ക് സ്ഥാനം ഇല്ലായിരുന്നെങ്കിൽ സന്നിഹിതനാകാൻ പറ്റില്ലായിരുന്നു. കാരണം ഞാൻ നന്നെ ചെറുപ്പമാണ്.
ഞങ്ങൾ നബിക്കൊപ്പം പുറപ്പെട്ടു. നബി നിസ്കരിച്ചു. അനന്തരം ഖുത്തുബ (പ്രത്യേക പ്രസംഗം) നിർവഹിച്ചു. ബാങ്കും ഇഖാമത്തും (നിസ്കാരത്തിനുള്ള വിളി) ഉണ്ടായില്ല "
ഇബ്നു അബ്ബാസ് ആവേശപൂർവ്വം വിശദീകരിച്ചു. തിരുനബിയിൽ നിന്ന് തന്റെ നേത്രം കൊണ്ട് ഒപ്പിയെടുത്ത ചിത്രങ്ങൾ കൃത്യമായി ഇബ്നു അബ്ബാസ് അവതരിപ്പിക്കുമായിരുന്നു.
