നാഫിഉബ്നുൽ-അസ്റുഖ് ചോദിച്ചുപടിക്കാൻ മിടുക്കനായിരുന്നു. ഒരു ദിവസം ഇബ്നുഅബ്ബാസിനെ കിട്ടിയപ്പോൾ വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളിലേക്ക് അദ്ദേഹം തന്റെ ചോദ്യശരങ്ങൾ തൊടുത്തുവിട്ടു. ഇബ്നു അബ്ബാസിന് ചോദ്യങ്ങൾ ആവേശമായിരുന്നു. ചോദ്യങ്ങൾ കാത്തുനിൽക്കുന്ന അദ്ദേഹം മറുപടികൾ വിശദമായി പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ നാഫിഇന് കേവലം മറുപടികൾ പോര. വിശുദ്ധ ഖുർആനിലെ വാക്യങ്ങളെ വ്യാഖ്യാനിക്കുമ്പോൾ അറബി ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ കൂടി വേണം. കാര്യങ്ങൾ ഉറപ്പിച്ചു പഠിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്.
എല്ലാ ചോദ്യങ്ങൾക്കും ഇബ്നു അബ്ബാസിന് മറുപടി ഉണ്ടായിരുന്നു. കാരണം അദ്ദേഹം വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിന്റെ അകപ്പൊരുൾ അറിഞ്ഞ വ്യക്തിത്വമായിരുന്നു. നാഫിഇൻ്റെ ഒരു ചോദ്യം ഇങ്ങനെ: ഖുർആനിൽ "വല്ലയ്ലി വമാ വസഖ്" എന്നുണ്ടല്ലോ, എന്താണ് വസഖിൻ്റെ അർത്ഥം? ഉടൻ വന്നു മറുപടി: വമാ ജമഅ. അഥവാ രാത്രിയും രാത്രി ഒരുമിച്ചു കൂട്ടുന്നതും തന്നെ സത്യം എന്നർത്ഥം?. നാഫിഅ് വിട്ടില്ല. ഇത് അറബികൾക്ക് ചിരപരിചിതമായ അർത്ഥമാണോ? അതേ, ചിരപരിചിതമായ അർത്ഥമാണ് എന്ന് പറഞ്ഞു പ്രസിദ്ധമായ ഒരു കാവ്യശകലം കൂടി പ്രസ്തുത വാക്കുമായി ബന്ധപ്പെട്ട് ഇബ്നു അബ്ബാസ് ഉദ്ധരിച്ചു. ഇതായിരുന്നു ഇബ്നു അബ്ബാസ്. പരിശുദ്ധ ഖുർആനിനെ കൃത്യമായും വ്യക്തമായും വ്യാഖ്യാനിക്കാൻ കഴിയുന്ന പണ്ഡിതൻ. ഇബ്നു മസ്ഊദ് ഇബ്നു അബ്ബാസിനെ വിളിക്കുന്നത് "തർജുമാനുൽ ഖുർആൻ " എന്നാണ്. ഖുർആൻ വിവർത്തകൻ എന്നർത്ഥം. വളരെ ഉറപ്പുവരുത്തി മാത്രമായിരുന്നു ഇബ്നു അബ്ബാസ് ഖുർആൻ വിശദീകരണം നടത്തിയിരുന്നത് . മറിച്ചുളള ഒന്നും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.
മുജാഹിദ് പ്രമുഖജ്ഞാനിയായിരിക്കെ ഇബ്നു അബ്ബാസിനോട് വ്യാഖ്യാനം ചോദിച്ചുവരുമായിരുന്നു. ഇബ്നു അബ്ബാസ് എല്ലാം പറഞ്ഞുകൊടുക്കും. എഴുതിയെടുക്കുവാൻ വേണ്ടി പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്യും. മൂന്നു തവണ ഫാത്തിഹ മുതൽ അവസാന അദ്ധ്യായം വരെ മുജാഹിദ് ഇബ്നു അബ്ബാസിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഓരോ വാക്യവും പ്രത്യേകം പ്രത്യേകം ചോദിച്ചു ഞാൻ മനസ്സിലാക്കിയിരുന്നെന്ന് മുജാഹിദ് അവകാശപ്പെടുന്നു. ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനത്തിൽ ഒന്നാമത്തെ അവലംബം തിരുനബി തന്നെയായിരുന്നു. തിരുനബിയിൽ നിന്ന് കുറേ കേൾക്കാൻ സാധിച്ചു. പക്ഷേ അത് വളരെയധികം ഉണ്ടായിരുന്നില്ല. കാരണം മുമ്പ് പറഞ്ഞല്ലോ. കുറഞ്ഞ കാലമാണ് തിരുനബിക്കൊപ്പമുണ്ടായത്. രണ്ടാമത്തെ സ്രോതസ്സ് പ്രമുഖ സഹാബികളായിരുന്നു. ഇബ്നു അബ്ബാസ് പറയുന്നുണ്ട്: ഞാൻ പഠിച്ച ഖുർആൻ വ്യാഖ്യാനങ്ങളിൽ പലതും അലിയിൽ നിന്നും ഉമറിൽ നിന്നും സ്വീകരിച്ചവയാണ്. അറബി ഭാഷാ സംബന്ധമായ വിശാലജ്ഞാനം ഇബ്നു അബ്ബാസിനെ വ്യാഖ്യാനത്തിന് തുണച്ചത് കുറച്ചൊന്നുമല്ല. മറ്റു വിജ്ഞാന ശാഖകളിലുള്ള കഴിവും വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിലേക്ക് സുഗമമായ വഴിതെളിച്ചു.
പ്രമാണബദ്ധമായിരുന്നു അദ്ദേഹത്തിൻ്റെ വ്യാഖ്യാനങ്ങൾ. കേവലം യുക്തിയും സാമൂഹിക സാഹചര്യവും വ്യാഖ്യാനത്തെ സ്വാധീനിച്ചിരുന്നില്ല. "സ്വന്തം കാഴ്ചപ്പാട് അനുസരിച്ച് മാത്രം ഖുർആനിനെ വ്യാഖ്യാനിക്കുന്നവൻ നരകത്തിൽ ഇരിപ്പിടം സുസജ്ജമാക്കട്ടെ" എന്ന വീക്ഷണം ഇബ്നു അബ്ബാസ് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുമായിരുന്നു. വേദക്കാരെ നിരുപാധികം പിന്തുടരുക ഇബ്നു അബ്ബാസ് ഇഷ്ടപ്പെട്ടില്ല. കാരണം അവർ ലഭിച്ച വേദഗ്രന്ഥങ്ങളിൽ തിരുത്തലുകൾ നടത്തി എന്നതു തന്നെ. അതുകൊണ്ടു തന്നെ അവർ നൽകുന്ന പൂർവിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിശദീകരണങ്ങളിൽ വിശ്വാസ്യത ഉറപ്പിക്കാനാകില്ല. വിശ്വസ്ത വഴികളിലൂടെ ലഭിക്കുന്നതിനായിരുന്നു ഇബ്നു അബ്ബാസ് എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ വഴിതെറ്റിയില്ല. അത് കാലത്തെ അതിജയിച്ചു. പല പ്രമുഖരും ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ഖുർആൻ വ്യാഖ്യാതാക്കളുടെ രാജാവായി അദ്ദേഹം പരിലസിക്കുന്നതങ്ങനെയാണ്.
